Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നോവിക്കുന്ന പേര്... : ഷെറിൻ മാത്യൂസ്

Sherin Mathews ഷെറിൻ മാത്യൂസ്. (ഫയൽ ചിത്രം)

ചില കാത്തിരിപ്പുകൾക്ക് ഒരു അവസാനം ഉണ്ടാവണം. അവിടെ ബന്ധങ്ങളും സ്നേഹവും അതിന്റെ ഇല്ലായ്മയുമൊക്കെ ചോദ്യം ചെയ്യപ്പെടും. സത്യമൊടുവിൽ തിരിച്ചറിയുമ്പോൾ എന്തിനായിരുന്നു ഇതൊക്കെ എന്ന ചോദ്യം മാത്രം ബാക്കിയാകും. ഷെറിൻ മാത്യൂസ് എന്ന മൂന്നു വയസുകാരിയ്ക്ക് മുകളിൽ ആരാവും ഏറ്റവും ക്രൂരമായ വിധി കൊണ്ടു വെച്ചത്? സ്നേഹിക്കുന്നവർ നൽകുന്ന ശിക്ഷയ്ക്കു മുകളിൽ അവൾ സ്വയം എങ്ങോട്ടോ ഇറങ്ങിപ്പോവുകയായിരുന്നോ? ഇപ്പോൾ വീടിനടുത്തുള്ള കലുങ്കിൽ നിന്നും പൊലീസിന് ലഭിച്ച അഴുകിയ കുഞ്ഞു ശരീരം ഷെറിന്റേത് ആയിരിക്കുമോ? എത്രയോ ചോദ്യങ്ങൾ അലട്ടിക്കൊണ്ടേയിരിക്കുന്നു. ഷെറിന്റെ വളർത്തു മാതാപിതാക്കൾ ഇപ്പോഴും സംശയത്തിന്റെ നിഴലിലാണ്. പക്ഷേ....

വലിയൊരു പക്ഷേ ഷെറിൻ മാത്യൂസ് എന്ന കുഞ്ഞിന്റെ തിരോധാനവുമായി ബന്ധപ്പെട്ടുണ്ട്. സ്വന്തം രക്തത്തിൽ പിറന്ന ഒരു മകൾ ഉള്ളപ്പോൾ എന്തിനു വിദേശ രാജ്യത്ത് ജീവിക്കുന്ന മലയാളികളായ ദമ്പതികൾ മറ്റൊരു പെൺകുഞ്ഞിനെ ദത്തെടുക്കണം? ഈ ചോദ്യത്തിന് പറയാൻ ഏറ്റവും മനസ്സ് അനുവദിക്കുന്ന ഉത്തരം മനസ്സാക്ഷി എന്ന് മാത്രമേയുള്ളൂ. ചെറിയ വൈകല്യങ്ങൾ ഉള്ള കുട്ടിയായിട്ടും ഏറ്റെടുത്ത് വളർത്താൻ കാണിച്ച ദമ്പതികളുടെ മനസ്സ് അനുഗ്രഹിക്കപ്പെട്ടിരിക്കേണ്ടതാകുന്നുണ്ട്.

ഷെറിനെ ദത്തെടുത്തപ്പോൾ അവർക്ക് പല മനുഷ്യരിൽ നിന്നായി  അനുഗ്രഹങ്ങൾ ലഭിച്ചിരിക്കണം. പിന്നെന്തിനാണ് വാശി കാണിച്ചതിന് മൂന്നു വയസ്സുള്ള കുഞ്ഞിനെ പുലരുന്നതിനു മുൻപേ വീടിനു പുറത്താക്കി കതകടച്ചത്? ഒരു കുഞ്ഞിനോട് മാതാപിതാക്കൾ ചെയ്യുന്ന കാര്യമായിരുന്നോ ഷെറിനോട് ആ ദമ്പതികൾ ചെയ്തത്? നീതിയും നീതികേടും ഒരേ വ്യക്തിയോടാണ് ആവർത്തിച്ചുകാണിച്ചത്. പക്ഷെ ഇനി മറുപടി പറയാൻ ആ കുഞ്ഞ് ഇല്ല. 

അസ്വാസ്ഥ്യങ്ങളുള്ള ഒരു കുഞ്ഞിനെ സ്വന്തം മകളോടൊപ്പം വളർത്താൻ മാനസിക അനുഭാവം കാണിച്ച മാതാപിതാക്കളുടെ മാനസിക അവസ്ഥയോടു ചേർന്നു നിന്നു കൊണ്ട് തന്നെ പറയട്ടെ കുഞ്ഞുങ്ങളെ ഏറ്റെടുക്കുമ്പോഴോ അല്ലെങ്കിൽ ജനിപ്പിക്കുമ്പോഴോ അല്ല  മാതാപിതാക്കളുണ്ടാവുന്നത് അവരെ വളർത്തി ഒരു പൗരനാക്കുമ്പോഴാണ് മാതാപിതാക്കൾ ജനിക്കുന്നത്.

പ്രസവിച്ച ആർക്കും അമ്മയാകാം എന്നിരിക്കെ, വളർത്തി സമൂഹത്തിനു അല്ലെങ്കിൽ അവനവനെങ്കിലും ഉതകുന്ന രീതിയിൽ ജീവിക്കാൻ പ്രാപ്തരാക്കുമ്പോൾ മാത്രമേ മാതാപിതാക്കൾ ചുമതലയിൽ നിന്ന് മുക്തരാകുന്നുള്ളൂ. പുലർച്ചെ പതിനഞ്ചു ഡിഗ്രി സെൽഷ്യസിൽ ഒരു പിഞ്ചു കുഞ്ഞിനെ വീടിനു പുറത്തു നിർത്തി കതകടച്ചാൽ എന്ത് ഭയന്നാണ് ആ കുഞ്ഞു ഭക്ഷണം കഴിക്കേണ്ടത്? അല്ലെങ്കിൽ തന്നെ കുഞ്ഞുങ്ങളെ ഭയപ്പെടുത്തിയാണോ ഭക്ഷണം കഴിപ്പിക്കേണ്ടതും മുന്നോട്ടു ജീവിക്കാൻ പ്രേരിപ്പിക്കേണ്ടതും. 

sherin-mathews

പരിചയമുള്ള ഒരു കുഞ്ഞിന്റെ അനുഭവം ഓർമ്മിക്കാതെ വയ്യ. സ്വന്തം അച്ഛനാണ്, പക്ഷെ എന്തോ പറഞ്ഞത് അനുസരിക്കാഞ്ഞതിനാൽ വലതുകൈയിൽ തൂക്കിയെടുത്ത് വലിച്ചെറിഞ്ഞ അച്ഛന്റെ അപ്പോഴത്തെ അവസ്ഥയെ അമ്മയ്ക്ക് ഒരുപക്ഷെ പിന്നീട് മനസ്സിലാക്കാൻ സാധിച്ചേക്കും. പക്ഷെ 25  വയസ്സോളം ആയിട്ടും അച്ഛനോടുള്ള അവളുടെ ഭയത്തിനും വെറുപ്പിനും മാറ്റങ്ങളൊന്നും ഇല്ലാത്തതുകൊണ്ട് ആ അച്ഛൻ എന്താണ് നേടിയിട്ടുണ്ടാവുക? കുട്ടിക്കാലം മനസ്സിനെ സ്വാധീനിക്കുന്ന പ്രായങ്ങളിൽ ഒന്നു തന്നെയാണ്. ആ പ്രായത്തിൽ ഏൽക്കുന്ന മാനസീകവും ശാരീരികവുമായ ആക്രമണങ്ങൾ എത്ര വളർന്നാലും ഉപബോധമനസ്സിൽ കൂടി പലതും വെളിപ്പെടുത്തിക്കൊണ്ടിരിക്കും. അതേ സാഹചര്യത്തിൽ അവർ പതറിപ്പോവുകയും തന്നോട് ക്രൂരത കാട്ടിയ ആളോട് പിന്നെ എന്നെന്നേയ്ക്കുമായി അകന്നുകൊണ്ടിരിക്കുകയും ചെയ്യും.

എങ്ങനെയാണ് കുഞ്ഞുങ്ങളെ വളർത്തുന്നതെന്ന് പലപ്പോഴും നമ്മൾ മറന്നു പോകാറുണ്ട്. ഒന്നുകിൽ അമിതമായ ശ്രദ്ധയും സ്നേഹവും നൽകിയും അല്ലെങ്കിൽ തീരെ അവഗണിച്ചുമേ നമുക്കവരെ മിക്കപ്പോഴും സ്നേഹിക്കാൻ ആയിട്ടുള്ളൂ. അമിതമായ ശ്രദ്ധയുടെയും സ്നേഹത്തിന്റെയും ഫലവും അവഗണനയുടെ ഫലവും വിരുദ്ധമായി ആണെങ്കിലും ഒരേ രീതിയിൽത്തന്നെ അത് കുഞ്ഞുങ്ങളുടെ മനസ്സിൽ ഏൽക്കുകയും മുന്നോട്ടുള്ള ജീവിതത്തെ ബാധിക്കുകയും ചെയ്യും. അമിതമായ വാശികളും നിശബ്ദതയും ദോഷം ഉണ്ടാക്കുക തന്നെ ചെയ്യും. 

ഷെറിൻ മാത്യൂസിന്റെ കാര്യത്തിൽ എവിടെയാണ് പാളിച്ച പറ്റിയതെങ്കിലും ഏറ്റെടുത്തു സംരക്ഷിക്കും എന്നുറപ്പു കൊടുത്തു കൊണ്ടു വന്ന കുഞ്ഞിനെ മഞ്ഞിൽ പുറത്ത് നിർത്തി അവഗണിച്ചിടത്തോളം ക്രൂരത ആ കുട്ടിയോട് വേറെ കാട്ടുവാനില്ല. വാശി കാണിക്കുന്ന കുഞ്ഞുങ്ങളെ അമേരിക്ക പോലെ കുഞ്ഞുങ്ങളുടെ വ്യക്തിത്വത്തെ വരെ മാനിക്കുന്ന ഒരു നാട്ടിൽ ഇത്തരം ശിക്ഷണ രീതികൾക്ക് വിധേയമാക്കുക എന്നാൽ എന്ത് മാനുഷികതയാണ് ആ ദമ്പതികൾക്ക് പറയാനാവുക?

കേരളത്തിലെ കുഞ്ഞുങ്ങളെ ഉൾക്കൊള്ളുന്ന രീതിയല്ല അമേരിക്കൻ നിയമത്തിനു കുഞ്ഞുങ്ങളെ പരിഗണിക്കുന്നത്. മാതാപിതാക്കൾ ചെയയുന്ന തെറ്റുകളിൽ കുഞ്ഞുങ്ങൾക്കും പരാതിപ്പെടാം. നിയമത്തിനു മുന്നിൽ കുഞ്ഞുങ്ങൾക്കും വിലയുണ്ട്. വെസ്‌ലി കുടുംബം ഒരു പ്രതീകം മാത്രമാണ്. മലയാളികളുടെ വളർത്തു രീതികളറിയാത്ത ജാഡകളുടെ പ്രതീകം. എല്ലായ്പ്പോഴും കുഞ്ഞുങ്ങൾ മുതിർന്നവരുടെ അടിമകളാണ്.

അത് ഏതോ കാലം മുതൽ തന്നെ അങ്ങനെയാണ്. പക്ഷേ കാലങ്ങൾക്കു മുൻപ് വരെ ഒരു പ്രായം കഴിഞ്ഞാൽ അവർക്ക് സ്വന്തമായി അഭിപ്രായങ്ങളും തീരുമാനങ്ങളും അത് നടപ്പിലാക്കാനുള്ള ആർജ്ജവവുമുണ്ടായിരുന്നു. പക്ഷെ കുഞ്ഞു മുറികളിൽ അടയ്ക്കപ്പെട്ടു ഫാസ്റ്റ് യുഗത്തിൽ മൊബൈലുകളിൽ തല താഴ്ത്തി ജീവിക്കുമ്പോൾ അവർ പലരുടെയും അടിമകളായി തുടരുക തന്നെയാണ്. കുട്ടികളുടെ വ്യക്തിത്വം ആരും പരിഗണിക്കാറില്ല.

sherin-mathews.jpg.image.784.410 ഷെറിൻ മാത്യൂസ്, വെസ്‌ലി

അവരുടെ ചെറിയ ഇഷ്ടങ്ങൾ, സ്വന്തം കാര്യത്തിലുള്ള താൽപ്പര്യങ്ങൾ ഇതൊക്കെയും അവഗണിക്കപ്പെടുക തന്നെയാണ് പതിവ്. ഭക്ഷണം കഴിക്കുമ്പോൾ പോലും ആവശ്യം കഴിയുമ്പോൾ നിർത്തിയാൽ ഭീഷണിപ്പെടുത്തിയും കരയിച്ചും നിർബന്ധിച്ചും ഭക്ഷണം മുഴുവനാക്കാൻ പ്രേരിപ്പിച്ചുകൊണ്ടേയിരിക്കുന്ന മാതാപിതാക്കളുണ്ട്. അനാവശ്യമായ ശ്രദ്ധ എന്നതിൽ കവിഞ്ഞു അതിനൊന്നും ഉത്തരങ്ങളില്ല.

നിയമം കർക്കശമായ ഒരു രാജ്യത്തിൽ വലിയ അഭിപ്രായങ്ങൾ ആരും പ്രതീക്ഷിക്കുന്നില്ല. ഷെറിൻ മാത്യൂസ് എന്ന മൂന്നു വയസ്സുകാരി ഒരു നീറി നീറി കത്തുന്ന കനലാണ്. ബിഹാറിലെ ഒരു മൂലയിൽ ഒറ്റപ്പെട്ടവളെങ്കിലും സമാധാനത്തോടെ നാടൻ പെൺകുട്ടിയായി കഴിയേണ്ടവൾ അമിതമായ ശ്രദ്ധയോ അശ്രദ്ധയോ മൂലം അന്യ നാട്ടിലെ ദുർഗന്ധം വമിക്കുന്ന ഓടയിൽ മരണപ്പെട്ടു കിടക്കുന്നിടത്തോളം ദുരന്ത ചിത്രം വേറെയില്ല. കുഞ്ഞുങ്ങളെ വളർത്താൻ അറിയാത്തവർ കുട്ടികളെ സൃഷ്ടിക്കാതെയിരിക്കലാണ് വേണ്ടത്. എന്നേയ്ക്കുമായി സംരക്ഷിച്ചോളാം എന്ന് ചങ്കുറപ്പ് ഇല്ലെങ്കിൽ അനാഥ കുഞ്ഞുങ്ങളെ ദത്തെടുക്കാതെ ഇരിക്കലാണ് നല്ലത്!