Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിലാവു തോൽക്കും പാൽപ്പുഞ്ചിരി

dental care

കുഞ്ഞിന്റെ പാൽപ്പല്ലുകൾ നന്നായി സംരക്ഷിച്ചാൽ സ്ഥിരം പല്ലുകളും ദീര്‍ഘനാള്‍ ആരോഗ്യത്തോടെ നിലനിൽക്കും

ചക്കരമുത്തിന്റെ പാൽ പുഞ്ചിരിയില്‍ നിന്ന് ദിവസം തുടങ്ങാ നായി കുഞ്ഞുണരുന്നതും കാ‌ത്ത് നോക്കിയിരുന്ന മീരയുടെ മുന്നിൽ എവിടെനിന്നറിയില്ല, ഒരു കുഞ്ഞു ദേവത പ്രത്യക്ഷ പ്പെട്ടു. തുമ്പിച്ചിറകുകൾ വീശി മീരയ്ക്കു ചുറ്റും ഒന്നു വലം വച്ച് മുന്നില്‍ വന്ന് ‘അറിയോ ഞാനാണ് ടൂത്ത് ഫെയറി’ എന്ന് സ്വയം പരിചയപ്പെടുത്തി.

മീരാമ്മേ, അമ്മേടെ വാവക്ക് ആദ്യത്തെ പല്ലു മുളച്ച ദിവസം ഓർമയുണ്ടോ? അന്ന് അമ്മയുടെ ചുണ്ടത്തും വിരിഞ്ഞല്ലോ ഒരു നിലാപ്പുഞ്ചിരി. രണ്ടു പുഞ്ചിരികളെയും കാത്തുകൊണ്ട് നിങ്ങൾക്കു ചുറ്റും വലയം തീർത്ത് അന്നു മുതൽ ഞാനുമുണ്ട് നിങ്ങളുടെ കൂടെ. സത്യത്തിൽ കുഞ്ഞുങ്ങളുടെ പാൽപ്പല്ലുക ളുടെ സംരക്ഷകർ എന്നാ ഞങ്ങൾ ടൂത്ത് ഫെയറികൾ പണ്ടേ അറിയപ്പെട്ടിരുന്നത്.

മീരാമ്മയ്ക്ക് അറിയാല്ലോ, പണ്ടത്തെ ഡിസ്നിലാൻഡിൽ നിന്ന് ഇന്നത്തെ കേരളത്തിലേക്കും ഫാസ്റ്റ് ഫുഡും സോഫ്റ്റ് ഡ്രിങ്കും ടെക്നോളജിയും ശാപ്പിട്ടു വളരുന്ന കുഞ്ഞുങ്ങളിലേക്കും ഉളള മാറ്റം. അന്നും ഇന്നും മാറാത്ത ഒന്നേയുളളൂ. അമ്മ മനസ്സ്. എന്റെ ഫെയറി മമ്മയായാലും ഇപ്പോ എന്നെയിങ്ങനെ വിസ്മയത്തോ ടെ നോക്കി നിൽക്കുന്ന മീരാമ്മയായാലും ഒരു പോലയാണ്. കുഞ്ഞിനെക്കുറിച്ച് സന്തോഷങ്ങളും ആധികളും നിറച്ച ബലൂണ്‍ മനസ്സിനുടമകള്‍. അതുകൊണ്ടാ ഞാൻ മീരാമ്മയെ കാണാൻ ഓടിയെത്തിയെ. ഡിവൈൻ ഫ്രൂട്ട് പോലും തിന്നു തീർക്കാതെ. ഡിവൈൻ ഫ്രൂട്ട് കഴിച്ചിട്ടു വാ കഴുകിയില്ലേൽ എന്റെ ഫെയറി മമ്മ ശകാരിക്കും. പാല്‍പ്പല്ല് നന്നായി കാത്താൽ അഴകുളള സ്ഥിര ദന്തങ്ങളും വന്നു ചേരുമെന്ന് എപ്പോഴും ഉപദേശിക്കും.’’

‘പാൽ പല്ലുകളുടെ കാവൽ മാലാഖയ്ക്ക് ഉപദേശങ്ങളോ?’ മീരയ്ക്ക് അതിശയമായി.

‘‘മീരാമ്മയ്ക്ക് ഉണ്ണിമോൾ എന്നോണം, ഫെയറി മമ്മയ്ക്ക് ഞാൻ കുറുമ്പത്തിയായ പൊന്നോമനയാണ് എക്കാലവും. മീരാമ്മ കിടന്നുകൊണ്ട് ഉണ്ണിയെ പാലൂട്ടാറുണ്ടോ?’’

‘‘ഉവ്വല്ലോ. എന്തേ?’’

‘‘പാടില്ലാട്ടോ. രാത്രിയിൽ കിടന്നു കൊണ്ട് പാലൂട്ടുന്നതും പാൽക്കുപ്പി ഉപയോഗിക്കുന്നതുമെല്ലാം ഉണ്ണിപ്പല്ലിന് ദോഷം വരുത്തി വയ്ക്കും. കാര്യമെന്താന്നോ? കിടന്നുകൊണ്ട് പാൽ കുടിക്കമ്പോ ഉണ്ണി ഒരു കവിൾ പാൽ എപ്പോഴും വായിൽ വച്ചാകും ഉറങ്ങിപ്പോകുക. വായിലെ അണുക്കൾക്ക് കെട്ടിനിൽ ക്കുന്ന പാലിൽ നിന്ന് ആസിഡ് ഉണ്ടാക്കാൻ കഴിയും. ഈ ആസി‍ഡ് കുഞ്ഞിപ്പല്ലുകളെ ദ്രവിപ്പിക്കും. ‘‘ എല്ലാവരും പുഴുപ്പ ല്ലീന്നു വിളിച്ചാൽ ഉണ്ണിക്കെന്തു വിഷമമാകും ! നഴ്സിങ് കാരീസ്, നൈറ്റ് ബോട്ടിൽ സിൻഡ്രോം എന്നീ പേരുകളിലാണ് ഈ അവസ്ഥ അറിയപ്പെടുന്നത്.

കിടന്നു പാലൂട്ടിയാൽ മറ്റ് ആരോഗ്യപ്രശ്നങ്ങളും വരാം. പക്ഷേ, അതെല്ലാം കേട്ട് മീരാമ്മ ഇപ്പോള്‍ പേടിക്കണ്ട. രാത്രി പാലൂട്ടിയ ശേഷം ഉണ്ണിയെ അൽപം വെളളം കുടിപ്പിച്ച് ഉറക്കാൻ കിടത്തി യാൽ മതി. നല്ല വ‌‌‌‌‍‍ൃത്തിയുളള, അൽപം പരുപരുത്ത തുണി നനച്ച് മോണ തുടയ്ക്കുന്നതും നല്ലതാണ്. വലുതാകുമ്പോൾ ഉണ്ണിക്ക് വായ വൃത്തിയാക്കുന്ന ശീലം വളർത്തിയെടുക്കാനും ഇതുപകരിക്കും. ഒപ്പം വായിലെ രക്ത സഞ്ചാരം കൂടുകയും ചെയ്യും.’’

ഇത്രയുമായപ്പോൾ ഒരു ദീർഘ നിശ്വാസത്തോടെ മീര പറഞ്ഞു. ‘‘അയ്യോ.... ഇത്രയൊക്കെ ശ്രദ്ധിക്കാനുണ്ടായിരുന്നോ... ഡോക്ടർ പറഞ്ഞിരുന്നു, കിടന്നുകൊണ്ട് ഫീഡ് ചെയ്യരുതെന്ന്, പക്ഷേ, ‍ജോലിയൊക്കെ കഴിഞ്ഞ് രാത്രിയൊന്നു കിടന്നാൽ മതിയെന്നു തോന്നിപ്പോകും....’’

‘‘എപ്പോൾ മുതലാണ് കുഞ്ഞിപ്പല്ലുകൾ ബ്രഷ് ചെയ്യേണ്ടതെന്ന് മീരാമ്മയ്ക്കറിയാമോ?’’

‘‘ഉവ്വ്. നാലഞ്ചു പല്ലുകൾ വന്നശേഷം. ശരിയല്ലേ?’’

സോഫ്റ്റ് ബേബി ബ്രഷ് ഉപയോഗിക്കണം. പക്ഷേ, ഉണ്ണിമോൾ അമ്മ പറയുമ്പോ തുപ്പാൻ പറയുന്നതു വരെ ടൂത്ത് പേസ്റ്റ് ഉപയോഗിക്കരുത്.

അതിനുശേഷവും കുട്ടികള്‍ക്ക് പയറു മണിയുടെ വലിപ്പത്തിൽ മാത്രം പേസ്റ്റ് ഉപയോഗിച്ചാല്‍ മതി. നീളത്തിൽ പേസ്റ്റ് എടുത്താലും പല്ല് കൂടുതൽ വെളുക്കില്ല. പെട്ടെന്ന് പോക്കറ്റ് കാലിയാകുകയും ചെയ്യും.’’

‘‘മീരാമ്മ എന്തായിങ്ങനെ അന്തം വിട്ടിരിക്കുന്നത്?’’

‘‘ചെറുപ്രായത്തിൽ ഫെയറിക്കെങ്ങനെ ഇത്ര അറിവെന്നോർത്തു പോയി ഞാൻ. പക്ഷേ, ദേവതയാണ് മുന്നിൽ എന്ന് പെട്ടെന്ന് ഓർമയും വന്നു.’’ ദേവതയുടെ പ്രഭാവലയത്തിൽ വിടർന്നു തിളങ്ങിയ കണ്ണുക ളോടെ മീര തുടർന്നു. ‘‘ കുഞ്ഞുങ്ങൾ വിരൽ കുടിക്കുന്നതും പല്ലുകളുടെ ആരോഗ്യവുമായി എന്തെങ്കിലും ബന്ധമുണ്ടോ?’’

വിരൽ കുടിക്കാത്ത കുഞ്ഞുങ്ങളുണ്ടോ മീരാമ്മേ? അതൊരു റിഫ്ളക്സ് അല്ലേ ! നാലു വയസ്സു വരെ കുഞ്ഞുങ്ങളുടെ ശ്രദ്ധ തിരിക്കുന്ന പ്രവ‌ർത്തനങ്ങൾ കൊടുക്കുക മാത്രമേ വേണ്ടൂ. അതു കഴിഞ്ഞും തുടർന്നാൽ, പല്ലുകൾ പൊങ്ങി വരാനും മറ്റും സാധ്യതയുണ്ട്. ഫെയറി മമ്മ പണ്ടെന്റെ കയ്യിൽ കയ്പ് തേയ്ച്ചത് ഓർമയുണ്ട്.’’ കളളച്ചിരിയോടെ ദേവത തുടർന്നു. ‘‘ഉണ്ണിമോള്‍ക്കു മൂന്നു വയസു കഴിഞ്ഞാൽ പിന്നെ ഫ്ളൂറൈഡ് അടങ്ങിയ പേസ്റ്റ് ഉപയോഗിക്കാം. ഇതിനേക്കാളൊക്കെ പ്രധാനമാണ് ഭക്ഷണം . ഉണ്ണിയെന്തുണ്ണും.... ?

നല്ല പ്രാസത്തിലാണല്ലോ ദേവതയുടെ ചോദ്യം. മീരയ്ക്കു രസം കയറി പ്രാസത്തിൽ മറുപടിയും പറഞ്ഞു. ‘‘ഉണ്ണിയുണ്ണന്നതൊരു ണ്ണിയപ്പത്തോളം മാമം’’. ‘‘ഉണ്ണിയപ്പത്തോളം കൊടുക്കുന്നതു കൊളളാം, പക്ഷേ, ഉണ്ണിയെ ഊട്ടുമ്പോൾ മധുര പലഹാരങ്ങളും ഒട്ടിപ്പിടിക്കുന്ന ഭക്ഷണവും ഒഴിവാക്കണം. കാത്സ്യം, ഫൈബർ, വൈറ്റമിനുകള്‍, മിനറലുകൾ എന്നിവയടങ്ങിയതാണ് എല്ലിനും പല്ലിനുമുളള സമീകൃതാഹാരം. ഇനിയൊരു രഹസ്യം പറഞ്ഞു തരട്ടേ... ഞങ്ങൾ ഡിസ്നി ലാൻഡിലെ കുറുമ്പത്തികൾ ഫെയറി ഹണ്ടിനു പോകുമ്പോൾ കരിമ്പും മറ്റു ഫല വർഗ്ഗങ്ങളും വെറു തെയങ്ങു കടിച്ചു തിന്നും. വായിലെ മസിലുകൾക്കു വ്യായാമവും കിട്ടും. ഫൈബറുകൾ പല്ലു വൃത്തിയാക്കുകയും ചെയ്യും. പക്ഷേ, ഫെയറി മമ്മയെങ്ങാനും ഇതറിഞ്ഞാൽ തല്ലു കിട്ടും കേട്ടോ.

പാവം ഉണ്ണിമോൾക്ക് ഇതൊന്നും പറ്റൂല്ലാല്ലോ. കലിയുഗത്തിലാ യിപ്പോയില്ലേ ജനനം. കീടനാശിനി തളിക്കാത്ത പഴങ്ങള്‍ ഒന്നു പോലുമില്ല. മധുര പലഹാരങ്ങള്‍ കഴിച്ചാല്‍ത്തന്നെ ഓരോ തവണയും നന്നായി വായ വ‍ൃത്തിയാക്കാൻ ശീലിപ്പിച്ചാല്‍ മതി. പൊതുവെ മോണ രോഗങ്ങൾ കുട്ടികൾക്ക് കുറവാണ്. മുതിർ ന്നവരെപ്പോലെ വായ നിറയെ പല്ലുകൾ അവർക്കില്ലല്ലോ. ആകെ ഇരുപത്. അതാണ് പാൽപ്പല്ലുകളുടെ എണ്ണം.’’

‘‘ഇത്രയധികം സംരക്ഷണമൊക്കെ കുട്ടിപ്പല്ലിന് ആവശ്യമുണ്ടോ? കുഞ്ഞ് സുന്ദരീ? ഇങ്ങനെ സൂക്ഷിച്ച് പാലിക്കുന്നതാണോ നിന്റെ ഈ വശ്യമായ പുഞ്ചിരിയും ?’’ മീരയുടെ കണ്ണുകൾ വാത്സല്യം കൊണ്ട് തിളങ്ങി.

ദേവത മറു വചനം ഒരു പ‍ുഞ്ചിരിയിലൊതുക്കി.‘‘എത്രയേറെ സംരക്ഷിക്കുന്നുവോ അത്രയും നല്ലത്. എന്നു കരുതി, ദിവസവും ഉമിക്കരി കൊണ്ടു ഉരച്ചു കഴുകരുത്. ഉമിക്കരിയുടെ സ്ഥിരോപ യോഗം പല്ലുകളെ സെൻസിറ്റീവ് ആക്കും. ഇനാമലിന്റെ കട്ടി കുറഞ്ഞു പോകുന്നതു കൊണ്ടാണിത്. മീരാമ്മയ്ക്ക് മനുഷ്യ ശരീരത്തിൽ ഏറ്റവും കാഠിന്യമുളള ഭാഗം ഏതെന്നു പറയാമോ?’’

‘‘തലയോട് ! അവനല്ലേ തലച്ചോറിനെ മുഴുവൻ സംരക്ഷിക്കേ ണ്ടത്.’’

‘‘അയ്യേ.... ഈ മീരാമ്മയ്ക്ക് ഒന്നുമറിയില്ല. പല്ലിലെ ഇനാമലിനാ ഏറ്റവും കാഠിന്യം.’’ടൂത്ത് ഫെയറി നോട്ടിയായി. ‘‘കുട്ടികൾ ഓടി കളിച്ച് വീഴില്ലേ, ചിലപ്പോഴൊക്കെ അപകടങ്ങളും സംഭവിക്കാം. പല്ലു പൊട്ടിപ്പോകുക, മോണയിൽ നിന്ന് ഊരി പോകുക എന്നിങ്ങനെ’’

‘‘ഓര്‍ത്തിട്ട് പേടിയാകുന്നു. ഉണ്ണിമോളെ നീ കാത്തുകൊളളില്ലേ?മീരാമ്മ കൈകൂപ്പി.

‘‘താൻ പാതി ദൈവം പാതിയെന്നല്ലേ മീരാമ്മേ. സൂക്ഷിക്കാനു ളളതു നമ്മൾ സൂക്ഷിക്കണം. എന്തേലും അപകടം സംഭവിച്ചാൽ തന്നെ പേടിക്കണ്ട. അധികം ആഴമില്ലാത്ത പൊട്ടലാണെങ്കിൽ ‍ഡോക്ടർ കോംപോസിറ്റ് എന്ന പദാർത്ഥം വച്ച് അതു ശരിയാ ക്കിത്തരും. ആഴം കൂടുതലാണെങ്കിൽ റൂട്ട് കനാൽ ചെയ്യേണ്ടി വരും.

ഇനി അഥവാ പല്ല് ഊർന്നു പോയാലും അത് അധികം സ്പർശ മേൽക്കാതെ കഴുകി എത്രയും വേഗം ആശുപത്രിയിൽ എത്തി ക്കണം. കരിക്കിൻ വെളളത്തിലോ പാലിലോ മുട്ടയുടെ വെളള യിലോ പല്ല് മുക്കി വച്ചാണ് എത്തിക്കേണ്ടത്. അങ്ങനെ ആരോ ഗ്യത്തോടെ പല്ല് തിരികെക്കിട്ടിയാൽ യഥാർഥ ദന്തം തന്നെ യഥാസ്ഥാനത്തുറപ്പിക്കാൻ കഴിയും.

പാൽപല്ല് അസമയത്തു കൊഴിഞ്ഞോ നഷ്ടപ്പെട്ടോ പോയാൽ, സ്ഥിര ദന്തം വരാനുളളതല്ലേ എന്നോർത്ത് അവഗണിക്കരുത്. വൈദ്യസഹായം തേടി ‘സ്പെയസ് മെയ്ന്റെയ്നർ ക്ലിപ്’’ ധരിക്കണം. ഇല്ലെങ്കിൽ സ്ഥിര ദന്തങ്ങളുടെ നിര തെറ്റാനുളള സാധ്യതയേറും.

ഞാൻ കുറേ നേരമായല്ലോ മീരാമ്മേ, സംസാരിച്ചു കൊണ്ടേയിരി ക്കുന്നു. മുഷിപ്പായോ ? ഫെയറി മമ്മ തിരയും മുമ്പ് തിരികെയെ ത്തേണ്ടതാ.’’

‘‘നിര തെറ്റിയ പല്ലുകളുടെ കാര്യം പറഞ്ഞു തുടങ്ങിയതല്ലേ ദേവതേ.... ഒന്നു മുഴുമിപ്പിക്കാമോ? ഉണ്ണീടച്ഛന്റെ പല്ലിനും വി‍ടവുണ്ട്. ഉണ്ണിക്കും വരുമോ?’’ ‘‘ചിലപ്പോ പരമ്പരാഗത കാരണങ്ങൾ കൊണ്ട് പല്ലുകള്‍ക്ക് നിര തെറ്റാം. മറ്റു ചിലപ്പോ തെറ്റായ ശീലങ്ങൾ കൊണ്ടും. വായ തുറന്നു വച്ച് ഉറങ്ങുക. കീഴ്ച്ചുണ്ട് ബലത്തിൽ കടിച്ചു പിടിക്കുക, നാവു തളളുക എന്നീ കാരണങ്ങൾകൊണ്ട്. പക്ഷേ, അതെല്ലാം നേരയാക്കാവുന്നതേയുളളൂ.

ഏകദേശം ആറു മാസത്തിലൊരിക്കൽ വൈദ്യ പരിശോധന നടത്തേണ്ടത് ആവശ്യമാണ്. ബ്രഷ് ചെയ്ത് വൃത്തിയാക്കാൻ കഴിയാത്ത അഴുക്കുകളും ഈ വേളയിൽ നീക്കം ചെയ്യണം. പല്ലും മോണയും ചേരുന്നിടത്ത് അടിയുന്ന വെളള പദാർത്ഥം ഇത്തരത്തിലുളളതാണ്. പിന്നെ മീരാമ്മ ഒന്നും പേടിക്കേണ്ട. ഈ ടൂത്ത് ഫെയറിയില്ലേ, ഉണ്ണിമോൾടെ പല്ലിനെ പൊന്നുപോലെ നോക്കാൻ.’’

കുഞ്ഞിന്റെ ആദ്യ ബ്രഷിങ്

ഒരു വയസ്സാകുന്നതോടെ ബ്രഷിങ് ആരംഭിക്കണം. ഒരു വയസു കഴിഞ്ഞിട്ടും രണ്ടിൽ കൂടുതൽ പല്ലുകൾ മുളച്ചിട്ടില്ലെങ്കിൽ, ഡോക്ടറുടെ നിർദേശാനുസരണം സാവധാനം ബ്രഷിങ് ആരംഭിച്ചാൽ മതിയാകും. നേർത്ത നൈലോൺ ബ്രിസ്സിലുകൾ ഉളള ചെറിയ ടൂത്ത് ബ്രഷാണ് തിരഞ്ഞെടുക്കേണ്ടത്. ഇളം ചൂടു വെളളം ഉപയോഗിക്കുന്നതാണ് നല്ലത്. കാർട്ടൂണ്‍ കഥാപാത്രങ്ങളുടെ രൂപത്തിലും വിവിധ നിറങ്ങളിലും കുഞ്ഞു ബ്രഷുകൾ ലഭ്യമാണ്. കുഞ്ഞിനെ ഏറ്റവും ആകർഷിക്കുന്ന ഡിസൈൻ മനസിലാക്കി വാങ്ങിയാൽ കുട്ടിക്ക് പല്ലു ബ്രഷ് ചെയ്യാൻ ഉത്സാഹം കൂടും.

ടൂത്ത് പേസ്റ്റ് തിരഞ്ഞെടുക്കുമ്പോൾ

ടൂത്ത് പേസ്റ്റ് വാങ്ങുമ്പോൾ വിലയും ബ്രാൻഡും മാത്രമല്ല, കവറിലെ ചതുരത്തിന്റെ നിറവും നോക്കണം. ടൂത്ത് പേസ്റ്റ് ട്യൂബിനു മുകളിലെ കളർ ബ്ലോക്കുകൾ അവയിലടങ്ങിയിരിക്കുന്ന വസ്തുക്കളെക്കുറിച്ചും ചേരുവകളുടെ പ്രകൃതങ്ങളെക്കുറിച്ചും അറിവു നൽകുന്നു.

പച്ച ചതുരം : പ്രകൃതിദത്ത ചേരുവകൾ മാത്രം അടങ്ങിയ ടൂത്ത് പേസ്റ്റ്

നീല ചതുരം : പ്രകൃതി ദത്ത ചേരുവകളും മരുന്നുകളും അടങ്ങിയത്.

ചുവന്ന ചതുരം : പ്രക‌ൃതി‌ദത്ത ചേരുവകളും രാസവസ്തുക്കളും ഒരു പോലെ.

കറുത്ത ചതുരം : രാസവസ്തുക്കൾ മാത്രം അടങ്ങിയ ടൂത്ത് പേസ്റ്റ്.

വിവരങ്ങൾക്കു കടപ്പാട് ഡോ.കണ്ണൻ.വി.പി.എം.ഡി.എസ്, പീഡോഡോൻടിക്സ്, ഗവ.ഡെന്റൽ കോളജ്, കോട്ടയം