Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലൈംഗിക പീഡനം തടയാൻ സ്മാർട്ട് സ്റ്റിക്കർ; കൂടുതൽ പ്രയോജനം കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും പ്രായമായവർക്കും

smart-sticker മനിഷ മോഹൻ. ചിത്രത്തിന് കടപ്പാട് യുട്യൂബ്.

'സമൂഹത്തെ ബാധിച്ചിരിക്കുന്ന ഗുരുതര രോഗമാണ് ലൈംഗികാതിക്രമം. അത് എത്രയും പെട്ടന്ന് ചികിത്സിച്ചു ഭേദമാക്കേണ്ടതുണ്ട്'. – ലൈംഗിക പീഡനം തടയാൻ സ്മാർട്ട് സ്റ്റിക്കർ എന്ന ഉപകരണം നിർമ്മിച്ച മനിഷമോഹൻ എന്ന ഗവേഷകയുടെ വാക്കുകളാണിവ. മാസച്യുസറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകരാണ് ലൈംഗികാതിക്രമം തടയാനുള്ള സ്മാർട്ട് സ്റ്റിക്കർ ലോകത്തിനു പരിചയപ്പെടുത്തിയത്.

ഈ ഉപകരണം ധരിക്കുന്ന ഏതെങ്കിലും വസ്ത്രത്തിൽ ധരിച്ച് ബ്ലൂടൂത്ത് വഴി സ്മാർട്ട്ഫോണിലെ ആപ്പുമായി ബന്ധിപ്പിക്കും. ആരെങ്കിലും വസ്ത്രങ്ങൾ ബലമായി ഊരിയെടുക്കാൻ ശ്രമിച്ചാലോ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചാലോ സ്റ്റിക്കറിലെ ചിപ്പിൽ നിന്ന് അപായസന്ദേശം സ്മാർട്ട്ഫോൺവഴി ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ നമ്പറുകളിലേക്ക് പോകും. ഫോൺകോളുകളായോ മെസേജുകളായോ ആണ് അപായസന്ദേശം കൈമാറപ്പെടുന്നത്.

ഈ സന്ദേശങ്ങൾ ലഭിച്ചാലുടൻ ജിപിഎസ് സംവിധാനത്തോടെ അപകടമുണ്ടായ സ്ഥലം മനസ്സിലാക്കാനും ഉടൻ രക്ഷാനടപടികൾ സ്വീകരിക്കാനും സാധിക്കും. ഈ സ്മാർട്ട് സ്റ്റിക്കറിന്റെ സൗകര്യം കൂടുതൽ പ്രയോജനപ്പെടുന്നത് കുട്ടികൾക്കും ഭിന്നശ്ശേഷിക്കാർക്കും വയസ്സായവർക്കുമൊക്കെയാണ്. കാരണം പീഡനം ചെറുക്കാൻതക്ക ശാരീരിക ക്ഷമത ഇവരിൽ പലർക്കുമുണ്ടാവാൻ ഇടയില്ല. ചിലരൊക്കെ പീഡനശ്രമുണ്ടാവുമ്പോൾ തന്നെ ബോധംകെട്ടുവീഴാറുമുണ്ട് അതും കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലാക്കും.

സ്മാർട്ട് സ്റ്റിക്കർ രണ്ടുതരത്തിൽ പ്രവർത്തിക്കുമെന്നതിനാൽ ബോധംനശിച്ചാലോ പ്രതിരോധിക്കാൻ കഴിഞ്ഞില്ലെങ്കിലോ ഭയങ്കേണ്ടതില്ല. സ്മാർട്ട് സ്റ്റിക്കർ ആക്റ്റീവ് മോഡിലാണെങ്കിൽ പീഡനത്തിന് ഇരയാകുന്നയാള്‍  ബോധരഹിതയാകുകയോ, അതല്ലെങ്കില്‍ കയ്യേറ്റം തടയാന്‍ സാധിക്കാതെ വരികയോ, അതുമല്ലെങ്കിൽ ആരെങ്കിലും ബലംപ്രയോഗിച്ച് അവരുടെ വസ്ത്രങ്ങൾ നീക്കാൻ ശ്രമിക്കുകയോ ചെയ്യുകയാണെങ്കിൽ അപായ സന്ദേശം ബന്ധപ്പെട്ട നമ്പറുകളിലേക്ക് ഉടൻതന്നെ പോകും. സന്ദേശം ലഭിക്കുന്നയാൾക്ക് ഉടൻ തന്നെ രക്ഷാപ്രവർത്തനങ്ങൾ ചെയ്യാൻ സാധിക്കും.

ഇനി സ്മാർട്ട് സ്റ്റിക്കർ പാസീവ് മോഡിലാണെങ്കിൽ. ഇത് സ്വയം പ്രവർത്തിപ്പിക്കാൻ സാധിക്കും. അതു പ്രവർത്തിപ്പിക്കുന്ന സമയം തന്നെ അപായസന്ദേശം ബന്ധപ്പെട്ടവരിലേക്കെത്തും.