Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാരിയെ രാഷ്ട്രീയവൽക്കരിക്കുന്നതെന്തിന്?; സമൂഹമാധ്യമങ്ങളിൽ വിമർശനം പടരുന്നു

x-default

ഇന്ത്യയെക്കുറിച്ചു വിദേശമാധ്യമങ്ങളിൽവരുന്ന ലേഖനങ്ങൾ ചർച്ചയാകാറുണ്ട്. അപൂർവമായി വിവാദങ്ങളും സൃഷ്ടിക്കാറുണ്ട്. ഇത്തവണ മൂന്നുദിവസം മുമ്പ് ഒരു പ്രമുഖ പത്രത്തിൽ വന്ന ലേഖനം ചൂടേറിയ ചർച്ചയ്ക്കു കാരണമായിരിക്കുന്നു.

വിഷയം സാരി. ഇന്ത്യയിൽ ഇപ്പോൾ സാരി ദേശീയതയുടെ ചിഹ്നമാണെന്നു പറയുന്നു ലേഖനം. 2014 ൽ നരേന്ദ്ര മോദി അധികാരത്തിലെത്തിയതുമുതൽ പാരമ്പര്യവേഷങ്ങളെ പ്രോത്സാഹിപ്പിക്കുകയാണത്രേ. പാരമ്പര്യവേഷമെന്ന നിലയിൽ ഏറ്റവും ശ്രദ്ധനേടുന്നതു സാരിയും.ഇതിനായി പാശ്ചാത്യ വേഷങ്ങളെ ഉപേക്ഷിക്കുന്നുണ്ടെന്നും പറയുന്നു ലേഖനം. ‘ഫാഷൻ ഇന്ത്യയിൽ ദേശീയതയുമായി ബന്ധപ്പെട്ട വിഷയം’ എന്ന തലക്കെട്ടിൽ ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

ബിജെപി നേതൃത്വം നൽകുന്ന സർക്കാരിന്റെ വിശാലമായ വർഗീയ അജൻഡയുടെ ഭാഗമാണു സാരിക്കു നൽകുന്ന പ്രോത്സാഹനമെന്നും ലേഖനം പറയുന്നു. സാരി പാരമ്പര്യവേഷമാണ്. ഹിന്ദു വേഷമാണ്. ബിജെപി അംഗീകരിക്കുന്ന വേഷവും. തന്റെ വാദങ്ങൾ സമർഥിക്കാൻ ലേഖനമെഴുതിയ ഖദ്രി മോദിയുടെ മണ്ഡലമായ വാരണാസി സന്ദർശിച്ച അനുഭവവും വിശദീകരിക്കുന്നു.

വാരണാസിയിലെ ബനാറസ് സാരി നിർമിക്കുന്ന തൊഴിലാളികളെ ഖദ്രി കണ്ടത്രേ.സിൽകിന്റെ മേൻമയുടെ പേരിൽ പ്രസിദ്ധമായ ബനാറസ് സാരികൾ പ്രധാനമായും ഹിന്ദു സ്ത്രീകളാണത്രേ ധരിക്കുന്നത്. ഈ വാചകമാണ് പ്രധാനമായും വിമർശിക്കപ്പെട്ടിരിക്കുന്നത്. ബനാറസ് സാരിയെ പിന്തുണയ്ക്കുന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനകൾ കച്ചവടക്കാർക്കു ഗുണമായിട്ടുണ്ടെന്നും ലേഖനം പറയുന്നു. പക്ഷേ സാരി തുന്നിയുണ്ടാക്കുന്ന തൊഴിലാളികളാകട്ടെ ദാരിദ്ര്യത്തിൽ കഴിയുന്നു. അവരുടെ ജീവിതം മെച്ചപ്പെടുത്താനുള്ള നടപടികളൊന്നും ആരും സ്വീകരിക്കുന്നില്ല.

നവസമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ഏറ്റവും ചർച്ച ചെയ്യപ്പെടുന്നതും ഈ വിഷയം തന്നെ. ലേഖനം പറയുന്നതുപോലെ സാരി ഹിന്ദു വേഷമാണോ? ദേശീയതയുടെ ചിഹ്നമാണോ? ബിജെപിയുടെ ഇഷ്ടവേഷമാണോ?. ലേഖനം മുഴുവൻ അബദ്ധപഞ്ചാംഗമാണെന്നു വാദിക്കുന്നു സമൂഹമാധ്യമങ്ങളിലെ പ്രമുഖർ.

ഒരു ഗവേഷണവും നടത്താതെ, പഠനത്തിന്റെ പിൻബലമില്ലാതെ പടച്ചുവിട്ടിരിക്കുന്ന അബദ്ധങ്ങൾ മാത്രം. ശക്തമായ വിമർശനമാണ് പലഭാഗത്തുനിന്നും ഉയരുന്നത്. വിദേശമാധ്യമങ്ങൾ ഇന്നും ഇന്ത്യയോടു പുലർത്തുന്നതു കൊളോണിയൽ മനോഭാവമാണെന്നു വിമർശിക്കുന്നവരുണ്ട്. ഇന്ത്യയുടെ യാഥാർഥ്യങ്ങളെ കാണാതെ, അംഗീകരിക്കതെ ഇന്നും ഇരുട്ടിൽ തപ്പുകയാണ് വിദേശലേഖകരെന്നും പറയുന്നു തവ്‍ലീൻ സിങ്, മധു ട്രെഹാൻ എന്നിവർ. ഇന്ത്യയെ ഇങ്ങനെയാണു ചിത്രീകരിക്കുന്നതെങ്കിൽ എങ്ങനെ വിദേശമാധ്യമങ്ങളെ വിശ്വസിക്കുമെന്നും ചോദിക്കുന്നവരുണ്ട്. 

ദ് ഇന്ത്യാ പ്രൊജക്ട് ഡയറക്ടർ തൻവി മദൻ പറയുന്നത് പ്രശ്നം വർഗീയവൽക്കരിക്കാനുള്ള ശ്രമമാണു നടക്കുന്നതെന്ന്. രാജ്യത്തെ ജീവിതരീതിക്കുനേരെ നടക്കുന്ന ആക്രമണമാണിതെന്നു പറയുന്നു സാമ്പത്തിക കാര്യവകുപ്പിലെ പ്രിൻസിപ്പൽ ഇക്കണോമിക് അഡ്‍വൈസർ സഞ്ജീവ് സന്യാൽ.

ദോശ കഴിക്കുന്നതും ബിരിയാണി ഭക്ഷിക്കുന്നതും ചട്നി കഴിക്കുന്നതുമൊക്കെ ഇനി ദേശീയതയുമായി ബന്ധപ്പെടുത്തുമോ എന്നും തൻവി മദൻ ചോദിക്കുന്നു. ഹിന്ദുമതത്തിൽപ്പെട്ടവർ മാത്രമാണു സാരി ധരിക്കുന്നതെന്ന വാദമാണ് ഏറ്റവും കൂടുതൽ പരിഹാസത്തിനു വിധേയമായിരിക്കുന്നത്. ലേഖനം വായിച്ചു പൊട്ടിച്ചിരിച്ചുപോയി എന്നാണു രശ്മി ബൻസൽ ട്വിറ്ററിൽ പരിഹസിച്ചത്. 

പ്രായപൂർത്തിയായതിനുശേഷം താൻ പ്രധാനമായും സാരിയാണു ധരിക്കാറുള്ളതെന്നു പറയുന്നു പാക്കിസ്ഥാനി കോളമിസ്റ്റ് മെഹർ തരാർ. സാരിയാണ് എന്റെ ഇഷ്ടവേഷം. എത്രയോ നാളായി ഞാൻ സാരി ധരിക്കുന്നു. ഇനിയുമതു തുടരാൻതന്നെയാണ് ആഗ്രഹം.എല്ലാക്കാലത്തും ഏറ്റവും സുന്ദരമായ വേഷമാണു സാരിയെന്നും തരാർ കൂട്ടിച്ചേർക്കുന്നു.