Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മകന്റെ നീതിയ്ക്കുവേണ്ടി ഇനിയുമെത്രനാൾ?

ആനന്ദ് അമ്മയ്ക്കൊപ്പം ആനന്ദ് അമ്മയ്ക്കൊപ്പം

ജോൺ ആനന്ദിനെ അറിയില്ലേ? മോഡലും ഡിസൈനറുമായ മിടുക്കനായ യുവാവ്.പത്തു വർഷം മുൻപ് ആനന്ദ് ജോൺ അലക്സാണ്ടർ അമേരിക്കയിലെ ജയിലിൽ അകപ്പെട്ടപ്പോൾ ആനന്ദിനെ പ്രതിക്കൂട്ടിലാക്കാനായിരുന്നു എല്ലാവർക്കും തിടുക്കം. കാരണം അമേരിക്കൻ കോടതി ആനന്ദിനെ നീണ്ട അൻപത്തിയൊൻപത് വർഷം ശിക്ഷിച്ചത് സ്ത്രീ പീഡനക്കേസിലായിരുന്നു. നിരവധി പെൺകുട്ടികളാണ് ആനന്ദിനെതിരെ മൊഴിയുമായി കോടതികളുടെ മുന്നിലെത്തിയത്, അതും അമേരിക്കയിലെ വിവിധ കോടതികളിൽ. അന്നുമുതൽ തുടങ്ങുന്നു ആനന്ദിന്റെ അമ്മ ശശി എബ്രഹാമിന്റെയും സഹോദരി സഞ്ജനയുടേയും പോരാട്ടവും. നീണ്ട പത്തുവർഷത്തിനു ശേഷവും ഇരുവരും ആ പോരാട്ടം തുടരുന്നു.

ആനന്ദ് ജോണിന്റെ വിഷയത്തിൽ സത്യമെന്താണ്?പലരുടെയും പ്രതികാരത്തിന്റെ ഇരമാത്രമായിരുന്നോ പ്രതിഭാശാലിയായ ആ യുവാവ്. ആനന്ദിനു നീതിലഭിക്കുന്നതിനുവേണ്ടി പോരാട്ടം തുടരുന്ന അമ്മയുടെ വാക്കുകളിലേക്ക്...

മകനു വേണ്ടി പൊരുതുമ്പോഴും ബിസിനസ് ലോകത്തെ അതിജീവനമാർഗ്ഗമായി കാണുന്ന സ്ത്രീയാണ് ശശി എബ്രഹാം. ആനന്ദിന്റെ അമ്മ ഒരു ഭാഗത്ത് ഒറ്റയ്ക്ക് നിൽക്കുമ്പോഴും മകനെതിരെ ഒരു രാജ്യം ഒന്നാകെ നിൽക്കുമ്പോഴും അവർ പതറുന്നതേയില്ല, കാരണം ആനന്ദ് കുറ്റവാളിയല്ലെന്ന് ആ അമ്മ വിശ്വസിക്കുകയും അതിനു വേണ്ടിയുള്ള തെളിവുകളുമായി മുന്നോട്ടു പോവുകയും ചെയ്യുന്നു.

ആനന്ദ് മിടുക്കനായ ഡിസൈനറായിരുന്നു

കേരളത്തിലും ചെന്നൈയിലുമായി സ്‌കൂൾ വിദ്യാഭ്യാസം കഴിഞ്ഞാണ് ആനന്ദ് അമേരിക്കയിൽ സ്‌പെഷൽ സ്‌കോളർഷിപ്പ് വഴി Art Institute of Fort Lauderdale' (Assosiate degree) യിൽ പഠനത്തിനായി ചേരുന്നത്. ലോകത്തിലെ മികച്ച പത്ത് ആകർഷണീയതയുള്ള പുരുഷന്മാരിൽ ഒരാളായി ആനന്ദ് തിരഞ്ഞെടുക്കപ്പെട്ടു. 2005ൽ നടന്ന അമേരിക്കാസ് നെക്സ്റ്റ് ടോപ് മോഡൽ എന്ന ആ പ്രോഗ്രാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫാഷൻ ഡിസൈനിങ് ലോകത്തേക്ക് ഇറങ്ങിയ ആനന്ദ് വളരെ പെട്ടെന്നാണ് പ്രശസ്തനായത്. ആനന്ദ് മിടുക്കനായ ഒരു ഡിസൈനറായിരുന്നു. ഡിസൈനുകൾ വളരെ പെട്ടെന്ന് ശ്രദ്ധ പിടിച്ചുപറ്റി. ഒപ്പം വലിയ പ്രോജക്ടുകളിൽ ആനന്ദ് സമയം ചിലവിടുകയും ചെയ്തിരുന്നു.

പാരിസ്‌ ഹിൽട്ടണ്‍, ഇവാങ്ക ട്രംപ്, മെലാനിയാ ട്രംപ്, ജെന്നിഫർ ലോപ്പസ്, മൈക്കിൾ റോഡ്രിഗ്, പോപ്പ് സിംഗറായ പ്രിൻസ്, റൊസാരിയോ ഡേവ്‌സണ്‍, ലോറൻസ്‌ ഫിഷ്‌ബേണ്‍, ജിനാ ടോറസ്‌ എന്നിവർക്കുള്ള വസ്‌ത്രങ്ങൾ രൂപകൽപന ചെയ്തതും രാജകുടുംബാംഗങ്ങൾക്കുള്ള വസ്ത്രങ്ങൾ രൂപകൽപ്പന ചെയ്തതും ആനന്ദായിരുന്നു. ഇതെല്ലാം ആനന്ദിന് എതിരു നിൽക്കുന്നവരെ തീർച്ചയായതും ചൊടിപ്പിച്ചിട്ടുണ്ടാകണം.

റാംപിൽ ആനന്ദ് ഡിസൈൻ ചെയ്ത വേഷമണിയാൻ മോഡലുകൾ ആഗ്രഹിച്ചിട്ടുണ്ട്. പലപ്പോഴും പെൺകുട്ടികൾ ഭ്രാന്തമായിത്തന്നെയാണ് ആനന്ദിനെ ഇഷ്ടപ്പെട്ടത്. പ്രശസ്തമായ വാൾ സ്ട്രീറ്റ് ആനന്ദിനെ ബന്ധപ്പെടുത്തി അവരുടെ പുതിയ പ്രോഡക്ട് വിപണിയിൽ ഇറക്കാൻ തീരുമാനിച്ചത് 2006ൽ ആയിരുന്നു. ട്രെൻഡി ആയ ഹൈ-എൻഡ് ജീൻസായിരുന്നു അത്. ഇതിനു വേണ്ടി കോടികൾ മുടക്കാൻ അവർ തയ്യാറായി. അതോടെ സംഭവം വലിയ വാർത്തയായി. 2007-ൽ ന്യൂസ്‌വീക്ക്‌ മാസിക ആനന്ദിനെ തെക്കനേഷ്യയിലെ മികച്ച ഡിസൈനർമാരിൽ ഒരാളായി തിരഞ്ഞെടുത്തു. അടുത്ത പുതിയ ജീൻസിന്റെ പ്രോജക്ട് മാർച്ച് 20 നു പുറത്തിറങ്ങാൻ തയ്യാറായ സമയത്താണ് കുറ്റാരോപണങ്ങൾ ഉണ്ടായത്."

എണ്ണിയാലൊടുങ്ങാത്ത ലൈംഗികാരോപണങ്ങൾ

2007 മാർച്ചിൽ ആണ് ലൈംഗികാരോപണ കുറ്റം ചുമത്തി ആനന്ദിനെ ബെവർലി ഹിൽസിൽ അറസ്റ്റു ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി ഉപയോഗിച്ചതിനാലാണ് ശിക്ഷ കടുത്തത്. അമേരിക്കയിൽ തന്നെ പല സ്ഥലങ്ങളിൽ നിന്നും പല സ്ത്രീകളും ആനന്ദിനെതിരെ പീഡന പരാതികളുമായി വളരെപ്പെട്ടെന്നാണ് കോടതികളെ സമീപിച്ചത്. ആനന്ദിനൊപ്പം ജോലി ചെയ്തിരുന്ന പെൺകുട്ടികളാണ് ആരോപണം ആദ്യം ഉന്നയിച്ചത്. പ്രകൃതി വിരുദ്ധ ലൈംഗിക പീഡനശ്രമമായിരുന്നു തങ്ങൾക്കു നേരെ നടന്നത് എന്നായിരുന്നു അവരുടെ മൊഴി. തുടർന്ന് സംഭവം മാധ്യമങ്ങളും ഏറ്റെടുത്തു.

മെനഞ്ഞെടുത്ത കഥകൾ

ആരോപണം ഉന്നയിച്ച പല സ്ത്രീകളും മെനഞ്ഞെടുത്ത കഥകളാണ് പരാതിയായി ഉന്നയിച്ചതെന്ന് പിന്നീട് വിസ്താരത്തിൽ തെളിഞ്ഞു. പരാതിയിൽ പ്രായപൂർത്തിയായില്ല എന്നു കാണിച്ച പെൺകുട്ടി ശരിയായ പ്രായം മറച്ചു വച്ചാണ് ആനന്ദിനെതിരെ പരാതി കൊടുത്തത്. ഇത്തരം സത്യങ്ങൾ വെളിച്ചത്തു വന്നതോടെ ഈ കേസ് ആർക്കോ വേണ്ടി ചമയ്ക്കപ്പെട്ടതാണെന്നു ബോധ്യമായിരുന്നു. അതോടു കൂടിയാണ് കേസിൽ പൊരുതാനുറച്ചിറങ്ങുന്നത്. ആനന്ദ് ഈ സ്ത്രീകളുമായി ലൈംഗികമായി ബന്ധപ്പെട്ട കാര്യത്തിൽ ഉറപ്പില്ലെങ്കിൽപ്പോലും അമേരിക്കയിൽ പരസ്പരം സമ്മതത്തോടെയുള്ള ലൈംഗിക ബന്ധങ്ങൾ സ്വാഭാവികമായതിനാൽ അതിൽ കുറ്റമൊന്നും കണ്ടെത്താനുമാകില്ല. പിന്നെയും എത്രയോ നാളുകൾക്കു ശേഷമാണു ഈ സ്ത്രീകൾ ഒന്നിച്ച് അതും രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നും പരാതികൾ നൽകുന്നത്. ആനന്ദിനെതിരെ ആരോ നടത്തിയ ഗൂഡാലോചന മാത്രമായിരുന്നു ഇതെന്ന് ഓരോ തെളിവുകളും പുറത്തു കൊണ്ടു വന്നു. ആനന്ദിനെതിരെ പരാതികൊടുത്ത രണ്ടു പെൺകുട്ടികൾ അവരെ ഒരേ സമയം ആനന്ദ് ഉപദ്രവിച്ചെന്നു പറയുന്നു, അതും രണ്ടു സ്ഥലങ്ങളിൽ. പക്ഷെ ആ സമയം ആനന്ദ് ഇറ്റലിയിലായിരുന്നു എന്നതിനുള്ള പാസ്പോർട്ട് സഹിതമുള്ള തെളിവുകളുണ്ട്. പക്ഷെ ഇത്തരം തെളിവുകൾ പോലും അറ്റോർണിമാർ കാര്യമായി എടുക്കുകയോ കേസിനായി ഉപയോഗിക്കുകയോ ചെയ്തില്ല. അതു ശ്രദ്ധിക്കുക പോലും ചെയ്യാതെ ആനന്ദിനെ കുറ്റവാളിയാക്കാനായിരുന്നു ശ്രമം.

ആനന്ദ് അമ്മയ്ക്കും സഹോദരിയ്ക്കുമൊപ്പം ആനന്ദ് അമ്മയ്ക്കും സഹോദരിയ്ക്കുമൊപ്പം

രാജ്യം നടത്തുന്ന കേസ്...

It is the People of the state of Californis v/s Anand Jon Alexander എന്ന നിലയ്ക്കാണ് കലിഫോർണിയിലെ കോടതി ആനന്ദിന്റെ കേസിനെ കണ്ടത്. കാരണം ആനന്ദ് ഇന്ത്യൻ ആയതുകൊണ്ടാകാം. കാലിഫോർണിയ സ്റ്റേറ്റ് ഈ കേസ് ഇപ്പോൾ അവരുടെ വിജയത്തിനായാണ് നടത്തുന്നത്. അവർ അങ്ങനെയാണ് ഈ കേസിനെ കുറിച്ച് പറയുന്നതും. സാമാന്യമര്യാദയുള്ള ആർക്കും ചോദിക്കാനുള്ളത് സ്റ്റേറ്റിനെതിരെയാണ് ആനന്ദ് പൊരുതുന്നതെങ്കിൽ ആനന്ദിന്റെ വിധിയും വിചാരണയും നടത്തുന്നത് അവിടെ നിന്നുള്ള പന്ത്രണ്ട് അംഗങ്ങളുള്ള ജൂറിയാണ്. അപ്പോൾ അവരുടെ വിധിയിലും വിചാരണയിലും പ്രതിയെന്നു ആരോപിക്കപ്പെടുന്നയാൾക്ക് എങ്ങനെ വിശ്വസിക്കാനാകും? അനുകൂലമായ തെളിവുകൾ ഉണ്ടായിട്ടും മുന്നോട്ടുള്ള ഒരു വഴിയും ഇക്കാര്യത്തിൽ കോടതി ആനന്ദിന് വേണ്ടി അനുവദിച്ചു തരുന്നതേയില്ല.

നേരത്തെ വാദികളായിരുന്ന പെൺകുട്ടികൾ പലരും കേസുകൾ പിൻവലിക്കുകയും തെറ്റ് ഏൽക്കുകയും ചെയ്തിട്ടു പോലും കോടതിയ്ക്ക് കുലുക്കമില്ല. വാദികളായിരുന്ന പലർക്കും നേരെ ഭീഷണികളും പ്രലോഭനങ്ങളുമൊക്കെ ഉണ്ടായി. കേസിലുണ്ടായിരുന്ന ഒരു പെൺകുട്ടി ആനന്ദിന്റെ മാതാവിന് എഴുതി കൊടുക്കുകയുമുണ്ടായി ഭീഷണിക്കു വഴങ്ങിയാണ് അവൾ ഇതിനു കൂട്ടു നിന്നതെന്ന്. ആ കോടതിയിൽ ആനന്ദിനു വേണ്ടി ഹാജരാക്കിയ ഹേബിയസ് കോർപ്പസിന്റെ കൂടെ ആ പെൺകുട്ടി നൽകിയ വെളിപ്പെടുത്തലും കോടതിക്ക് സമർപ്പിക്കപ്പെട്ടിരുന്നു. ഇപ്പോൾ അതെല്ലാം പൊതുവായ റെക്കോർഡുകളുമാണ്. പക്ഷെ ഇപ്പോഴും ആനന്ദിന്റെ മോചനം പാതിവഴിയിൽ തന്നെ. അമേരിക്കയുടെ ഇന്ത്യാ വിരുദ്ധ നിലപാടുകളുടെ ഒരു ഭാഗം മാത്രമാകുന്നു ഇപ്പോൾ ആനന്ദ് ജോണിന്റെ കേസ് എന്ന് പറയേണ്ടി വരുന്നത് ഇവിടെയാണ്.

ആനന്ദിനെതിരെ മറ്റു സ്റ്റേറ്റുകളിൽ ഉണ്ടായിരുന്ന കേസുകളെല്ലാം പിൻവലിക്കപ്പെട്ടിരുന്നു. ന്യൂയോർക്ക് കോടതിയിൽ വന്ന 49 കൗണ്ടറുകളിൽ 48 എണ്ണവും പിൻവലിക്കപ്പെട്ടു. എന്നാൽ കേസിന്റെ തെളിവുകൾ തരണമെങ്കിൽ ഒരു കൗണ്ട് എങ്കിലും സമ്മതിക്കണമെന്നു പ്രോസിക്യൂട്ടർ ആനന്ദിനോട് അംഗീകരിപ്പിക്കുകയായിരുന്നു. 'പക്ഷെ ഏതെങ്കിലും തരത്തിലുള്ള ലഹരി നൽകിയോ കൈകൾ കെട്ടിയോ ഒന്നുമല്ല താൻ ആ സ്ത്രീയുമായി ലൈംഗികബന്ധം നടത്തിയത്. അതിനാൽ തന്നെ താൽപര്യമില്ലെങ്കിൽ എതിർപ്പ് പ്രകടിപ്പിക്കാമായിരുന്നു. പരസ്പര സമ്മതത്തോടെയുള്ള ലൈംഗികത ഒരു കുറ്റകൃത്യവുമാകുന്നില്ലല്ലോ'. എന്ന് ആനന്ദ് പറയുന്നു. അമേരിക്ക പോലെയൊരു രാജ്യത്ത് ലൈംഗികതയുടെ വിഷയത്തിൽ പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിൽ പോലും പലരും രക്ഷപെട്ടു പോരുന്നത് പണത്തിന്റെ നിലപാടുകൾ കൊണ്ടാണ്. ഹൂസ്റ്റണിലെ കേസ് ഇപ്പോൾ പിൻവലിക്കപ്പെട്ടു. ഡാലസിലെ കേസും അവർക്ക് താല്പര്യമില്ലാത്തതിനാൽ പിൻവലിച്ചു. പക്ഷെ അപ്പോഴും കലിഫോർണിയയിലെ കേസ് മാത്രം ബാക്കി നിൽക്കുന്നു. കേസ് ആനന്ദ് സമ്മതിച്ചെന്ന നിലയിൽ. പക്ഷെ അത് ആനന്ദിനെ കൊണ്ട് സമ്മതിപ്പിക്കുകയായിരുന്നു.

അവനവന്റെ ആന്ദത്തിലേക്കുള്ള വഴികൾ..

പ്രായപൂർത്തിയായില്ല എന്നു പ്രചരിപ്പിച്ച് കേസിനു ബലം കൊടുത്ത ഒരു പെൺകുട്ടി പിന്നീട് കേസിനാസ്പദമായ സംഭവം നടക്കുമ്പോൾ പ്രായപൂർത്തിയെത്തിയിരുന്ന പെൺകുട്ടിയാണെന്നു തെളിഞ്ഞെങ്കിലും അതിൽ തുടർന്ന് ഒന്നും ഉണ്ടായില്ല. ഈ കള്ളസാക്ഷിയെ പൊളിക്കാൻ ആനന്ദിന്റെ അറ്റോർണി ഒന്ന് ശ്രമിക്കുക കൂടി ചെയ്തില്ല. ആനന്ദിന്റെ അറ്റോർണിമാരുടെ നിസ്സംഗത പ്രോസിക്യൂട്ടർക്ക് കരുത്തേകുകയും ചെയ്തു. ഈ പെൺകുട്ടി എഴുത്തുകാരിയാണിപ്പോൾ. ആനന്ദ് തന്നെ പീഡിപ്പിച്ചെന്ന് പറഞ്ഞ അവർ അതിവിദഗ്ധമായി കള്ളക്കഥകൾ ഉണ്ടാക്കിയത് മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു, അതിലൂടെയാണ് എഴുത്തുകാരിയെന്ന നിലയിൽ അവർ പ്രശസ്തയായതും. അങ്ങനെ ആനന്ദിനെതിരെ സംസാരിച്ചവർക്കെല്ലാം പണവും പ്രശസ്‌തിയും അവരുടേതായ വഴിയിൽ ലഭിച്ചു. ഈ പെൺകുട്ടി പറഞ്ഞത് കള്ളമാണെന്ന് തെളിഞ്ഞിട്ടുകൂടി അതിനെതിരെ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. രാത്രി പന്ത്രണ്ടു മണിക്ക് ശേഷവും രണ്ടു മണിക്കിടയിലൊമൊക്കെ നിരവധി തവണ ഈ സ്ത്രീ ആനന്ദിനെ വിളിച്ച തെളിവുകളുണ്ട്. അതൊന്നും കേസ് വിസ്താരത്തിൽ ഉന്നയിക്കപ്പെട്ടില്ല. ഒരു സ്റ്റേറ്റ് കേസ് അവരുടെ വഴിക്കാക്കിയെടുത്ത രീതിയായിരുന്നു അതെന്നാണ് മനസ്സിലാക്കേണ്ടത്.

ഇരയാക്കിപ്പെടേണ്ടി വന്ന പ്രതിഭ

ഫാഷൻ ലോകത്ത് ചെറിയ പ്രായത്തിൽ ആനന്ദിന് ലഭിച്ച ആദരവും പ്രശസ്തിയും തീർച്ചയായും മറ്റുള്ളവരെ അസൂയപ്പെടുത്തിയിരുന്നു. പക്ഷെ അതിന്റെ പേരിൽ ഇത്രയും നീണ്ട കാലം ജയിലഴികൾക്കുള്ളിൽ അയാൾക്ക് കുരുക്കൊരുക്കണമായിരുന്നോ? ഏറ്റവും പുതിയ ഒരു വർക്കിന്റെ അവസാന ഘട്ടത്തിലായിരുന്നു ആനന്ദ്. അതു പുറത്തിറങ്ങുന്നതിനു മുൻപു തന്നെ അവർക്ക് അവനെ കുരുക്കണമായിരുന്നു. അതു നടന്നു. ആന്ദിനെതിരെ നിന്ന പെൺകുട്ടികളെല്ലാം തന്നെ വിദേശികളാണ്. അതിനാൽ അമേരിക്കൻ നിയമം പോലും അവർക്കൊപ്പമേ നിൽക്കുന്നുള്ളൂ. ബലാൽസംഗ കേസ് ആയതിനാൽ പലരും ഈ കേസിൽ സംസാരിക്കാൻ പോലും മടിക്കുന്നു. പക്ഷെ തന്നെ റേപ്പ് ചെയ്തെന്നാരോപിച്ച് ആർക്കും കേസ് കൊടുക്കാൻ പറ്റുന്ന ഒരു സാഹചര്യമാണ് ഇവിടെ നിലനിൽക്കുന്നത്. അവർ തന്നെ ഇത് നിഷേധിച്ചാൽപ്പോലും ആ പെൺകുട്ടികൾ ശിക്ഷിക്കപ്പെടുന്നതേയില്ല. നമ്മുടെ നാട്ടിലും സമാനമായ എത്രയോ അനുഭവങ്ങൾ സാക്ഷിയാകുന്നു.

ആനന്ദിന് വേണ്ടി ...

ആനന്ദിന്റെ മോചനത്തിന് വേണ്ടി കുറെയേറെ മനുഷ്യ സ്നേഹികൾ ഒപ്പമുണ്ട്. ഫെയ്‌സ്ബുക്ക് കൂട്ടായ്മയും സ്വന്തമായി വെബ്‌സൈറ്റും ഉണ്ടാക്കിയിട്ടുണ്ട്. . പുതിയ അപ്‌ഡേഷനുകളൊക്കെ കൃത്യമായി എല്ലാവരെയും അറിയിക്കാറുമുണ്ട്. "ഒരു സ്ത്രീയാണ്, അവന്റെ അമ്മയാണ്, പരിമിതികളേറെയാണ്. പക്ഷെ ഒപ്പം സ്വന്തം രാജ്യം ഉണ്ടെന്നുള്ള ബോധ്യം ഉണ്ടെങ്കിൽ കുറച്ചുകൂടി ധൈര്യവും ചെയ്യാൻ സാധ്യതകളും ഉണ്ടായേനെ. എത്രനാൾ ഒരു അമ്മയും സഹോദരിയും ആനന്ദിനു വേണ്ടി പൊരുതണം? സാമ്പത്തികമായി അതൊരു വലിയ ഭാരം തന്നെയാണ്. അമേരിക്കയിലെ പൗരത്വം ഉള്ളയാളല്ല, വീടും കേസിന്റെ ആവശ്യങ്ങൾക്കായി വിറ്റു. ഓരോ തവണ ആനന്ദിനെ കാണാൻ പോകണമെങ്കിലും കേസ് നടത്തണമെങ്കിലും പണം ചിലവാകും. സൈറ്റ് വഴി പലരും പണം അയയ്ക്കാറുണ്ട്, നന്മയുള്ള എത്രയോ പേർ പണമയച്ചു. അവരോടൊക്കെ തീർത്താൽ തീരാത്ത കടപ്പാടുണ്ട്. ഇനിയും എത്രയോ പണം ഈ കേസ് നടത്തിക്കൊണ്ടു പോകാൻ ആവശ്യവുമാണ്. എല്ലാം കേസിന്റെ ആവശ്യങ്ങൾക്കായാണ് ഉപയോഗിക്കാറുള്ളതും." അർഹിക്കുന്ന നീതി പോലും ലഭിക്കാതെ ഒരേ ഒരു മകന്റെ നീണ്ട ജയിൽ വാസത്തിൽ ഒരമ്മയ്ക്ക് പരാതിപ്പെടുകയല്ലാതെ മറ്റെന്തുചെയ്യാൻ കഴിയും. കഴിഞ്ഞ പത്തു വർഷങ്ങളായി നീളുന്ന കേസ് വളഞ്ഞ വഴിയിലൂടെ അല്ലാതെ പോകുമെങ്കിൽ എപ്പോഴേ ആനന്ദിന് രക്ഷപെടാൻ പറ്റിയേനേം.

ട്രംപിനൊപ്പം ട്രംപിനൊപ്പം, ആനന്ദ് അമ്മയ്ക്കും സഹോദരിയ്ക്കുമൊപ്പം

ഇപ്പോൾ എല്ലാ കേസുകളും ഏതാണ്ട് ഒഴിഞ്ഞ മട്ടാണ്. പക്ഷെ അപ്പോൾ സ്റ്റേറ്റ് കോടതി അത് അവരുടെ അഭിമാന പ്രശ്നമാക്കിയെടുത്ത് കേസ് മുന്നോട്ടു കൊണ്ടുപോവുകയാണ്. അന്യരാജ്യത്തിലെ ഒരാളോട് പരാജയപ്പെടുമോ എന്ന ഭീതി പ്രോസിക്യൂട്ടർമാർക്കുണ്ട്. വാദികളെല്ലാം പണത്തിനു വേണ്ടിയാണ് പരാതികൾ നൽകിയതെന്ന് മനസ്സിലായിട്ടും ആനന്ദിന് വേണ്ടി കോടതി നിൽക്കുന്നില്ല. അമേരിക്കൻ മാധ്യമങ്ങൾ പോലും ഈ കേസിൽ ആനന്ദിനെതിരെയാണ് വാർത്തകൾ നൽകിയിട്ടുള്ളത്, ആനന്ദ് നിരപരാധിയെന്ന് കാണിക്കുന്ന തെളിവുകൾ നൽകിയിട്ടു പോലും അതു നോക്കാൻ പോലും ആരും തയ്യാറായിട്ടില്ല. പക്ഷെ ഇന്ത്യൻ മാധ്യമങ്ങൾ സത്യങ്ങൾ അറിഞ്ഞപ്പോൾ ആനന്ദിനൊപ്പം നിന്നിട്ടുണ്ട്. പക്ഷെ രാജ്യത്തെ ഭരണ സംവിധാനവും ഒറ്റയ്ക്കായിപ്പോയ ശാരീരിക ബുദ്ധിമുട്ടുകളുള്ള ഒരമ്മയോടും നിസ്സഹായയായ ഒരു സഹോദരിയോടും ഒപ്പം നിന്ന് നിരപരാധിയായ ഒരു പ്രതിഭയെ തിരികെ നേടാൻ സഹായിക്കേണ്ടതായിരുന്നു.

Your Rating: