Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ആ ലേബൽ എനിക്ക് വേണ്ട...’

Radhika Apte രാധിക ആപ്തെ

രജനികാന്തിന്റെ കബാലിയിലെ നായിക രാധിക ആപ്തെ ഏറ്റവും മനോഹരമായ ചിരിയോടെ ഉത്തരം പറയുന്നത് വിവാദങ്ങളെക്കുറിച്ച് ചോദിക്കുമ്പോഴാണ്.

പ്രശസ്തമായ എഫ്എച്ച്എം മാസികയുടെ കവറിൽ രാധിക ആപ്തെയുടെ ഗ്ലാമർ ചിത്രങ്ങൾ കണ്ടു കിടുങ്ങിപ്പോയ പതിനായിരങ്ങളുടെ കൂട്ടത്തിൽ ഒരു സൂപ്പർ ബോളിവുഡ് സംവിധായകനുമുണ്ട്. മറ്റാരുമല്ല, സാക്ഷാൽ രാം ഗോപാൽ വർമ. എന്നിട്ടു ട്വിറ്ററിൽ അഭിപ്രായവും എഴുതി. ‘എനിക്കു വിശ്വസിക്കാനാവുന്നില്ല, ഈ സൗന്ദര്യം എന്നെ അന്ധനാക്കുന്നു. കഴിഞ്ഞ മൂന്നു ജന്മങ്ങളിൽ ഞാൻ കണ്ട ഏറ്റവും ഹോട്ട് ആയ പെൺകുട്ടിയാണ് ഇവൾ.’

‘അതെ, ഞാൻ ഹോട്ടാണ്....’ രാധികയും ചിരിയോടെ പറയുന്നു. ‘നടികളെക്കുറിച്ചും പൊതുവെ പറയുന്ന വിശേഷണമാണിത്. നമ്മുടെ നാട്ടിലാണെങ്കിൽ എല്ലാ നടികളെയും ഹോട്ട് എന്നു വിളിച്ചു കളയും. ഇതൊക്കെ ഒരു ക്രെഡിറ്റായിട്ടാണു ഞാൻ കാണുന്നത്. മുപ്പതുകളിലും സുന്ദരിയായിരിക്കുന്നത് വലിയ കാര്യമല്ലേ....? മറ്റാർക്കും ലഭിക്കാത്ത ഒരുപാടു ഭാഗ്യങ്ങൾ എനിക്കു ലഭിച്ചിട്ടുണ്ട്. ഈ അഴക് അടക്കം.’

മലയാളം ഉൾപ്പെടെ ഏഴു ഭാഷകളിൽ അഭിനയം,നാൽപതോളം സിനിമകൾ, നിരവധി ഷോർട് ഫിലിമുകൾ....പക്ഷേ, എല്ലാവരും സംസാരിക്കുന്നത് രാധികയുടെ ഒരേയൊരു റോളിനെക്കുറിച്ചാണ്. രജനികാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രമായ കബാലിയിലെ നായികയായ കുമുദവല്ലി. ഇരുന്നൂറു കോടി മുടക്കുളള ഈ വിസ്മയ സിനിമയെക്കുറിച്ചു പറഞ്ഞു തുടങ്ങുമ്പോൾ തന്നെ രാധിക എല്ലാം മറക്കുന്നു.

‘അപ്രതീക്ഷിതമായി എന്റെ ഫോണിലേക്ക് വന്ന ഒരു കോൾ. അതായിരുന്നു, എല്ലാത്തിന്റെയും തുടക്കം.’ രാധിക ഓർമ്മകളിലേക്കു മടങ്ങി. ‘ഞാൻ തമിഴ് സംവിധായകൻ രഞ്ജിത്താണ്, എന്നു പരിചയപ്പെടുത്തി വിളിച്ചയാൾ സംസാരം തുടങ്ങി. എന്റെ പുതിയ സിനിമകളെക്കുറിച്ചും ചില റോളുകളെക്കുറിച്ചും ഒക്കെയാണു ചോദിച്ചത്. ആരോ പറ്റിക്കാൻ വിളിക്കുകയാകും എന്നും ഞാൻ കരുതി. പിന്നീടാണ് ഞെട്ടിച്ചു കൊണ്ടുളള ചോദ്യം വന്നത്. ‘രജനി സാറിന്റെ സിനിമയിൽ നായികയാകാൻ താൽപര്യം ഉണ്ടോ’ എന്ന്.

Radhika Apte, Rajinikanth കബാലിയുടെ ചിത്രീകരണ വേളയിൽ രജനീകാന്തും രാധിക ആപ്തേയും

അതോടെ ഞാൻ ഉറപ്പിച്ചു. ഇതൊരു ഫേക് കോൾ തന്നെ. പിന്നീട് അദ്ദേഹം എന്നെ കാണാൻ ക്ഷണിച്ചു. ഞങ്ങൾ പരസ്പരം കണ്ടു, കഥ കേട്ടു. സിനിമയെക്കുറിച്ചും റോളിനെക്കുറിച്ചും ഒരു പാട് സംസാരിച്ചു. ഒടുവിൽ സിനിമ ചെയ്യാൻ സമ്മതമാണോ എന്നു ചോദിക്കുമ്പോൾ മറ്റൊന്നും ആലോചിക്കാൻ ഉണ്ടായിരുന്നില്ല. നൂറുവട്ടം സമ്മതം എന്നായിരുന്നു എന്റെ മറുപടി.

ഏതോ സ്വപ്നലോകത്ത് എത്തിയതു പോലെ എന്റെ മനസ്സ് തുളളിക്കളിക്കുയായിരുന്നു, ആ നിമിഷങ്ങളിൽ. ‘ഞാനിതാ രജനിസാറിന്റെ നായികയാകാൻ പോകുന്നേ....’ എന്നു ലോകത്തോടു വിളിച്ചു കൂവണം എന്നു തോന്നി. ഒരു പക്ഷേ, ഇതായിരിക്കാം എന്റെ ജീവിതത്തിലെ ഏറ്റവും വിസ്മയകരമായ കാര്യം.

ശരിക്കും ആരേയും ആശ്ചര്യപ്പെടുത്തുന്ന വ്യക്തിയാണ് രജനി സാർ. മറ്റൊരാൾക്കും അദ്ദേഹത്തെപ്പോലെ ആകാൻ കഴിയില്ല. സിനിമയുടെ ചിത്രീകരണ സമയത്തെ ഒരു നിമിഷം പോലും ഞാൻ മറക്കില്ല. അത്ര ആസ്വദിച്ചാണ് ഓരോ രംഗവും ചെയ്തത്.

ലോകം മുഴുവനും ആരാധകരുളള സ്റ്റൈൽ മന്നനാണ് ഒപ്പം അഭിനയിക്കുന്നത്. പേടി തോന്നിയില്ലേ....?

പിന്നെ, പേടി തോന്നാതിരിക്കുമോ...?കബാലിയുടെ ആദ്യ ഷെഡ്യൂൾ ഷൂട്ടിങ് മലേഷ്യയിൽ ആയിരുന്നു. ഗോവയിൽ ആരംഭിച്ച സെക്കൻഡ് ഷെഡ്യൂളിലാണ് ഞാനും രജനി സാറും തമ്മിലുളള കോംബിനേഷൻ സീനുകൾ ചിത്രീകരിച്ചത്. ആദ്യ ദിവസത്തെ ഷൂട്ടിങ് ഞാൻ ഒരു കാലത്തും മറക്കില്ല. ഷൂട്ടിങ്ങിനു മുമ്പ് ഞാൻ രജനിസാറിന്റെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി. ഷൂട്ടിങ് തുടങ്ങിയതോടെ എന്റെ നെഞ്ചിടിപ്പ് കൂടി, കൈയും കാലും വിറച്ചു തുടങ്ങി. എല്ലാം താളം തെറ്റി. പിന്നെ, റീടേക്കുകളുടെ പെരുമഴ ആയിരുന്നു.

എന്റെ വെപ്രാളം മനസ്സിലാക്കിയിട്ടാകും രജനിസാർ അടുത്തെത്തി പറഞ്ഞു, ‘ഞാൻ നിങ്ങളുടെ കുറേ സിനിമകൾ കണ്ടിട്ടുണ്ട്. സത്യത്തിൽ നിങ്ങളുടെ കൂടെ അഭിനയിക്കുന്നതോർത്ത് ഞാനാണു പേടിച്ചത്. സ്റ്റൈൽ കാണിക്കുക, പഞ്ച് ഡയലോഗ് പറയുക. അതൊക്കെ എനിക്ക് ഈസിയാണ്. പക്ഷേ, സെന്റിമെന്റ്സ് അഭിനയിക്കാൻ കുറച്ചു വീക്കാണ്. പ്രത്യേകിച്ച് നിങ്ങളെപ്പോലെ ഒരു മികച്ച നടിയുടെ കൂടെ അഭിനയിക്കുമ്പോൾ...’

ഞാൻ വായ് പൊളിച്ച് ഇരുന്ന് പോയി. അദ്ദേഹം എന്റെ പരിഭ്രമം അകറ്റാനും സമാധാനിപ്പിക്കാനും പറഞ്ഞതാണെന്ന് ഉറപ്പുണ്ട്. പക്ഷേ, ഇത്ര ‍ഡൗൺ ടു എർത് ആയ ഒരാളെ ഞാൻ ആദ്യമായി കാണുകയായിരുന്നു. ഒരാൾക്ക് എത്രത്തോളം എളിമ ആകാമോ അതിലും എളിമയുളള ആളാണ് അദ്ദേഹം. കണ്ടു പഠിക്കാനുണ്ട് പല കാര്യങ്ങളും. ഷൂട്ടിങ് സെറ്റിൽകൃത്യസമയത്ത് എത്തും. സംവിധായകൻ മുതൽ ലൈറ്റ് ബോയ് വരെയുളളവരോട് ബഹുമാനത്തോടെ ഇടപെടും. ഒരു കാര്യത്തിലും വാശിയില്ല. സാധാരണക്കാരനെ പോലെയാണ് എല്ലാ പെരുമാറ്റവും. ആർക്കു കഴിയും ഇതുപോലെയാകാൻ. ശരിക്കും ആശ്ചര്യപ്പെടുത്തുന്ന അനുഭവങ്ങളാണ് കബാലി നൽകിയത്. എല്ലാത്തിനും ദൈവത്തോടു നന്ദി.

ഫഹദ് ഫാസിലിന്റെ ‘ഹര’ത്തിലെ നായിക എന്നു പറ‌‍ഞ്ഞാലേ രാധികയെ മലയാളികൾ അറിയൂ

ഒരുപാടു പ്രതീക്ഷകളോടെയാണ് ഞാൻ മലയാളത്തിലേക്കു വന്നത്. കഴിയുന്നത്ര ഭാഷകളിൽ അഭിനയിക്കണം എന്നാണ് മോഹം. പുണെയിലാണു ജനിച്ചു വളർന്നതെങ്കിലും എന്റെ ശ്രദ്ധേയമായ ആദ്യ സിനിമ ബംഗാളിയിൽ ആയിരുന്നു. പിന്നെ, ഹിന്ദി, മറാത്തി, മലയാളം, തമിഴ്, തെലുങ്ക്, ഇംഗ്ലീഷ്...

A Scene From Haram ഹരം എന്ന ചിത്രത്തിൽ ഫഹദ്ഫാസിലിനൊപ്പം രാധിക

അഭിനയിത്തിനു ഭാഷ തടസ്സമേ അല്ലെന്നാണു ഞാൻ കരുതുന്നത്. മലയാളവും ബുദ്ധിമുട്ടായി തോന്നിയില്ല. നല്ല സഹകരണം. ഫഹദാണെങ്കിൽ വളരെ കംഫർട്ടബിൾ. ചില രംഗങ്ങളിൽ ഫഹദിന്റെ അഭിനയം കണ്ടു ഞാൻ കണ്ണുമിഴിച്ചു നിന്നു പോയി.

വിവാദങ്ങളും എപ്പോഴും കൂടെയുണ്ടല്ലോ?

സിനിമ, പുസ്തകം, ആഹാരം ഇവയാണ് എനിക്ക് ഏറ്റവും ഇഷ്ടമുളള കാര്യങ്ങൾ. എന്നാലിപ്പോൾ കൂടുതലിഷ്ടം വിവാദങ്ങളോടാണ്. അനുരാഗ് കാശ്യപ് സംവിധാനം ചെയ്ത ഷോർട് ഫിലിമിലെ ചില ന്യൂ‍ഡ് രംഗങ്ങൾ ലീക്കായി എന്നു കേട്ടപ്പോൾ അതൊരു വലിയ കാര്യമായി തോന്നിയില്ല. വേണമെങ്കിൽ അതു ഞാനല്ല. മോർഫ് ചെയ്തതാണ് എന്നൊക്കെ പറയാമായിരുന്നു. പകരം ചിരിയാണു വന്നത്.

ലോകത്ത് എപ്പോഴും ഇങ്ങനെ കുറേ ആളുകളുണ്ട്. പ്രത്യേകിച്ച് ഒരു പണിയും ഇല്ലാത്തവർ. അവരിങ്ങനെ എന്തെങ്കിലുമൊക്കെ വിവാദങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കും. ഇതൊക്കെ ശ്രദ്ധി ക്കാനും മറുപടി പറയാനും പരാതി കൊടുക്കാനുമൊക്കെ ആർക്കാണു നേരം. എനിക്കിതിനൊന്നും സമയവും സൗകര്യവും ഇല്ല.

Radhika Apte രാധിക ആപ്തെ

എന്നെ ‘ഫെമിനിസ്റ്റ്’ എന്നു വിളിക്കരുതെന്ന് ഒരിക്കൽ പറഞ്ഞു. അതേറ്റു പിടിക്കാനും വിവാദമാക്കാനും ആളുകളുണ്ടായി. എല്ലാ കാര്യങ്ങളിലും പുരുഷനൊപ്പം സ്ത്രീക്ക് തുല്യത വേണമെന്ന് ആഗ്രഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ഒരാളാണ് ഞാൻ. അതിന് ഇങ്ങനെയൊരു പദത്തിന്റെ ആവശ്യമില്ല. ഇപ്പോഴും പറയുന്നു ആ ലേബൽ എനിക്ക് വേണ്ട.

എപ്പോഴും ഹാപ്പിയാണ് അല്ലേ?

അങ്ങനെ പറയാൻ പറ്റില്ല. മറ്റുളളവരെ പോലെ ജീവിതത്തിൽ ഞാനും വിഷമങ്ങൾ നേരിട്ടിട്ടുണ്ട്. സിനിമയിൽ ചാൻസ് തേടി നടന്ന കാലമൊക്കെ ഓർക്കുമ്പോൾ ഇപ്പോഴും വിഷമം വരും. ഒരു പാട് ഓഡിഷനുകളിൽ പങ്കെടുത്തിട്ട് അവരുടെ വിളിയും കാത്തിരിക്കും. ഒടുവിൽ അറിയും മറ്റൊരു നടിയെ വച്ച് ഷൂട്ടിങ് തുടങ്ങി എന്ന്. അങ്ങനെ നിരാശപ്പെട്ട് സന്ദർഭങ്ങൾ ഒരുപാടുണ്ട്.

കൂടുതൽ വിഷമം തോന്നിയ മറ്റൊരു സന്ദർഭം പുണെയിൽ നിന്നും മുംബൈയിലേക്കു തമാസം മാറിയതാണ്. അവിടുത്തെ വേഗമേറിയ ജീവിതവുമായി പൊരുത്തപ്പെടാൻ കഴിഞ്ഞില്ല. ഏഴു മാസങ്ങൾക്കു ശേഷം പുണെയിലേക്കു മടങ്ങി.

ഇപ്പോഴും ബുദ്ധിമുട്ടുകൾ അവസാനിച്ചു എന്നു പറയാറായിട്ടില്ല. ആളുകൾ എന്നെ തിരിച്ചറിയുന്നു. ധാരാളം അവസരങ്ങൾ ലഭിക്കുന്നു, ഭാഷയും ഇമേജും നോക്കാതെ എല്ലാ സിനിമകളിലും അഭിനയിക്കുന്നു. എല്ലാം സന്തോഷത്തോടെയാണു ഞാൻ ചെയ്യുന്നത്. സിനിമാ ജീവിതം ശരിക്കും ആസ്വദിക്കുന്നുണ്ട്. നാടകം പോലെയല്ല, ശരിക്കും ഗ്ലാമറസ് ആണ് ഇവിടം.

എന്തായിരുന്നു ജീവിതത്തിലെ വഴിത്തിരിവ്?

കരിയറിൽ ക്ലിക്കായത് ‘ഫോബിയ’ എന്ന സിനിമയിലെ നായികാവേഷമാണ്. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നു പ്രേക്ഷകരും നിരൂപകരും ഒരു പോലെ വിളിച്ച് അഭിനന്ദിച്ചു. ഇപ്പോഴും പലരും മെസേജ് അയയ്ക്കാറുണ്ട്. ചിലർ പറയും, ഞങ്ങൾക്കു സിനിമ കാണണമെന്നുണ്ട്, പക്ഷേ പേടിയാണ് എന്നൊക്കെ.

യഥാർഥത്തിൽ ‘ഫോബിയ’ ഒരു പ്രേതസിനിമയല്ല. ‘അഗരോ ഫോബിയ’ എന്ന അപൂർവമായ മാനസികാവസ്ഥയുളള യുവതിയുടെ കഥയാണ്. വളരെ ടാലന്റഡ് ആയ ആർട്ടിസ്റ്റാണ് മേഹക്. അവൾക്കു പക്ഷേ, വീട്ടിലെ മുറിക്കുളളിൽ നിന്നു പുറത്തിറങ്ങാൻ പേടിയാണ്. എപ്പോഴും കതകടച്ച് മുറിക്കുളളിൽ തന്നെയിരിക്കും.

സിനിമ ആദ്യമായി ബിഗ്സ്ക്രീനിൽ കണ്ടപ്പോൾ ഞാൻ വിസ്മയിച്ചു, ഈശ്വരാ....ഇതൊക്കെ ഞാൻ തന്നെയാണോ ചെയ്തത് എന്നോർത്ത്. അച്ഛനും അമ്മയ്ക്കും ഏറ്റവും ഇഷ്ടപ്പെട്ട സിനിമയാണത്.

പഴ്സനൽ ലൈഫിനെക്കുറിച്ച് അഭിമുഖങ്ങളിൽ ഒന്നും പറയാറില്ലല്ലോ?

അതു പഴ്സനൽ അല്ലേ, എന്തിനു പറയണം. ഞാൻ എന്റെ വിവാഹം രഹസ്യമാക്കി വച്ചു എന്നാണു ചിലരുടെ ആരോപണം. ഇതിനൊന്നും ചെവി കൊടുക്കാറില്ല. മറ്റുളളവർ എന്തു പറയും, കരുതും എന്നു ചിന്തിക്കാറുമില്ല. വിവാഹത്തിൽ എന്താണു മറച്ചു പിടിക്കാൻ ഉളളത്.

Radhika Apte രാധിക ആപ്തെ

ജോലിയും ജീവിതവും രണ്ടാണ്. പ്രശസ്തയായതു കൊണ്ടാകാം സ്വകാര്യ ജീവിതം അറിയാൻ ആൾക്കാർ ആഗ്രഹിക്കുന്നത്. പക്ഷേ, സ്വകാര്യ ജീവിതം എന്റേത് മാത്രമല്ലേ. അവിടെ എനിക്കു മാത്രമായി ഒരു പ്രൈവറ്റ് സ്പേസ് എല്ലാവരെയും പോലെ ഞാനും ആഗ്രഹിക്കുന്നു.

പുതിയ സിനിമകൾ?

ഗോവൂൾ എന്ന സിനിമയുടെ ഷൂട്ടിങ്ങാണു ഇപ്പോൾ നടക്കുന്നത്. ശരിക്കും ഒരു ആക്ഷൻ ത്രില്ലർ ഹൊറർ മൂവി. ഇനി ഒരു രഹസ്യം പറയട്ടെ, ഹൊറർ സിനിമകൾ കാണാൻ എനിക്കും പേടിയാണ്.

രാധിക ഒരു ദേവത

കഹാനിയും ബാംഗ് ബാംഗും സംവിധാനം ചെയ്ത സുജോയ് ഘോഷ് പറയുന്നത് രാധിക ഒരു ‘ദേവത’ എന്നാണ്. പ്രേക്ഷകരെ വലിച്ചടുപ്പിച്ചു കെട്ടിയിടാനുളള മാന്ത്രികത അവരുടെ കണ്ണുകളിൽ ഉണ്ടെന്നും. എന്തായാലും രാധികയെ നായികയാക്കി സുജോയ് സംവിധാനം ചെയ്ത അഹല്യ എന്ന ഷോർട് ഫിലിം യുട്യൂബിൽ ബംപർ ഹിറ്റാണ്.

അച്ഛനും അമ്മയും ഡോക്ടർമാർ ആയിരുന്നെങ്കിലും കുട്ടിക്കാലം മുതലേ രാധിക പ്രണയിച്ചത് നൃത്തവും അഭിനയവും ആണ്. പൂണെ ഫെർഗൂസൺ കോളജിൽ പഠിക്കുമ്പോൾ പരീക്ഷണനാടകങ്ങളിൽ രാധിക നിറഞ്ഞു നിന്നു. പിന്നീട് ‘ആസക്ത’ എന്ന നാടകഗ്രൂപ്പിൽ ചേർന്നു. നിരവധി നാടകങ്ങളിലും ഷോർട് ഫിലിമുകളിലും അഭിനയിച്ചു. ‘ഗോ മാല അസ് ല ഹവ’ എന്ന മറാത്തി സിനിമയിലാണു തുടക്കം. ‘അന്താഹീൻ’ എന്ന ബംഗാളി സിനിമയിൽ നായികയായി. പിന്നീട് രാംഗോപാൽ വർമയുടെ ‘രക്ത ചരിത്ര’.

അപ്പോഴാണ് ഡാൻസ് വീണ്ടും തലയ്ക്കു പിടിച്ച് രാധിക ലണ്ടനിലേക്കു പറക്കുന്നത്. അവിടെ വച്ച് ബ്രിട്ടീഷ് വയലിനിസ്റ്റും സംഗീതജ്ഞനുമായ ബെനഡിക്ട് ടെയ്‌ലറുമായി പരിചയപ്പെടുന്നത് ജീവിതത്തിലെ അടുത്ത ട്വിസ്റ്റ്. പരിചയം പ്രണയമായി, ഒരുമിച്ചു ജീവിതമായി, വിവാഹിതരായി.

Your Rating: