Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സല്യൂട്ട് ഈ ഓഫീസർക്ക് ; പ്ലാറ്റ്ഫോമിൽ പ്രസവവേദന കൊണ്ടു പുളഞ്ഞ യുവതിയുടെ പ്രസവമെടുത്ത് ആർപിഎഫ് കോൺസ്റ്റബിൾ

rpf-constable-with-baby ആർപിഎഫ് കോൺസ്റ്റബിൾ റെയിൽവേ സ്റ്റേഷനിൽ ജനിച്ച കുഞ്ഞിനൊപ്പം.

നവജാതശിശുവിനെ കൈയിൽപ്പിടിച്ചു നിൽക്കുന്ന ആർപിഎഫ് കോൺസ്റ്റബിളിന്റെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കപ്പെട്ടപ്പോൾ മുതൽ അഭിനന്ദന പ്രവാഹമാണ് ശോഭ എന്ന ആർ പി എഫ് കോൺസ്റ്റബിളിന്. ഇത് ആദ്യമായല്ല റെയിൽവേസ്റ്റേഷനിൽ വെച്ച് പ്രസവവേദന വന്ന യുവതിയുടെ പ്രസവം ശോഭയെടുത്തത്. സിഎസ്റ്റി ആയി പോസ്റ്റ് ചെയ്തപ്പോഴായിരുന്നു ആദ്യത്തെ സംഭവം.

മഹാരാഷ്ട്രയിലെ താനെ റെയിൽവേസ്റ്റേഷനിൽ വെച്ചാണ് 24 വയസ്സുകാരിയായ മീനാക്ഷി ജാദവിന് പ്രസവവേദനയാരംഭിച്ചത്. ഘാട്ടോഗോപൂരിലെ ആശുപത്രിയിലേക്കു പോകാൻ ഭർത്താവ് സന്ദേശ് ജാദവിനോടൊപ്പം പുറപ്പെട്ടതാണ് മീനാക്ഷി. എന്നാൽ ട്രെയിനിൽ കയറും മുമ്പ് മീനാക്ഷിയ്ക്ക് പ്രസവവേദനയാരംഭിച്ചു.

ഇതു കണ്ടു പരിഭ്രമിച്ച സന്ദേശ് സഹായത്തിനായി അലറിവിളിച്ചു കരഞ്ഞു. യുവതിയുടെയും ഭർത്താവിന്റെയും നിലവിളി കേട്ട് ഓടിയെത്തിയ ആർപിഎഫ് ഓഫീസർ ശോഭയും യാത്രക്കാരിയായ നഴ്സും ചേർന്ന് പ്ലാറ്റ്ഫോമിൽ താൽക്കാലികമായ ഒരു മറയുണ്ടാക്കി യുവതിക്ക് പ്രഥമ ശുശ്രൂഷ നൽകി.  അധികം വൈകാതെ യുവതി ഒരു ആൺകുഞ്ഞിന് ജന്മം നൽകി.

കുഞ്ഞിനെയുമെടുത്തു നിൽക്കുന്ന ശോഭയുടെ ചിത്രം സെൻട്രൽ റെയിൽവേസ്റ്റേഷൻ തങ്ങളുടെ ട്വിറ്റർ‍ പേജിൽ പങ്കുവെച്ചതിനെത്തുടർന്നാണ് ആർപിഎഫ് ഓഫീസർ ചെയ്ത നന്മയുടെ കഥ പുറംലോകമറിഞ്ഞത്.