Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാടാം നമുക്ക് പാടാം...

വിധു പ്രതാപ് - ദീപ്തി വിധു പ്രതാപ് , ദീപ്തി

ഗായകനും സീരിയൽ നടനുമായ വിധു പ്രതാപിന്റെയും നർത്തകിയായ ദീപ്തിയുടെയും വിശേഷങ്ങൾ...

കേട്ടത് സത്യങ്ങളൊക്കെ തന്നേ ഡേയ്?' വിശ്വാസം വരാതെ, തിരോന്ത്രം സ്റ്റൈലിൽ വിധു പ്രതാപ് തന്നോടു തന്നെ ചോദിച്ചു. വിധുവിന്റെ പാട്ട് കേട്ട് ഏ. ആർ. റഹ്മാന്റെ അഭിനന്ദനമാണ് മെസേജ് രൂപത്തിൽ ഗായകൻ ശ്രീനിവാസിന്റെ മൊബൈലിൽ എത്തിയിരിക്കുന്നത്. നങ്ങേലി എന്ന മ്യൂസിക് ആൽബത്തിനായി കള്ളുഷാപ്പിലെ ബെഞ്ചിൽ താളമടിച്ച് പാടിയതും റിസ്ക്കെടുത്ത് ഡാൻസ് ചെയ്തതുമൊന്നും അപ്പൊ വെറുതെയായില്ലെന്നു വിധുവിനു മനസ്സിലായി.

ഒരിടത്തോരയൽപക്കത്തെ കന്നിപെൺകൊടി നങ്ങേലീ..... തിരുവാണിക്കാവിൽ പൂരം കാണാന്‍ പോയതു നന്നായീ.....

നിലാവിനെക്കുറിച്ചും പ്രണയത്തെക്കുറിച്ചും മഴയെക്കുറിച്ചുമൊക്കെ റൊമാന്റിക് ആയി പാടി പെൺകുട്ടികളുടെ ഹൃദയത്തിൽ പണ്ടേ കടന്നു കൂടിയതാണ് വിധു പ്രതാപ്. ജീവിത സഖിയും നർത്തകിയും അവതാരകയുമൊക്കയായ ദീപ്തിയെയും മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട കാര്യമില്ല. രണ്ടാൾക്കും പറയാൻ ഒരുപാടുണ്ട്. പാട്ടുകാരനായതും, നങ്ങേലിയുണ്ടായതും, ജീവിതത്തിലെ നങ്ങേലിയെ കണ്ടുമുട്ടിയതും സ്വന്തമാക്കിയതും, പാവം ലുക്കുള്ള നാടൻ പയ്യനെ നങ്ങേലി മെയ്ക്ക് ഓവർ ചെയ്തതും എല്ലാം......

"ഞങ്ങൾ കുറച്ചു ഫ്രണ്ട്സ് ചേർന്നൊരുക്കിയ നങ്ങേലിക്കു കിട്ടിയ ഏറ്റവും വലിയ അംഗീകാരമായിരുന്നു ആ എസ് എം എസ്." വിധു പറയുന്നു. "യൂട്യൂബിൽ നങ്ങേലി കണ്ട് ദിസ് ഈസ് എ കൂൾ വീഡിയോ. പ്ലീസ് വാച്ച് എന്ന് ഏ.ആര്‍. ശ്രീനിച്ചേട്ടന് മെസേജ് അയയ്ക്കുകയായിരുന്നു. ഇപ്പോഴും ഒരുപാട് കൊച്ചു കുട്ടികൾ വാട്സ് ആപ്പിലൂടെ നങ്ങേലി പാടി അയച്ചു തരുന്നു. പല സ്റ്റേജ് ഷോകളിലും നങ്ങേലി പാടാൻ ആവശ്യപ്പെടുന്നു..…. ഇതൊക്കെ വലിയ സന്തോഷം തരുന്ന കാര്യങ്ങളാണ്.

യൂട്യൂബിൽ അഞ്ചു ദിവസം കൊണ്ട് ഒരു ലക്ഷത്തിലേറെ വ്യൂസ് കിട്ടി. നങ്ങേലി സംഭവം ആയല്ലോ?

കള്ള് ഷാപ്പ് പാട്ടിൽ അക്കപെല്ലാ രീതി മിക്സ് ചെയ്താണ് നങ്ങേലി പാട്ട് ചെയ്തത്. രണ്ട് എക്സ്ട്രീം കോമ്പിനേഷനാണല്ലോ അക്കാപെല്ലയും കള്ളുഷാപ്പും. സംഗീതോപകരണങ്ങൾക്കു പകരം നമ്മുടെ തന്നെ സ്വരമുപയോഗിച്ച് അകമ്പടി കൊടുത്ത് ചെയ്യുന്നതാണ് അക്കപെല്ലാ. നങ്ങേലിയിലെ കള്ളുഷാപ്പിൽ മീൻ പൊരിക്കുകയും ഗ്ലാസുകൾ മുട്ടുകയുമൊക്കെ ചെയ്യുന്ന ശബ്ദമൊഴികെയുള്ളതെല്ലാം എന്റെ ശബ്ദമുപയോഗിച്ചാണ് ചെയ്തത്. കവിയും ഗാനരചയിതാവുമായ രമേശൻ നായരുടെ മകൻ മനു രമേശൻ, ഛായാഗ്രാഹകൻ എസ് കുമാറിന്റെ മകൻ കുഞ്ഞുണ്ണി, കൊറിയോഗ്രാഫർ ശ്രീജിത്ത്, സ്റ്റൈലിസ്റ്റ് സൗമ്യ, എന്റെ ഭാര്യ ദീപ്തി തുടങ്ങി അടുത്തറിയാവുന്ന കുറേപ്പേരാണ് നങ്ങേലിക്കു പിന്നിൽ

നങ്ങേലിയായി ദീപ്തിയെ തിരഞ്ഞെടുത്തത് വിധു തന്നെയായിരുന്നോ ?

ഹേയ്...... നങ്ങേലിയുടെ തുടക്കം മുതൽ എല്ലാ ഡിസ്ക്കഷനിലും ദീപ്തിയുമുണ്ടായിരുന്നു. നങ്ങേലിയാവാൻ പറ്റിയ ആളെ കണ്ടുപിടിക്കാൻ ഞങ്ങൾ ആദ്യം ഏൽപ്പിച്ചത് ദീപ്തിയെയാണ്. ഒരുപാടു പേരെ ട്രൈ ചെയ്തു. പല കാരണങ്ങൾ കൊണ്ട് അതൊന്നും ശരിയാകാതെ വന്നപ്പോൾ കുഞ്ഞുണ്ണിയാണ് ദീപ്തി തന്നെ നങ്ങേലിയായാൽ മതിയെന്നു പറഞ്ഞത്. അതിൽ എനിക്ക് പങ്കില്ല.

ദീപ്തി എന്ന നങ്ങേലിയെ പ്രണയിച്ച് സ്വന്തമാക്കിയ കഥ?

ഞങ്ങളുടേത് പ്രണയവിവാഹമേ അല്ലല്ലോ. പലരും അങ്ങനെയാണ് കരുതിയത‌്. വീട്ടുകാർ തമ്മിൽ തീരുമാനിച്ചുറപ്പിച്ച പക്കാ അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു. പകൽക്കിനാവ് ആൽബം ചെയ്യുമ്പോഴാണ് ആദ്യം ദീപ്തിയെ കണ്ടത്. അന്ന് മീശമാധവനിൽ പാടി നിൽക്കുന്ന സമയമാണ്. ഒരേ കോളജിലാണ് പഠിച്ചതെങ്കിലും ദീപ്തിയെത്തുമ്പോഴേക്കും ഞാൻ കോളജ് വിട്ടിരുന്നു. എങ്കിലും ഞങ്ങള്‍ക്ക് കുറച്ച് കോമൺ ഫ്രണ്ട്സ് ഉണ്ടായിരുന്നു. പകൽക്കിനാവിൽ ഒരു ക്ലാസിക്കൽ ഡാന്‍സ് സീക്വൻസ് ചെയ്യാനാണ് ദീപ്തി വന്നത്. ദീപ്തിയായിരുന്നു സെറ്റിലെ സ്റ്റാർ. കുറച്ചു മാസങ്ങൾക്കു ശേഷമാണ് ദീപ്തിയെ വീട്ടുകാര്‍ കല്യാണമാലോചിക്കുന്നത്. ദീപ്തി അന്ന് ടൂൺസ് ആനിമേഷനിൽ ജോലി ചെയ്യുകയാണ്. എന്റെ തിരക്കുകൾ മനസ്സിലാക്കി അഡ്ജസ്റ്റ് ചെയ്യുന്ന കുട്ടി വേണമെന്നുണ്ടായിരുന്നു. ദീപ്തിയും ആർട്ടിസ്റ്റ് ആയതുകൊണ്ട് അതെല്ലാം മനസ്സിലാകുമെന്നു തോന്നി.

വിധു പ്രതാപ് വിധു പ്രതാപ്

ദീപ്തി : കല്യാണമാലോചിച്ചെങ്കിലും ജാതകം നോക്കി ചേർച്ചയുണ്ടെങ്കിൽ മതി കല്യാണം എന്നാണ് അച്ഛന്‍ പറഞ്ഞത്. ഭാഗ്യം, ജാതകം ചേർന്നു. കല്യാണത്തിന് പിന്നെയും ഒന്നര- രണ്ടു വർഷത്തെ ഗ്യാപ്പുണ്ടായിരുന്നു. കല്യാണാലോചന വന്നപ്പോൾ തന്നെ വിധുചേട്ടൻ പറഞ്ഞത് ദീപ്തി ജോലിക്കു പോകുകയോ പോകാതിരിക്കുകയോ ആവാം. പക്ഷേ, ഡാൻസ് നിർത്തരുത് എന്നായിരുന്നു. അങ്ങനെയൊരാളെയാണ് ഞാനും പ്രതീക്ഷിച്ചിരുന്നത്. ‍

കല്യാണം ഉറപ്പിച്ചശേഷമുള്ള വാലന്റൈൻസ് ഡേയ്ക്ക് വിധുചേട്ടൻ എന്നെ വിളിച്ചു. ഇന്ന് വൈകിട്ട് കാൻഡിൽ ലൈറ്റ് ഡിന്നറുണ്ട്, വരണം എന്നു പറഞ്ഞു. ഹൊ ഇതെന്തു പറ്റി എന്നാലോചിച്ചിരിക്കുമ്പോഴാണ് ബാക്കി കൂടി പറഞ്ഞത്. പിന്നെ, അച്ഛനും അമ്മയും കൂടെയുണ്ടാകും ട്ടോ എന്ന്. ദേ, കിടക്കുന്നു. വേണ്ടാന്നു പറയാൻ പറ്റില്ലല്ലോ. അങ്ങനെ 'മിഥുനം' സിനിമയിലെ ഹണിമൂൺ യാത്ര പോലായി ആ വാലന്റൈൻസ് ഡേയും.

എനിക്ക് പെറ്റ്സിനെ ഇഷ്ടമാണെന്നറിഞ്ഞ് ഒരിക്കൽ വിധുച്ചേട്ടൻ ഒരു പട്ടിക്കുട്ടിയെ വാങ്ങിത്തന്നു. അന്ന് ഞങ്ങൾ ഫ്ളാറ്റിലാണ് താമസം. എന്റെ അമ്മയ്ക്കാണെങ്കിൽ പട്ടിയെയും പൂച്ചയെയും വീട്ടിനകത്തു കേറ്റുന്നത് ഇഷ്ടമല്ല. മരുമകൻ വാങ്ങിത്തന്ന പട്ടിയെ വീട്ടിൽ കയറ്റാതിരിക്കാനും വയ്യ, കയറ്റാനും വയ്യ എന്ന അവസ്ഥയിൽ അമ്മയാകെ കുഴങ്ങി. ഒടുവിൽ കല്യാണം ആവാറായപ്പോൾ അമ്മ തമാശയായി പറഞ്ഞു: ദീപ്തിയുടെ കൂടെ നീ ഈ പട്ടിയെയും കല്യാണം കഴിച്ച് വീട്ടിലേയ്ക്കു കൊണ്ടു പോയ്ക്കോ എന്ന്.

ഫ്രണ്ട്സ് ആയതുകൊണ്ട് വഴക്കുകൾ കുറവാണോ?

വിധു : ഹേയ്......ഞങ്ങൾ മുന്നാളുകാരാണ്. അടി തുടങ്ങിയാൽ പൊരിഞ്ഞ അടിയാകും. എന്നാലു‌ം ഒരേ ഫ്രണ്ട്സ് സർക്കിളിൽ നിന്ന് വന്നതു കൊണ്ടുള്ള ഒരു അണ്ടർസ്റ്റാൻഡിങ് ഞങ്ങൾക്കിടയിലുണ്ട്. ഒരാൾക്ക് ഇഷ്ടമില്ലാത്തതെന്തൊക്കെയാണെന്ന് മറ്റേയാൾക്ക് അറിയാം. അത് ചെയ്യാതിരിക്കാൻ രണ്ടാളും ശ്രദ്ധിക്കും. ഞങ്ങൾ ഫ്രണ്ട്സ് എല്ലാവരും ചേരുമ്പോൾ ചളമടിയും പിന്നെ സിനിമയും കലയുമൊക്കെയായിരിക്കും ചര്‍ച്ച. പലരും പറയാറുണ്ട് അതിനിടയിലിരുന്നാൽ ദീപ്തിയും വിധുവും ഭാര്യയും ഭർത്താവുമാണെന്നു തോന്നുകയേ ഇല്ല എന്ന്.

പ്രണയിക്കുമ്പോൾ വളരെ പോളിഷ്ഡ് ആയി പ‌െരുമാറുന്നവർക്കിടയിലാണ് കല്യാണത്തിനു ശേഷം സീരിയസ് വഴക്കുകൾ ഉണ്ടാകുന്നത്. ജീവിതത്തിൽ അധിക കാലം ഒരാൾക്ക് അഭിനയിക്കാനോ മറ്റൊരാളെ ഇംപ്രസ് ചെയ്തോണ്ടിരിക്കാനോ പറ്റില്ലല്ലോ. കല്യാണത്തിനു‍ മുമ്പ് ഞങ്ങളുടെ സ്വഭാവം എങ്ങനെയായിരുന്നോ അതേ പോലെ തന്നെയാണിപ്പോഴും. പിന്നെ രണ്ടു പേരുടെയും വീട്ടുകാർ അനാവശ്യമായി ഒന്നിലും തലയിടാറില്ല. പല വീട്ടിലുംപ്രശ്നങ്ങൾ വലുതാകുന്നത് ഈ ഒരു കാരണം കൊണ്ടാണ്.

ചാന്‍സുകൾ പുതിയ ഗായകർ തട്ടിയെടുത്താലോ എന്നു ടെൻഷനുണ്ടോ?

ഒന്നിനെക്കുറിച്ചും ഓവറായി ടെന്‍ഷനടിക്കുന്ന കൂട്ടത്തിലല്ല ഞാൻ. ഓരോ ഗായകനും ഈ രംഗത്ത് ഒരു സ്പേയ്സ് ഉണ്ട്. പതിനേഴു വർഷമായി ഈ ഫീൽഡിലെത്തിയിട്ട്. വിധുവിനെ മനസ്സിൽ കണ്ടാണ് ഈ മെലഡിയുണ്ടാക്കിയതെന്ന് പറയുന്ന സംഗീത സംവിധായകരുണ്ട്. അതു കേട്ടാൽ ഒത്തിരി സന്തോഷം തോന്നും. നമ്മുടെ കഴിവിൽ വിശ്വാസമുള്ളതുകൊണ്ടാണല്ലോ അവരങ്ങനെ പറയുന്നത്. ഞാനും സ്വന്തം കഴിവിൽ വിശ്വസിക്കുന്ന ആളാണ്. അതുകൊണ്ട് ചാൻസ് തട്ടിയെടുക്കുമോ എന്നോര്‍ത്ത് ടെൻഷന്‍ അടിക്കുകയുമില്ല.

വിധു പ്രതാപിന് മെലഡികൾ പാടാനേ പറ്റൂ എന്ന് ടൈപ്പ് ചെയ്യപ്പെട്ടതായി തോന്നിയിട്ടുണ്ടോ ?

ദേവരാജൻ മാഷ‌ുള്ളപ്പോൾ അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ വയലാർ ദേവരാജൻ നൈറ്റ് തിരുവനന്തപുരത്ത് നടത്തിയിരുന്നു. ആ സ്റ്റേജ് ഷോയിൽ പാടാൻ മാഷ് എന്നെയും വിളിച്ചു. മൂന്നര വർഷം മാഷിന്റെ കീഴിൽ പാടിയ‌ിരുന്നു. 'നിന്റെ സ്വരത്തിന് മെലഡിയാണ് കൂടുതൽ ഇണങ്ങുക' യെന്ന് ആദ്യം പറഞ്ഞത് ദേവരാജൻ മാഷാണ്. 2000ൽ നടന്ന ഒരു പരിപാടിയിൽ അടുത്ത നൂറ്റാണ്ടിലേക്ക് പരിചയപ്പെടുത്തുന്ന അഞ്ചു ഗായകരിൽ ഒരാളായി അദ്ദേഹം എന്നെ തിരഞ്ഞെടുത്തു. എന്റെ തലമുറയിൽ കുറച്ചു പേർക്കേ അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാൻ ഭാഗ്യമുണ്ടായിട്ടുള്ളൂ. എന്നിലെ ഗായകനെ മെച്ചപ്പെടുത്താൻ അദ്ദേഹത്തോടൊപ്പമുള്ള അനുഭവങ്ങളും ഒരു പാട് സഹായിച്ചു.

ഇതിനിടെയിൽ സീരിയലിലും അഭിലയിച്ചല്ലോ....?

ശ്രീകുമാരൻ തമ്പി സാറിനെ നേരത്തേ അറിയാമായിരുന്നു. ഒരിക്കൽ ഒരു സീരിയലിന്റെ കഥ മുഴുവൻ പറഞ്ഞു തന്ന ശേഷം ഇത‌ിലെ വിശ്വജിത്ത് എന്ന ക്യാരക്ടർ ചെയ്യാൻ പോകുന്നത് നീയാണ് എന്ന് പറഞ്ഞു. അഭിനയത്തെക്കുറിച്ച് ഞാൻ ആലോചിച്ചിട്ടുപോലുമില്ല . പക്ഷേ, സാറ് വിടാൻ ഒരുക്കമല്ലായിരുന്നു. അദ്ദേഹത്തെ പോലൊരു വലിയ കലാകാരൻ തന്ന കോൺഫിഡൻസ,് ആണ് എന്നെ നടനാക്കിയത്.

അഭിനയവും ആങ്കറിങ്ങും പാട്ടിൽ നിന്ന് ശ്രദ്ധ തിരിയാൻ കാരണമായോ?

ഗായകൻ എന്നതാണ് എന്റെ ഐഡന്റിറ്റി. എന്റെ ഉള്ളിലും ആത്യന്തികമായുള്ളത് പാട്ടാണ്. വേറെന്തൊക്കെ ചെയ്താലും അതൊരിക്കലും ഇല്ലാതാകില്ല. അഭിനയിക്കുമ്പോഴും ഞാൻ പാടിയിരുന്നു. നങ്ങേലിയിൽ ഡാൻസ് ചെയ്തപ്പോൾ പലരും ചോദിച്ചു, സിനിമയിൽ കേറാനുള്ള ശ്രമമാണോ എന്ന്.

ദീപ്തി എന്ന കലാകാരിയെക്കുറിച്ച് ?

വിധു പ്രതാപ് - ദീപ്തി വിധു പ്രതാപ് , ദീപ്തി

ദീപ്തി : കൊല്ലത്താണ് എന്റെ വീട് . പപ്പ ജർമനിയിൽ ഇന്ത്യൻ എംബസിയിലായിരുന്നു. അമ്മ നഴ്സ്. കുട്ടിക്കാലമൊക്കെ ജർമനിയിലായിരുന്നു. മാർ ഇവാനിയോസ് കോളജിൽ ഡിഗ്രിക്ക് ചേർന്നതോടെയാണ് തിരുവനന്തപുരത്തെത്തുന്നത്. പ്ലസ്ടുവിന് സോണൽ കലാതിലകമായിരുന്നു. അത് കഴിഞ്ഞ് ചിരിക്കുടുക്ക എന്ന സിനിമയിൽ അഭിനയിച്ചു. ചാനലുകളിൽ അവതാരകയായും പ്രവർത്തിച്ചു.

അന്നും ഡാന്‍സ് തന്നെയായിരുന്നു മനസ്സിൽ. പന്നീടാണ് ഡാന്‍സ് സീരിയസായി പഠിച്ചു തുടങ്ങിയത്. ഇപ്പോൾ രാജശ്രീ വാര്യരുടെ കീഴിലാണ് ന‌ൃത്തപഠനം. ഭരതനാട്യത്തിൽ പി.ജിയും ചെയ്യുന്നുണ്ട്.

പക്കാ നാടൻ പയ്യനായിരുന്ന വിധുവിന്റെ‍ മെയ്ക്ക് ഓവ‌റിന്റെ ക്രെഡിറ്റ് ദീപ്തിക്കാണോ?

ഡ്രസ് സെൻസ് തീരെ ഇല്ലാതിരുന്ന എന്റെ ഡ്രെസ് കോഡും അപ്പിയറന്‍സും ആകെ മാറ്റിയത് ദീപ്തി‌യാണ്. ഞങ്ങൾ രണ്ടു പേരുടെയും ഫ്രണ്ട്സും ജ്യോത്സ്നയും സയനോരയുമൊക്കെ അതിനെക്കുറിച്ച് പറയാറുണ്ട് . ചാനൽ പ്രോഗ്രാമുകളില്‍ ആങ്കറിങ് ചെയ്യുമ്പോൾ എനിക്ക് ചേരുന്ന ഡ്രസുകൾ തിരഞ്ഞെടുക്കാൻ ദീപ്തിയാണ് സഹായിക്കുന്നത്. എന്റെ പഴ്സനൽ വേഷങ്ങളിലും ദീപ്തിയുടെ കൈയെത്തും.

ഗായകനും നർത്തകിയും ചേരുമ്പോൾ എന്താണ് സംസാരിക്കാറുള്ളത് ? ഈഗോ പ്രശ്നം വരാറുണ്ടോ?

ദീപ്തി : എന്തിന്? എന്തെങ്കിലും ഉപദ്രവം ചെയ്തവരെക്കുറിച്ച‌ു പോലും മോശമായി പറയാറില്ല വിധുച്ചേട്ടൻ. ഈഗോയും ടെന്‍ഷനും തീരെ കുറവുള്ള കുറവുള്ള സ്വഭാവമാണ്. നമുക്കു കിട്ടിയ ഈ ചെറിയ ജീവിതം സന്തോഷത്തോടെ ജീവിച്ചു തീർക്കണമെന്ന ചിന്താഗതിയാണ്. കഴിയുന്നതും മറ്റുള്ളവർക്കു ടെൻഷൻ ഉണ്ടാക്കാതിരിക്കാനും‌ം നോക്കും.

ഒരുമിച്ചുള്ള യാത്രയിലൊക്കെ ഞങ്ങൾക്കു രണ്ടുപേര്‍ക്കും താൽപര്യമുള്ള കുറേ ടോപ്പിക്കുകൾ സംസാ‍രിക്കാനുണ്ടാകും. കൂടുതലും സംഗീതത്തെക്കുറിച്ചായിരിക്കും ചർച്ച. ന‌‌ൃത്തത്തിലും സംഗീതമുണ്ടല്ലോ. വിധുചേട്ടന്റെ പാട്ടിനെക്കുറിച്ചും എന്റെ ‍ഡാൻസിനെക്കുറിച്ചും പരസ്പരം വിമർശിക്കാറുണ്ട്.

നങ്ങേലിയിലൂടെ ഇൻ‍ഡിപെൻ‍ഡന്റ് മ്യൂസിക്കിലേക്ക് ചുവടുവച്ച വിധുവിൽ നിന്ന് ഇനിയെന്തൊക്കെ പ്രതീക്ഷിക്കാം

വിധു : സിനിമാ സംഗീതത്തിന്റെ ഗതി നമുക്ക് മുൻകൂട്ടി പറയാനാവാത്തവിധം മാറിക്കഴിഞ്ഞു. ഇനിയുള്ള കാലം ഇൻ‍ഡിപെൻ‍ഡന്റ് മ്യൂസിക്കിനെക്കുറിച്ചു ചിന്തിച്ചേ തീരൂ. അതുകൊണ്ട് ഇനിയും വ്യത്യസ്തമായി പലതും പ്രതീക്ഷിക്കാം. ഇനിയു‌ം ഒരുപാട് നങ്ങേലിമാരുണ്ടാകാം......

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.