Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെഡിക്കൽ കൊളേജ് ലേഡീസ് ഹോസ്റ്റലില്‍ സിസിടിവി ക്യാമറ; സമരവുമായി വിദ്യാർഥിനികൾ

strike-001 തിരുവനന്തപുരം മെഡിക്കൽ കൊളേജിന്റെ ലേഡീസ് ഹോസ്റ്റലില്‍ വിദ്യാർഥികളുടെ അനുവാദമില്ലാതെ സിസി ടിവി സ്ഥാപിച്ച കൊളേജ് അധികൃതര്‍ക്കെതിരെ ആയിരുന്നു എസ് എഫ് ഐയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരം.

വളരെ വ്യത്യസ്തമായ ഒരു സമരത്തിന്റെ പ്രതിധ്വനിയാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കൽ കോളേജ് ക്യാംപസ് പരിസരത്തുണ്ടായത്. പ്രതികരിക്കാൻ മുന്നിട്ടിറങ്ങിയത് പെൺകുട്ടികളായതു കൊണ്ട് ഇതിനെ സ്ത്രീ അവകാശ സമരം എന്നും വിവക്ഷിക്കാം. സംഭവം ഇതാണ്, തിരുവനന്തപുരം മെഡിക്കൽ കൊളേജിന്റെ ലേഡീസ് ഹോസ്റ്റലില്‍ വിദ്യാർഥികളുടെ അനുവാദമില്ലാതെ സിസി ടിവി സ്ഥാപിച്ച കൊളേജ് അധികൃതര്‍ക്കെതിരെ ആയിരുന്നു എസ് എഫ് ഐയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരം. 

"ഹോസ്റ്റലിൽ താമസിക്കുന്ന പെൺകുട്ടികളെ ഒന്നറിയിക്കുക പോലും ചെയ്യാതെയാണ് ഹോസ്റ്റലിന്റെ ഉള്ളിലെ സെൻട്രൽ ഹാളിൽ സിസി ടിവി സ്ഥാപിച്ചത്. അതിതുവരെ പ്രവർത്തന ക്ഷമമായിട്ടില്ല. ഹോസ്റ്റലിന്റെ മുൻ വശത്തും ഹാളിലുമാണ് സിസിടിവി സ്ഥാപിച്ചിരിക്കുന്നത്. പക്ഷേ ഈ സ്ഥലത്തു കൂടിയാണ് ഹോസ്റ്റലിലെ പെൺകുട്ടികൾ മെസ്സിലേക്കുൾപ്പെടെ എല്ലായിടത്തേക്കും പോകുന്നത്.

അതുകൊണ്ടു തന്നെ വല്ലാത്തൊരു സ്വകാര്യതാ പ്രശ്നം അവിടുത്തെ പെൺകുട്ടികൾ അനുഭവിക്കുന്നുണ്ട്. എപ്പോഴും ഷോളും പുതച്ച് നടക്കാൻ ആവില്ലല്ലോ. ഇതിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ അവർ പറയുന്നത് മെഡിക്കൽ കൗൺസിലിന്റെ സ്ട്രിക്റ്റ് ആയ ഓർഡർ ഉണ്ട് തുറന്ന സ്ഥലങ്ങളിൽ ഇത്തരം ക്യാമറകൾ സ്ഥാപിക്കണം എന്ന്. അത് എന്തൊരു നിയമമാണെന്നു മനസ്സിലാകുന്നില്ല. ഇതിനൊക്കെ എന്ത് മറുപടിയാണ് പറയേണ്ടത് എന്ന് പോലും മനസ്സിലാകുന്നില്ല. 

കൊളേജിൽ സ്ത്രീകളുടെ വസ്ത്രധാരണത്തിൽ ഇപ്പോഴും പല നിയമങ്ങളും നില നിൽക്കുന്നുണ്ട്. ജീൻസ് ഉപയോഗിക്കാൻ പാടില്ല എന്നൊക്കെ. പക്ഷെ അത് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യൻ നിയമത്തിൽ പറഞ്ഞിട്ടുണ്ട്. കൊളേജ് നിൽക്കുന്ന ലോക്കൽ സ്ഥലത്തിന്റെ സംസ്കാരം അനുസരിച്ച് നിയമത്തിൽ മാറ്റങ്ങൾ വരുത്താം എന്ന്. അത് കുട്ടികൾക്ക് ഒരു പ്രശ്നമല്ല. പക്ഷേ സ്വകാര്യമാക്കപ്പെട്ട ഇടങ്ങളിൽ സ്വകാര്യതകൾ പുറത്താക്കുന്ന തരത്തിൽ ക്യാമറ വയ്ക്കുക എന്നത് സമ്മതിക്കാനാകില്ല.

റാഗിംഗ് തടയാനാണ് ഇത്തരമൊരു സെക്യൂരിറ്റി എന്നാണു അവർ പറയുന്ന മറ്റൊരു കാരണം. ഈ സെൻട്രൽ ഹാളിനോട് ചേർന്നാണ് രണ്ടു ഹൗസ് കീപ്പിംഗ് വർക്കേഴ്സ് താമസിക്കുന്ന റൂം. വാർഡൻ എല്ലായ്പ്പോഴും അവിടെ ഉണ്ടായിക്കൊള്ളണമെന്നില്ല. ഇത്രയുമൊക്കെ സെക്യൂരിറ്റി ഉള്ള ഒരു സ്ഥലത്ത് എന്ത് റാഗിംഗ് നടക്കും എന്നാണു അവർ പറയുന്നത് എന്നാണു മനസ്സിലാകാത്തത്. മാത്രമല്ല ആദ്യ വർഷം പഠിക്കുന്ന കുട്ടികളുടെ റൂം മറ്റൊരു ഭാഗത്താണ്. പി ജി വിദ്യാർത്ഥികളുടെ ഹോസ്റ്റൽ പോലും വേറെയാണ്. ഇതൊക്കെ വെറും ന്യായീകരണങ്ങൾ മാത്രമാണ്. 

സമാധാനപരമായിട്ടായിരുന്നു സമരം. ഇതൊരു തുടക്കം എന്നേയുള്ളൂ. ഇത് ശക്തമാക്കാൻ തന്നെയാണ് കുട്ടികളുടെ തീരുമാനം. ഇതിനോട് കൂടി പറയാൻ മറ്റൊരു കാര്യം കൂടിയുണ്ട്. അത് ഹോസ്റ്റലിലെ മെസ്സിനെക്കുറിച്ചാണ്. ഇവിടെ മെഡിക്കൽ കൊളേജിന്റെ ഹോസ്റ്റലുകൾ ശരിക്കും വിവേചനം കാണിക്കുന്നതാണ്. ആൺകുട്ടികളുടെ ഹോസ്റ്റലിലെ മെസ്സിലെ ഭക്ഷണത്തിനു നല്ല രുചിയാണെങ്കിൽ പെൺകുട്ടികളുടെ മെസ്സിലെ ഭക്ഷണം വായിൽ വയ്ക്കാൻ കൊള്ളില്ല.

cctv-002 ഹോസ്റ്റലിന്റെ മുൻ വശത്തും ഹാളിലുമാണ് സിസിടിവി സ്ഥാപിച്ചിരിക്കുന്നത്.

ഇതേക്കുറിച്ച് പരാതി പറഞ്ഞപ്പോൾ അവർ  പെൺകുട്ടികൾ അല്ലേ അവർ ഇതൊക്കെ അഡ്ജസ്റ്റ് ചെയ്യണം എന്നായിരുന്നു അവരുടെ മറുപടി. വർഷങ്ങളായി ഇങ്ങനെ തന്നെയാണ് പെൺകുട്ടികളുടെ മെസ്സിന്റെ അവസ്ഥ. അതും ഒരേ പണം അടച്ചവർ ആണ് ഇത് അനുഭവിക്കേണ്ടത്. മെസ്സിന്റെ കാര്യം പറയുമ്പോൾ പണമില്ല എന്നാണു പറയുന്നത്, പക്ഷേ ഈ രണ്ടു ക്യാമറകൾ വാങ്ങി വയ്ക്കാൻ എടുത്ത പണം മതിയല്ലോ നല്ല ഭക്ഷണം വേണമെന്ന തീരുമാനം എടുക്കാൻ.

പിന്നെ കൂടുതൽ പരാതിപ്പെടാൻ പോയാൽ പെൺകുട്ടികൾ ബിയർ കുടിക്കുന്നു, മറ്റുള്ളവരുമായി ശാരീരിക ബന്ധം പുലർത്തുന്നു എന്നൊക്കെയാണ് അവരുടെ പറച്ചിൽ. സദാചാര ചുവയുള്ള സംസാരങ്ങൾ നിരവധിയുണ്ടാകാറുണ്ട്. കൊളേജിലെ ക്ലാസ്മുറിയിൽ പോലും ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചിരിക്കുന്നത് അധ്യാപകർക്ക് പോലും താങ്ങാൻ പറ്റാത്ത അവസ്ഥയുമാണ് ഇവിടെ അങ്ങനെയുള്ളവരാണ് സി സി ടി വി ക്യാമറയുമായി പെൺകുട്ടികളുടെ സ്വകാര്യതയെ ചോദ്യം ചെയ്യാൻ ഇപ്പോൾ വന്നിരിക്കുന്നത്. ",

പേര് വെളിപ്പെടുത്തരുത് എന്ന കർശന നിർദ്ദേശത്തോടെ സമരത്തിൽ വിദൂരത്തിൽ നിന്ന് പങ്കെടുത്ത അനുഭവസ്ഥയായ ഒരു പെൺ കുട്ടിയുടെ നേർ സാക്ഷ്യങ്ങളാണിത്. 

ചില വെളിപ്പെടുത്തലുകൾ നമ്മളെ ഞെട്ടിച്ചെക്കാം, സ്വാതന്ത്ര്യത്തിന്റെ മായിക ലോകമാണ് പ്രൊഫഷണൽ വിദ്യാഭ്യാസ രംഗം എന്ന കപട ധാരണയാണ് ഈ വാക്കുകൾക്കു മുന്നിൽ തകർന്നടിഞ്ഞു പോകുന്നത്. ഏതൊരു സാധാരണ എൽ പി സ്‌കൂളിലുമുള്ള അധ്യാപകരുടെ സദാചാര മനസിക ചിന്തകളോടെ പ്രൊഫഷണൽ വിദ്യാർത്ഥികളെ കൈകാര്യം ചെയ്യുന്ന അധ്യാപകരെ ഏതു വിഭാഗത്തിലാണ് പെടുത്തേണ്ടതെന്ന ചോദ്യം ഉയരുന്നുണ്ട്. പക്ഷെ അതൊന്നുമല്ല ഈ പെൺകുട്ടികളുടെ സങ്കടവും ഇപ്പോഴത്തെ ആവശ്യവും.

വർഷങ്ങളായി അടിസ്ഥാന ആവശ്യമായ ഭക്ഷണത്തിൽ പോലും നേരിടുന്ന വിവേചനത്തെ അവർ സഹിക്കാൻ ശീലിച്ചു കഴിഞ്ഞിരിക്കുന്നു. പക്ഷെ തങ്ങളുടെ സ്വകാര്യതക്കു നേരെ ഉയർന്നു തൂങ്ങുന്ന വാളിന്റെ മൂർച്ച അവർക്ക് താങ്ങാൻ ആകുന്നതല്ല. സ്ത്രീകളുടെ മാത്രം ഇടമായതു കൊണ്ട് തന്നെ കൊളേജിന്റേതായ ഡ്രസ്സ് കോഡുകളൊന്നും ഹോസ്റ്റലിനു ബാധകമല്ല. അവരവർക്കിഷ്ടമുള്ള വസ്ത്രങ്ങൾ തന്നെയാണ് ഇവിടെ പെൺകുട്ടികൾ ഉപയോഗിക്കുന്നതും.

പക്ഷേ അത് മറ്റൊരാളെ കാണിക്കാൻ തങ്ങൾക്ക് താൽപ്പര്യമില്ല എന്ന് ഇവർ പറയുമ്പോൾ ഇവരുടെ സ്വകാര്യത മാനിക്കപ്പെടേണ്ടത് തന്നെയാണ്. ബിരുദ വിദ്യാർത്ഥികളുടെ ഹോസ്റ്റലിലാണ് സി സി ടി വി വയ്ക്കുന്നത്.കൊളേജിന് മുന്നിൽ സമരം നടത്താനും അതുകൊണ്ട് അവരാണ് മുന്നിൽ. പക്ഷേ ഇത് പൊതുവെ പെൺകുട്ടികളുടെ സ്വകാര്യതയെ മുഴുവനായി ബാധിക്കുന്ന വിഷയമാണെന്ന് കോളേജിലെ മുതിർന്ന പെൺകുട്ടികൾക്കും നല്ല ബോധ്യമുണ്ട്, അതുകൊണ്ട് അവരുടെ ഐക്യദാർഢ്യവും ഈ ബിരുദ വിദ്യാർത്ഥികൾക്കുണ്ട്. 

മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ നിയമത്തിൽ കൊളേജിലെ വൾനറബിൾ ആയ ഇടങ്ങളിൽ സി സി ടി വി വയ്ക്കാം എന്ന ക്ലോസുണ്ട്. പക്ഷേ ആ നിയമത്തിൽ പെൺകുട്ടികളുടെ കൊളേജ് ഹോസ്റ്റൽ വരുമ്പോൾ സംഭവിക്കപ്പെടുന്ന സ്വകാര്യതാ ലംഘനം മാത്രമാണ് ഈ കുട്ടികൾ ഉന്നയിക്കുന്നത്. ഒരു വ്യക്തിയ്ക്ക് അവരുടെ സ്വകാര്യത മറ്റെന്തിനേക്കാളും പ്രധാനവും അത് അവരുടെ മൗലിക അവകാശവും ആണെന്നിരിക്കെ അത്തരം അവകാശത്തെ തകർക്കുന്ന വാദവുമായി ഹോസ്റ്റൽ മെഡിക്കൽ കൗൺസിലിന്റെ നിയമം എടുത്തു ഉയർത്തി കാട്ടിയാൽ പോലും അതൊരു ഉത്തരമല്ല. അതുകൊണ്ട് എസ് എഫ് ഐ തുടങ്ങി വച്ച ഈ സമരത്തിന് മികച്ച ഒരു പരിഹാരം ഉണ്ടാകേണ്ടിയിരിക്കുന്നു.