Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹോങ്കോങ് അത്ര അകലെയല്ലെന്നേ....

Vidya Unni

ഒരിക്കൽ മുഖം കാണിച്ചാൽ വീണ്ടും വീണ്ടും അതിലേക്ക് അലിയാൻ ക്ഷണിക്കുന്ന മായികലോകമാണു സിനിമ. ആ വെളളിവെളിച്ചത്തിലേക്ക് കൂടുതൽ കൂടുതൽ ചേർന്നു നിൽക്കാനാണ് ഓരോരുത്തരും ആഗ്രഹിക്കുക. എന്നാല്‍ സിനിമയെ സ്വപ്നം കാണുമ്പോഴും വേറിട്ടൊരു മേഖലയിൽ കഴിവ് തെളിയിക്കാനാണ് പുതിയ തലമുറയിലെ നടിമാർ ആഗ്രഹിക്കുന്നത്. നടി വിദ്യാ ഉണ്ണിയുടെ സിനിമയ്ക്കപ്പുറമുളള ലോകത്തെ വിശേഷങ്ങൾ ഇതാ...

ഞാൻ താമസിക്കുന്ന അപ്പാർട്മെന്റിൽ ജനാ‌ലയിലൂടെ നോക്കിയാൽ നഗരം മുഴുവൻ കാണാം. തീപ്പെട്ടിക്കൂട് പോലെ തോന്നിക്കുന്ന മുപ്പത് നില കെട്ടിടങ്ങളാണു ചുറ്റും. ഹോങ്കോങ് ബേസ്ഡ് ആയ ഒരു ഐടി കമ്പനിയുടെ കൊച്ചി ഓഫിസിലാണു ഞാൻ ജോലി ചെയ്യുന്നത്. ഒരു പ്രോജക്ടിനു വേണ്ടി ഹോങ്കോങ്ങിലേക്കെത്തിയതാണ്. തനിച്ചിരിക്കുന്ന നേരത്ത് കൊച്ചി എത്ര അകലെയെന്നു കണക്ക് കൂട്ടുന്നതാണെന്റെ ഹോബി. മനസ്സ് വച്ചാൽ ഓടിയെത്താവുന്ന അകലമേയുളളൂ. ഹോങ്കോങ്ങിനും കൊച്ചിക്കുമിടയില്‍ എന്നോര്‍ത്താണു ഞാൻ സമാധാനിക്കുക.

ചേച്ചി ദിവ്യാ ഉണ്ണി അഭിനയിക്കുന്ന കാലത്തു ഞാൻ ചെറിയ കുട്ടിയായിരുന്നു. അതുകൊണ്ട് സിനിമയിൽ അഭിനയിക്കണമെന്നൊന്നും ചിന്തിച്ചിട്ടേയില്ല. പഠിച്ചു നല്ലൊരു ഡോക്ടറാവണം എന്നായിരുന്നു കുട്ടിക്കാലത്തെ മോഹം. പത്താം ക്ലാസ് കഴിഞ്ഞപ്പോഴേക്കും മനസ്സിലായി ഡോക്ടറാവുകയെന്നതു നമുക്കു പറ്റിയ പണിയല്ല. പ്ലസ് ടു കഴിഞ്ഞപ്പോൾ എൻജിനീയറിങ് തിരഞ്ഞെടുത്തു. കേരളത്തിനു പുറത്തു പഠിക്കണമെന്നായിരുന്നു എനിക്ക്. പക്ഷേ, അച്ഛനുമമ്മയ്ക്കും ഞാൻ എറണാകുളത്തു തന്നെ പഠിച്ചാൽ മതിയെന്നായി. ഒടുവിൽ രണ്ടു കൂട്ടർക്കും കുഴപ്പമില്ലാത്ത തരത്തിൽ കൊല്ലത്തെ എൻജിനീയറിങ് കോളജിൽ ചേർന്നു.

സ്കൂളിലും കോളജിലും പഠിക്കുമ്പോഴെല്ലാം കലാമത്സരങ്ങളിൽ അഭിനയിക്കാനുളള അവസരങ്ങളൊന്നും തേടിവരാതിരുന്നതു കൊണ്ടാവും സിനിമ എന്റെ മനസ്സിൽ പോലും ഇല്ലായിരുന്നു. എൻജിനീയറിങ് മൂന്നാമത്തെ വര്‍ഷമായപ്പോഴാണു സിനിമയിലേക്ക് അവസരം കിട്ടിയത്. വെക്കേഷന്‍ സമയത്താണു സിനിമയുടെ ഷൂട്ട് നടന്നത്. കോഴ്സ് കഴിഞ്ഞു ജോലിക്കുളള കോൾ ലെറ്റർ കിട്ടുന്ന ഇടവേളയിലാണു രണ്ടാമത്തെ സിനിമ ചെയ്തത്.

സിനിമാ നടിയായാൽ ജാടയാവും

ആദ്യത്തെ പോസ്റ്റിങ് ചെന്നൈയിലായിരുന്നു. കേരളത്തിനു പുറത്തായതുകൊണ്ട് ഞാനാകെ ഹാപ്പിയായിരുന്നു. അവിടെ ആർക്കും ഞാൻ നടിയാണെന്ന് അറിയില്ലല്ലോ. സാധാരണ ഒരാളെപ്പോലെ എന്നെയും അവർ പരിഗണിച്ചു. കുറച്ചു നാൾ കഴിഞ്ഞപ്പോൾ എനിക്കു കൊച്ചിയിലേക്കു സ്ഥലം മാറ്റമായി. ഞാനാകെ സങ്കടത്തിലായി. എല്ലാവർക്കും സ്വന്തം നാട്ടിൽ ജോലി കിട്ടുമ്പോൾ സന്തോഷമല്ലേ ഉണ്ടാവുക. കേരളത്തിൽ ജോലി ചെയ്യാൻ എനിക്കു തീരെ താൽപര്യമില്ലായിരുന്നു.

ബോളിവുഡ് നടി കങ്കണ റനൗട്ട് ഇന്റർവ്യൂവിൽ പറയുന്നതു കേട്ടിട്ടുണ്ട് ‘സിനിമയിൽ മുഖം കാണിച്ചാൽ വേറൊരു ജോലി ചെയ്യാൻ ബുദ്ധിമുട്ടാണെ’ന്ന്. സത്യമാണത്. സിനിമാനടി എന്നു കണ്ടാൽ ആളുകൾക്കു വല്ലാത്ത മുൻധാരണയാണ്. ‘ഇവരൊന്നും ജോലി ചെയ്യില്ലന്നേ. സിനിമാനടിയാണെന്ന ജാടയുണ്ടാവും.’ ഇതാണ് ആളുകൾ പറയുക. പേടിച്ചാണു ഞാൻ എറണാകുളം ഇൻഫോപാർക്കിലെ ഓഫിസിലെത്തിയത്. ആദ്യം ജാടയുണ്ടെന്നു സംശയിച്ചെങ്കിലും സഹപ്രവര്‍ത്തകരെല്ലാം എന്നെ പെട്ടെന്നു സ്വീകരിച്ചു. ഓഫിസിൽ ഡാന്‍സ് ക്ലബുണ്ട്. ഡാൻസ് കോംപറ്റീഷനു വേണ്ടി പുലർച്ചെ വരെയൊക്കെ ഞങ്ങൾ ഡാൻസ് പ്രാക്ടീസ് ചെയ്ത ദിവസങ്ങളുണ്ട്. സിനിമാനടിയെന്ന ലേബലിൽ ആരും എന്നെ ഇപ്പോൾ കാണാറില്ല.

ഐടി മേഖലയിൽ വളരെ ഹെക്ടിക്കായ വര്‍ക്കാണ്. നാട്ടിലായാൽ ഒരു അവധി കിട്ടിയാൽ എങ്ങോട്ടെങ്കിലും യാത്ര പോകും. തിരികെ വരുമ്പോഴേക്കും ഫ്രഷ് ആവും. എനിക്കു ട്രക്കിങ്ങിനു പോകാൻ വലിയ ഇഷ്ടമാണ്. ഓഫിസിലെ സുഹ‍‌ൃത്തുക്കളിൽ ട്രക്കിങ് ഇഷ്ടമുളളവരുണ്ട്. അവധി ദിവസങ്ങളിൽ ഞങ്ങളൊന്നിച്ചു ട്രക്കിങ്ങിനു പോകും. സ്വന്തമായി സമ്പാദിക്കുന്നതിന്റെ സുഖം അറിയുന്നുണ്ട്. ഈ പ്രായത്തിൽ നന്നായി ആസ്വദിച്ചു ജീവിക്കണമെന്നാണു ആഗ്രഹം.

ചൈനയുടെ ഭാഗമായ ഹോങ്കോങ് വളരെ ഡെവലപ്‍ഡ് ആയ സിറ്റിയാണ്. കോസ്വേ ബേയിലാണ് എന്റെ താമസം. സ്ഥലങ്ങളെല്ലാം ചെറുദ്വീപുകളാണ്. ഫെറിയിൽ കയറി അടുത്ത ദ്വീപിലേക്കു പോയി സൂര്യാസ്തമയം കാണാം. വേനൽക്കാലത്തു ഭയങ്കര ചൂടാണെങ്കിലും നമുക്ക് ബുദ്ധിമുട്ടൊന്നും തോന്നില്ല. ചെക് ലിസ്റ്റ് ഒക്കെ ഒരുക്കി സ്ഥലം കാണാനുളള തയാറെടുപ്പിലാണ് ഞാനിപ്പോൾ. ഭൂമിശാസ്ത്രപരമായ വളരെ സ്റ്റേബിൾ ആയ സ്ഥലമാണ്. ഭൂകമ്പത്തെയൊന്നും പേടിക്കേണ്ട. അതു കൊണ്ട് ഓരോ കെട്ടിടവും പെട്ടിക്കൂട് പോലെയാണ്. മുപ്പത് മുപ്പത്തിയഞ്ച് നിലയുണ്ട് ഓരോന്നിനും. ഇവിടെ അടുത്ത് ഇഷ്ടം പോലെ മലയാളികളുണ്ട്.

മുമ്പ് കേരളത്തിനു പുറത്തു ജിവിക്കണമെന്നു വലിയ ആഗ്രഹമായിരുന്നു. പക്ഷേ, ഇപ്പോൾ ചെറുതായി നാടിനെ മിസ് ചെയ്യുന്നുണ്ട്. ഇവിടെ നമ്മുടെ ചോറും സദ്യയും കിട്ടില്ലല്ലോ. ഞാൻ വെജിറ്റേറിയനാണ്. വജിറ്റേറിയനായവര്‍ക്ക് ഇവിടെ ഭക്ഷണം ബുദ്ധിമുട്ടാണ്. പാചകം ചെയ്യാനുളള തയാറെടുപ്പിലാണു ഞാനിപ്പോൾ. ഒരു കലാകാരിയായതുകൊണ്ടാവാം ഇനി ഇവിടുത്തെ കലയെ അടുത്തറിയണമെന്നുണ്ട്. ഹോങ്കോങ്ങിന്റെ തനതായ മാർഷ്യൽ ആർട്സ് പഠിക്കണമെന്നാണു മോഹം.

അഭിനയിക്കുന്നതിനു ജോലി തടസ്സമാണെന്നു തോന്നിയിട്ടില്ല. അഭിനയം മാത്രമല്ല നാട്ടിലുളളപ്പോൾ ചാനലിൽ അവതാരകയായും പോകാറുണ്ട്. അഭിനയരംഗത്തുണ്ടെന്ന് അറിയാവുന്നതു കൊണ്ട് ലീവ് കിട്ടാനും ബുദ്ധിമുട്ടില്ല. ഈ ജോലി നന്നായി ആസ്വദിച്ചാണു ഞാൻ ചെയ്യുന്നത്. അഭിനയവും ജോലിയും ഒന്നിച്ചു കൊണ്ടുപോകുന്നത് അത്ര ബുദ്ധിമുട്ടായി തോന്നുന്നില്ല. രണ്ടും ഒരേപോലെ പ്രിയപ്പെട്ടതാണെനിക്ക്. രണ്ടും രണ്ടു രീതിയിലുളള സന്തോഷമാണു തരുന്നത്. ഏതു നടിയെയും പോലെ ഞാനും നല്ല കഥാപാത്രങ്ങൾ മോഹിക്കുന്നുണ്ട്. ഹോങ്കോങ്ങിലാണെങ്കിലും കൊച്ചിയിലാണെങ്കിലും നല്ല കഥാപാത്രം തേടിയെത്തിയാൽ എത്താതിരിക്കാൻ എനിക്കാവില്ലല്ലോ...