Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നഴ്സറി മുതൽ പിച്ച്ഡി വരെ പെൺകുട്ടികൾക്കു സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കി പഞ്ചാബ് മാതൃകയാകുന്നു

student പ്രതീകാത്മക ചിത്രം.

കർഷക ആത്മഹത്യകൾ പല സംസ്ഥാനങ്ങളിലും നിന്നു റിപ്പോർട്ട് ചെയ്യുകയും കാർഷിക കടങ്ങൾ എഴുതിത്തള്ളണമെന്നു സംഘടനകൾ ആവശ്യപ്പെടുകയും ചെയ്തപ്പോൾ കോൺഗ്രസ് പാർട്ടി പഞ്ചാബിന്റെ മാതൃക കണ്ടുപഠിക്കാൻ എൻഡിഎ സർക്കാരുകളെ വെല്ലുവിളിച്ചിരുന്നു. പഞ്ചാബിൽ എന്താണു സംഭവിക്കുന്നതെന്നു നോക്കാൻ സംഭവം രാഷ്ട്രീയനിരീക്ഷകരെ പ്രേരിപ്പിച്ചു. കാർഷിക കടങ്ങളുടെ കാര്യം എന്താണെങ്കിലും ശരി ഒരു തിരഞ്ഞെടുപ്പ് വാഗ്ദാനം കൂടി സാക്ഷാത്കരിച്ച് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് മുന്നോട്ടുവന്നിരിക്കുന്നു. 

നഴ്സറി മുതൽ പിച്ച്ഡി വരെ പെൺകുട്ടികൾക്കു സൗജന്യ വിദ്യാഭ്യാസം എന്നതാണ് അമരീന്ദറിന്റെ പുതിയ പ്രഖ്യാപനം. അടുത്ത അധ്യയന വർഷം മുതൽ സർക്കാർ സ്കൂളുകളിൽ പാഠപുസ്തകങ്ങൾ സൗജന്യമായി വിതരണം ചെയ്യുമെന്നും തിങ്കളാഴ്ച മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പുസ്തകങ്ങൾ ഓൺലൈനായി ലഭ്യമാക്കാനും പദ്ധതിയുണ്ടത്രേ. അതോടെ കുട്ടികൾക്കു പാഠഭാഗങ്ങൾ ഡൗൺലോഡ് ചെയ്തും ഉപയോഗിക്കാം.

സർക്കാർ സ്കൂളുകളോടു ചേർന്ന് നഴ്സറി, എൽകെജി ക്ലാസുകൾ പുനരാരംഭിക്കാനും സർക്കാരിനു പദ്ധതിയുണ്ട്. ഈ മാറ്റങ്ങളൊക്കെ അടുത്ത അധ്യയന വർഷത്തിൽത്തന്നെ യാഥാർഥ്യമാക്കാനാണ് ക്യാപ്റ്റന്റെ ദൃഡനിശ്ചയം. സംസ്ഥാനത്തെ 13,000 പ്രഥമിക വിദ്യാലയങ്ങളിലും 48 സർക്കാർ കോളജുകളിലും സൗജന്യമായി വൈഫൈ സാധ്യമാക്കുമെന്നും കൂടി മുഖ്യമന്ത്രി പറഞ്ഞു. ഇതും കോൺഗ്രസിന്റെ ഒരു തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. 

സാക്ഷരതയിൽ രാജ്യത്തെ ശരാശരിക്കും മുകളിലാണു പഞ്ചാബ്. 2011 ലെ സെൻസസ് പ്രകാരം രാജ്യത്തെ സാക്ഷരത എഴുപത്തിമൂന്നു ശതമാനമാണെങ്കിൽ പഞ്ചാബിൽ അത് എഴുപത്താറു ശതമാനത്തോളം വരും. പുരുഷൻമാരിലെ സാക്ഷരത 80 ശതമാനത്തിനു മുകളിലും സ്ത്രീകളുടേത് 70 ശതമാനവും.