Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റെയിൽവേ ട്രാക്കിൽ മരിച്ചു കിടക്കുന്ന അമ്മയുടെ പാൽ കുടിക്കാൻ‍ ശ്രമിക്കുന്ന കുഞ്ഞ് ; കരളുപിളർക്കും ഈ ചിത്രം

tragic-moment അമ്മയുടെ മൃതദേഹത്തിനരുകിൽ കുഞ്ഞ്.

വിശന്നു കരഞ്ഞിട്ടും അമ്മ പാൽ തരാത്തത് എന്താണെന്ന ചിണുങ്ങലോടെ അവൻ അമ്മയുടെ നിശ്ചലമായ ശരീരത്തിലേക്ക് വലിഞ്ഞു കയറാൻ പാഴ്ശ്രമം നടത്തിക്കൊണ്ടിരിരുന്നു. കുലുക്കി വിളിച്ചാൽ അമ്മ ഉണരുമെന്ന ധാരണയോടെ അവൻ ഉറക്കെ കരഞ്ഞുകൊണ്ട് അമ്മയുടെ ശരീരത്തിൽ ഇഴഞ്ഞു നീങ്ങി. ട്രാക്കിൽ നിന്നും സ്ത്രീയുടെ മൃതദേഹം മാറ്റുവാൻ വന്ന പൊലീസ് ഉദ്യോഗസ്ഥരുടെ കണ്ണുകളെപ്പോലും ഈറനണിയിച്ചു അവിടെ നടന്ന കാഴ്ച.

കരൾ പിളർക്കുന്ന ഈ കാഴ്ച മൊബൈലിൽ പകർത്താൻ മിനക്കെട്ടവരും കുറവല്ല. മധ്യപ്രദേശിൽ നിന്ന് പകർത്തിയത് എന്നു കരുതപ്പെടുന്ന വിഡിയോയിലെ ദൃശ്യങ്ങൾ ആരുടെയും കരളലിയിക്കും. ഭോപ്പാലിൽ നിന്നും 250 കിലോമീറ്റർ അകലെ ദമോയിലാണ് തലയ്ക്കു മാരകമായി പരുക്കുപറ്റിയ നിലയിൽ മരിച്ചു കിടക്കുന്ന യുവതിയെയും അവർക്കരികിൽ വിശന്നു കരഞ്ഞുകൊണ്ട് അമ്മയുടെ മാറിൽ പാലിനായി തിരയുന്ന കുഞ്ഞിനെയും പൊലീസ് കണ്ടെത്തിയത്.

അമ്മയുടെ മൃതദേഹത്തിനു മുകളിലിരുന്ന് അലറിക്കരയുന്ന കുഞ്ഞിനെ എടുത്തുമാറ്റിയ ശേഷമാണ് പൊലീസ് ഉദ്യോഗസ്ഥർ മൃതദേഹം സർക്കാർ ആശുപത്രിയിലേക്കു കൊണ്ടുപോയത്. കുഞ്ഞിനെ ഒരു ചിൽഡ്രൻസ് ഹോമിലേക്ക് അയച്ച ശേഷം യുവതിയുടെയും കുഞ്ഞിന്റെയും ബന്ധുക്കളെ അന്വേഷിച്ചു കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം. യുവതിയുടെ മൃതദേഹത്തിനു സമീപത്തു നിന്നു കിട്ടിയ പഴ്സിൽ നിന്നും ഇതു സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ് ഉദ്യോഗസ്ഥർ.