Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയലളിതയുടെ മകളാണെന്ന് അവകാശപ്പെട്ട യുവതി ഡിഎൻഎ ടെസ്റ്റിനൊരുങ്ങുന്നു

jayalalitha

തമിഴ് നാട് മുന്‍ മുഖ്യന്ത്രി അന്തരിച്ച ജെ.ജയലളിതയുടെ മകളാണെന്ന് അവകാശപ്പെട്ടു രംഗത്തെത്തിയ യുവതി മാതൃത്വം തെളിയിക്കാന്‍ ഡിഎന്‍എ ടെസ്റ്റിന് ഒരുങ്ങുന്നു. കോടതി അനുവദിക്കുകയാണെങ്കില്‍ ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ തന്റെ വക്കീല്‍ മുഖേന ഹെദരാബാദ് സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്യുലാര്‍ ബയോളജി കേന്ദ്രത്തെ സമീപിക്കാനാണു യുവതിയുടെ തീരുമാനം. 

അമൃത സാരഥി എന്ന യുവതിയാണ് ജയലളിതയുടെ മകളാണെന്ന് അവകാശപ്പെട്ടു രംഗത്തു വരികയും കോടതിയെ സമീപിക്കുകയും ചെയ്തത്. ജയലളിതയുടെ അന്തരിച്ച സഹോദരി ഷൈലജയുടെ മകളായാണ് താന്‍ വളര്‍ത്തപ്പെട്ടതെന്നു പറയുന്നു അമൃത. ജയലളിതയുടെ മരണശേഷം മാത്രമാണ് താന്‍ യഥാര്‍ഥ അമ്മ ആരെന്ന് അറിയുന്നതെന്നും അവര്‍ അവകാശപ്പെടുന്നു. 

എല്‍.എസ്.ലളിത, രഞ്ജിനി രവീന്ദ്രനാഥ് എന്നീ അമ്മായിമാരില്‍നിന്നാണത്രേ അമൃത സത്യം അറിഞ്ഞത്. 1980 ഓഗസ്റ്റ് 14 ന് ജയലളിതയുടെ മൈലാപ്പൂരിലെ വസതിയിലാണു താന്‍ ജനിച്ചതെന്നു പറയുന്നു അമൃത. യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തില്‍പെട്ടവരായതിനാല്‍ മകളുടെ ജനനം രഹസ്യമാക്കി വക്കുവാനായിരുന്നത്രേ തീരുമാനം. അങ്ങനെയാണ് ഷൈലജയുടെ മകളായി അമൃതയെ വളര്‍ത്താന്‍ തീരുമാനിച്ചത്. 

അമൃത ഡിഎന്‍എ ടെസ്റ്റിനുള്ള അനുവാദം ചോദിച്ച് ആദ്യം സമീപിച്ചതു സുപ്രീംകോടതിയെ. ഹര്‍ജി മദ്രാസ് ഹൈക്കോടതിയില്‍  ഫയല്‍ ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു സുപ്രീം കോടതി. 2017 ഡിസംബര്‍ 22 ന് ഹര്‍ജി പരിഗണിച്ച കോടതി തമിഴ്നാട് സര്‍ക്കാരിന്റെയും  ചെന്നൈ മുനിസിപ്പല്‍ കോര്‍പറേഷന്റെയും നിലപാട് തേടി. 2018 ജനുവരി അഞ്ചിന് ജയയുടെ അനന്തരവരായ ദീപകും ദീപയും തങ്ങള്‍ക്കു പറയാനുള്ളതു കൂടി കേള്‍ക്കണമെന്ന് കോടതിയോട് അഭ്യര്‍ഥിച്ചു. 

ഫെബ്രുവരി 2 ന് മുമ്പായി ബന്ധപ്പെട്ടവരെല്ലാം സത്യവാങ്മൂലങ്ങള്‍ സമര്‍പ്പിക്കാനും അന്ന് കേസ് പരിഗണിക്കാമെന്നുമാണ് കോടതി ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ഡിഎന്‍എ ടെസ്റ്റ് നടത്താനുള്ള സൗകര്യത്തെക്കുറിച്ച് ഹൈദരാബാദ് കേന്ദ്രത്തില്‍ അമൃത അന്വേഷണം നടത്തിയിരിക്കുന്നത്. കോടതി ആവശ്യപ്പെട്ടാല്‍ ടെസ്റ്റ് നടത്തി രണ്ടുമാസത്തിനകം ഫലം പ്രഖ്യാപിക്കാം. 

കേസിന്റെ വാദത്തിനിടെ എന്തുകൊണ്ടാണ് ഹര്‍ജിക്കാരി പിതൃത്വം തെളിയിക്കാന്‍ താല്‍പര്യമെടുക്കാതിരിക്കുന്നതെന്നു കോടതി ചോദിച്ചിരുന്നു. മാതൃത്വം തെളിയിക്കാന്‍ മാത്രമേ തനിക്കു താല്‍പര്യമുള്ളൂ എന്നായിരുന്നു അമൃതയുടെ മറുപടി.