Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മതഭ്രാന്തന്മാരുടെ കണ്ണുതുറപ്പിക്കും മറുപടി; ആ അമ്മയ്ക്കൊരു സല്യൂട്ട്

x-default പ്രതീകാത്മക ചിത്രം.

കുട്ടികളുടെ സംശയങ്ങൾക്ക് അവരെ തൃപ്തിപ്പെടുത്തുന്ന ഒരുത്തരം നൽകാൻ പെടാപാടുപെടുന്ന മാതാപിതാക്കളെ നമ്മൾ കാണാറുണ്ട്. പൊതുസ്ഥലത്തുവച്ച് മതവിശ്വാസങ്ങളെക്കുറിച്ചൊക്കെ കുട്ടികൾചോദിച്ചുപോയാൽ ആ ചോദ്യത്തെ അവഗണിക്കാനും വേണമെങ്കിൽ ഒന്നു കണ്ണുരുട്ടിക്കാണിച്ച് കുട്ടികളെ ആ ചോദ്യങ്ങളിൽ നിന്ന് പിന്തിരിപ്പിക്കാനും ചില മാതാപിതാക്കൾ ശ്രമിക്കാറുമുണ്ട്. അതിൽ നിന്നൊക്കെ വ്യത്യസ്തയായ ഒരു അമ്മയെ കണ്ടുമുട്ടിയ കഥ പങ്കുവയ്ക്കുകയാണ് ഒരു യുവതി.

സംഭവത്തെക്കുറിച്ച് യുവതി പറയുന്നതിങ്ങനെ :-

യൂബർ ഷെയറിങ് ടാക്സിയിൽ സഞ്ചരിക്കുന്നതിനിടെയാണ് ആ അമ്മയും മകളും കാറിൽ കയറിയത്. കാറിനു മുന്നിൽ ഡ്രൈവറുടെ സമീപത്തായി ഒരു മുസ്ലിം യുവാവും ഇരിപ്പുണ്ട്. കാറിൽക്കയറിയയുടൻ തന്നെ പെൺകുട്ടി ആദ്യത്തെ സംശയം ചോദിച്ചു.

'' അമ്മേ ഇപ്പോൾ വെയിലൊന്നമില്ലല്ലോ, പിന്നെന്തിനാണ് ആ അങ്കിൾ തലയിൽ തൊപ്പിവച്ചിരിക്കുന്നത്?''

അതുകേട്ടപ്പോൾ കാറിൽ സഞ്ചരിച്ചിരുന്നവരെല്ലാം ഒരു വേള നിശ്ശബ്ദരായി. ഞാൻ ഫോണിൽ നോക്കുന്നതു നിർത്തി ആ അമ്മയുടെ മറുപടിക്കായി കാത്തു, അതുവരെ ഡ്രൈവറോട് വാതോരാതെ സംസാരിച്ചുകൊണ്ടിരുന്ന മുസ്ലിം യുവാവ് പെട്ടന്ന് നിശ്ശബ്ദനായി, കാറിൽ ഉച്ചത്തിൽ വച്ചിരുന്ന പാട്ടിന്റെ വോളിയം ഡ്രൈവർ കുറച്ചു.

കുഞ്ഞിന്റെ നിഷ്കളങ്കമായ ചോദ്യത്തിന് ഒട്ടും സംശയിക്കാതെ, സമയമെടുക്കാതെ അമ്മ നൽകിയ മറുപടിയിങ്ങനെ – ''അമ്പലത്തിൽ പോകുമ്പോൾ അമ്മ ദുപ്പട്ട തലയിലേക്ക് വലിച്ചിടുന്നത് നീ കണ്ടിട്ടില്ലേ?, അതുപോലെ വീട്ടിൽ മുതിർന്ന അതിഥികൾ വരുമ്പോഴും, നിന്റെ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും അനുഗ്രഹം വാങ്ങുമ്പോഴുമെല്ലാം അമ്മ ദുപ്പട്ട തലയിലേക്ക് വലിച്ചിടാറില്ലേ?, ബഹുമാന സൂചനോടെയാണ് അങ്ങനെ ചെയ്യുന്നത്. അതുകൊണ്ടാണ് ആ ആങ്കിളും തൊപ്പി ധരിച്ചിരിക്കുന്നത്'.

'' അതിനിപ്പോൾ ഇവിടെ അമ്പലമില്ലല്ലോ, അങ്കിളിനേക്കാൾ മുതിർന്ന ആരും തന്നെ കാറിലും ഇല്ല പിന്നെന്തിനാണ് അങ്കിൾ കാറിനുള്ളിൽ തൊപ്പി ധരിച്ചിരിക്കുന്നത്. തന്റെ സംശയം ഇനിയും തീർന്നിട്ടില്ലെന്ന മട്ടിൽ അവൾ ചോദിച്ചു.

കുഞ്ഞിന്റെ ആ ചോദ്യത്തിനും ശാന്തമായി ആ അമ്മ മറുപടി നൽകി. '' വീട്ടിൽ അതിഥികൾ വരുമ്പോൾ നമസ്തേ പറയാൻ അമ്മ നിന്നെ പഠിപ്പിച്ചിട്ടില്ലേ?, അതുപോലെ എല്ലാവരെയും ബഹുമാനിക്കണമെന്നാണ് അങ്കിളിന്റെ അച്ഛനും അമ്മയും അദ്ദേഹത്തെ പഠിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടാണ് കാറിനുള്ളിലും അദ്ദേഹം തൊപ്പി ധരിച്ചിരിക്കുന്നത്''

കാറിലുണ്ടായിരുന്ന ആരും തന്നെ അങ്ങനെയൊരു മറുപടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് യുവതി പറയുന്നു. കാറിൽ നിന്ന് ആദ്യമിറങ്ങിയതു താനായിരുന്നുവെന്നും മുഖം നിറഞ്ഞ ചിരിയും മനസ്സുനിറയെ ചിന്തകളുമായാണ് താൻ കാറിൽ നിന്ന് ഇറങ്ങിയത്  എന്നു പറഞ്ഞുകൊണ്ടാണ് യുവതി ആ സംഭവത്തെക്കുറിച്ച് ഫെയ്സ്ബുക്കിൽ കുറിച്ചത്.

ചുറ്റുമുള്ളവരെക്കുറിച്ച് ഒരു സാധാരണക്കാരന് ഇങ്ങനെ ചിന്തിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ

കുട്ടികളെ മുതിർന്നവർ ഇങ്ങനെയുള്ള കാര്യങ്ങൾ പഠിപ്പിച്ചിരുന്നെങ്കിൽ

പുതിയ തലമുറയിലെ ആളുകൾ കുഞ്ഞുങ്ങൾക്ക് ഇങ്ങനെ അറിവു നൽകുകയാണെങ്കിൽ

ആളുകളുടെ ഭിന്നിപ്പിക്കാൻ രാഷ്ട്രീയക്കാർക്ക് ആവുമായിരുന്നില്ല. എന്നു പറഞ്ഞുകൊണ്ടാണ് യുവതി കുറിപ്പ് അവസാനിപ്പിക്കുന്നത്.