Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുപിയിൽ കൂട്ടമാനഭംഗത്തിനിരയായി പതിനഞ്ചുകാരി; വിവരമറിഞ്ഞ് അച്ഛൻ ഹൃദയംപൊട്ടി മരിച്ചു

rape-002 പ്രതീകാത്മക ചിത്രം.

പതിനഞ്ചു വയസ്സുകാരിയായ മകളെ പൊലീസ് കോൺസ്റ്റബിളും ഗ്രാമമുഖ്യനും ഉൾപ്പെടെ എട്ടു പേർ കൂട്ടമാനഭംഗം ചെയ്ത വാർത്ത താങ്ങാനാവാതെ ബലിയ(യുപി)യിൽ പിതാവ് ഹൃദയാഘാതം മൂലം മരിച്ചു. നരാധമന്മാരുടെ ക്രൂരതയ്ക്കിരയായിട്ടും, രക്ഷകരായി ഓടിയെത്തിയ ഗ്രാമവാസികൾക്കു മുൻപിൽ പെൺകുട്ടി പ്രതികളെ ധൈര്യപൂർവം കാട്ടിക്കൊടുത്തു. 

വെള്ളിയാഴ്ച രാത്രി ഉത്തർപ്രദേശിലെ ഗോപാൽനഗർ ഗ്രാമത്തിലാണു രാജ്യത്തെ നടുക്കിയ സംഭവം. ഗ്രാമത്തിലെ പൊലീസ് ചൗക്കിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന കോൺസ്‌റ്റബിൾ ധരം, ഗ്രാമമുഖ്യൻ, ഇവരുടെ ആറു സുഹൃത്തുക്കൾ എന്നിവർ ഉൾപ്പെട്ട സംഘം പെൺകുട്ടിയെ സർക്കാർ സ്കൂൾ കെട്ടിടത്തിന്റെ മറവിലേക്കു വലിച്ചിഴച്ചു കൊണ്ടുപോയാണു മാനഭംഗപ്പെടുത്തിയത്. പെൺകുട്ടിയുടെ നിലവിളി കേട്ടു ഗ്രാമവാസികൾ എത്തുമ്പോഴേക്കും കോൺസ്റ്റബിൾ ഒഴികെയുള്ളവർ ഓടിമറഞ്ഞിരുന്നു. 

സർവീസിൽനിന്നു സസ്പെൻഡ് ചെയ്യപ്പെട്ട കോൺസ്റ്റബിളിനെ പിന്നീട് അറസ്റ്റ് ചെയ്തു. സംഘത്തിൽ എട്ടുപേർ ഉണ്ടെന്നാണു പെൺകുട്ടി മൊഴി നൽകിയതെങ്കിലും ഒരാൾക്കെതിരെ മാത്രമാണു കേസെടുത്തിരിക്കുന്നത്. പെൺകുട്ടിയെ ശല്യപ്പെടുത്തി എന്ന കുറ്റമാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

'' ഗോപാൽനഗർ ഗ്രാമത്തിലെ പൊലീസ് ചൗക്കിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന കോൺസ്‌റ്റബിൾ ധരം ആണ് പ്രതി. ഇയാളെ കഴിഞ്ഞദിവസം തന്നെ അറസ്‌റ്റ് ചെയ്‌തു. ബലിയയിലെ ജയിലിൽ പാർപ്പിച്ചിരിക്കുകയാണ്. ഗ്രാമമുഖ്യൻ പ്രതിയല്ല. തീർത്തും ദരിദ്ര കുടുംബമാണു പെൺകുട്ടിയുടേത്. സംഭവമറിഞ്ഞാണ് 60 വയസ്സുകാരനായ പിതാവ് ഹൃദയാഘാതം മൂലം മരിച്ചതെന്നു സ്ഥിരീകരിച്ചിട്ടുണ്ട്''. – വിജയ്‌പാൽ സിങ് (ബലിയ അഡിഷനൽ എസ്‌പി) മനോരമയോടു പറഞ്ഞത്.