Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മകളെ എങ്ങനെ തിരുത്തും?

Girl Playing അതുവരെയും ബാല്യാവസ്ഥയിലായിരുന്ന കുട്ടി ആർത്തവാരംഭത്തോടെ മുതിർന്ന കുട്ടിയാകുകയാണ്.

ഏഴിൽ പഠിക്കുന്ന മകൾ മുതിർന്ന പെൺകുട്ടികളെ പോലെ വസ്ത്രം ധരിക്കാൻ വിസമ്മതിക്കുന്നു. ഷോർട്സും ബർമുഡയുമിട്ടാണ് ക്രിക്കറ്റ് കളിക്കാനും മറ്റും പോകുന്നത്. ആൺകുട്ടി കളെപ്പോലെ കെട്ടിമറിയുന്നതു കാണാം. മകളുടെ ഈ രീതി കൾ ഭയമുണ്ടാക്കുന്നു. എങ്ങനെയാണ് നിയന്ത്രിക്കേണ്ടത്?

എസ്. കെ. കോഴിക്കോട്

പന്ത്രണ്ട് വയസ്സാകുന്നതോടെ പെൺകുട്ടികളിൽ ശാരീരിക വളർച്ച ആരംഭിക്കും. അതുവരെയും ബാല്യാവസ്ഥയിലായിരുന്ന കുട്ടി ആർത്തവാരംഭത്തോടെ മുതിർന്ന കുട്ടിയാകുകയാണ്. ശാരീരികമായി മുതിരുകയും മാനസികമായി ശൈശവത്തിൽ തുടരുകയും ചെയ്യുന്നതിലാകണം മാറ്റത്തെ ഉൾക്കൊളളാൻ മടിക്കുന്നത്.

കൗമാരം ശരീരത്തിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് പൊസിറ്റീവായി വേണം മകളോട് പറയാൻ. പേടിപ്പിക്കുന്ന അറിവുകളും സ്വാതന്ത്ര്യം നഷ്ടപ്പെടുമെന്ന ചിന്തയും പകർന്നു നൽകരുത്. നന്നായി വസ്ത്രം ധരിക്കുന്ന സമീപത്തെ പെൺകുട്ടികളെ കാണിച്ചും കൊടുക്കാം.

ശരീരവളർച്ചയെക്കുറിച്ചും ലൈംഗികതയെക്കുറിച്ചുമുളള പ്രാഥ മികപാഠങ്ങൾ പറഞ്ഞു കൊടുക്കേണ്ടത് ഈ സമയത്താണ്. ആൺകുട്ടികളുടെ കൂടെ ശാരീരികമായി അടുത്തിടപഴകുന്ന കളികൾ മൂലം ചൂഷണം ചെയ്യപ്പെടാൻ ഇടയുണ്ട്. ചുറ്റുമുളളവരെല്ലാം മോശക്കാരാണ് എന്ന അർഥത്തിലല്ല, പകരം സ്വയം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് മകളോട് പറയേണ്ടത്.

സമീപത്തെ മുതിർന്ന പെൺകുട്ടികളുമായി കളിക്കാൻ അവളെ പ്രേരിപ്പിക്കാം. കുട്ടിക്ക് സ്പോർട്സിനോട് താൽപര്യമുണ്ടെങ്കിൽ അതു തടയരുത്. പരിശീലനം ചെയ്യാൻ അനുയോജ്യമായ, സുരക്ഷിതമായ സാഹചര്യങ്ങൾ ഒരുക്കണം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ശാരീരികമായ കാര്യക്ഷമത രണ്ടു തരത്തിലാണ്. സ്പോർട്സിലാണെങ്കിലും മത്സരങ്ങൾ നടത്തുന്നതും വെവ്വേറെയാണ്. അതുകൊണ്ട് ഒരുമിച്ചു കളിക്കുന്നത് സ്പോർട്സ് പരിശീലനത്തിന് ഗുണകരമല്ല എന്നു പറയാം. മാനസികമായി തിരിച്ചറിവും പക്വതയും വരുന്നതു വരെ മകളെ നിരീക്ഷിക്കുകയും തിരുത്തുകയും വേണം.

എട്ടു വയസ്സുളള മകൻ കടലാസ് കത്തിച്ച് സിഗരറ്റാണ് എന്നു പറഞ്ഞ് വലിക്കുന്നു. പെപ്സിയിലും മറ്റും ഐസിട്ട് ചിയേഴ്സ് പറഞ്ഞാണ് കുടിക്കുക. ചോദിച്ചാൽ മദ്യപിക്കുകയാണ് എന്ന് പറയും. ഭാവിയിൽ അത്തരം ആസക്തികളിലേക്ക് മകൻ വീണു പോകുമോ?

എ.എൻ. മട്ടാഞ്ചേരി

ഇമിറ്റേഷനൽ അല്ലെങ്കിൽ ഒബ്സർവേഷനൽ ലേണിങ് ആണ് കുട്ടി ഇവിടെ ചെയ്തത്. മാധ്യമങ്ങളിലൂടെയോ, നേരിട്ടോ കുട്ടി കാണുകയോ, കേൾക്കുകയോ ചെയ്ത കാര്യങ്ങളുടെ അനുക രണം മാത്രമാണ് സംഭവിച്ചത്. അനുകരണത്തിലൂടെയുളള പഠനത്തിലൂടെ പല കാര്യങ്ങളും നാം സ്വായത്തമാക്കാറുണ്ട്. ഇഷ്ടപ്പെട്ട അധ്യാപകരുടെ ഭാഷാശൈലി മുതൽ സിനിമാതാരത്തിന്റെ വസ്ത്രധാരണം വരെ ഇതിനുദാഹരണമാണ്. കുട്ടികളിൽ അനുകരിക്കാനുളള പ്രവണത കൂടുതലായിരിക്കും. പക്ഷേ, ഈ അനുകരണപ്രവണത സ്ഥായിയായി നിൽക്കുന്ന ഒന്നല്ല.

എന്നാൽ, കുട്ടികളിലും മറ്റും ഉയർന്ന തോതിൽ ലഹരി ഉപയോഗം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ കുട്ടിയെ ശക്തമായി നിരുത്സാഹപ്പെടുത്തുകയും വേണം. വീട്ടിൽ ആരെങ്കിലും മദ്യപിക്കുന്നവരാണെങ്കിൽ കുറഞ്ഞ പക്ഷം കുട്ടിയുടെ മുന്നിലെങ്കിലും അവർ ആ ശീലം ഉപേക്ഷിക്കേണ്ടതാണ്. ശരി, തെറ്റ് എന്നിവ കാര്യകാരണ സഹിതം കുട്ടിയെ പറഞ്ഞ് ബോധ്യപ്പെടുത്തണം.

മുതിർന്നവരുടെ ശീലങ്ങളെ ന്യായീകരിക്കേണ്ട. മദ്യപിക്കുകയോ, പുകവലിക്കുകയോ ചെയ്യുന്നവരെ അടച്ചാക്ഷേപിക്കുകയും വേണ്ട. ഓരോരുത്തർക്കും ദൗർബല്യങ്ങളും നന്മകളും ഉണ്ടെന്ന് പറയാം. മദ്യപിക്കുന്ന അച്ഛൻ ഒരു പക്ഷേ, നല്ല ആത്മാർഥതയുളള ആളും മികച്ച കാര്യനിർവഹണശേഷിയുമുളള ആളുമായിരിക്കാം.

ഓരോരുത്തരിലും ഗുണങ്ങളും ദോഷങ്ങളുമുണ്ടെന്നും ദോഷങ്ങളെയല്ല, നല്ല വശങ്ങളെയാണ് അനുകരിക്കേണ്ടത് എന്നുമാണ് പറഞ്ഞു കൊടുക്കേണ്ടത്. 

Your Rating: