Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎസിൽ മരിച്ച ഷെറിന്റെ വളർത്തമ്മ അറസ്റ്റിൽ

foster ഷെറിൻ മാത്യൂസ്, സിനി മാത്യൂസ്.

ഡാലസ് (യുഎസ്) ∙ മലയാളി ദമ്പതികളുടെ വളർത്തുമകൾ, യുഎസിൽ മരിച്ച ഷെറിനെ (മൂന്ന്) കാണാതായതിന്റെ തലേന്നു വൈകിട്ട് കുട്ടിയെ ഒറ്റയ്ക്കാക്കി പുറത്തുപോയതിനു വളർത്തമ്മ സിനി മാത്യൂസിനെ അറസ്റ്റ് ചെയ്തു.

കഴിഞ്ഞ മാസം ഏഴിനു വൈകിട്ടു സിനിയും ഭർത്താവ് വെസ്‌ലിയും സ്വന്തം മകളെയും കൂട്ടി ഹോട്ടലിൽ അത്താഴം കഴിക്കാൻ പോയതു ഷെറിനെ അടുക്കളയിൽ അടച്ചശേഷമാണെന്നു സ്ഥിരീകരിച്ചതിനെ തുടർന്നാണിത്. ഇക്കാര്യം ചോദ്യം ചെയ്യലിൽ വെസ്‌ലി സമ്മതിച്ചിരുന്നു. 

കുട്ടിയുടെ ജീവൻ അപകടത്തിലാക്കി ഒറ്റയ്ക്കിരുത്തിയെന്ന കുറ്റമാണു സിനിക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇവർക്ക് രണ്ടര ലക്ഷം ഡോളറിനു ജാമ്യം അനുവദിച്ചു. 

ഷെറിന്റെ മൃതദേഹം ഒക്ടോബർ 22നു വീടിനു സമീപത്തെ കലുങ്കിനടിയിൽ നിന്നു കണ്ടെടുത്തതിനെ തുടർന്ന് അറസ്റ്റിലായ വെസ്‌ലി ഇപ്പോഴും ജയിലിലാണ്. ഇതേസമയം, കുട്ടിയുടെ മരണകാരണം ഇനിയും സ്ഥിരീകരിച്ചിട്ടില്ല.

ഡാലസിലെ ചിൽഡ്രൻസ് മെഡിക്കൽ സെന്ററിൽ നഴ്സാണു സിനി. വെസ്‌ലി– സിനി ദമ്പതികൾ ബിഹാറിലെ ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്നു ദത്തെടുത്ത ഷെറിനു പ്രായത്തിനൊത്ത ബുദ്ധിശേഷിയുണ്ടായിരുന്നില്ല. ഇതിനുള്ള ചികിൽസയുടെ ഭാഗമായി നിശ്ചിത ഇടവേളകളിൽ പാൽ കൊടുക്കാൻ നിർദേശിച്ചിരുന്നു. പാൽ കുടിക്കാൻ വിസമ്മതിച്ചതിനു ശിക്ഷയായി കുട്ടിയെ അടുക്കളയിൽ ഇരുത്തി പോയെന്നായിരുന്നു വെസ്‌ലിയുടെ മൊഴി. 

ഒന്നര മണിക്കൂറിനു ശേഷം തിരിച്ചുവന്നപ്പോൾ ഷെറിൻ അടുക്കളയിൽത്തന്നെയുണ്ടായിരുന്നു. പിറ്റേന്നാണു കുട്ടിയെ കാണാതായത്. അന്നു പാൽ കുടിക്കാത്തതിനു വീടിനു പുറത്തു മരച്ചുവട്ടിൽ നിർത്തിയെന്നും കുറച്ചുസമയത്തിനു ശേഷം നോക്കിയപ്പോൾ കാണാതായെന്നും വെസ്‌ലി പറഞ്ഞു. എന്നാൽ തലേന്നു വീട്ടുകാർ തിരിച്ചെത്തുമ്പോൾ കുട്ടി ജീവനോടെയുണ്ടായിരുന്നോയെന്നാണു പൊലീസ് അന്വേഷിക്കുന്നത്. 

ഇവർ പുറത്തുപോയിരുന്നതിന്റെ തെളിവായി വെസ്‍ലിയുടെയും സിനിയുടെയും ഫോൺ ലൊക്കേഷനും ഭക്ഷണശാലയിലെ ബില്ലുകളും ലഭിച്ചിട്ടുണ്ട്. ദമ്പതികൾക്കു ജനിച്ച മക‍ൾ ഇപ്പോൾ ശിശുസംരക്ഷണ കേന്ദ്രത്തിലാണ്. ഈ കുട്ടിയെ തിരികെ കിട്ടാൻ ഇവർ നൽകിയ അപേക്ഷയിലുള്ള തീരുമാനം 29ലേക്കു മാറ്റി.