Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒടുവിൽ ആ അമ്മ പറഞ്ഞു 'ഇനി എന്റെ കുഞ്ഞിനെ മരിക്കാൻ അനുവദിക്കാം'

charlie ചാർലി. ചിത്രത്തിന് കടപ്പാട് ഫെയ്സ്ബുക്ക്.

വെറുപ്പുകൊണ്ടല്ല. വിദ്വേഷം കൊണ്ടുമല്ല. അത്രമേൽ സ്നേഹിക്കയാൽ പ്രിയ ചാർലി, യാത്ര പറയുന്നു നിന്നോടു പ്രിയപ്പെട്ടവർ. ചാർലി ഗാർഡിനുവേണ്ടിയുള്ള നിയമയുദ്ധത്തിനു കോടതിമുറിയിൽ തിരശ്ശീല വീഴുന്നു. ഇനി വേണ്ട വാദപ്രതിവാദങ്ങൾ. സമയം വൈകിപ്പോയിരിക്കുന്നു. ഇനി ഒന്നും ചെയ്യാനില്ല. ലണ്ടനിലെ ആശുപത്രി അധികൃതരുമായി ചാർലിയുടെ മാതാപിതാക്കൾ ചർച്ച തുടങ്ങിക്കഴിഞ്ഞു: എത്രയും വേഗം, സമാധാനത്തോടെ എങ്ങനെ ചാർലിയെ യാത്രയാക്കാമെന്ന്. 

11 മാസം മാത്രം പ്രായമേയുള്ളൂ കൊച്ചു ചാർലിക്ക്. നിർഭാഗ്യവാനായ അവൻ ജനിച്ചുവീണതേ രോഗദുരിതങ്ങളിലേക്ക്. മസ്തിഷ്കത്തിനു നാശം സംഭവിച്ചിരുന്നു. മസിലുകൾ ദുർബലമാകുന്ന രോഗാവസ്ഥയുമുണ്ടായിരുന്നു. പരീക്ഷണ ചികിൽസയ്ക്കു വിധേയനായാൽ ഒരു പക്ഷേ ചാർലിക്കു രോഗമില്ലാതെ ജീവക്കാനായേക്കും. അതിന് അമേരിക്കയിൽ പോകണം.ലണ്ടനിലെ കോടതിയുടെ അനുമതിയും വേണം. കൊച്ചു ചാർലിയുടെ അച്ഛനമ്മമാർ, തങ്ങളുടെ കുരുന്നിനെ ജീവനേക്കാളേറെ സ്നേഹിക്കയാൽ നിയമനടപടിക്കു തുടക്കം കുറിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പിന്തുണച്ചു. പക്ഷേ വിധി ചാർലിക്കു കാത്തുവച്ചതു ജീവിതമല്ല; മരണം തന്നെ. 

അമേരിക്കയിൽ എത്തിച്ചു ചികിൽസ തുടർന്നാലും ചാർലി രക്ഷപ്പെടാൻ സാധ്യതയില്ലെന്ന് അഭിപ്രായപ്പെട്ടു കോടതി. ചികിൽസ നടക്കുന്ന ഓരോ നിമിഷവും സമ്മാനിക്കുന്നതു തീവ്രവേദന. ചിരിക്കാൻ ശ്രമിക്കേണ്ട പ്രായത്തിൽ നിർത്താതെ കരയുന്ന ചാർലിയെ എന്തിനു കൂടുതൽ വേദനിപ്പിക്കണം. ചാർലിക്ക് അമേരിക്കയിലേക്കു പോകാൻ അനുമതി നിഷേധിക്കപ്പെട്ടു.

അമ്മ കേണി യേറ്റ്സ് കേസ് ഫയൽ ചെയ്തു. വാദം തുടങ്ങി. പക്ഷേ നാടകീയമായി ഇപ്പോൾ ചാർലിയുടെ മാതാപിതാക്കൾ നിയമപ്പോരാട്ടം മതിയാക്കിയിരിക്കുന്നു. കേസ് പിൻവലിക്കുകയാണെന്ന് കോടതിയിൽ അവർക്കുവേണ്ടി ഹാജരായ വക്കീൽ പറഞ്ഞു. ഇനി ചികിൽസ കൊടുത്തതുകൊണ്ടും കാര്യമില്ല. കുഞ്ഞു ചാർലിക്കു രക്ഷപ്പെടാൻ യാതൊരു സാധ്യതയുമില്ല. മരുന്നിനോ ശസ്ത്രക്രിയക്കോപോലും രക്ഷപ്പെടുത്താനാവാത്ത അവസ്ഥയിലായിരിക്കുന്നു കുട്ടി. എത്രയും വേഗം ജീവിതം നിലനിർത്തുന്ന യന്ത്രങ്ങൾ മാറ്റി ചാർലിയെ യാത്രയാക്കാൻ ഹൃദയം പൊട്ടി പറയുന്നു അമ്മ കോണി യേറ്റ്സ്. 

ആദ്യഘട്ടത്തിൽതന്നെ വിദഗ്ധ ചികിൽസ ലഭിച്ചിരുന്നെങ്കിൽ ഒരുപക്ഷേ നേരിയ പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ നീണ്ടുപോയ നിയമ നടപടികൾ ആ സാധ്യതയും ഇല്ലാതാക്കി. ഇനി സാധാരണ ജീവിതം ചാർലിക്ക് ഒരിക്കലും ലഭിക്കില്ല. ഇനി അവശേഷിക്കുന്നതൊരു വാക്കു മാത്രം. യാത്രാമൊഴി. കോടതിയിൽ ചാർലിയുടെ കേസ് കേൾക്കുന്ന നിക്കോളാസ് ഫ്രാൻസിസിന്റെ വാക്കുകൾ അച്ഛനമ്മമാർക്കുള്ള ഏറ്റവും വലിയ പുരസ്കാരമാണ്: ഒരു കുട്ടിയുടെയും അച്ഛനമ്മമാർക്ക് ഇതിൽക്കൂടുതലൊന്നും ചെയ്യാനാവില്ല. 

രണ്ടു ദിവസം നീളുന്ന അവസാന വിചാരണയിൽ കേസ് കേൾക്കാനിരിക്കുകയായിരുന്നു ഫ്രാൻസിസ്. ചാർലിയെ അമേരിക്കയിലേക്കു കൊണ്ടുപോകണോ വേണ്ടയോ എന്നു വിധി പറയേണ്ടത് അദ്ദേഹമായിരുന്നു.പക്ഷേ അവസാന വിധി കേൾക്കുന്നതിനുമുമ്പു തന്നെ ചാർലിയെക്കുറിച്ചുള്ള നിർണായക തീരുമാനം കുട്ടിയുടെ ഏറ്റവും പ്രിയപ്പെട്ടവർ കൈക്കൊണ്ടു. 

വെന്റിലേറ്ററിന്റെ സഹായത്തോടെയാണു ചാർലി ജീവിക്കുന്നത്. തുടക്കത്തിലേ മെച്ചപ്പെട്ട ചികിൽസ ലഭിച്ചിരുന്നെങ്കിൽ പത്തുശതമാനം ചാൻസ് ഉണ്ടായിരുന്നു.പക്ഷേ വാതിലുകളെല്ലാം അടഞ്ഞിരിക്കുന്നു.നിത്യതയിലേക്കുള്ള ഒരു വാതിൽ മാത്രം തുറന്നിരിക്കുന്നു. പ്രിയ ചാർലി, സ്നേഹത്തോടെ യാത്രാമൊഴി !