Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാർട്ടി വിടാൻ ഒരുക്കമല്ല , പോരാട്ടം തുടരും ; ബർക്കാസിങ്

barkha-singh ഡൽഹി മഹിളാ കോൺഗസ് നേതാവ് ബർഖാ സിങ്.

വനിതകളോടു വിവേചനവും മോശം പെരുമാറ്റവും ആരോപിച്ച മഹിളാ കോൺഗ്രസ് നേതാവിന് സസ്പെൻഷൻ. പുറത്താക്കിയാലും താൻ കോൺഗ്രസ് പാർട്ടി വിടില്ലെന്നും പാർട്ടിയിലുറച്ചുനിന്നുകൊണ്ട് പോരാട്ടം തുടരുമെന്നും വനിതാനേതാവ്.

രാഹുൽ ഗാന്ധിയും അജയ് മാക്കനും ഉൾപ്പെട്ട നേതാക്കൾക്കെതിരെയാണു ഡൽഹി മഹിളാ കോൺഗസ് നേതാവ് ബർഖാ സിങ്ങിന്റെ ആരോപണങ്ങൾ. വാർത്ത പുറത്തുവന്നയുടൻ ബർഖയെ നേതൃസ്ഥാനത്തുനിന്നു നീക്കം ചെയ്തതായി അഖിലേന്ത്യാ മഹിളാ കോൺഗ്രസ് പ്രസിഡന്റ് ശോഭ ഓജ അറിയിച്ചു. പക്ഷേ, താൻ പാർട്ടി വിടാൻ ഒരുക്കമല്ലെന്നു പറയുന്നു ബർഖ. കോൺഗ്രസിന്റെ വിശ്വസ്തയായ പോരാളിയായി തുടരുമെന്നും പറയുന്നു ബർഖ. തന്നെ പുറത്താക്കിയതു നിയമവിധേയമായിട്ടല്ലെന്നും നടപടിക്കെതിരെ പോരാടുമെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.

ബർഖയുടെ ആരോപണങ്ങൾ പ്രധാനമായും രാഹുൽ ഗാന്ധിക്കെതിരെയാണ്. പാർട്ടി നേതാക്കളെ കാണാൻ രാഹുൽ മടിക്കുന്നു. പാർട്ടിയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും അദ്ദേഹം ഒരുക്കമല്ല.രാഹുലിന്റെ ഈ സമീപനത്തിൽ മനംമടുത്ത് മുതിർന്ന പല നേതാക്കളും പാർട്ടി വിട്ടു. സംഘടനാ പ്രശ്നങ്ങൾ പരിഹരിക്കാൻ രാഹുൽ ഒരു താൽപര്യവും കാണിക്കുന്നില്ല. പ്രവർത്തകരുടെ പരാതികൾ കേൾക്കുന്നുമില്ല– ബർഖ പറയുന്നു.

ഡൽഹി കോൺഗ്രസ് പ്രസിഡന്റ് അജയ് മാക്കനെതിരെ ബർഖ ഉയർത്തുന്നതു കുറേക്കൂടി ഗൗരവമുള്ള ആരോപണങ്ങൾ. അദ്ദേഹത്തിന്റെ വീട്ടിൽചെന്ന തന്നോട് മാക്കൻ മോശമായി പെരുമാറി. മഹിളാ കോൺഗ്രസിന്റെ പല നേതാക്കളോടും അദ്ദേഹം അപമര്യാദയായാണ് പെരുമാറുന്നത്. ഈ പ്രശ്നങ്ങളെല്ലാം രാഹുൽ ഗാന്ധിയെ അറിയിച്ചെങ്കിലും ഒരു ഫലവുമുണ്ടായില്ല: ഡൽഹി കമ്മിഷൻ ഫോർ വിമൻ ചെയർപേഴ്സൻ സ്ഥാനം വഹിച്ചിട്ടുള്ള ബർഖ പറയുന്നു.

ബർഖയുടെ ആരോപണങ്ങൾ പാടേ തള്ളിക്കളയുകയാണു കോൺഗ്രസ്. ബർഖ വ്യക്തിവിദ്വേഷങ്ങൾ തീർക്കാൻ ഇപ്പോഴത്തെ അവസരം വിനിയോഗിക്കുകയാണെന്നാണ് പാർട്ടി വക്താവ് ഷർമിഷ്ഠ മുഖർജി പറയുന്നത്. മുനിസിപ്പൽ തിരഞ്ഞെടുപ്പ് അടുത്തെത്തി നിൽക്കെ പാർട്ടിയേയും പ്രവർത്തകരെയും ബർഖ വഞ്ചിച്ചെന്നും ഷർമ്മിഷ്ഠ കുറ്റപ്പെടുത്തുന്നു.