Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിണറായിയെക്കുറിച്ച് ശ്രീനി മിണ്ടിപ്പോകരുത്!!!

ശ്രീനിവാസൻ,സത്യൻ അന്തിക്കാട് ശ്രീനിവാസൻ, സത്യൻ അന്തിക്കാട്. ഫോട്ടോ: ശ്യാം ബാബു

ത‌ാത്വികമായ ഒരു ക്ഷണക്കത്താണു ഞാൻ ഉദ്ദേശിക്കുന്നത്. വെച്ചൂച്ചിറക്കാർ തമ്മിൽ പ്രഥമദൃഷ്ട്യാ അകൽച്ചയിൽ ആയിരുന്നെങ്കിലും...അവർക്കിടയിൽ അന്തർധാര സജീവമയിരുന്നു എന്നു വേണം കരുതാൻ.

അതായത്....
വിഘടനവാദിയായ ജൂബിൻ ജോസഫ് കിഴക്കേതിലും പ്രതിക്രിയാ വാദിയായ ദിവ്യ ഡോമനിക് നിരപ്പേലും തമ്മിൽ വർഗാധിപത്യത്തെയും കൊളോണിയലിസ്റ്റ് ചിന്താസരണികളെയും മറികടന്നു മാനവരാശിയുടെ നിലനിൽപിനായി തോളോടുതോളു നിന്നു പ്രവർത്തിക്കാൻ തീരുമാനിച്ചു.

വളരെ ലളിതമായി പറയുകയാണെങ്കിൽ....
കല്യാണമാണു ചടങ്ങ്....

കെട്ട്:– സെന്റ് ജോസഫ് പളളി വെച്ചൂച്ചിറ.
സമയം:– പത്തു മുപ്പത്.

കുറിപ്പ്: ഇതൊന്നും റാഡിക്കലായ ഒരു മാറ്റമല്ല.

ഒരു ന്യൂജനറേഷൻ കല്യാണക്കുറിയാണിത്. വരൻ ജൂബിൻ. വധു ദിവ്യ. വെച്ചൂച്ചിറ സ്വദേശം. തയാറാക്കിയിരിക്കുന്നത് ‘സന്ദേശം’ സിനിമയിലെ താത്വികാചാര്യനായ ശങ്കരാടിയുടെ പ്രശസ്തമായ ഡയലോഗിന്റെ രൂപത്തിൽ.

‘സന്ദേശം’ റിലീസ് ചെയ്യുമ്പോൾ വെച്ചൂച്ചിറ കിഴക്കേതിൽ ജൂബിൻ ജോസഫിന് രണ്ടു വയസ്. ‍ജൂബിൻ പ്രതിശ്രുത വധുവായ ദിവ്യ ഡൊമനിക് നിരപ്പേൽ ജനിച്ചിട്ടു പോലുമില്ല. ഇപ്പോൾ ദുബായിൽ ജോലി ചെയ്യുന്ന ജൂബിൻ ‘സന്ദേശ’ത്തിന്റെ ഒരു ഭാഗമെങ്കിലും കാണാതെ ഉറങ്ങാറില്ല. അങ്ങനെയാണ് വിവാഹിതനാകാൻ തീരുമാനിച്ചപ്പോൾ കല്യാണക്കത്തിൽ റാഡിക്കലായ ചില മാറ്റങ്ങൾ വന്നു ഭവിച്ചത്. അതാണു സത്യം.

മലയാളിയുടെ സാധാരണ ജീവിതത്തിലേക്ക് പോളണ്ടും വർഗാധിപത്യവും കൊളോണിയലിസ്റ്റ് ചിന്താസരണികളും അവർക്കിടയിലെ അന്തർധാരകളും സജീവമായിട്ട് ഇരുപത്തിയഞ്ചു വർഷം പിന്നിടുന്നു. ലോകമെമ്പാടുമുളള മലയാളികൾ മടുക്കാതെയും മറക്കാതെയും സന്ദേശത്തിലെ ഡയലോഗുകൾ ഇപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്നു.

സന്ദേശത്തിന്റെ ഇരുപത്തിയഞ്ചാം വർഷം ആണിത്. കേരളം വീണ്ടുമൊരു തിരഞ്ഞെടുപ്പ് ചൂടിൽ ഉരുകുമ്പോൾ സന്ദേശം എഴുതിയ ശ്രീനിവാസനും സംവിധായകനായ സത്യൻ അന്തിക്കാടും അഭിമുഖത്തിനു വേണ്ടി ഒരുമിച്ചിരുന്നു. സന്ദേശത്തിന്റെ പിറവിയെക്കുറിച്ചു പറയാൻ. പത്തു വർഷങ്ങൾക്കു ശേഷമാണ് ഇരുവരും ഒരു മാധ്യമത്തിനു വേണ്ടി ഒന്നിച്ചിരിക്കുന്നത്. സിനിമയും രാഷ്ട്രീയവും വർത്തമാന ജീവിതവുമൊക്കെ കടന്നു വരുകയാണ് ഈ ദീർഘസംഭാഷണത്തിൽ.

സീൻ ഒന്ന്: ഫ്ലാഷ്ബാക്ക്

ശ്രീനി: സന്ദേശം തുടങ്ങിയത് ഈ രൂപത്തിലൊന്നും ആയിരുന്നില്ല. ഒരു പൊളിറ്റിക്കൽ സറ്റയർ എഴുതണം എന്നൊരു ചിന്തയുണ്ടായിരുന്നു. അക്കാലത്ത്, പ്രേംനസീർ സാർ എന്നെ വിളി ക്കുകയും ഒരു തിരക്കഥ എഴുതണം എന്നു പറയുകയും ചെയ്തു. മോഹൻലാലാണ് അദ്ദേഹത്തിന്റെ മനസ്സിലുളള നടൻ. പക്ഷേ, മോഹൻലാലിന് തിരക്കാണ്. മോഹൻലാലിന്റെ വിവാഹ നിശ്ചയദിവസം നസീർ സാർ ലാലിനെ പിടികൂടി അഡ്വാൻസ് വരെ കൊടുത്തു. ആ സമയത്താണു ‘വരവേൽപ്’ തുടങ്ങുന്നത്. നിർഭാഗ്യവശാൽ ‘വരവേൽപ്പി’ന്റെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുമ്പോഴാണ് നസീർ സാർ മരിക്കുന്നത്. മോഹൻലാലിന് വലിയ നിരാശയുണ്ടായിരുന്നു നസീർ സാറിന്റെ സംവിധാനത്തിൽ അഭിനയിക്കാൻ കഴിയാത്തതിൽ....

സത്യൻ അന്തിക്കാട്, ശ്രീനിവാസൻ, സത്യൻ അന്തിക്കാട്, ശ്രീനിവാസൻ. ഫോട്ടോ: ശ്യാം ബാബു

സത്യൻ: പിന്നെയും ഒരു പാടു വൈകി സന്ദേശം സിനിമയാകാൻ. പൊളിറ്റിക്കൽ സറ്റയർ. ഒരു വീട്ടിൽ തന്നെയുളള രണ്ടു രാഷ്ട്രീയ വിശ്വാസക്കാർ എന്ന ആശയം മത്രമായിരുന്നു അന്നു നമ്മളുടെ മനസ്സിലുണ്ടായിരുന്നത്. അതിനിടയിൽ ശ്രീനി ‘വടക്കുനോക്കിയന്ത്രം’ ചെയ്തു. ഞങ്ങൾ പല പല സിനിമകൾ ആലോചിച്ചു ചെയ്തു. പക്ഷേ, ഈ പൊളിറ്റിക്കൽ സറ്റയർ മാത്രം ഒരു കഥയായി രൂപപ്പെട്ടില്ല.

ശ്രീനി: പ്രേംനസീർ സാറിനു വേണ്ടി ആലോചിച്ചു തുടങ്ങിയപ്പോഴും ഇതു തന്നെയായിരുന്നു അവസ്ഥ.

സത്യൻ: അങ്ങനെയിരിക്കെ ‘ആനവാൽ മോതിരം’ എന്ന സിനിമയുടെ സമയത്ത് ഞങ്ങൾ‌ തിരുവനന്തപുരത്ത് ഒത്തു കൂടി. ട്രിവാൻഡ്രം ക്ലബ്ബിലാണ് താമസം. രാവിലെ വരുമ്പോൾ കതകു തുറന്നു കൊടുക്കുക. ഇതായിരുന്നു എന്റെ ജോലി. കഥാചർച്ച മാത്രം നടക്കുന്നില്ല. ഒരു ദിവസം ലോഹിതദാസ് അവിടെ വന്നു. എന്തായി എഴുത്ത് എന്ന് ചോദിച്ചു. കഥയൊന്നുമായില്ല എന്നു പറയുന്നതെങ്ങനെ? അതുകൊണ്ട് ഒരു ഒറ്റവരിക്കഥ പറഞ്ഞു, ‘ഒരു വീട്ടിൽ തന്നെയുളള രണ്ടു രാഷ്ട്രീയ വിശ്വാസക്കാർ.’ അതു കേട്ട് ലോഹിക്കു വളരെ ഇഷ്ടമായി. ‘വളരെ നന്നായിട്ടുണ്ട് ധൈര്യമായി മുന്നോട്ടു പോകാം.’ എന്നൊക്കെ അഭിനന്ദിച്ചു. അന്നു രാത്രി ഞങ്ങൾ തീരുമാനിച്ചു. ഈ സിനിമയുമായി മുന്നോട്ടു തന്നെ പോകാം.

സന്ദേശത്തെക്കുറിച്ചുളള ആലോചനാസമയത്തു ശ്രീനി പറഞ്ഞ ഡയലോഗ് എനിക്ക് ഓർമയുണ്ട്, സിനിമ നന്നാകുമോ ഇല്ലയോ എന്ന് അറിഞ്ഞു കൂടാ. പക്ഷേ, വളരെ രസകരമായ ഡയലോഗുകൾ സിനിമയിൽ ഉണ്ടാകും.’ ശ്രീനി പറഞ്ഞതു പോലെ തന്നെ സംഭവിച്ചു.

സീൻ 2: പാട്യത്തെ കമ്യൂണിസ്റ്റുകാർ

ശ്രീനി: വ‌ർഷങ്ങളായി എന്റെ ഉളളിൽ തിളച്ചുമറിഞ്ഞ ധാർമ്മിക രോഷമാണ് എഴുത്തിലൂടെ പുറത്തു വന്നത്. എന്റെ അച്ഛനൊരു കമ്യൂണിസ്റ്റായിരുന്നു. ഞാൻ പക്ഷേ, പാർട്ടിക്കാരനായില്ല. ഞങ്ങളുടെ നാട്ടിലെ ഏറ്റവും നല്ല കമ്യൂണിസ്റ്റായിരുന്നു പാട്യം ഗോപാലൻ. അദ്ദേഹം എന്നോടു നിർദേശിച്ചു. ‘സഖാവ് പാർട്ടിയിലേക്കു വരണം.’ ‍ഞാൻ പറഞ്ഞു. ‘ഇല്ല സഖാവേ പാർട്ടിക്കു പുറത്തു നിന്നു നോക്കുമ്പോഴാണ് പ്രശ്നങ്ങൾ മനസ്സിലാവുന്നത്. പാർട്ടിക്ക് അകത്തു പെട്ടാൽ എല്ലാം ശരിയാണെന്നു തോന്നും. അതുകൊണ്ടാണു എല്ലാ പാർട്ടിക്കാരും ഒരു പോലെയായത്.’

നിലവിലുളള മുന്നണി സംവിധാനത്തോടു ഞങ്ങൾക്കു വ്യക്തിപരമായി യാതൊരു താൽപര്യവും തോന്നിയിരുന്നില്ല. എ.കെ.ജി. സെന്ററും ഇന്ദിരാഭവനും ഒരുമിച്ചിരുന്നാണ് പല തീരുമാനങ്ങളും എടുക്കുന്നത്. പൈസ ഉണ്ടാക്കുന്ന കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടാണ്. അഗ്നിപരീക്ഷകളെ അതിജീവിച്ച് നേതാവ് വരുന്നു എന്നൊക്കെ ഫ്ലക്സിൽ എഴുതി വയ്ക്കാൻ കൊളളാം. അല്ലാതെ ജനം അതൊന്നും വിശ്വസിക്കില്ല. ഒരു പാർട്ടിയിൽ നിന്നു പുറത്തു വന്നാലേ ആ പാർട്ടിയുടെ പുഴുക്കുത്ത് പാർട്ടിക്കാരനു ബോധ്യമാകൂ. ഉമ്മൻചാണ്ടിയൊക്കെ കോൺഗ്രസിൽ നിന്നു കുറച്ചു ദിവസം അവധി യെടുത്ത് പുറത്തു നിൽക്കണം. പിന്നെ, ജീവിതത്തിൽ ഒരിക്കലും കോൺഗ്രസുകാരനെന്നു പറയില്ല.

സത്യൻ: ശ്രീനി പറ‍ഞ്ഞതാണു വാസ്തവം. അഴിമതിയുടെ കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടാണ്.

ശ്രീനി: ഞാനൊരിക്കൽ ടെലിവിഷനു വേണ്ടി പിണറായി വിജയനെ ഇന്റർവ്യൂ ചെയ്തു. എനിക്കു പകരം മമ്മൂട്ടിയെയായിരുന്നു അഭിമുഖത്തിനു നിശ്ചയിച്ചിരുന്നത്. പിന്നെന്തോ അഭിമുഖക്കാരൻ ഞാനായി. ഞാനന്ന് അദ്ദേഹത്തോടു ചോദിച്ചു, ‘നിങ്ങളുടെ പാർട്ടി എക്സ്പ്രസ് ൈഹവേയെ എതിർക്കുന്നു. പാവപ്പെട്ടവന് എന്താ ഗുണം എന്നാണു ചോദിക്കുന്നത്. പാവപ്പെട്ടവൻ ഒരിക്കലും ഒരു കാറു വാങ്ങാൻ പാടില്ല എന്നാണോ നിങ്ങൾ പറയുന്നത്. അദ്ദേഹം ചിരിച്ചിതേയുളളു. ആ അഭിമുഖം പൂർണരൂപത്തിൽ ചാനലിൽ വന്നോ എന്നെനിക്കറി‍ഞ്ഞു കൂടാ, വന്നു കാണില്ല.

സത്യൻ: പോളണ്ടിനെക്കുറിച്ചു മാത്രമല്ല പിണറായിയെക്കുറിച്ചും ശ്രീനി മിണ്ടിപ്പോകരുത്.....!!!

ശ്രീനി: കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യം അന്തിക്കാട്ടും പാട്യത്തും തലശേരിയിലും കണ്ണൂരും നെയ്യാറ്റിൻകരയിലുമൊക്കെ ഒരു പോലെയാണ്. രാഷ്ട്രീയക്കാരുടെ പെരുമാറ്റത്തിനും സംഭാഷണത്തിനും സാമ്യമുണ്ട്. അതു കൊണ്ടു ഞങ്ങൾക്ക് ഡയലോഗുകൾ സുന്ദരമായി എഴുതാൻ സാധിച്ചു. എല്ലാവരും അവ നന്നായി ആസ്വദിക്കുകയും ചെയ്തു. പോളണ്ട്, ക്യൂബ, ചൈന, റഷ്യ, ബംഗാൾ, ഇതൊക്കെ സഖാക്കന്മാരുടെ ദൗർബല്യങ്ങളാണ്. അതുകൊണ്ടാണ് ഐഎൻഎസ്പി നേതാവായ കെ.ആർ.പി. പോളണ്ടിനെക്കുറിച്ചു പറയുമ്പോൾ ആർ.ഡി.പി. നേതാവ് കോട്ടപ്പളളി ‘പോളണ്ടിനെക്കുറിച്ച് നീ മിണ്ടിപ്പോകരുത്’ എന്നു പറഞ്ഞ് എതിർക്കുന്നത്.

സത്യൻ: അതുപോലെയാണ് പാർട്ടിയുടെ താത്വികാചാര്യന്മാരുടെ സംഭാഷണം. അണികൾക്കു മനസ്സിലാക്കാൻ പറ്റാത്ത വിധമേ ഇവർ സംസാരിക്കൂ. പണ്ടു മുതൽക്കേ നേതാക്കൾ പയറ്റുന്ന ഒരു അടവാണ് അത്. ഇവർക്കിടയിലുളള അന്തർധാര എപ്പോഴും സജീവമായിരിക്കും എന്നു വേണം കരുതാൻ. ഇപ്പോൾ ബംഗാളിലെ തിരഞ്ഞടുപ്പിൽ ഇവിടുത്തെ ഇടതും വലതും അവിടെ ഒരു പക്ഷമാണല്ലോ? ഇവർക്കിടയിലെ അന്തർധാര ഇപ്പോഴും സജീവമാണ് ഒരു കൈയിൽ അരിവാളും മറു കൈയിൽ കൈപ്പത്തിയും.

ശ്രീനിവാസൻ,സത്യൻ അന്തിക്കാട് ശ്രീനിവാസൻ, സത്യൻ അന്തിക്കാട്. ഫോട്ടോ: ശ്യാം ബാബു

ശ്രീനി : പണ്ട് സഖാക്കൾ പറഞ്ഞിരുന്നത് കേരളം ഒരു ബംഗാളാക്കി മാറ്റണമെന്നാണ്. അന്നത് എന്താണെന്ന് ആർക്കും മനസ്സിലായിരുന്നില്ല. ഇപ്പോൾ അത് എല്ലാവർക്കും മനസ്സിലായി. കേരളം മൊത്തം ബംഗാളികളാണ്.

സീൻ മൂന്ന്: ലൊക്കേഷൻ

സത്യൻ: ഇതിൽ രാഘവൻ നായർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ തിലകനല്ലാതെ മറ്റൊരു നടനില്ല. ഞങ്ങൾ ഷൂട്ടിങ് പ്ലാൻ ചെയ്ത സമയത്ത് തിലകൻ ചേട്ടൻ പറഞ്ഞു. ‘നാൽപത്തിയഞ്ചു ദിവസം’ ‘ഗോഡ് ഫാദറി’ൽ അഭിനയിക്കാൻ കോഴിക്കോട്ടാണ്. അതു കഴിഞ്ഞു നോക്കാം.’ ഞങ്ങൾ ആകെ പെട്ടു. ‘സന്ദേശം’ കേരളത്തിലെ ഏതു ഗ്രാമത്തിലും ഷൂട്ട് ചെയ്യാം. അങ്ങനെ ഷൂട്ടിങ് കോഴിക്കോട്ടേക്കു മാറ്റി. ഒഴിവുളളപ്പോൾ തിലകൻ ചേട്ടൻ വന്ന് അഭിനയിച്ചാൽ മതിയല്ലോ....

ശ്രീനി: ‘സന്ദേശ’ത്തിൽ മാള അരവിന്ദൻ അവതരിപ്പിച്ച സബ് ഇൻസ്പെക്ടർ യഥാർഥത്തിൽ ജഗതി ചെയ്യേണ്ടതായിരുന്നു. ജഗതിയോടു ഞാൻ സംസാരിച്ചു. അദ്ദേഹം ഓക്കെയും പറഞ്ഞു. ജഗതി സെറ്റുകളിൽ നിന്നു സെറ്റുകളിലേക്ക് പറന്നു നടന്ന് അഭിനയിക്കുന്ന കാലമാണ്. അദ്ദേഹത്തിനു സമയത്തിനു എത്താനായില്ല. പിന്നെ, മൂന്നാലു ദിവസം കാണാതിരുന്നിട്ടാണു മാളയെ വിളിച്ചത്.

സത്യൻ: മാളയ്ക്ക് വലിയ സന്തോഷമായി. പക്ഷേ, അഭിനയിക്കാൻ തുടങ്ങിയപ്പോൾ വലിയ മസിലുപിടുത്തം. ഒട്ടും കോമഡിയില്ല. ഞാൻ ചോദിച്ചു, എന്തു പറ്റി? മാളയുടെ മറുപടി. അതു സത്യന്റെയു ശ്രീനിവാസന്റെയും സിനിമയല്ലേ അഭിനയത്തിൽ കുറച്ചു പക്വത കാണിക്കാമെന്നു കരുതി. ഞാൻ പറഞ്ഞു എനിക്കു മാളയുടെ ഇളകിയാട്ടം മതി പക്വത വേണ്ട. അങ്ങനെയാണ് ഇന്നു കാണുന്ന സീനുകൾ ഉണ്ടായത്. പിന്നെ, ‘സന്ദേശ’ത്തിന്റെ മറ്റൊരു ഹൈലൈറ്റ് ക്യാമറയാണ്. വിപിൻ മോഹൻ ഫ്രെയിമിന്റെ സൗന്ദര്യം നോക്കിയല്ല ക്യാമറ വച്ചത്, ഹ്യൂമറിന് പ്രാധാന്യം കൊടുത്തു കൊണ്ടാണ്....

ശ്രീനി: സന്ദേശത്തിൽ താരതമ്യേന ചെറിയ റോളാണ് ഇന്നസെന്റിന്. ഡൽ‌ഹിയിൽ നിന്നു വരുന്ന അഖിലേന്ത്യാ നേതാവ്. സന്ദേശം ഷൂട്ട് ചെയ്യുന്ന സമയത്തോ അതിനു ശേഷമോ ഒരിക്കൽ പോലും ഇന്നസെന്റ് രാഷ്ട്രീയത്തിൽ വരുമെന്ന് ആരും വിചാരിച്ചില്ല. ഇപ്പോൾ ഡൽഹിയിലിരുന്ന് ഇന്നസെന്റ് ചോദിച്ചുകൊണ്ടിരിക്കുന്നു; ‘മുച്ഛേ കുച്ഛ് നാരിയൽ കാ പാനി ഛാഹിയേ....’

സത്യൻ: യശ്വന്ത് സഹായ്ക്ക് ഇളനീര് ഇടാൻ വേണ്ടി ഖദർ ധാരികൾ തെങ്ങിൽ കയറുന്ന രംഗമുണ്ട്. കുറേ ഖദർധാരികളെ തയ്യാറാക്കി. സമയമായപ്പോൾ ആർക്കും തെങ്ങിൽ കയറാൻ അറിഞ്ഞുകൂടാ. പിന്നെ, പരിസരത്തുളള തെങ്ങുകയറ്റതൊഴിലാളികളെ കൊണ്ടു വന്ന് ഖദർ വസ്ത്രം നൽകിയാണ് ആ സീൻ ചിത്രീകരിച്ചത്. അതേ സീനിൽ തന്നെ ഒരു തെങ്ങിൽ രണ്ടു പേർ കയറുന്നുണ്ട്. അതു നേരത്തെ പ്ലാൻ ചെയ്തതല്ല. സ്പോട്ട് കോമഡിയാണ്.....

നമ്മൾ ആരെ വിമർശിച്ചാലും അവർക്കു കൂടി ഇഷ്ടപ്പെടാൻ തോന്നണം സിനിമ. ‘സന്ദേശം’ കണ്ട് ഇഷ്ടപ്പെട്ട രാഷ്ട്രീയ നേതാക്കൾ ഒരു പാടു പേരുണ്ട്. നമ്മൾ ഒരു സിനിമയെടുക്കുന്നത് സിനിമ ഓടാൻ വേണ്ടി മാത്രമാണ്. കേരളം പോലൊരു ചെറിയ ഭൂമിശാസ്ത്രത്തിൽ ഒരു സിനിമ വിജയിപ്പിക്കുക ഏറെ ശ്രമകരമാണ്. അല്ലാതെ ചില നിരൂപകർ പറയുമ്പോലെ കീഴാള രാഷ്ട്രീയം നോക്കിയിട്ടല്ല ജീവിതത്തെ നോക്കിയിട്ടാണു നമ്മൾ കഥയെഴുതുന്നത്. ‘ചിന്താവിഷ്ടയായ ശ്യാമള’ വന്ന സമയത്തു ശ്രീനി ഒരു മീറ്റിങ്ങിൽ പ്രസംഗിച്ചു. ഈ സിനിമയുടെ കഥ ഞാൻ മോഷ്ടിച്ചതാണ്. ചില തൽപരകക്ഷികൾക്ക് വലിയ താൽപര്യമായി എവിടെ നിന്നു മോഷ്ടിച്ചു എന്നറിയാൻ . ശ്രീനി പറഞ്ഞു: നിങ്ങളിൽ നിന്നു തന്നെയാണ് ഞാനീ കഥ മോഷ്ടിച്ചത്. സമൂഹത്തിൽ എത്രയോ ശ്യാമളമാരുണ്ട്. പിന്നെ, കഥ അന്വേഷിച്ചു എങ്ങും പോകേണ്ടതില്ലല്ലോ?

സത്യൻ അന്തിക്കാട്, ശ്രീനിവാസൻ സത്യൻ അന്തിക്കാട്, ശ്രീനിവാസൻ. ഫോട്ടോ: ശ്യാം ബാബു

ശ്രീനി: പലരും ‘സന്ദേശത്തെ അവരിലേക്കു പിടിച്ച ഒരു കണ്ണാടിയായാണു കണ്ടത്. നൂറ്റിനാൽപതു രാജാക്കന്മാരും നാലു കോടി അടിമകളും കൂടിച്ചേർന്ന സമ്പ്രദായമാണ് ഇവിടെ നിലനിൽക്കുന്നത്.

സീൻ4: തിരഞ്ഞടുപ്പ്

സത്യൻ: ജനാധിപത്യത്തിൽ അങ്ങനെ അല്ലാതെയും സംഭവിക്കാം. ശ്രീനി ‍ഡൽഹിയിൽ കെജരിവാൾ ഭരിക്കുന്നില്ലേ? മാധ്യമങ്ങൾ അധികം റിപ്പോർട്ടു ചെയ്യുന്നില്ലെങ്കിലും നല്ല ഭരണമാണ് അവിടെ നടക്കുന്നത്.

ശ്രീനി: നല്ല ആൾക്കാരും ഉദ്യോഗസ്ഥരും ഇവിടെയുമുണ്ട്. സമൂഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്യണമെന്നുളളവർ. ഋഷിരാജ്സിങ്, ജേക്കബ് തോമസ്, അനുപമ തുടങ്ങി മുകൾത്തട്ടു മുതൽ താഴോട്ട് എത്രയോ പേർ.

സത്യൻ: ഈ തിരഞ്ഞടുപ്പ് കാലത്ത് സീറ്റ് കിട്ടാൻ വേണ്ടിയുളള യുദ്ധം നമ്മൾ കണ്ടതാണ്. ‘സന്ദേശ’ത്തെക്കാൾ വലിയ കോമഡിയില്ലേ ഇതിൽ. രാഷ്ട്രീയം ഒരു സേവനമല്ലേ. എം.എൽ.എ ആവാതെ ആർക്കും ആരേയും സേവിക്കാൻ കഴിയില്ലേ എന്ന് ആലോചിക്കണം.

ശ്രീനി: ഒരു തരത്തിലുളള വിമർശനത്തിനും നേരെയാക്കാൻ പറ്റാത്ത തരത്തിലുളള മനക്കട്ടിയും തൊലിക്കട്ടിയും നമ്മുടെ രാഷ്ട്രീയക്കാർ നേടിയിട്ടുണ്ട്. പരിഹസിച്ചു പവിത്രീകരിക്കുക എന്നതു പണ്ടുളളവർ പറയുന്ന ഒരു ചൊല്ലാണ്. ഇനി അതിനൊന്നും പ്രസക്തിയില്ല. ‘സന്ദേശം’ ഇറങ്ങിയ സമയത്ത് എനിക്കും സത്യനും ഒരു പാടു കത്തുകൾ വന്നു. തെറിക്കത്തുകളും കൂട്ടത്തിലു‌ണ്ടായിരുന്നു. ‘നീ അനുഭവിക്കുന്ന സ്വാതന്ത്ര്യം രാഷ്ട്രീയക്കാർ വാങ്ങിത്തന്നതല്ലേടാ...’ എന്നൊക്കെ ചോദിച്ചുകൊണ്ടുളള കത്തുകളുമുണ്ടായിരുന്നു. അന്നാണ് എനിക്കു സ്വാതന്ത്ര്യം കിട്ടിയ കാര്യം ഞാൻ അറിയുന്നതു തന്നെ. രാഷ്ട്രീയത്തിലെ അടിസ്ഥാന മുഖത്തിന് ഇപ്പോഴും മാറ്റമൊന്നുമില്ല. സിനിമയിൽ കോട്ടപ്പളളി ഉത്തമനോടു പറയുന്നുണ്ടല്ലോ, ‘ജനങ്ങൾക്കു നമ്മൾ എന്തെല്ലാം കൊടുത്തു? എന്നിട്ടും അവർ നമ്മളെ തോൽപിച്ചല്ലോ?’

ഉത്തമന്റെ മറുപടി: ‘നമ്മൾ കൊടുത്തതിൽ കൂടുതലും വാഗ്ദാനങ്ങളായിരുന്നു.’

ഇപ്പോഴും പാർട്ടിക്കാർ ജനങ്ങൾക്കു കൂടുതലും കൊടുക്കുന്നതു വാഗ്ദാനങ്ങളാണ്.

സത്യൻ: പാർട്ടിയിൽ നേതാവും ബുദ്ധിജീവിയുമായാലുളള ഗുണം എന്താണെന്ന് കോട്ടപ്പളളി പറയുന്നുണ്ട്. ‘വെറുതെ ആഹ്വാനം ചെയ്താൽ മാത്രം മതി. അടികൊളളാനും സിന്ദാബാദ് വിളിക്കാനുമൊക്കെ അണികൾ ധാരാളമുണ്ടാവും.’

ശ്രീനി: നാലഞ്ചു വർഷങ്ങൾക്കു മുമ്പ് ഒരാൾ എന്നെക്കാണാൻ വന്നു. തിരുവനന്തപുരത്ത് വലിയ സര്‍ക്കാർ ഉദ്യോഗസ്ഥനാണ്. എന്നെയൊന്നു കാണാൻ വേണ്ടി പുളളിക്കാരൻ ഒരുപാടു നാളായി ആഗ്രഹിക്കുകയാണത്രേ. വേറൊന്നിനുമല്ല. ഒരു നന്ദി പറയാൻ വേണ്ടി മാത്രം. ഞാൻ ചോദിച്ചു; എന്തിനാണ് ഇത്രയും വലിയ നന്ദി. അയാൾ പറഞ്ഞു. കോളജിൽ പഠിക്കുന്ന കാലത്ത് അയാൾ ഒരു പാർട്ടിയുടെ സ്റ്റുഡന്റ്സ് വിഭാഗത്തിന്റെ സജീവ പ്രവർത്തകനായിരുന്നു. വളരെ പാവപ്പെട്ട കുടുംബത്തിലുളള ഒരാൾ. തല്ലുണ്ടാക്കാനും തല്ലു കൊളളാനും മുൻപന്തിയിൽ കാണും. ആ സമയത്താണ് ‘സന്ദേശം’ സിനിമ കാണുന്നത്. അത് അയാളിൽ വീണ്ടു വിചാരമുണ്ടാക്കി. പിന്നെ, സജീവ രാഷ്ട്രീയം മതിയാക്കി പഠിക്കാൻ തുടങ്ങി. ജോലി കിട്ടി. കുടുംബത്തെ സഹായി ക്കാൻ പറ്റി. അതോടൊപ്പം സാമൂഹിക പ്രവർത്തനവുമുണ്ട്. എന്നെ ജീവിക്കാൻ പഠിപ്പിച്ചതിനു പ്രത്യേകം നന്ദി എന്നാണ് അയാൾ പറഞ്ഞത്.

സത്യൻ: സിനിമാക്കാരെ രണ്ടു കൂട്ടരാണ് ഇപ്പോൾ നോട്ടമിട്ടിരിക്കുന്നത്. കാലനും പിന്നെ രാഷ്ട്രീയക്കാരും. ശ്രീനിയെ വിളിച്ചില്ലേ?

ശ്രീനി : ആര് കാലനോ?

സത്യൻ: അല്ല രാഷ്ട്രീയക്കാർ

ശ്രീനി: പിന്നേ....തിരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിനു വളരെ മുൻപേ ഒരു സംസ്ഥാന നേതാവ് വിളിച്ചു. ഞാൻ അദ്ദേഹത്തോടു പറഞ്ഞു: എനിക്കു തിരഞ്ഞടുപ്പിൽ മത്സരിക്കാനുളള അർഹതയുമില്ല; യോഗ്യതയുമില്ല. അപ്പോൾ അദ്ദേഹത്തിന്റെ മറുപടി. മഹാന്മാർ അങ്ങനെയൊക്കെ പറയും. ഞാൻ പറഞ്ഞു. എന്നെ എങ്ങനെ വേണമെങ്കിലും കളിയാക്കിക്കൊളളൂ. പക്ഷേ, വർഷങ്ങൾക്കു മുമ്പേ ഞാൻ ആലോചിച്ചുറപ്പിച്ച തീരുമാനമാണ് തിരഞ്ഞെടുപ്പിലേക്കില്ലെന്ന്. കൃഷിക്കു വേണ്ടി ഞാനിപ്പോൾ ചെളിയിൽ ഇറങ്ങാറുണ്ട്. ഇനി വേറൊരു ചെളിയിൽ ഇറങ്ങാനുളള മാനസികാവസ്ഥയില്ല. രാഷ്ട്രീയ തെറ്റു ചെയ്യുക. തിരുത്തുക അതാണു പാർട്ടിക്കാരുടെ നയം. കാറൽ മാർക്സ് ദാസ് കാപ്പിറ്റലിൽ പറഞ്ഞിട്ടുണ്ടത്രേ കേരളത്തിൽ വാഴയും തെങ്ങുമൊക്കെ വെട്ടിനിരത്താമെന്ന്. നമ്മളൊക്കെ അതു വായിച്ചു മനസ്സിലാക്കാൻ കുറേ വൈകി.

സത്യൻ: സന്ദേശത്തിന്റെ വലതുപക്ഷ പ്രതിനിധിയായി കെ.ജി. പൊതുവാൾ ചോദിക്കുന്നുണ്ട്. ‘‘വിദ്യാഭ്യാസമുളള ഒരുത്തനുമില്ലേ നമ്മുടെ പാർട്ടിയിലെന്ന്.’’

ശ്രീനി: ഇപ്പോഴും ആ അവസ്ഥയ്ക്കു മാറ്റമൊന്നുമില്ല. പക്ഷേ, ഇനി മാറ്റമുണ്ടാവും. ജഗദീഷും സിദ്ധിക്കുമൊക്കെ കോൺഗ്രസിൽ ചേർന്നല്ലോ?

സത്യൻ: ന്യൂജനറേഷൻ എല്ലാ രംഗത്തും വന്നു. അതു വരാത്ത ഒരേയൊരു മേഖല രാഷ്ട്രീയം മാത്രമാണ്. അൽസ്ഹൈമർ രോഗം വന്നാലും മാറാത്തവരാണ് രാഷ്ട്രീയക്കാർ.

ശ്രീനി: കപിൽ ദേവ്, ഇപ്പോഴും ഇന്ത്യൻ ക്രിക്കറ്റിന്റെ ക്യാപ്റ്റൻ ആയിരിക്കുമെന്ന അവസ്ഥയാണ് രാഷ്ട്രീയത്തിൽ.

സത്യൻ: അഴിമതിക്കെതിരായി ജാഗ്രതയുളളവരുടെ ഒരു കൂട്ടായ്മ ഉടൻ നിലവിൽ വരണം.

ശ്രീനി: അതാണ് ഇന്നത്തെ കാലത്തിന്റെ ആവശ്യം.

സീൻ അഞ്ച്: സന്ദേശങ്ങൾ

സത്യൻ: ചില സൂചനകൾ സിനിമയിലൂടെ കൊടുക്കാം. അങ്ങനെ കൊടുത്ത നല്ല സൂചനയാണ് സന്ദേശം. ചിഹ്നം നോക്കി ആൾക്കാർ വോട്ടു ചെയ്യുന്ന കാലം കഴിയുന്നു. വ്യക്തികളെ നോക്കി വോട്ടു ചെയ്യുന്നു. ഒരു പാലം വന്നാൽ കെട്ടിടം വന്നാൽ അത് എം.എൽ.എ.യുടെ ഫണ്ടില്‍ നിന്ന് എന്നു വലിയ ബോർഡ് വയ്ക്കുന്നു. എന്തൊരു അസംബന്ധമാണ്. ജനങ്ങളുടെ പൈസ എങ്ങനെയാണ് എംഎൽഎയുടെ ഫണ്ടാവുന്നത്.

ശ്രീനി: അങ്ങനെയൊരു ഫണ്ടുണ്ടോ? അതു ജനത്തിന്റെ പൈസയല്ലേ?

സത്യൻ: കഥാകൃത്ത് അശോകൻ ചരുവിൽ പറഞ്ഞിട്ടുണ്ട്. ഒരു സർക്കാര്‍ ജീവനക്കാരനായിരുന്ന കാലത്ത് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിയത് കൈക്കൂലി വാങ്ങാതിരിക്കാനാണെന്ന്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ശ്രീനി ഇടയ്ക്കു സോണിയാഗാന്ധിയെ കാണാൻ പോയെന്ന് എന്നോട് ആരോ പറ‍ഞ്ഞു.

ശ്രീനി: അങ്ങനെയൊരു സംഭവം ഉണ്ടായി. എന്റെയൊരു കോൺഗ്രസ് സുഹൃത്ത് ഒരു പരിപാടിക്കു വിളിക്കുകയാ‌ണു ഡൽഹിയിൽ. അവിടെ ചെന്നപ്പോൾ സുഹൃത്ത് പറഞ്ഞു.

‘നമുക്ക് വയലാർ രവിയെ കാണാം.’‌

ഞാൻ ചോദിച്ചു. ‘എന്തിന്? അദ്ദേഹം നാട്ടിൽ വന്നാൽപോലും ഞാൻ കാണാറില്ലല്ലോ....’

‘എങ്കിൽ എ.കെ.ആന്റണിയെ കാണാം.’ ഞാൻ പറഞ്ഞു.

‘അദ്ദേഹത്തിനു തിരക്കല്ലേ....മാത്രമല്ല ഞങ്ങൾക്കു തമ്മിൽ സംസാരിക്കാനും ഒന്നുമില്ല.

അവസാനം സോണിയാ ഗാന്ധിയെ എങ്കിലും കണ്ടിട്ടേ പോകാവൂ എന്നായി സുഹൃത്ത്. അങ്ങനെ അവരെ കണ്ടു. എനിക്ക് അവരോട് ചോദിക്കാനോ പറയാനോ ഒന്നുമില്ല. അവർക്ക് എന്നോടും. അവസാനം ഞാനൊരു വിഷയം ഉണ്ടാക്കി സംസാരിച്ചു. അങ്ങനെ സ്നേഹപൂർവം പിരിഞ്ഞു.

സന്ദേശത്തെക്കുറിച്ചുളള നല്ല ഓർമ എന്നു പറയുന്നത് ആ സിനിമ എഴുതിക്കൊണ്ടിരുന്നപ്പോൾ നമുക്ക് നന്നായി ചിരിക്കാൻ കഴിഞ്ഞു എന്നത് തന്നെയാണ്.

സത്യൻ: അതേയതേ....പിന്നെ വളരെ വിചിത്രമായ കാര്യം സന്ദേശത്തിൽ നിന്ന് ഒരിഞ്ചു പോലും കേരള രാഷ്ട്രീയം മാറിയിട്ടില്ല എന്നതും. നമ്മളെ സേവിക്കാനുളള രാഷ്ട്രീയക്കാരുടെ തമ്മിലടി കാണുമ്പോൾ ഒരു കാര്യം ഉറപ്പാണ് ഭരണം എന്ന ശർക്കര ഭരണിക്കു വേണ്ടിയാണ് ഈ കടിപിടി.

ശ്രീനിവാസൻ, സത്യൻ അന്തിക്കാട് ശ്രീനിവാസൻ, സത്യൻ അന്തിക്കാട്. ഫോട്ടോ: ശ്യാം ബാബു

പതിനഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷം സത്യനും ശ്രീനിവാസനും സിനിമയിൽ ഒന്നിക്കുന്നതിന്റെ സൂചന നൽകി ഇരുവരും സംഭാഷണം അവസാനിപ്പിച്ചു. സത്യൻ, ശ്രീനി, ലാൽ കൂട്ടുകെട്ട് വീണ്ടും വരും എന്ന പ്രതീക്ഷ നൽകി സത്യന്‍ അന്തിക്കാട്ടേയ്ക്കും ശ്രീനി എറണാകുളത്തേക്കും യാത്രതിരി ച്ചു. അതിനു മുൻപ്, സന്ദേശത്തിലൂടെ നൽകിയ സന്ദേശം ആവർത്തിച്ചു. ഇരുപത്തിയഞ്ച് വർഷത്തിനു ശേഷവും അതിനു പ്രസക്തിയുണ്ട് എന്ന് ഓർമപ്പെടുത്തിക്കൊണ്ട്.

‘‘രാഷ്ട്രീയം നല്ലതാണ്. അതു നല്ല ആൾക്കാർ കൈകാര്യം ചെയ്യുമ്പോൾ.