Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

''എന്തുകൊണ്ട് കറുത്ത നായിക ഉണ്ടാകുന്നില്ല, എന്താ വെളുത്തവരെ മാത്രം സുന്ദരികൾ എന്ന് വിളിക്കുന്നത്''

Renu Sounder രേണു സൗന്ദർ.

ചിത്രകാരിയായ നടിയായി അറിയപ്പെടണമെന്നാണ് രേണു സൗന്ദറിന്റെ മോഹം. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ എംഎഫ്എ രണ്ടാം വർഷ വിദ്യാർഥിനിയാണ് ‘കറുത്ത മുത്ത്’ സീരിയലിലെ നായികയായ ഈ വെളുത്ത മുത്ത്. തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച നവാഗത സംവിധായികയ്ക്കുള്ള രജത ചകോരവും മികച്ച മലയാള സിനിമയ്ക്കുള്ള ഫ്രിപസി പുരസ്കാരവും നേടിയ വിധു വിൻസെന്റ് സംവിധാനം ചെയ്ത ‘മാൻഹോൾ’ എന്ന സിനിമയിലെ നായിക രേണുവായിരുന്നു. ചിത്രകാരിയാകണമെന്ന് സ്വപ്നം കണ്ടു നടന്ന കാലത്ത് പ്രതീക്ഷിക്കാതെയാണ് രേണു ക്യാമറയ്ക്കു മുന്നിലെത്തുന്നത്. തിരുവനന്തപുരം വിഴവൂർകാരി രേണു സൗന്ദറിന്റെ വിശേഷങ്ങൾക്കൊപ്പം.

അഭിനയിക്കാൻ ആദ്യചാൻസ് കിട്ടിയതെങ്ങനെയാണ് ?

സുഹൃത്തിന്റെ കല്യാണത്തിനു പോയപ്പോൾ എടുത്ത എന്റെയൊരു ഫോട്ടോ കൂട്ടുകാരി മലയാള മനോരമ ദിനപത്രത്തിന്റെ മെട്രോ ക്വീൻ മത്സരത്തിനു അയച്ചു കൊടുത്തു. പത്രത്തിൽ ഫോട്ടോ അച്ചടിച്ചു വന്നപ്പോൾ ആദ്യം തോന്നിയത് അമ്പരപ്പാണ്. സത്യം പറഞ്ഞാൽ ആ ഫോട്ടോയാണ് എന്റെ തലവര മാറ്റിയത്. പെയിന്റിങ് ആയിരുന്നു പ്രിയപ്പെട്ട മേഖല. സ്കൂളിൽ പഠിക്കുന്ന കാലം തൊട്ടെ ചിത്രരചനയിൽ താൽപര്യം ഉണ്ടായിരുന്നു. പ്ലസ്ടുവിനു ശേഷം ടൂൺസ് അനിമേഷൻ അക്കാദമിയിൽ ഒരു കൊല്ലത്തെ ഡിപ്ലോമ കോഴ്സ് ചെയ്തു. അതു കഴിഞ്ഞ് ബിഎഫ്എയും, എംഎഫ്എയുമായി ഈ ക്യാംപസിൽ എന്റെ അഞ്ചാമത്തെ വർഷമാണ്. അഭിനയവും പഠനവും ഒരുമിച്ച് കൊണ്ടു പോകാൻ പറ്റുമോയെന്നായിരുന്നു ആദ്യഅവസരം വന്നപ്പോൾ ചിന്ത. ആലോചിച്ചൊടുവിൽ അഭിനയിക്കാൻ തീരുമാനിച്ചു. അച്ഛനും അമ്മയും ഒപ്പം നിന്നു. ഒറ്റപുത്രിയായതു കൊണ്ടാകാം എന്റെ ഇഷ്ടങ്ങൾക്കാണ് അച്ഛനും അമ്മയും ഒന്നാമത്തെ പരിഗണന നൽകുന്നത്.

പത്രത്തിൽ വന്ന ചിത്രം കണ്ടാണ് ‘കഴിഞ്ഞകാലം’ എന്ന ആർട്ട് ഫിലിമിലേക്കു ക്ഷണം വന്നത്. അങ്ങനെ ആദ്യ സിനിമ ചാരുഹാസനൊപ്പം. സ്വാതന്ത്ര്യസമരസേനാനിയായ കെ.പി. കേശവമേനോന്റെ ജീവിതത്തെ ആസ്പദമാക്കിയ സിനിമയായിരുന്നു. നാലു വർഷം മുമ്പായിരുന്നു അത്. ചാരുഹാസൻ സാറിനെപ്പോലെ സീനിയറായ ഒരാളോടൊപ്പം അഭിനയിക്കാൻ അ വസരം കിട്ടിയതിന്റെ ത്രില്ലുണ്ട്, ഒപ്പം പേടിയും.പേടിച്ചാണ് ആദ്യം സംസാരിച്ചതു പോലും. പിന്നെ, കൂട്ടായി. വലിയൊരു അനുഭവമായിരുന്നു. ഇസബല്ല, കർച്ചീഫ്, യൂ ടേൺ എന്നിങ്ങനെ ചില ഷോർട്ട് ഫിലിമുകളിലും പരസ്യ ചിത്രങ്ങളിലും പിന്നീട് അഭിനയിച്ചു.

കറുത്ത മുത്തിലേക്ക് എത്തുന്നത് എങ്ങനെയാണ്?

നടിയായ സുരഭി ചേച്ചി ഈ കോളജിലാണ് പഠിക്കുന്നത്. ഞങ്ങൾ ഒരുമിച്ച് കോളജ് നാടകങ്ങളിലും മറ്റും അഭിനയിക്കാറുണ്ട്. ചേച്ചി വഴിയാണ് ‘കറുത്തമുത്തി’ലേക്കുള്ള വരവ്. സീരിയലിൽ പ്രധാനകഥാപാത്രം ചെയ്യാൻ നടിയെ നോക്കുന്നു എന്നറിഞ്ഞ് സുരഭി ചേച്ചിയാണ് എന്റെ കാര്യം നടൻ കിഷോർ സത്യയോടു പറയുന്നത്. ഇതിനു മുമ്പും സീരിയലിൽ നിന്ന് ഓഫറുകൾ വന്നിരുന്നു, പക്ഷേ, അതൊന്നും എനിക്ക് പറ്റുന്നതായി തോന്നിയില്ല. ഈ അവസരം വന്നപ്പോൾ സുരഭി ചേച്ചി പറഞ്ഞു. ‘നല്ല കഥാപാത്രമാണ്, നിനക്കിതു നന്നായി ചെയ്യാൻ സാധിക്കും’ ആ ധൈര്യത്തിലാണ് സീരിയലിൽ അഭിനയിക്കുന്നത്. എന്തുകൊണ്ട് കറുത്ത നായിക ഉണ്ടാകുന്നില്ല, എന്താ വെളുത്തവരെ മാത്രം സുന്ദരികൾ എന്ന് വിളിക്കുന്നത് എന്നൊക്കെ ഞാനും മുമ്പ് ചിന്തിച്ചിട്ടുണ്ട്. കറുപ്പിന് അതിന്റേതായ ഭംഗിയുണ്ടെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. നിറത്തെ കുറിച്ച് ചർച്ച ചെയ്യുന്നതുകൊണ്ടു കൂടിയാണ് ഈ സീരിയൽ എനിക്ക് ഇഷ്ടമായത്.
ഞാൻ ചെയ്യുന്ന ആദ്യത്തെ സീരിയലാണ് കറുത്തമുത്ത്. നല്ലൊരു ടീമാണ് പിന്നിൽ. തുടക്കത്തിലെ പിഴവുകൾ തിരുത്തിത്തന്നതിനു നന്ദി പറയുന്നത് സംവിധായകൻ പ്രവീൺ കടയ്ക്കാവൂരിനോടാണ്. കിഷോർ ചേട്ടനും ശോഭ ആന്റിയും അർച്ചനയും ലക്ഷ്മിയുമൊക്കെയായും നല്ല കൂട്ടാണ്. ഞാൻ അവതരിപ്പിക്കുന്ന കാർത്തിക എന്ന കഥാപാത്രത്തിന്റെ മകളായി അഭിനയിക്കുന്ന അക്ഷരയാണ് സെറ്റിലെ താരം.

Renu Sounder രേണു സൗന്ദർ.

അവൾ വന്നാൽ എല്ലാവരും ഉഷാറാകും. കളിയും ചിരിയും ഒക്കെയായി ഓടി നടന്ന് എല്ലാവരെയും ആക്ടീവാക്കും. ഒരു കുട്ടിയുടെ അമ്മയായി അഭിനയിക്കുക എന്ന് കേട്ടപ്പോൾ ആദ്യം രസമായിട്ട് തോന്നി. സ്കൂളിൽ പഠിക്കുമ്പോൾ പെയ്ന്റിങ് മത്സരങ്ങൾക്കാണ് സ്ഥിരമായി പങ്കെടുത്തിരുന്നത്. അഭിനയം ചിന്തയുടെ ഏഴയലത്തു കൂടി പോയിട്ടില്ല. പക്ഷേ, കോളജിൽ വന്ന് നാടകത്തിൽ അഭിനയിച്ചു തുടങ്ങിയപ്പോൾ മുതൽ അഭിനയത്തോടു ക്രെയ്സ് ആയി. എങ്കിലും നടിയാകുമെന്ന് കരുതിയിരുന്നില്ല. പല കഥാപാത്രങ്ങളായി ജീവിക്കാൻ പറ്റുന്നത് രസമല്ലേ?.

അഭിമുഖത്തിന്റെ പൂർണ്ണരൂപം വായിക്കാം...

Your Rating: