Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എത്രയും പ്രിയപ്പെട്ട അമ്മായിയമ്മയ്ക്ക്

Representative Image ഞാൻ അമ്മയിൽ നിന്നും പ്രതീക്ഷിക്കുന്ന കുഞ്ഞു കുഞ്ഞു കാര്യങ്ങൾ ഓർമപ്പെടുത്തുവാൻ മാത്രമാണ് ഈ കത്ത്.

ഞാൻ അനുഭവിക്കുന്ന ആകുലതകളും ഉത്കണ്ഠയുമെല്ലാം അമ്മയോട് പങ്കുവെയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എൻെറ അമ്മയെപ്പോലെ തന്നെ അമ്മയെയും ഞാൻ സ്നേഹിക്കുന്നുണ്ട്. അമ്മയ്്ക്കുവേണ്ട കരുതലും പരിഗണനയും തരുന്നുണ്ട്. അമ്മ അത് സമ്മതിച്ചു തരുമെന്നുള്ള കാര്യത്തിൽ എനിക്ക് സംശയമുണ്ട്. എന്നാൽ ഒരിക്കലെങ്കിലും സ്വന്തം മകളെപ്പോലെ എന്നെ പരിഗണിക്കാൻ അമ്മയ്ക്ക് കഴിഞ്ഞിട്ടുണ്ടോ? അമ്മയെ കുറ്റപ്പെടുത്തുകയല്ല എൻെറ ഉദ്ദേശം മറിച്ച് ഞാൻ അമ്മയിൽ നിന്നും പ്രതീക്ഷിക്കുന്ന കുഞ്ഞു കുഞ്ഞു കാര്യങ്ങൾ ഓർമപ്പെടുത്തുവാൻ മാത്രമാണ് ഈ കത്ത്.

ഇവിടെ ഇങ്ങനെ ജീവിക്കുമ്പോള്‍ എനിക്ക് എന്‍റെ അമ്മയെ ഇത്രമേല്‍ മിസ് ചെയ്യുന്നത് എന്തുകൊണ്ടാണെന്നറിയാമോ?

ഞാന്‍ പറയാം .

1. ഞായറാഴ്ചകളിൽ വൈകിയെഴുന്നേല്‍ക്കുമ്പോള്‍ ഇവിടെ അമ്മയുടെ മുഖം കറുക്കാറുണ്ട്. ചിലപ്പോഴൊക്കെ അതിൻെറ പേരിൽ അമ്മ എന്നെ ശകാരിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ എൻെറ സ്വന്തം വീട്ടിലായിരിക്കുമ്പോൾ എത്ര വൈകി എഴുന്നേറ്റാലും എന്നെ സ്വീകരിക്കുന്നത് അമ്മയുടെ പുഞ്ചിരിക്കുന്ന മുഖമായിരിക്കും. നിനക്ക് ഉറക്കം മതിയായില്ലെങ്കിൽ കിടന്നോളൂ എല്ലാ ദിവസവും ജോലിക്കു പോവാൻ നേരത്തെ ഉണരുന്നതല്ലേ അതുകൊണ്ട് ആകെക്കിട്ടുന്ന അവധിദിവസം ക്ഷീണംമാറും വരെ ഉറങ്ങിക്കോളൂ എന്ന് നിർബന്ധിക്കും. വാത്സല്യത്തോടെ തഴുകും. ഇതൊക്കെ പറഞ്ഞത് അമ്മയെ കുറ്റപ്പെടുത്താനല്ല. ഒരു പക്ഷെ അമ്മ വീട്ടമ്മയായതുകൊണ്ടാവാം ജോലിത്തിരക്കും അതുമായി ബന്ധപ്പെട്ട മാനസിക സമ്മർദ്ദങ്ങളും അമ്മയ്ക്ക് മനസിലാവാത്തത്. എൻെറ അമ്മയ്ക്ക് ജോലിയുണ്ടായിരുന്നതുകൊണ്ടാവാം കുറച്ചുകൂടെ നയപരമായി പെരുമാറാൻ അമ്മയ്ക്ക് സാധിക്കുന്നതും.

2. ഇവിടെ അമ്മ സ്വന്തം മകനെയും മകളെയും സ്‌നേഹിക്കുന്നു. നിങ്ങള്‍ അവരോടൊപ്പം ചിരിച്ച് ഉല്ലസിക്കുമ്പോള്‍ മാറി നിന്ന് ഞാന്‍ എന്‍റെ അമ്മയെ ഓര്‍ത്തു പോവും. എന്നെ അന്യയായി കാണാതെ നിങ്ങളിൽ ഒരുവളായി കണ്ടൂടേ?. നിങ്ങളുടെ സന്തോഷങ്ങളിൽ എന്നെയും പങ്കാളിയാക്കാൻ അമ്മയ്ക്കു കഴിയില്ലേ... സ്വന്തം വീട്ടിൽ നിന്നും കിട്ടിയ അത്രയും സ്നേഹവും പരിഗണനയും ഒന്നും അമ്മയിൽ നിന്നും ഞാൻ പ്രതീക്ഷിക്കുന്നില്ല. എങ്കിലും വല്ലപ്പോഴുമെങ്കിലും സ്നേഹം പ്രകടിപ്പിച്ചുകൂടെ.

Representative Image ഇവിടെ ഇങ്ങനെ ജീവിക്കുമ്പോള്‍ എനിക്ക് എന്‍റെ അമ്മയെ ഇത്രമേല്‍ മിസ് ചെയ്യുന്നത് എന്തുകൊണ്ടാണെന്നറിയാമോ?

3. അമ്മയും മകനും മകളും കൂടി സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ ഇടയ്ക്ക് അറിയാതെയെങ്ങാനും കയറി വന്നു പോയാല്‍ പെട്ടെന്ന് നിങ്ങള്‍ സംസാരം നിര്‍ത്തുന്നു. എനിക്കത് വളരെയധികം സങ്കടകരമായി തോന്നുന്നു. വീട്ടില്‍ ഞാനും അമ്മയും എല്ലാ കാര്യങ്ങളും പരസ്പരം തുറന്നു പറയുന്ന നല്ല കൂട്ടുകാരായിരുന്നു. എന്നെ വെറുമൊരു അന്യയായി കാണുന്നതുകൊണ്ടല്ലേ ഇങ്ങനെ പെരുമാറുന്നത്. ഒരു കുടുംബത്തിൽ കഴിയുന്ന നമ്മൾ തമ്മിൽ രഹസ്യങ്ങൾ പാടുണ്ടോ? അമ്മയുടെ മകളായി എന്നെയും കരുതിയാൽ ഈ മാറ്റി നിർത്തൽ ഒഴിവാക്കാവുന്നതല്ലേ?

4. വൈകുന്നേരമാകുമ്പോള്‍ ഓഫീസില്‍ നിന്നും ക്ഷീണിച്ച് ഞാനും ഭര്‍ത്താവും വരുമ്പോള്‍ അദ്ദേഹത്തിനു മാത്രം ഊഷ്മളമായ സ്വീകരണം ലഭിക്കുന്നു. ചായയോ കാപ്പിയോ അങ്ങനെ മകന് ഇഷ്ടമുള്ള പാനീയം കൊണ്ടുവന്ന് അദ്ദേഹത്തിനു മാത്രം നല്‍കുന്നു. ജോലി കഴിഞ്ഞ് തളർന്നാണ് ഞങ്ങളിരുവരും വരുന്നത്. മകനായതുകൊണ്ട് അദ്ദേഹത്തിന് സ്വീകരണവും മരുമകളായതുകൊണ്ട് എനിക്ക് തിരസ്കരണവും ലഭിക്കുന്നു. ക്ഷീണിച്ചു വരുന്ന ഒരാൾക്ക് ഭക്ഷണമോ വെള്ളമോ നൽകുന്നതിൽ കുറവു വിചാരിക്കേണ്ട കാര്യമുണ്ടോ?
മരുമകൾക്ക് ഒരു നേരം ആഹാരമോ ഭക്ഷണമോ കൊടുക്കുന്നത് കുറച്ചിലായി അമ്മയ്ക്ക് തോന്നാറുണ്ടോ? ഇങ്ങനെ അമ്മ എന്നെ അവഗണിക്കുന്ന സന്ദർഭങ്ങളിലൊക്കെ എനിക്ക് സ്വന്തം അമ്മയെ ഓർമ വരും. എന്തു കരുതലോടെയാണ് അമ്മ എൻെറ ഓരോ ചെറിയ ആവശ്യങ്ങളും സന്തോഷത്തോടെ ചെയ്തു തന്നിരുന്നത്.

Representative Image ഒരു പക്ഷെ അമ്മ വീട്ടമ്മയായതുകൊണ്ടാവാം ജോലിത്തിരക്കും അതുമായി ബന്ധപ്പെട്ട മാനസിക സമ്മർദ്ദങ്ങളും അമ്മയ്ക്ക് മനസിലാവാത്തത്.

5.ഞാന്‍ എന്തെങ്കിലും തെറ്റ് ചെയ്യുമ്പോള്‍ അമ്മ മകനോട് എന്നെക്കുറിച്ച് പരാതികള്‍ പറയുന്നു. വീട്ടിലും അമ്മ എന്നെ വഴക്ക് പറയാറുണ്ട്; പക്ഷേ, മൂന്നാമതൊരാളെ അതില്‍ ഒരിക്കലും ആവശ്യമില്ലാതെ ഉള്‍പ്പെടുത്താറില്ല. അതുകൊണ്ട് അമ്മയോടു പറയാനുള്ളത് ഇത്രമാത്രമാണ്. അമ്മയ്ക്ക് എന്നെക്കുറിച്ച് എന്തെങ്കിലും പരാതിയോ പരിഭവങ്ങളോ ഉണ്ടെങ്കിൽ അത് നേരിട്ട് എന്നോടു തന്നെ പറയുക. മറ്റൊരാളിൽ നിന്നു കേൾക്കുന്നതിലും പ്രിയം അമ്മ നേരിട്ട് പറയുന്നതു കേൾക്കാനാണ്. പരസ്പരം ശരിയായ രീതിയിൽ ആശയവിനിമയമുണ്ടെങ്കിലേ ബന്ധങ്ങൾ ഊഷ്മളമായി മുന്നോട്ടു കൊണ്ടുപോകാനാവൂ...

എനിക്കെന്‍റെ അമ്മയെ എപ്പോഴും മിസ് ചെയ്തു കൊണ്ടിരിക്കുന്നു . കാര്യങ്ങള്‍ ഇങ്ങനെയൊക്കെ മാറിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

Representative Image അമ്മയുടെ മകളായി എന്നെയും കരുതിയാൽ ഈ മാറ്റി നിർത്തൽ ഒഴിവാക്കാവുന്നതല്ലേ?

1. മരുമകളായി മാറ്റി നിർത്താതെ അമ്മയുടെ സന്തോഷങ്ങളില്‍ എന്നെക്കൂടി പങ്കാളിയാക്കുക
2. മകനെയും എന്നെയും തുല്യ അളവില്‍ പരിഗണിച്ചാല്‍ അതിലേറെ സന്തോഷം വേറെയില്ല.
3. ഇടയ്‌ക്കൊക്കെ എന്നോട് സൗഹൃദത്തോടെ സംസാരിക്കുക.
4. ആഴ്ചയില്‍ മുഴുവന്‍ ദിവസവും ജോലി ചെയ്ത് ക്ഷീണിക്കുന്ന എനിക്ക് ഞായറാഴ്ചകളിൽ മാത്രമാണ് കുറച്ചു നേരം ഉറങ്ങാന്‍ പറ്റുന്നത്. അപ്പോള്‍ എന്നെ ഒരു മണിക്കൂര്‍ കൂടി കൂടുതല്‍ നേരം ഉറങ്ങാന്‍ ദയവായി അനുവദിക്കുക. ഞാനും ഇവിടെ മകള്‍ തന്നെയല്ലേ ?
5. ഭര്‍ത്താവ് എന്‍റെ കൂടെ കൂടുതല്‍ സമയം ചെലവഴിക്കണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അതിനായി ഞങ്ങളെ സന്തോഷപൂര്‍വ്വം അനുവദിക്കുക

പ്രിയപ്പെട്ട അമ്മായി അമ്മേ ,

Representative Image കാര്യങ്ങള്‍ ഇങ്ങനെയൊക്കെ മാറിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ മാറുമെങ്കില്‍ ഞാനെന്‍റെ അമ്മയെ എന്തിനു മിസ് ചെയ്യണം ?ഞാനും ഇവിടെ മകള്‍ തന്നെയായി മാറുമല്ലോ അപ്പോള്‍. എനിക്ക് ഒരു അമ്മയുടെ സ്‌നേഹവും കരുതലും എപ്പോഴും ഒപ്പം വേണം.

ഇനി മുതലെങ്കിലും അമ്മയ്ക്ക് എന്നെ സ്വന്തം മകളായി കണ്ടു സ്‌നേഹിച്ചു കൂടെ ?