Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബോളിവുഡില്‍ ഒരിക്കലും ഞാന്‍ തൃപ്തയായിരുന്നില്ല

രമ്യ കൃഷ്ണന്‍ രമ്യ കൃഷ്ണന്‍

സിനിമയിലെത്തി മൂന്നു പതിറ്റാണ്ടു കഴിഞ്ഞാലും രമ്യ കൃഷ്ണന്‍ തിളങ്ങുന്നു, നായികയായും വില്ലത്തിയായും....

കുട്ടിക്കാനത്തെ തേയിലത്തോട്ടത്തിനു നടുവില്‍ സായിപ്പ് പണികഴിപ്പിച്ച വലിയൊരു ബംഗ്ലാവ്. മഞ്ഞിന്റെ പുതപ്പിട്ടു നില്‍ക്കുന്ന അന്തരീക്ഷം. കാരവാന്‍ തുറന്ന് രമ്യ കൃഷ്ണന്‍ ഇറങ്ങിവരുന്നു. സിനിമയില്‍ മൂന്നു പതിറ്റാണ്ട് പിന്നിട്ടിട്ടും തെല്ലും കുറയാത്ത അഴക്. പ്രായം തൊടാത്ത സൗന്ദര്യ ധനുസ്സ് പോലെ, മഞ്ഞലകള്‍ക്കൊപ്പം പാറുന്ന മുടിയിഴകള്‍ ഒതുക്കി രമ്യ കൃഷ്ണന്‍.

അഞ്ചുഭാഷകള്‍, മുപ്പത് വര്‍ഷങ്ങള്‍, ഇരുന്നൂറു സിനിമ. കരിയറിലെ നേട്ടങ്ങളിലേക്കു രമ്യ കാര്യമായി നോക്കാറില്ല. മനസ്സ് പറയുന്ന വഴിയേയാണ് എന്നും രമ്യ കൃഷ്ണന്റെ യാത്രകള്‍. കഥാപാത്രത്തെ ഇഷ്ടപ്പെട്ടാല്‍ റോളിന്റെ വലുപ്പമൊന്നും ചിന്തിക്കില്ല. തെന്നിന്ത്യയില്‍ സൂപ്പര്‍ താരങ്ങളുടെ നായികയായി തിളങ്ങി നില്‍ക്കുമ്പോഴാണ് ഐറ്റം ഡാന്‍സറുടെ റോളിലെത്തി രമ്യാ, പ്രേക്ഷകരെ ഞെട്ടിച്ചത്. തകര്‍പ്പന്‍ ഡാന്‍സിലൂടെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കി തൊട്ടു പിന്നാലെ വരുന്നത് ദേവീ കഥാപാത്രമായിട്ടാകും. ഇമേജ് ഒരിക്കലും രമ്യയ്ക്ക് പ്രശ്നമായിട്ടേയില്ല.

നായികയുടെ വേഷം മാറ്റിവച്ച് രമ്യ പടയപ്പയില്‍ നീലാംബരി എന്ന വില്ലത്തി ആയപ്പോള്‍ പ്രേക്ഷകര്‍ കണ്ടത് അഭിനയത്തിന്റെ മറ്റൊരു മുഖം. നായകന്റെ മുഖത്തു നോക്കി 'പടയപ്പ മൂച്ച് നിന്ന് പോച്ച് ' എന്നു പറയുന്ന അതേ തീഷ്ണതയുണ്ട് ഇന്നും രമ്യയുടെ കണ്ണുകള്‍ക്ക്. ഏഴുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് 'അപ്പവും വീഞ്ഞും' എന്ന സിനിമയിലൂടെ രമ്യ കൃഷ്ണന്‍ മലയാളത്തിലേക്കെത്തുന്നത്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഒരേ കടലാണ് രമ്യ അഭിനയിച്ച അവസാനത്തെ മലയാള സിനിമ. 1984ല്‍ കെ.പി. കുമാരന്‍ സംവിധാനം ചെയ്ത 'നേരം പുലരുമ്പോള്‍' എന്ന മലയാള സിനിമയിലൂടെ ക്യാമറയ്ക്കു മുന്നിലെത്തിയ രമ്യയ്ക്ക് തമിഴ് പോലെ തന്നെ പ്രിയമുണ്ട് മലയാളത്തോടും. തെന്നിന്ത്യന്‍ താരറാണി രമ്യ കൃഷ്ണന്റെ വിശേഷങ്ങള്‍ക്കൊപ്പം.

ഈ സൗന്ദര്യം ഇങ്ങനെ കാത്തുസൂക്ഷിക്കുന്നത് എങ്ങനെയാണ്?

സത്യം പറഞ്ഞാല്‍ പ്രത്യേകിച്ച് ഒന്നും ചെയ്യുന്നില്ല. സ്ഥിരമായി വ്യായാമം ചെയ്യണമെന്ന് ആഗ്രഹിക്കാറുണ്ട്. പക്ഷേ, സാധിക്കാറില്ല. നൃത്തമായിരുന്നു കുറച്ചു വര്‍ഷം മുമ്പ് വരെ പ്രധാന വ്യായാമം. ഇപ്പോള്‍ അതുമില്ല. പിന്നെ ഒന്നുണ്ട്. സെന്‍സിബിള്‍ ഈറ്റിങ്ങ്. വിവേകത്തോടെയാണ് ഭക്ഷണം കഴിക്കുന്നത്. കയ്യില്‍ കിട്ടുന്നതെന്തും കഴിച്ചു കളയാം എന്ന തോന്നലില്ല. ശുദ്ധ വെജിറ്റേറിയനാണ്. അയ്യര്‍ കുടുംബത്തില്‍ ജനിച്ചതിനാല്‍ ചെറുപ്പകാലം മുതല്‍ക്കേയുള്ള ശീലമാണത്. സാലഡുകള്‍ ആണ് ഭക്ഷണത്തില്‍ പ്രധാന പങ്കും. അത് സൗന്ദര്യരഹസ്യം എന്നൊന്നും പറയാന്‍ ഇല്ല. ഏതൊരാളുടെ സൗന്ദര്യത്തിന്റെയും അടിസ്ഥാനം അയാള്‍ തിരെഞ്ഞെടുക്കുന്ന ഭക്ഷണരീതിയാണ്.

നീണ്ട ഇടവേളയ്ക്കു ശേഷമാണല്ലൊ മലയാളത്തിലേക്ക് മടങ്ങിയെത്തുന്നത്?

മലയാളത്തില്‍ അഭിനയിക്കുന്നതു തന്നെ മികച്ച കഥാപാത്രങ്ങള്‍ക്കായാണ്. കുറേകാലമായി എന്നെ ആകര്‍ഷിച്ച കഥാപാത്രങ്ങളൊന്നും വന്നില്ല.' അപ്പവും വീഞ്ഞും' എന്ന സിനിമയുടെ കഥ വല്ലാതെ ആകര്‍ഷിച്ചു. ആഴമുള്ള കഥാപാത്രമാണ്. എനിക്കു മാത്രം ഇണങ്ങുന്ന ഒരു കഥാപാത്രം. ക്ലൈമാക്സിലെ ട്വിസ്റ്റാണ് സിനിമയുടെ ഹൈലൈറ്റ്. പ്രതാപ് പോത്തനും സണ്ണി വെയിനുമെല്ലാം മത്സരിച്ചാണ് അഭിനയിക്കുന്നത്.

മലയാള സിനിമാ ലോകവുമായുള്ള ബന്ധം?

രമ്യ കൃഷ്ണന്‍ രമ്യ കൃഷ്ണന്‍

മലയാളത്തില്‍ ഇരുപത്തിയഞ്ചോളം സിനിമകള്‍ ചെയ്തു. ഞാന്‍ ആദ്യം അഭിനയിക്കുന്ന സിനിമ മലയാളത്തിലാണ്, 'നേരം പുലരുമ്പോള്‍'. അന്നു ഞാന്‍ എട്ടാം ക്ലാസിലാണ്. ഭരതനാട്യവും കുച്ചിപ്പുഡിയും പഠിച്ചിരുന്നു. അതില്‍ കവിഞ്ഞ് അഭിനയത്തില്‍ വലിയ ധാരണകളൊന്നും ഉണ്ടായിരുന്നില്ല. ഒരു വാരികയില്‍ വന്ന മുഖചിത്രമാണ് ആദ്യ സിനിമയ്ക്കുള്ള അവസരമൊരുക്കിയത്. മമ്മൂട്ടിയും മോഹന്‍ലാലുമായിരുന്നു അതില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പക്ഷേ , ആദ്യം റിലീസായ സിനിമ തമിഴിലാണ്, 'വെള്ളൈ മനസ്' .ആര്യന്‍ എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ നായികയായിരുന്നു. ഒന്നാമന്‍ എന്ന ചിത്രത്തിലാണ് ഞങ്ങള്‍ അവസാനമായി ഒന്നിച്ചത്. അനായാസമായ അഭിനയശൈലിയാണ് അദ്ദേഹത്തിന്റെ പ്രത്യേകത. ഏതു കഥാപാത്രമായി മാറാനും ലാലിന് നിമിഷങ്ങള്‍ മതി . ഗൗരവക്കാരനാണ് മമ്മൂട്ടി . സ്വന്തമായി രൂപപ്പെടുത്തിയ ശൈലിയാണ് അദ്ദേഹത്തിന്റേത്.

സിനിമയില്‍ എനിക്കു ഗോഡ്ഫാദറുണ്ടായിരുന്നില്ല. തുടക്കത്തില്‍ ലഭിച്ച എല്ലാ സിനിമയിലും അഭിനയിച്ചു. അങ്ങനെ പെട്ടെന്നു തന്നെ ഞാന്‍ തിരിക്കുള്ള നായികയായി.അന്നത്തെ പല തീരുമാനങ്ങളും തെറ്റായിരുന്നു. ആറു വര്‍ഷമെടുത്തു തെലുങ്കില്‍ ചുവടുറപ്പിക്കാന്‍. ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളുടെയും നായികയായി . പക്ഷേ, അക്കാര്യമെന്നും ശ്രദ്ധിച്ചിരുന്നില്ല. എന്റെ കഥാപാത്രം മാത്രമാണ് ഞാന്‍ നോക്കിയിരുന്നത് . ലഭിക്കുന്ന റോളുകള്‍ പരമാവധി നനന്നായി അഭിനയിക്കാന്‍ ശ്രമിച്ചു.

ഒടുവില്‍ രജനീകാന്തിന്റെ തന്നെ പടയപ്പയിലൂടെ തമിഴകരുടെ മനം കവര്‍ന്നു?

ദൈവം എല്ലാക്കാലത്തും എനിക്ക് രണ്ടാമതൊരു അവസരം നല്‍കിയിട്ടുണ്ട്. തെറ്റുകള്‍ തിരുത്താന്‍ ഒരു ചാന്‍സ് കൂടി . അത്തരമൊന്നായിരുന്നു പടയപ്പ. നെഗറ്റീവ് കഥാപാത്രമാണെങ്കിലും നായകനൊപ്പം നില്‍ക്കുന്ന കഥാപാത്രം. സംവിധായകന്‍ കെ.എസ്. രവികുമാറും രജനീകാന്തുമാണ് നീലാംബരിയാകാന്‍ എന്നെ തിരെഞ്ഞെടുത്തത്. ഗ്ലാമര്‍ നായികയായി കരുതപ്പെട്ടിരുന്ന എനിക്ക് ലഭിച്ച മികച്ച അവസരമായിരുന്നു അത്.

ഷൂട്ടിങ് തുടങ്ങും മുമ്പ് ഒരു ദിവസം രജനീകാന്ത് വിളിച്ചു. രമ്യയ്ക്ക് ക്ലാസിക്കല്‍ ഡാന്‍സ് അറിയാമോ എന്നു ചോദിച്ചു. ധനഞ്ജയന്റെ കലാക്ഷേത്രയില്‍ നിന്ന് ഭരതനാട്യവും വേമ്പട്ടിചിന്നസത്യത്തില്‍നിന്ന് കുച്ചിപ്പുടിയും അഭ്യസിച്ച പ്രഫഷനല്‍ ഡാന്‍സറാണെന്നു പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് സന്തോഷമായി .പടയപ്പയിലെ മിന്‍സാരക്കണ്ണാ.........എന്ന ഗാനവും നൃത്തവും ചിത്രത്തിന്റെ ഹൈലൈറ്റായിരുന്നു.

അമിതാഭ് ബച്ചനും ഷാരൂഖ് ഖാനും ആമിറും അടക്കമുള്ള താരങ്ങള്‍ക്കൊപ്പം. ബോളിവുഡിലെ അനുഭവങ്ങള്‍ ?

വലിയ താരങ്ങള്‍ക്കൊപ്പമാണ് അഭിനയിച്ചെങ്കിലും ബോളിവുഡില്‍ ഒരിക്കലും ഞാന്‍ ത്യപ്തയായിരുന്നില്ല. ഹിന്ദിയില്‍ എത്തുമ്പോള്‍ ഞാന്‍ തെലുങ്കില്‍ തിരക്കുള്ള നടിയായിരുന്നു. വര്‍ഷങ്ങളുടെ പ്രയത്നം കൊണ്ടാണ് ആ നിലയില്‍ എത്തിയത്. ബോളിവുഡില്‍ വീണ്ടും അങ്ങനെ കഷ്ടപ്പെടാന്‍ മനസ്സുണ്ടായിരുന്നില്ല.

പല ഭാഷകളിലായി ഒരുപാടു പേരുടെ നായികയായിട്ടുണ്ടെങ്കിലും രജനീകാന്ത് ആണ് അദ്ഭുതപ്പെടുത്തിയ നായകന്‍. മറ്റൊരു തലത്തിലാണദ്ദേഹം .അഭിനയത്തിലും പെരുമാറ്റത്തിലും ജീവിതരീതിയിലുമെല്ലാം. ജനങ്ങളുടെ മനസ്സില്‍ ഒരു കസേര വലിച്ചിട്ടിരിക്കുകയാണദ്ദേഹം! ഞാന്‍ അദ്ദേഹത്തിന്റെ കടുത്ത ആരാധികയാണ്.

ഗ്ലാമര്‍ നായികയായി തിളങ്ങി നില്‍ക്കുമ്പോള്‍ത്തന്നെ ദേവി വേഷങ്ങളും ?

എനിക്കു ലഭിച്ച ഭാഗ്യമാണത്. അതീവ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുമ്പോള്‍ത്തന്നെ തെലുങ്കിലും തമിഴിലും നിരവധി അമ്മന്‍ വേഷങ്ങളും അഭിനയിച്ചു. പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് ആ കഥാപാത്രങ്ങള്‍ സ്വീകരിച്ചത്. തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ അമ്മന്‍ വേഷങ്ങളില്‍ അഭിനയിച്ചത് ഞാനാണ്. ഒരിക്കല്‍ ഹൈദരാബാദിലെ സ്റ്റുഡിയോയില്‍ ഷൂട്ടിങ് നടക്കുമ്പോള്‍ കുറച്ചു പ്രായമായ സ്ത്രീകള്‍ അനുഗ്രഹം തേടി അപ്രതീക്ഷിതമായി വന്നു കാലില്‍ വീണു. പകച്ചു പോയി ഞാന്‍ . അവരെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ ഏറെ ബുദ്ധിമുട്ടി. തമിഴ്നാട്ടിലും ഇത്തരം നിരവധി അനുഭവങ്ങള്‍.അനുഗ്രഹം നല്‍കാന്‍ ഞാനാര്......

ദേവി വേഷങ്ങള്‍ അഭിനയിക്കുമ്പോഴും നര്‍ത്തകിയുടെ റോളുകളും ഞാന്‍ ചെയ്തു. എന്തിന്, ഐറ്റംഡാന്‍സ് പോലും. ഞാന്‍ അടിസ്ഥാനപരമായി നര്‍ത്തകിയാണ്. നൃത്തത്തെ അത്രയേറെ സ്നേഹിക്കുന്നു. അതിന് ഐറ്റം ഡാന്‍സ് ,സിനിമാറ്റിക് ഡാന്‍സ് എന്നിങ്ങനെ വേര്‍തിരിവില്ല. ഐറ്റം ഡാന്‍സിനായി ക്ഷണിക്കുമ്പോള്‍ പാട്ടിന്റെ മേന്മയും സംവിധായകനെയും മാത്രമാണ് ശ്രദ്ധിക്കാറുള്ളത്. ഡാന്‍സും അഭിനയത്തിന്റെ ഭാഗമാണ്. ഇടയ്ക്ക് മടുപ്പു മാറ്റാനും അതു നല്ലതാണ്

കുംടുംബം?

രമ്യ കൃഷ്ണന്‍ കൃഷ്ണവംശി റിത്വിക് കൃഷ്ണവംശി, റിത്വിക്, രമ്യ കൃഷ്ണന്‍ (ഫയൽ ചിത്രം)

തെലുങ്ക് സംവിധായകന്‍ കൃഷ്ണവംശിയാണ് ഭര്‍ത്താവ്. 2003 ലായിരുന്നു വിവാഹം. ഏക മകന്‍ റിത്വിക്. പത്തു വയസ്സായി. ഇനി അഞ്ചാം ക്ലാസിലേക്കാണവന്‍. ഞങ്ങള്‍ ചെന്നെയിലാണ് താമസം. എന്റെ അച്ഛന്‍ തമിഴിനാട്ടുകാരനും അമ്മ ആന്ധ്ര സ്വദേശിനിയുമാണ്.

തിരക്കുള്ള അച്ഛനും അമ്മയും. റിത്വിക് പരിഭവിക്കാറുണ്ടോ?

കൃഷ്ണവംശി ജോലിയുമായി ബന്ധപ്പെട്ട് മിക്കവാറും ഹൈദരാബാദിലായിരിക്കും. റിത്വിക് കുട്ടിയായിരുന്നപ്പേള്‍ ഞാന്‍ കാര്യമായി സിനിമകള്‍ ചെയ്തിരുന്നില്ല. വൈകിട്ട് വീട്ടില്‍ മടങ്ങിയെത്താന്‍ കഴിയുന്ന ജോലികള്‍ മാത്രമാണ് ഏറ്റെടുത്തിരുന്നത്. എന്റെ കോ പ്രൊഡക്ഷനില്‍ ചില ടെലിവിഷന്‍ പരിപാടികളും സീരിയലുകളും മാത്രമാണ് ചെയ്തത്. ഇപ്പോള്‍ അവന്‍ കുറച്ചു കൂടി മുതിര്‍ന്നു. കാര്യങ്ങള്‍ പറഞ്ഞാല്‍ മനസ്സിലാകും .പിന്നെ അടുപ്പിച്ച് ആഴ്ചകള്‍ അകന്നു കഴിയാതിരിക്കാന്‍ ശ്രദ്ധിക്കാറുണ്ട്. ഞങ്ങള്‍ എല്ലാവരും ഒരുമിച്ചു കൂടുന്ന നിമിഷങ്ങള്‍ വീട്ടില്‍ ആഷോഷമാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.