Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എയർ ട്രാഫിക് കൺട്രോളർമാരായി വനിതകളെ നിയമിക്കാൻ സൗദി

വനിതകളെ കൂടുതലായി പൊതുരംഗത്തേക്ക് കൊണ്ടുവരാൻ തയ്യാറെടുക്കുന്ന സൗദി അറേബ്യ പുരുഷൻമാരുടെ കുത്തകയായിരുന്ന ഒരു മേഖല കൂടി എല്ലാവർക്കുമായി തുറന്നിടുന്നു. വ്യോമ ഗതാഗത രംഗത്ത് എയർ ട്രാഫിക് കൺട്രോളർമാരായി വനിതകളെ നിയമിക്കാൻ തീരുമിച്ചതായി സൗദി ഒദ്യോഗിക വാർത്താവിഭാഗം കഴിഞ്ഞദിവസം അറിയിച്ചു. വനിതകൾക്കു കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം രാജ്യത്തിന്റെ സാമ്പത്തിക മേഖല ശക്തിപ്പെടുത്തുക എന്നതും ലക്ഷ്യമാണ്. 

വിഷൻ 2030 പദ്ധതിയുടെ ഭാഗമായിക്കൂടിയാണ് ഇപ്പോഴത്തെ മാറ്റങ്ങൾ. രാജ്യത്തിന്റെ വരുമാനം വർധിപ്പിക്കുക. വൈവിധ്യവൽക്കരണം നടപ്പാക്കുക. എണ്ണവില കുറഞ്ഞാലും അതു രാജ്യത്തെ ബാധിക്കാതിരിക്കണമെങ്കിൽ മറ്റു മേഖലകൾ കൂടി ശക്തിപ്പെടുത്തേണ്ടതുണ്ട്. വനിതകൾ സമൂഹത്തിന്റെ മുഖ്യധാരയുടെ ഭാഗവുമാകണം. ഇപ്പോൾ രാജ്യത്തെ ജനസംഖ്യയുടെ 23 ശതമാനം വനിതകൾ മാത്രമാണ് പൊതുരംഗത്തു വിവിധ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നത്. ഇത് 28 ശതമാനമായി വർധിപ്പിക്കുക എന്നതാണു പ്രധാനലക്ഷ്യം. പൊതുസേവന രംഗത്തെ വനിതകളുടെ സന്നിധ്യവും ശക്തമാക്കണം.പുരുഷൻമാർ മാത്രം ജോലി ചെയ്യുകയും വനിതകൾ വീട്ടിലിരിക്കുകയും ചെയ്യുന്ന സാമൂഹിക സമ്പ്രദായം  മാറുന്നു എന്നാണ് പുതിയ മാറ്റം നൽകുന്ന സൂചന.

ഓരോ വർഷവും 80 വനിതകൾക്ക് പരിശീലനം നൽകി ജോലിക്കു പ്രാപ്തരാക്കാൻ തീരുമാനിച്ചതായി സൗദി എയർ നാവിഗേഷൻ സർവീസസ് അറിയിച്ചു. വ്യോമ ഗതാഗത നിയന്ത്രണ സംവിധാനത്തിൽ ജോലിക്കുവേണ്ട അറിവിനൊപ്പം  പ്രയോഗിക പരിശീനവും നൽകും. സൗദി അക്കാദമി ഓഫ് സിവിൽ ഏവിയേഷനുവേണ്ടി ഉദ്യോഗാർഥികൾ പ്രവേശന പരീക്ഷയിൽ പങ്കെടുത്തുതുടങ്ങി. ഉയർന്ന മാർക്കോടെ ഹൈസ്കൂൾ ഡിപ്ലോമ നേടിയവരെയാണു പരിഗണിക്കുക പ്രായം 18 നും 25 നും മധ്യേ.

ഡ്രൈവിങ് ഉൾപ്പെടെ വനിതകൾക്ക് നിയന്ത്രണങ്ങൾ നിലവിലുള്ള സൗദിയിൽ വനിതകൾ കൂടുതലായും ജോലി ചെയ്യുന്നത് ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ മാത്രമാണ്. മറ്റെല്ലായിടത്തും ഭൂരിപക്ഷവും പുരുഷൻമാർ. വിഷൻ 2030 ന്റെ ഭാഗമായി കൂടുതൽ വനിതകളെ ജോലിക്കെടുക്കാൻ സ്വകാര്യ കമ്പനികൾക്ക്  ഇപ്പോൾ അനുമതി നൽകുന്നുണ്ട്. രണ്ടുവർഷം മുമ്പു മുതലാണ് മാറ്റം പ്രകടമായത്. പാരാമെഡിക്കൽ മേഖലയിൽ വനിതകൾക്ക് അവസരം ലഭ്യമാക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. ഇക്കഴിഞ്ഞവർഷം ഹജ് തീർഥാടകർക്കുവേണ്ടി വനിതകൾ മാത്രമായി അടിയന്തര കോൾ സെന്റർ തുടങ്ങിയിരുന്നു.