Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകത്തെ സുന്ദരിയാക്കിയ കോടീശ്വരി ഇനി ഓർമ്മ; ആസ്തി 2,85,351 കോടി രൂപ

liliane-bettencourt ലിലിയൻ ബെറ്റൻകോർട്ട്.

4,400 കോടി ഡോളറിന്റെ ( ഏകദേശം 2,85,351 കോടി രൂപ)  ഉടമയായ,  ലോകത്തിലെ ഏറ്റവും സമ്പന്നയായ വനിതയെന്നു പേരുകേട്ട ലിലിയൻ ബെറ്റൻകോർടിനു വിട. 94 വയസ്സുണ്ടായിരുന്ന ലിലിയന്റെ മരണവാർത്ത വ്യാഴാഴ്ച പുറത്തുവിട്ടതു കുടുംബവൃത്തങ്ങൾ. ഫ്രഞ്ച് സൗന്ദര്യവർധക ഉൽപന്നങ്ങളുടെ നിർ‌മാതാക്കളായ ലോറിയൽ കമ്പനി ഉടമയായിരുന്നു ലിലിയൻ. കമ്പനിയുടെ സ്ഥാപകൻ യുജിൻ ഷൂളറുടെ മകൾ. ലോകസമ്പന്നരുടെ പട്ടിക പുറത്തുവിടുന്ന ഫോബ്സ് ഉൾപ്പെടെയുള്ളവർ ലിലിയനെ ഏറ്റവും സമ്പന്നയായ വനിതയായി തിരഞ്ഞെടുത്തിരുന്നു. ലോറിയൽ ഗ്രൂപ്പിന്റെ 33 ശതമാനത്തിന്റെ ഉടമസ്ഥരാണ് ലിലിയൻ ഉൾപ്പെടുന്ന ബെറ്റൻകോർട് കുടുംബം. 

പിതാവിന്റെ കമ്പനിയിൽ ലിലിയൻ ചേരുന്നത്  15–ാം വയസ്സിൽ; അപ്രന്റീസായി. 1957–ൽ കമ്പനിയുടെ അനന്തരാവകാശിയായി പ്രഖ്യാപിക്കപ്പെട്ടു. 2012 വരെ കമ്പനി ബോർഡിലും ലിലിയൻ സജീവ അംഗമായി പ്രവർത്തിച്ചു. ലോറിയൽ കമ്പനിയുടെ സജീവപ്രവർത്തനങ്ങളിൽനിന്നു ലിലിയൻ പിൻവാങ്ങുന്നത് 89–ാം വയസ്സിൽ. അതും വിവാദത്തിന്റെ അകമ്പടിയോടെ. മകൾക്കുപകരം കമ്പനിയുടെ അവകാശം കൊച്ചുമകനാണ് ലിലിയൻ നൽകിയത്. ഇതു മകൾ ചോദ്യം ചെയ്തു. ശരിയായ തീരുമാനമെടുക്കാൻ കഴിയുന്ന മാനസികാവസ്ഥയിലല്ല ലിലിൻ എന്നും മകൾ ആരോപിച്ചു. 

ലിലിയന്റെ ജനനം 1922– ൽ; ഉന്നത കുടുംബത്തിൽ. ഫ്രാൻസിലെ രാഷ്ട്രീയപ്രവർത്തകൻ ആന്ദ്രേ ബെറ്റൻകോർടുമായി വിവാഹം 1952–ൽ. മൂന്നുവർഷത്തിനുശേഷം ഏകമകൾ ഫ്രാൻകോയിസിന്റെ ജനനം. ഫ്രാൻസിലെ മാധ്യമങ്ങളിൽ ഏറെക്കാലം നിറഞ്ഞുനിന്ന വിവാദകഥയിലെ നായിക കൂടിയായിരുന്നു ലിലിയൻ ബെറ്റൻകോർട്. 2007–ൽ ആൻദ്രേ ബെറ്റൻകോർടിന്റെ മരണത്തിനുശേഷം മകൾ ഫ്രാൻകോയിസ് ബെറ്റൻകോർട് മെയേഴ്സ് കോടതിയിൽ ഒരു ഹർജി ഫയൽ ചെയ്യുന്നു. പ്രശസ്ത ഫൊട്ടോഗ്രാഫർ മേരീ ബാനിയർ തന്റെ അമ്മയെ ചൂഷണം ചെയ്യുന്നെന്നായിരുന്നു മകളുടെ ആരോപണം.ബാനിയർ ആരോപണങ്ങൾ നിഷേധിച്ചു. 

ബാനിയറേക്കാൾ 25 വയസ്സ് കൂടുതലുണ്ട് ലിലിയന്. ഏതാണ്ടു രണ്ടു ദശകത്തോളം ലിലിയനുമായി അടുത്ത ബന്ധവുമുണ്ടായിരുന്നു. ഈ സമയത്ത് സമ്പത്തും വിലകൂടിയ കരകൗശല വസ്തുക്കളും മറ്റനേകം സ്വത്തുവകകളും ലിലിയൻ ബാനിയറിനു കൊടുത്തതായി കരുതപ്പെടുന്നു. ഇതിന്റെ പേരിലായിരുന്നു  മകളുടെ നിയമപ്പോരാട്ടം. അമ്മയ്ക്ക് സ്വന്തം കാര്യങ്ങൾ നോക്കാൻ കഴിവില്ലെന്ന് ആരോപിച്ച മകൾക്കെതിരെ പൊട്ടിത്തെറിച്ചുകൊണ്ട് ലിലിയൻ രംഗത്തുവന്നു. 'എന്റെ ജീവിതം എന്റേതുമാത്രം' : ഒരു അഭിമുഖത്തിൽ ലിലിയൻ തുറന്നടിച്ചു. 

വിവാദകാലത്ത് കമ്പനിയുടെ തന്ത്രപരമായ എല്ലാ മീറ്റിങ്ങുകളിലും ലിലിയൻ പങ്കെടുത്തു. പ്രധാന തീരുമാനങ്ങളിൽ ഭാഗഭാക്കായി. ഫ്രാൻസിന്റെ ഉന്നത രാഷ്ട്രിയ–സമ്പത്തിക വൃത്തങ്ങളിലും സജീവമായി.ഒരു മാധ്യമത്തിനുവേണ്ടി ലിലിയനെ അന്ന് അഭിമുഖം നടത്തിയ പത്രപ്രവർത്തകൻ പറയുന്നത് നീന്തൽ, നടപ്പ്, യോഗ എന്നിവയിലൊക്കെ ലിലിയൻ ഏർപ്പെട്ടിരുന്നുവെന്നാണ്. അക്യുപംക്ചർ ഉൾപ്പെടെയുള്ള ചികിൽസയിലൂടെയും യൗവ്വനം നിലനിർത്താനും ആരോഗ്യവതിയായിരിക്കാനും ലിലിയൻ ശ്രമിച്ചിരുന്നത്രേ.

ഇതേ സമയത്ത് ലിലിയന്റെ പാചകക്കാരൻ അവരുടെ സംഭാഷണങ്ങൾ രഹസ്യമായി റെക്കോർഡ് ചെയ്തു എന്നൊരു വിവാദവും പൊട്ടിപ്പുറപ്പെട്ടു. ഫ്രഞ്ച് പ്രസിഡന്റായിരുന്ന നിക്കൊളാസ് സർകോസിയുടെ സുഹൃത്തുക്കളെക്കുറിച്ച് ഈ സംഭാഷണങ്ങളിൽ പരാമർശമുണ്ടെന്ന വിവരം പുറത്തുവന്നതോടെ വിവാദത്തിനു രാഷ്ട്രീയമാനവുമായി. 

ബെറ്റൻകോർട് കുടുംബത്തിൽനിന്നു സർക്കോസി തിര‍ഞ്ഞെടുപ്പ് പ്രചാരണത്തിനായി വൻതുക കൈപ്പറ്റിയിട്ടുണ്ടോ എന്ന് അന്വേഷണം നടത്തിയെങ്കിലും തെളിവുകളുടെ അഭാവത്തിൽ ആരോപണത്തിനു സാധുതയില്ലാതായി. പക്ഷേ, ലിലിയൻ ബെറ്റൻകോർടിനെ സാമ്പത്തിക ചൂഷണം ചെയ്തതിന്റെ പേരിൽ ബാനിയർ കുറ്റക്കാരനെന്നു കണ്ടെത്തി; ജയിൽ ശിക്ഷയും ലഭിച്ചു. 

കമ്പനിയുടെ കാര്യങ്ങൾ എന്നും ശ്രദ്ധിച്ചിരുന്ന, ജീവനക്കാരുടെ ക്ഷേമത്തിൽ താൽപര്യം പ്രകടിപ്പിച്ചിരുന്ന ലിലിയന്റെ വേർപാടിൽ കമ്പനി പ്രസിഡന്റ് ജീൻ പോൾ ആഗൺ ദുഃഖം രേഖപ്പെടുത്തി.ലോറിയലിന്റെ വിജയത്തിനുവേണ്ടിയും പുരോഗതിക്കായും നിരന്തരമായി പ്രവർത്തിച്ചിട്ടുണ്ട് ലിലിയൻ എന്നും പ്രസിഡന്റ് അനുസ്മരിച്ചു.