Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

31 വയസ്സുള്ള മകനെ നഷ്ടപ്പെട്ടു; അമ്മ 64–ാം വയസ്സിൽ മറ്റൊരു കുഞ്ഞിനു ജന്മം നൽകി

baby പ്രതീകാത്മ ചിത്രം.

ഏറെ പ്രിയപ്പെട്ടവർ നമ്മളെ തനിച്ചാക്കി പോകുമ്പോൾ കരഞ്ഞു നിലവിളിച്ച് നമ്മൾ വിധിയെ പഴിക്കാറുണ്ട്. ഒന്നു കാണാൻ, ഒന്നു മിണ്ടാൻ അവർ പുനർജനിച്ചെങ്കിലെന്ന് ആശിക്കാറുണ്ട്. എന്നാൽ ഇവിടെ ഒരമ്മ ശാസ്ത്രത്തിന്റെ സഹായത്തോടെ ആ വിശ്വാസം ഒരളവുവരെ സത്യമാണെന്നു തെളിയിച്ചിരിക്കുകയാണ്. 2015 ലാണ് ഈ അമ്മയ്ക്ക് 31 വയസ്സുകാരനായ മകനെ എന്നെന്നേക്കുമായി നഷ്ടപ്പെടുന്നത്.

ഇത് ന്യൂഡൽഹി സ്വദേശികളായ ചമേലി മീനയുടെയും ജഗദീഷിന്റെയും കഥ. അറുപതു കടന്ന തങ്ങളുടെ ഏകപ്രതീക്ഷയായ മകൻ നഷ്ടപ്പെട്ടപ്പോൾ ഇരുവരും തളർന്നുപോയി. പക്ഷേ വിധിയോടു തോൽക്കാൻ തയാറാവാതെ ആ അച്ഛനമ്മമാർ ഡൽഹിയിലെ ഐവിഎഫ് ചികിത്സാകേന്ദ്രത്തിലെത്തി ഡോ.അനൂപ് ഗുപ്തയുടെ ചികിത്സയ്ക്കു വിധേയരായി. ഒരു കുഞ്ഞുവേണമെന്ന ആവശ്യവുമായി തന്നെ സമീപിച്ച ദമ്പതികളെ ഡോക്ടർ നിരാശപ്പെടുത്തിയില്ല. 65 വയസ്സുകാരനായ ജഗദീഷിനും 64 വയസ്സുകാരിയായ ചമേലിയ്ക്കും ഒരു ആൺകുഞ്ഞു പിറന്നു.

അർമാൻ എന്നാണ് അവർ മകനിട്ട പേര്. 2015 ൽ തങ്ങളെ വിട്ടുപോയ മകന്റെ പുനർജന്മമാണ് ഈ കുഞ്ഞെന്നാണ് ദമ്പതികളുടെ വിശ്വാസം. കുഞ്ഞുങ്ങൾ വേണമെന്ന ആവശ്യവുമായി തന്നെ സമീപിക്കുന്ന 50 വയസ്സിൽ കൂടുതലുള്ള ദമ്പതികളെക്കുറിച്ച് ഡോക്ടർ പറയുന്നതിങ്ങനെ. ഒറ്റക്കുട്ടികളുള്ള മാതാപിതാക്കൾക്ക് അപകടത്തിൽപ്പെട്ടോ മറ്റോ ആ കുഞ്ഞുങ്ങളെ നഷ്ടപ്പെടുമ്പോഴാണ് അവർ ഐവിഎഫ് ചികിത്സ ആവശ്യപ്പെട്ട് എന്നെ സമീപിക്കുന്നത്. ഇവരുടെ കാര്യവും അങ്ങനെ തന്നെ.