Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

3 മിനിറ്റിനുള്ളിൽ ഈ അധ്യാപിക വിദ്യാർഥിയുടെ കരണത്തടിച്ചത് തല്ലിയത് 40 തവണ

teacher-slap വിദ്യാർഥിയെ ക്രൂരമായി ഉപദ്രവിക്കുന്ന അധ്യാപിക. ക്ലാസ് മുറിയിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ.

കൊടുംകുറ്റവാളിയോട് പൊലീസ് ഉദ്യോഗസ്ഥർ പോലും ഇത്തരം ക്രൂരത കാട്ടില്ല. അതിനേക്കാൾ ക്രൂരമായാണ് ഒരു അധ്യാപിക തന്റെ വിദ്യാർഥിയോടു പെരുമാറിയത്. ലക്നൗവിലാണ് സംഭവം. ഹാജർ വിളിച്ചപ്പോൾ കുട്ടി പ്രതികരിക്കാതിരുന്നതിൽ പ്രകോപിതയായാണ് അധ്യാപിക ഉറഞ്ഞു തുള്ളി കുട്ടിയെ ഉപദ്രവിച്ചത്. മൂന്നു നിമിഷം കൊണ്ട് നാൽപ്പതോളം അടിയാണ് വിദ്യാർഥി അധ്യാപികയിൽ നിന്ന് ഏറ്റുവാങ്ങിയത്.

റിതേഷ് എന്ന വിദ്യാർഥിയാണ് അധ്യാപികയുടെ ക്രൂരതയ്ക്കു വിധേയനായത്. സ്കൂൾ വിട്ടു വീട്ടിലെത്തിയ മകന്റെ മുഖത്തെ മുറിവുകളും നീരും ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് റിതേഷിന്റെ അച്ഛൻ പ്രവീൺ എന്താണു സംഭവിച്ചതെന്ന് മകനോടു ചോദിച്ചു. എന്നാൽ മൗനമായിരുന്നു അവന്റെ മറുപടി. മകന്റെ നിശ്ശബ്ദതയും മുഖത്തെ മുറിവുകളും അച്ഛനെ വല്ലാതെ ഭയപ്പെടുത്തി. അദ്ദേഹം റിതേഷിന്റെ സുഹൃത്തിനോടു ചോദിച്ച് കാര്യങ്ങളറിയുകയും സ്കൂളിൽച്ചെന്ന് പ്രിൻസിപ്പലിനെ കാണുകയും ചെയ്തു.

രക്ഷകർത്താവിന്റെ പരാതികേട്ട പ്രിൻസിപ്പൽ അച്ഛനോടൊപ്പമിരുന്ന് ക്ലാസ്മുറിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് അധ്യാപികയുടെ ക്രൂരകൃത്യത്തെക്കുറിച്ച് ഇരുവർക്കും ബോധ്യപ്പെട്ടത്. ഹാജർവിളിച്ചപ്പോൾ പ്രതികപിച്ചില്ല എന്നാരോപിച്ച് അവർ റിതേഷിന്റെ കവിളുകളിൽ ആഞ്ഞടിച്ചു. നാൽപ്പതു പ്രാവശ്യത്തോളം അവർ ഇത് ആവർത്തിച്ചു. എന്നിട്ടും കലി തീരാതെ അവർ അവന്റെ തല ഭിത്തിയിലിടിപ്പിച്ചു. ഈ ദൃശ്യങ്ങൾ കണ്ടു ഞെട്ടിത്തരിച്ച പ്രിൻസിപ്പലും രക്ഷകർത്താവും അധ്യാപികക്കെതിരെ നടപടിയെടുക്കണമെന്ന കാര്യത്തിൽ‍ ഒറ്റക്കെട്ടായി നിന്നു.

പ്രിൻസിപ്പൽ സംഭവത്തെക്കുറിച്ച് അധ്യാപികയോട് വിശദീകരണം ചോദിച്ചപ്പോൾ തനിക്കു ദേഷ്യം വന്നതുകൊണ്ടാണ് അപ്രകാരം പ്രവർത്തിച്ചതെന്ന കൂസലില്ലാത്ത മറുപടിയാണ് ലഭിച്ചത്. തുടർന്ന് അധ്യാപികയെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തായും പ്രിൻസിപ്പൽ അറിയിച്ചു.

ഋതേഷിന്റെ അച്ഛൻ അധ്യാപികക്കെതിരെ പൊലീസിൽ പരാതി നൽകിയെങ്കിലും ഇതുവരെ അവർക്കെതിരെ പൊലീസ് നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. കുട്ടികൾക്കെതിരെയുള്ള ശിക്ഷാനടപടികളുടെ കാര്യത്തിൽ ഒരു ലക്ഷ്മണരേഖ തീർച്ചയായും ഉണ്ടാവണമെന്നും കുഞ്ഞുങ്ങളെ ശാരീരികമായും മാനസീകമായും ഉപദ്രവിക്കുന്നത് നിയമപരമായി തെറ്റാണെന്നും ഉള്ള തിരിച്ചറിവ് തീർച്ചയായും അധ്യാപകർ തിരിച്ചറിയണമെന്നുമാണ് സ്കൂൾ അധികൃതർ പറയുന്നത്.