Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

30 കോടിയിലേറെ മൂലധനം; ഇത് ലൈംഗികത്തൊഴിലാളികൾക്കുവേണ്ടിയുള്ള സാമ്പത്തിക സ്ഥാപനം

usha-bank-002 Image Credit : Usha co-operative website

പതിനായിരത്തിൽക്കൂടുതൽ ലൈംഗികതൊഴിലാളികളുടെ പാർപ്പിട–പ്രവർത്തനമേഖല: കൊൽക്കത്തയിലെ സോനാഗച്ചി  ഏഷ്യയിലെതന്നെ ഏറ്റവും വലിയ, കുപ്രസിദ്ധമായ ചുവന്നതെരുവ്.

ആയിരങ്ങൾ ദിവസവും സോനാഗച്ചി  സന്ദർശിക്കുന്നു. മറ്റു തൊഴിലുകളിൽ ഏർപ്പെടുന്നവരെപ്പോലെ ലൈംഗിക തൊഴിലാളികൾ ജീവിക്കുന്നു. അവരും പണം സമ്പാദിക്കുന്നുണ്ട്. ചെലവാക്കുന്നുണ്ട്. പക്ഷേ ബാങ്കുകളിൽ അവർക്കു പ്രവേശനമില്ല. തൊഴിലിന്റെ അടിസ്ഥാനത്തിൽ വായ്പ ലഭിക്കില്ല. വരുമാനം സമ്പാദ്യമാക്കി മാറ്റാൻ മാർഗങ്ങളുമില്ല.

സോനാഗച്ചി  സർക്കാരിന്റെ സമ്പത്തിക സുരക്ഷാ മേഖലയ്ക്കു പുറത്ത്. വർഷങ്ങളായി സാമ്പത്തിക സാമൂഹിക സുരക്ഷിതത്വമില്ലാതെ നരകിച്ചെങ്കിലും ഇന്നു സോനാഗച്ചിയിലെ സ്ഥിതി മാറിയിരുക്കുന്നു. സ്വന്തമായി ഒരു സാമ്പത്തിക സ്ഥാപനമുണ്ട് സോനാഗച്ചിക്കും. നല്ല നിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനം. കണക്കുകൾ കേട്ടാൽ ഏതു ബാങ്കും അതിശയിക്കുന്ന സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യുന്ന സ്ഥാപനം. 

തുടക്കം രണ്ടു ദശകം മുമ്പ്. 13 ലൈംഗികത്തൊഴിലാളികൾ ഒരുമിച്ചൂകൂടി ഒരു സ്ഥാപനം തുടങ്ങി – ഉഷ. ലൈംഗികത്തൊഴിലാളികൾക്കു സാമ്പത്തിക സഹായം നൽകുന്ന സഹകരണ സ്ഥാപനം. ലൈംഗികത്തൊഴിലാളികളാൽ അവർക്കുവേണ്ടി നടത്തപ്പെടുന്ന രാജ്യത്തെ ഏക സ്ഥാപനം. 1995 ജൂൺ 21 നു തുടക്കം. 30,000 രൂപ തുടക്കത്തിലെ മൂലധനം. ഇന്നത് 30 കോടിയായി മാറിയിരിക്കുന്നു.

പ്രവർത്തന മേഖല വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ് സമൂഹത്തിന്റെ പുറമ്പോക്കിൽ ജീവിക്കുന്ന പാവങ്ങൾക്കിടയിൽ സുരക്ഷിതത്വത്തിന്റെ പ്രകാശം പരത്തിയ ഉഷ. ഇന്നു ലൈംഗികത്തൊഴിലാളികൾക്കുവേണ്ടി മാത്രമല്ല ഉഷയുടെ പ്രവർത്തനം. സമൂഹം പുറത്താക്കിയ,പാർശ്വവൽക്കരിക്കപ്പെട്ടവർക്കുവേണ്ടിയും ദുർബല വിഭാഗത്തിൽപ്പെട്ട പുരുഷൻമാർക്കുവേണ്ടിയും മേഖല വിപുലീകരിക്കുന്നു.

ജന്മിമാർ ഓടിച്ചുവിടും. ബാങ്കുകൾ അകത്തേക്കു പോലും കടത്തിവിടില്ല. ലൈംഗികതൊഴിലാളികൾക്ക് ഏകാശ്രയം കൊള്ളപ്പലിശക്കാർ മാത്രം. അവരിൽനിന്നു കടം വാങ്ങിച്ചാൽ ജീവിതത്തിലൊരിക്കലും വീട്ടിത്തീരില്ല. പലിശ ആകാശത്തോളം ഉയർന്നുപോകും. വേശ്യാലയ ഉടമകളെ ചിലർ തങ്ങളുടെ വരുമാനം ഏൽപിക്കും. അവർ ഒരിക്കലും സത്യസന്ധമായി പെരുമാറില്ല. ചുരുക്കത്തിൽ ചൂഷണത്തിനു മുകളിൽ ചൂഷണം എന്നതായിരുന്നു സ്ഥിതി: പുതുൽ സിങ് എന്ന മുൻ ലൈംഗികത്തൊഴിലാളി ഉഷ വരുന്നതിനുമുമ്പുള്ള അവസ്ഥ വെളിപ്പെടുത്തുന്നു. 

15–ാം വയസ്സിൽ സോനാഗച്ചിയിൽ ജോലി തുടങ്ങിയ ഇപ്പോൾ 36 വയസ്സുള്ള ഒരു യുവതി. മൂന്നു സഹോദരിമാരെ അവർ കല്യാണം കഴിച്ചയച്ചു. വീട് അറ്റകുറ്റപ്പണി നടത്തി വൃത്തിയാക്കി. എല്ലാം നടന്നതിനു കാരണം ഉഷ എന്ന ധനകാര്യസ്ഥാപനത്തിന്റെ ഉദാരമായ വായ്പ. അഞ്ചുതവണ ഉഷ ആ യുവതിക്കു വായ്പ കൊടുത്തു. ഏറ്റവുമൊടുവിൽ കൊടുത്തത് 70,000 രൂപ. ആ തുക ജോലിയിൽനിന്നു മിച്ചം പിടിക്കുന്ന തുക കൊണ് അടച്ചുതീർക്കുകയാണ് ഇപ്പോൾ ആ യുവതി. 

2016–17 സാമ്പത്തിക വർഷം 7231 ലൈംഗികത്തൊഴിലാളികൾക്കായി ഉഷ വിതരണം ചെയ്തത് 7.62 കോടി രൂപ. കുട്ടികളുടെ വിദ്യാഭ്യാസത്തിനും വീടു നിർമാണത്തിനുംവേണ്ടിയായിരുന്നു കൂടുതൽ തുകയും ഉപയോഗിച്ചത്. നോട്ടുനിരോധനത്തെയും ഉഷ അതിജീവിച്ചു. സ്വകാര്യ ബാങ്കുകളുടെ മൽസരത്തിലും പിന്നിലായില്ല. 

മാസത്തിൽ രണ്ടുതവണ ഞങ്ങൾ യോഗം കൂടും. വായ്പ വിതരണം ചെയ്യും. ധനശേഖരണം കാര്യക്ഷമമായി നടത്താൻ പദ്ധതികൾ ആവിഷ്കരിക്കും.  പലിശനിരക്കു നിശ്ചയിക്കും: ഉഷയുടെ ചെയർപേഴ്സൺ ഷെഫാലി ദാസ് പറയുന്നു.

കാളിഘട്ടിലും സൊനഗച്ചിയിലും കൂഛ് ബീഹാർ ജില്ലയിലെ ദിൻഹട്ടിലും ഉഷയ്ക്കു ശാഖകളുണ്ട്. 16 കേന്ദ്രങ്ങളിൽ കളക്‌ഷൻ സെന്ററുകൾ. ലൈംഗികത്തൊഴിലാളികളുടെ കുട്ടികളാണ് കളക്‌ഷൻ ഏജന്റുമാർ. 28 പേരോളമുണ്ട് അവർ. എല്ലാ അർഥത്തിലും ഉഷ ഇന്നൊരു ബാങ്കാണ്. സ്വയം പര്യാപ്തമായ, നൻമയിലും സ്നേഹത്തിലുമധിഷ്ഠിതമായ ബാങ്ക്. ലാഭമല്ല മുദ്രാവാക്യം; പാർശ്വവൽക്കരിക്കപ്പെട്ടവരുടെ മെച്ചപ്പെട്ട ജീവിതം.