Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓർമകളിൽ നിർഭയ ജ്വലിച്ചു നിൽക്കുമ്പോൾ ഈ അച്ഛനും അമ്മയ്ക്കും പറയാനുള്ളത്

mother

2012 ഡിസംബർ 16. രാത്രി. ഞാൻ മകളുടെ അടുത്തെത്തുമ്പോൾ, ചെറിയ വേദനയെങ്കിലും അനുഭവിക്കുന്ന ഭാവം അവളുടെ മുഖത്തില്ലായിരുന്നു. ഞാൻ വിഷമിക്കരുതെന്ന് അവൾ ആഗ്രഹിച്ചു. അതിനുവേണ്ടി നിശ്ശ്ദമായി വേദന കടിച്ചമർത്തി. ആ കണ്ണുകളിൽ കണ്ണീർ നിറഞ്ഞുനിന്നെങ്കിലും അവൾ കരഞ്ഞില്ല. വേദനയുടെ വാൾമുനയിലൂടെ കടന്നുപോകുമ്പോഴും വിഷമിക്കരുതെന്ന് എന്നോടവൾ ആംഗ്യം കാണിച്ചു. 

ആശാദേവിയുടെ ഓർമകളിൽ മകൾ ജ്വലിച്ചു നിൽക്കുന്നു; അഞ്ചുവർഷത്തിനുശേഷവും. ആ ഓർമകൾ എന്നുമുണ്ടായിരിക്കും. കെടാത്ത തീനാളമായി, ശിഖരങ്ങൾ വെട്ടിക്കളഞ്ഞാലും ആദ്യമഴയിൽ പച്ചപ്പുമായി ഇലച്ചാർത്തുകളിലൂടെ വളരാൻ ശ്രമിക്കുന്ന മരമായി. അശാദേവിയെ അറിയില്ലേ? മകളുടെ പേരിൽ ജീവിക്കുന്ന അമ്മ. മകൾക്കുവേണ്ടി ജീവിക്കുന്ന അമ്മ. അവൾക്കു നീതി കിട്ടാൻ ജീവിതം സമർപ്പിച്ച മാതൃത്വത്തിന്റെ ഉദാത്തജൻമം.നിർഭയയുടെ അമ്മ. 

അഞ്ചുവർഷം വലിയൊരു കാലയളവാണ് പലർക്കും. പക്ഷേ ആശാദേവിക്ക് എല്ലാം ഇന്നലെക്കഴിഞ്ഞതുപോലെ. ആ കണ്ണുകൾ പിന്നീടിതേവരെ തോർന്നിട്ടില്ല. ആ നെഞ്ചിലെ തീ അണഞ്ഞിട്ടുമില്ല. പിന്നീടും ഓരോദിവസവും വരുന്ന വാർത്തകൾ അറിയുമ്പോൾ എങ്ങനെ ആ കണ്ണുകൾ തോരും. ആ തീ അണയും. ഇല്ല, ഒന്നും മാറിയിട്ടില്ല. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ ഇപ്പോഴും തുടരുന്നു. പാവം പെൺകുട്ടികൾ വലിച്ചുചീന്തിയെറിയപ്പെടുന്നു. കുട്ടികൾ ശ്വാസം മുട്ടി കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നു. നിലവിളികൾ അടിച്ചമർത്തപ്പെടുന്നു. നിരാലംബ മാതൃത്വങ്ങളുടെ ദീനരോദനങ്ങൾ ബധിരകർണങ്ങളിൽ പതിക്കുന്നു. ഇതോ നമ്മുടെ രാജ്യം എന്ന് ഓരോ ദിവസവും അത്ഭുതപ്പെടുന്നു. ഇങ്ങനെയും മനുഷ്യരോ എന്ന് അന്ധാളിക്കുന്നു. 

ഓരോ ദിവസത്തെയും അന്നത്തിനുവേണ്ടി പോരാട്ടം നടത്തുന്നതിനിടയിലും മകൾക്കു നീതി കിട്ടാൻ ജീവിതം ഉഴിഞ്ഞുവെച്ച ആശാദേവിയുടെ പോരാട്ടം അവർ തന്നെ പറയുന്നു. എട്ടുമിനിറ്റോളം ദൈർഘ്യമുള്ള ഒരു വീഡിയോയിലൂടെ. പോപ്പുലേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയാണ് വീഡിയോ നിർമിച്ചിരിക്കുന്നത്. ഫർഖാൻ അക്തർ, സംവിധായകൻ ഫിറോസ് അബ്ബാസ് ഖാൻ എന്നിവരുടെ സഹകരണത്തോടെ.

അക്രമരാഹിത്യത്തിന്റെ രാജ്യാന്തര ദിനാചാരണത്തോടനുബന്ധിച്ചാണ് നിർഭയയുടെ ഓർമകളിലൂടെ സഞ്ചരിക്കുന്ന മാതാപിതാക്കളെ അവതരിപ്പിക്കുന്ന വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. നിർഭയയ്ക്കു നേരെ നടന്നതും അക്രമം തന്നെയാണല്ലോ. നിരായുധയായ പെൺകുട്ടിക്കുനേരെ നടന്ന അക്രമം. മാനവും അഭിമാനവും ജീവിതവും തകർത്ത അക്രമം. 

നമ്മുടെ സമൂഹം ഇപ്പോഴും പാഠങ്ങൾ പഠിച്ചിട്ടില്ല. കണ്ടില്ലേ ഇപ്പോഴും എത്തിക്കൊണ്ടിരിക്കുന്ന വാർത്തകൾ. എന്നു മാറും നമ്മൾ ?– ആശാദേവി ചോദിക്കുന്നു.