Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ ചിത്രം കണ്ട് ലോകം കരഞ്ഞു ; കാരണം ഈ അമ്മ പറയും

Shanna Niehaus, Kainoa, Tornado Shanna Niehaus, Kainoa, Tornado.

സ്വന്തം കുഞ്ഞിനെ ഒന്നു തൊടാനാവാതെ അവനെ ഒന്നു കുളിപ്പിക്കുവാനോ ഭക്ഷണംകൊടുക്കുവാനോ പോലുമാകാതെ ഉരുകി ജീവിച്ച അമ്മ അന്നു പൊട്ടിക്കരഞ്ഞത് സങ്കടം കൊണ്ടായിരുന്നില്ല. മറിച്ച് തനിക്കുപോലും അന്യനായിക്കൊണ്ടിരുന്ന കുഞ്ഞിനെ ഒരു അരുമ മൃഗം സ്നേഹംകൊണ്ടു കീഴടക്കിയ കാഴ്ച കണ്ടതുകൊണ്ടാണ്. ഇത് ഷന്ന നെയ്ഹസ് എന്ന അമ്മയുടെയും അവരുടെ അഞ്ചുവയസ്സുകാരനായ മകൻ കെയ്നോയുടെയും കഥയാണ്.

പക്ഷെ ഈ കഥയിലെ ഹീറോ ഇവരല്ല. മനുഷ്യർ തോറ്റിടത്ത് സ്നേഹം കൊണ്ട് വിജയിച്ച ടൊർനാഡോ എന്ന നായയാണ് കഥാനായകൻ. അ‍ഞ്ചുവയസ്സുകാരനായ കെയ്നോയ്ക്ക് ഓട്ടിസമാണ്. സ്വന്തം അമ്മ പോലും അടുത്തു വരുന്നതോ പരിചരിക്കുന്നതോ അവനിഷ്ടമല്ല. ആരെങ്കിലും അടുത്തുവരാൻ ശ്രമിച്ചാൽ അവൻ ഉടൻ തന്നെ അക്രമാസക്തനാവും. അടുത്തെത്തുന്നവരെ വല്ലാതെ ഉപദ്രവിക്കും.

ചികിത്സകളും കൗൺസിലിങ്ങുമൊക്കെ തുടർന്നെങ്കിലും അവൻ മനുഷ്യരെ അടുപ്പിക്കില്ല. അമ്മയുടെ ക്ഷമയും സ്നേഹവും പരിചരണവുമൊന്നും അവനെ ശാന്തനാക്കിയില്ല. അവസാന ശ്രമമെന്ന നിലയിലാണ് ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങളെ പരിചരിക്കുന്ന ഓട്ടിസം സർവീസ് ഡോഗിന്റെ സേവനം കൂടി പരീക്ഷിച്ചു നോക്കാമെന്ന് ആ അമ്മ തീരുമാനിച്ചത്. അങ്ങനെയാണ് ടൊർനാർഡോ ഇവരുടെ ജീവിതത്തിലേക്കെത്തിയത്.

എത്ര ക്ഷമയുള്ള മനുഷ്യരാണെങ്കിലും ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങളെ കൈകാര്യം ചെയ്യുമ്പോൾ പതറിപ്പോവാനിടയുണ്ട്. എന്നാൽ കൃത്യമായ പരിശീലനം ലഭിച്ച നായ്ക്കൾക്ക് ഇത്തരം കുട്ടികളുമായി വളരെപ്പെട്ടന്ന് ചങ്ങാത്തത്തിലാവാനും അവരെ ശാന്തരാക്കാനും കഴിയുമെന്ന് ഡോക്ടർമാർ പറയുന്നു. അതു തന്നെയാണ് കെയ്നോ എന്ന അഞ്ചുവയസ്സുകാരന്റെ ജീവിതത്തിലും സംഭവിച്ചത്. പരിചയപ്പെട്ട് അധികസമയം കഴിയുന്നതിനു മുമ്പു തന്നെ കെയ്നോ ടൊർനാർഡോയുമായി ചങ്ങാത്തത്തിലാവുകയും അവന്റെ പുറത്ത് ചാരിക്കിടക്കുകയും ചെയ്തു. ഈ കാഴ്ചയാണ് അമ്മയുടെ കണ്ണുനിറച്ചത്.

വർഷങ്ങളായി മകനുവേണ്ടി നടത്തിയ ചികിത്സകൾ, യാത്രകൾ, വിവിധ തെറാപ്പികൾ, മരുന്നുകൾ, സാമൂഹിക ബന്ധം ഊട്ടിയുറപ്പിക്കാൻ നടത്തിയ പലവിധ പരീക്ഷണങ്ങൾ എല്ലാം പരാജയപ്പെട്ടിടത്താണ് ഉപാധികളില്ലാത്ത സ്നേഹംകൊണ്ട് ഒരു നായ മകന്റെ ഹൃദയം കീഴടക്കിയത്. മനുഷ്യരെക്കണ്ടാൽ കടിച്ചുകീറാനുള്ള ദേഷ്യത്തോടെ പ്രതികരിക്കുന്ന മകനിപ്പോൾ നായയുടെ കൂടെ അനുസരണയുള്ള കുട്ടിയായി പെരുമാറുമ്പോൾ ഹൃദയം നിറഞ്ഞ സന്തോഷത്തോടെ ആ അമ്മ നന്ദി പറയുന്നത് ടോർനാഡോയ്ക്കാണ്.

മനുഷ്യർ വെറുക്കുന്ന മനുഷ്യരെ വെറുക്കുന്ന മനുഷ്യക്കുട്ടിയെ ശാന്തസ്വഭാവിയാക്കി തിരിച്ചു തന്നതിന് തീർത്ത തീരാത്ത കടപ്പാടുണ്ടെന്നു മനസ്സു നിറഞ്ഞു പറഞ്ഞുകൊണ്ടാണ് ആ അമ്മ കരഞ്ഞത്. ഈ ചിത്രവും അതിനു പിന്നിലെ കഥയുമറിഞ്ഞവർക്കും കണ്ണുനനയാതെ ഈ ചിത്രത്തിൽ നിന്നും കണ്ണെടുക്കാനുമാവില്ല... കാരണം മനുഷത്വവും മനുഷ്യബന്ധങ്ങളും പരാജയപ്പെട്ടിടത്ത് നിഷ്കളങ്കമായ സ്നേഹം കൊണ്ട് വിജയിച്ചത് ആ നായയാണ്. മനുഷ്യർ എത്ര ഉപദ്രവിച്ചാലും വെറുക്കാതെ പ്രതികാരം വച്ചുപുലർത്താതെ അവനെ സ്നേഹിക്കാൻ കഴിയുന്ന നായയുടെ വിജയമാണ് കെയ്നോയുടെ സ്വാഭാവിക ജീവിതം.

Your Rating: