Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'പെൺകുട്ടി ആയതിനാൽ എനിക്കു പേടിയാണ്' മുഖ്യമന്ത്രിക്ക് ഏഴാംക്ലാസുകാരിയുടെ തുറന്ന കത്ത്

ananthara അനന്തര, പിണറായി വിജയൻ

കിലുക്കം നിലച്ച വെള്ളിക്കൊലുസുകൾ പോലെ നിശ്ശബ്ദമാണ് ഇന്ന് ചെറിയ പെൺകുട്ടികളുടെ ജീവിതം. കുട്ടികൾക്കെതിരെയുള്ള ലൈംഗിക പീഡനവാർത്തകൾ കണ്ടും കേട്ടും ഭയന്നുവിറച്ചാണ് അവർ ഓരോ രാവും പുലരുന്നത്. കൊല്ലപ്പെട്ട പെൺകുട്ടികളിൽ പലരും സമപ്രായക്കാരാവുമ്പോൾ ഉറക്കംപോലും നഷ്ടപ്പെടുന്ന അവസ്ഥയിലേക്കാണ് പെൺകുഞ്ഞുങ്ങളുടെ പോക്ക്.

ചിലപ്പോൾ ഉറക്കം കൺപോളകളെ ഒന്നുതലോടുന്ന നിമിഷം കൂട്ടുകാരികളുടെ ചേതനയറ്റ ശരീരങ്ങൾ തൂങ്ങിയാടുന്നതുകണ്ട് അവർ ഞെട്ടിയുണരുന്നു.

പ്രതിസ്ഥാനത്തു നിൽക്കുന്നവർ വിശ്വസ്തരും കുടുംബക്കാരും അയൽക്കാരുമൊക്കെയാവുമ്പോൾ ആരെ വിശ്വസിക്കണമെന്ന റിയാതെ പകച്ചുപോകുന്ന ബാല്യങ്ങൾ. ഒരു കഷ്ണം ചോക്ലേറ്റിലോ മധുരപലഹാരങ്ങളിലോ പെൺകുഞ്ഞിന്റെ നിഷ്കളങ്കതയെ ചൂഷണം ചെയ്യുന്നവർ. അതിനു വഴങ്ങാത്തവരെ ഭീഷണിപ്പെടുത്തി ഉപദ്രവിക്കുന്നവർ. ക്രൂരകൃത്യങ്ങൾ അടിച്ചേൽപ്പിക്കുന്നത് ഒരുകാലത്തു പ്രാണനെപ്പോലെ സ്നേഹിച്ചവർ കൂടിയാകുമ്പോൾ ഉണ്ടാകുന്ന അമിതമായ മാനസീക സമ്മർദ്ദം.

കുറ്റവാളിയെക്കുറിച്ച് ഉറക്കെ തുറന്നു പറഞ്ഞാൽ ഒറ്റപ്പെട്ടു പോകുമോ എന്ന ഭയം. ജീവനെ ജീവിതത്തിന്റെയും മരണത്തിന്റെയും തുലാസിൽ അളന്നു നോക്കുമ്പോൾ ചിലർ മരണമാണു ഭേദമെന്നു തിരിച്ചറിഞ്ഞ് സ്വയമൊടുങ്ങുന്നു. മറ്റുചിലരെ അവരെ ഉപയോഗിച്ചവർ തന്നെ മരണത്തിലേക്കു വലിച്ചെറിയുന്നു.

അടുത്ത കാലത്തു പെൺകുഞ്ഞുങ്ങൾക്കെതിരെ വർധിച്ചു വരുന്ന ലൈംഗീക പീഡനത്തെക്കുറിച്ച് ആശങ്കപൂണ്ട്. മുഖ്യമന്ത്രിക്ക് കത്തെഴുതിയിരിക്കുകയാണ് ഒരു ഏഴാംക്ലാസുകാരി. അനന്തര എന്ന പെൺകുട്ടി മുഖ്യമന്ത്രിക്കെഴുതിയ കത്ത് വായിക്കാം... 

ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക്,

എന്‍റെ പേര് അനന്തര. ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുന്നു. ഞാന്‍ ഈ കത്ത് എഴുതാനുള്ള കാരണം ഈയിടെയായി നമ്മുടെ സമൂഹത്തില്‍ ഉണ്ടായ ചില മാറ്റങ്ങളാണ്. എന്നെ പോലുള്ള പെൺകുട്ടികള്‍ ഈ സമൂഹത്തില്‍ ഇപ്പോള്‍ തീരെയും സുരക്ഷിതരല്ല അതിന്‍റെ കാരണവും അങ്ങയ്ക്ക് തന്നെ അറിയാമല്ലോ.

ഓരോ ദിവസവും വാർത്ത വായിക്കുമ്പോഴും കാണുമ്പോഴും പുതിയ പുതിയ പീഡന കേസുകളാണ് കാണുന്നത്. ഈ കൂട്ടത്തില്‍ എന്നെ ഏറ്റവും വിഷമിപ്പിച്ച കേസുകളില്‍ ഒന്നാണ് വാളയാറിലെ കൃതികയ്ക്കും ശരണ്യയ്ക്കും സംഭവിച്ചത്. രണ്ടു കുഞ്ഞ് കുട്ടികളെ ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതുപോലെ എത്ര എത്ര പെണ്‍കുട്ടികള്‍ക്ക് ഇത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ടാകും. അതില്‍ ചിലത് പുറം ലോകം അറിയുന്നു. ചിലത് ആരുമറിയാതെ പോകുന്നു. പിഞ്ചു കുഞ്ഞുങ്ങളെപ്പോലും ആരും വെറുതെ വിടുന്നില്ല.

കുറച്ചു കാലം മുമ്പു വരെ എനിക്കു ഒരു പെണ്‍കുട്ടിയായതില്‍ വളരെ അഭിമാനം തോന്നിയിരുന്നു എന്നാല്‍ ഇപ്പോള്‍ എനിക്കു വളരെ പേടിയാണ്. സൈക്കിള്‍ ഓടിച്ചു സ്കൂളില്‍ പോകുക എന്നത് എന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നാണ്. എന്നാല്‍ ഇപ്പോള്‍ എനിക്കു പേടിയാണ്. എനിക്കു ഒറ്റയ്ക്ക് വെളിയില്‍ ഇറങ്ങാന്‍ വരെ പേടിയാണ്.

എന്‍റെ അമ്മയ്ക്കും നല്ല പേടിയുണ്ടെന്ന് എനിക്കറിയാം. ആ മരിച്ചു പോയ രണ്ടു പെണ്‍കുട്ടികളില്‍ മൂത്തയാള്‍ക്കും എനിക്കും ഒരേ പ്രായമാണ്. ഇതറിഞ്ഞപ്പോള്‍ എനിക്കു വളരെ സങ്കടം തോന്നി, കാരണം എന്നെപ്പോലെ അവള്‍ക്കും എത്രയെത്ര സ്വപ്നങ്ങളും ആഗ്രഹങ്ങളും ഉണ്ടാകും. എനിക്കു ഇപ്പോള്‍ പേടികാരണം ഉറങ്ങാനേ പറ്റുന്നില്ല. കണ്ണടച്ചാല്‍ കൃതികയുടെയും ശരണ്യയുടെയും ടി വിയില്‍ കണ്ട മുഖം എന്‍റെ മുന്നില്‍ തെളിയും. 

ഈ ലോകത്ത് ആരെയാണ് വിശ്വസിക്കുക ആരെയാണ് വിശ്വസിക്കേണ്ടാത്തത് എന്നു പോലും മനസിലാവുന്നില്ല. ഈയിടെ കുണ്ടറയില്‍ ഒരു പത്തുവയസ്സുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇപ്പോഴത്തെ വാര്‍ത്തകളില്‍ പറയുന്നത് അവളെ സ്വന്തം അപ്പൂപ്പനാണ് പീഡിപ്പിച്ചു കൊന്നതെന്ന്.

സ്വന്തം അപ്പൂപ്പന് എങ്ങനെയാണ് കൊച്ചു മകളെ ഉപദ്രവിക്കാന്‍ കഴിയുക. അതു കേട്ടപ്പോള്‍ എനിക്കുണ്ടായ ഞെട്ടല്‍ ഇപ്പോഴും മാറിയിട്ടില്ല. പക്ഷേ ഇപ്പോള്‍ ഞാന്‍ ആകെ ഒരു ചിന്താകുഴപ്പത്തി ലാണ് ആരെയാണ് വിശ്വസിക്കണ്ടതെന്ന് എനിക്കു അറിഞ്ഞുകൂടാ. എല്ലാവരെയും സംശയത്തോടെ, പേടിയോടെ നോക്കാനേ എനിക്കു പറ്റുന്നുള്ളൂ.

ഞാന്‍ റോഡില്‍ കൂടി നടക്കുമ്പോള്‍ എന്നെ ആരെങ്കിലും നോക്കിയാല്‍ പോലും എനിക്കു പേടി തോന്നും. പള്ളിയിലും അമ്പലത്തിലും മദ്രസയിലും സ്കൂളിലും വീട്ടിലും എല്ലാം കുട്ടികളെ പീഡിപ്പിക്കുന്ന വര്‍ത്തകളുടെ എണ്ണം ദിവസംതോറും കൂടി വരുന്നു. എന്നെയും ആരെങ്കിലും ഉപദ്രവിക്കുമോ എന്ന ചിന്തയാണ് എപ്പോഴും എന്‍റെ മനസ്സില്‍.

എന്‍റെ അമ്മയും അച്ഛനും വളരെ സ്വതന്ത്രമായി ചിന്തിക്കുന്ന ആളുകളാണ് എന്നാല്‍ ഈ കുറച്ചു കാലമായി ഒരു പേടി അവരുടെ ഉള്ളിലുമുണ്ടെന്ന് എനിക്കു മനസ്സിലാകുന്നുണ്ട്. കുട്ടികളെ ഉപദ്രവിക്കുന്നവര്‍ ആരായിരുന്നാലും അവര്‍ക്കു കടുത്ത ശിക്ഷ തന്നെ നല്കണം. ഇനി ഒരു കുട്ടിയും പീഡിപ്പിക്കപ്പെടരുതെന്നാണ് എന്‍റെ ആഗ്രഹം. ആരെയും പേടിക്കാതെ കുറെ സ്വപ്നങ്ങള്‍ കണ്ട് കുറെ പുസ്തകങ്ങള്‍ വായിച്ചും കളിച്ചും ചിരിച്ചും എനിക്കും മറ്റ് കുട്ടികള്‍ക്കും സന്തോഷത്തോടെ ഈ ഭൂമിയില്‍ ജീവിക്കണം.ബഹുമാനപ്പെട്ട മുഖ്യമന്ത്രി അതിനുള്ള അവസരം ഉണ്ടാക്കി തരുമെന്ന് ഞാന്‍ കരുതുന്നു.

അനന്തര എസ്