Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

''എൻെറ മകൻ ഇങ്ങനെയൊന്നുമായിരുന്നില്ല''

Boy എട്ടിൽ പഠിക്കുന്ന കുട്ടിക്ക് സ്കൂളിലെ എല്ലാ കാര്യത്തിലും പരാതിയാണ്. പഠനത്തിൽ ഒട്ടും ശ്രദ്ധിക്കുന്നില്ല.

ഞാനും എന്റെ മകനും കുറേക്കാലം ഭർത്താവിനൊപ്പം വിദേശത്തായിരുന്നു. ഈ അടുത്ത കാലത്ത് ചില കുടുംബപ്രശ്നങ്ങൾ കാരണം നാട്ടിലേക്കു തിരിച്ചു പോരേണ്ടി വന്നു. മകനെ ഇവിടുത്തെ സ്കൂളിൽ ചേർത്തു തുടക്കം തൊട്ട് വിദേശത്ത് പഠിച്ചു വളർന്ന അവന് ഇവിടുത്തെ സ്കൂളുമായി പൊരുത്തപ്പെടാൻ സാധിക്കുന്നില്ല. എട്ടിൽ പഠിക്കുന്ന കുട്ടിക്ക് സ്കൂളിലെ എല്ലാ കാര്യത്തിലും പരാതിയാണ്. പഠനത്തിൽ ഒട്ടും ശ്രദ്ധിക്കുന്നില്ല.

എസ്.കെ. കൊല്ലം

ഇങ്ങനെ സംഭവിക്കാനുണ്ടായ കാരണങ്ങളെക്കുറിച്ചാണ് ആദ്യം ആലോചിക്കേണ്ടത്. മറ്റൊരു സംസ്ക്കാരത്തിലും സാഹചര്യത്തിലും പഠിച്ചു വളരുന്ന ഒരു കുട്ടി. അവിടുത്തെ സ്കൂളിലെ സാഹചര്യം, കൂടെ പഠിക്കുന്ന കുട്ടികളുടെ പ്രത്യേകത, വസ്ത്രധാരണ രീതികൾ, ഭാഷാരീതികൾ, അധ്യാപകരുടെ ഇടപെടലുകൾ, പഠിക്കുന്ന ശൈലി....ഇവയിലെല്ലാം തീർത്തും വ്യത്യസ്തമായ അനുഭവമാണ് ഇപ്പോൾ കുട്ടിക്ക് കിട്ടിക്കൊണ്ടിരുന്നത്. വിദേശ നഗരത്തിലെ ആധുനിക സൗകര്യങ്ങൾ ശീലമാക്കിയ കുട്ടിക്ക് നാട്ടിൻപുറത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ കഴിഞ്ഞെന്നു വരില്ല. ഇവിടുത്തെ സംസ്കാരം, സൗകര്യങ്ങൾ, ആശയവിനിമയ സ്വഭാവം, പഠനരീതി....എല്ലാം വ്യത്യസ്തമായിരിക്കും. ഇതൊന്നും ഒരു പക്ഷേ, മറ്റുള്ളവർ മനസ്സിലാക്കണമെന്നില്ല. കുട്ടിയെ ഇതിന്റെ പേരിൽ മാനസികമായി സമ്മർദ്ദത്തിലാക്കുകയും മറ്റു കുട്ടികളുമായി താരതമ്യപ്പെടുത്തുകയും ചെയ്തിരിക്കാം.

ചിലപ്പോൾ സാഹചര്യങ്ങൾ മാറിയത് കൊണ്ടു മാത്രമാവില്ല കുട്ടിയുടെ ഈ മാറ്റം. അറ്റൻഷൻ ഡെഫിസിറ്റ് ഡിസോർഡർ, അഥവാ ഏകാഗ്രത കുറവുള്ള അവസ്ഥ ഉണ്ടോ എന്നു കൂടി പരിശോധിക്കാം. ചെറിയ ക്ലാസ്സുകളിൽ കുറച്ചു മാത്രം പഠിക്കേണ്ടിയിരുന്ന സമയത്തു ഈ ഏകാഗ്രതക്കുറവ് അത്ര വലിയ ബുദ്ധിമുട്ടായി തോന്നാറില്ല. പ്രശ്നം ഗുരുതരമാകുന്നത് ഹൈസ്കൂൾ തലത്തിൽ എത്തുമ്പോഴാണ്. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റാത്തതുകൊണ്ടായിരിക്കും പരാതികൾ പറയുന്നത്.

അതുപോലെ മാതാപിതാക്കൾ തമ്മിലുള്ള പ്രശ്നങ്ങളും പെട്ടെന്ന് അച്ഛനുമായി അകലേണ്ടി വന്നതും കുട്ടിയുടെ മനസ്സിനെ നെഗറ്റീവ് ആയി സ്വാധീനിച്ചിട്ടുണ്ടാകാം. കാരണങ്ങൾ കൃത്യമായി ചോദിച്ചു മനസ്സിലാക്കി വേണം പരിഹാരം കാണാൻ.

എന്റെ മകൾ ആറാം ക്ലാസിലാണ് പഠിക്കുന്നത്. ആർത്തവം തുടങ്ങിയതിന് ശേഷം അവൾ ആകെ മാറിപ്പോയി. മുതിർന്ന ഒരാൾ എന്ന നിലയിലാണ് പെരുമാറ്റം. കളി ചിരിയൊക്കെ മാറ്റി വീട്ടിലും പുറത്തും വലിയ കാര്യങ്ങൾ മാത്രം സംസാരിക്കുന്നു. പ്രശ്നങ്ങളിലൊക്കെ ക്ഷണിക്കാതെ തന്നെ അഭിപ്രായങ്ങളുമായി എത്തുന്നു. അവളുടെ ഈ സ്വഭാവമാറ്റം അയൽക്കാർ പോലും ശ്രദ്ധിച്ചു തുടങ്ങി.

എസ്. എസ്, തിരുവനന്തപുരം

ആർത്തവം വന്നതിനു ശേഷം കുട്ടിയോട് അമ്മയോ വല്യമ്മമാരോ ഒക്കെ പുതിയ അറിവുകൾ പകർന്നു കൊടുക്കാൻ ശ്രമിക്കാറുണ്ട്. വലിയ കുട്ടിയായി, ഇനി പഴയതു പോലെയൊന്നുമല്ല വളരെ ശ്രദ്ധിക്കണം, ആൺകുട്ടികളുടെ കൂടെയൊന്നും കളിക്കരുത്, ഓടി കളിക്കരുത്, അല്ലെങ്കിൽ മറ്റു വീടുകളിൽ പോകുമ്പോൾ പറഞ്ഞിട്ടു പോയാൽ മതി...ഇങ്ങനെ പല രീതിയിലുള്ള ഉപദേശങ്ങളും താക്കീതുകളും നിർദേശങ്ങളുമെല്ലാം കുട്ടിക്ക് മുതിർന്നവർ കൊടുക്കും. കുട്ടിയുടെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ആകുലതകൾ മൂലം പറഞ്ഞു കൊടുക്കുന്ന കാര്യങ്ങളാണ് ഇവ.

ശാരീരികമായി തനിക്കു സംഭവിച്ചിരിക്കുന്ന മാറ്റത്തെ കുട്ടി എങ്ങനെ നോക്കിക്കാണുന്നു എന്നു മനസ്സിലാക്കാൻ ശ്രമിച്ചിട്ടുണ്ടാവില്ല. എന്തോ വലിയ മാറ്റം തനിക്കു സംഭവിച്ചു എന്നും ഞാൻ ചേച്ചിമാരെ പോലെ വല്യ കുട്ടിയായി എന്നുമൊക്കെയുള്ള ധാരണ കുട്ടിയുടെ മനസ്സിൽ രൂപപ്പെടാം.

ഏതു തെറ്റായ പെരുമാറ്റത്തിന്റെ പിന്നിലും തെറ്റായ ചിന്താഗതിയും തെറ്റായ ധാരണയും ഉണ്ടാകും. ഇവിടെ പെൺകുട്ടിയിൽ ഉണ്ടായിരിക്കുന്ന സ്വാഭാവികമാറ്റം മാത്രമാണ് ആർത്തവം എന്ന് കുട്ടിയെ പറഞ്ഞു മനസ്സിലാക്കി കൊടുക്കുകയാണ് വേണ്ടത്. അമ്മ തന്നെയാണ് ഇത് ചെയ്യേണ്ടതെന്നും ഓർക്കുക.