ADVERTISEMENT

കൗമാരപ്രായത്തിലുള്ള പെണ്‍കുട്ടികളുടെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുള്ള ക്ലാസ്സ് എടുക്കുകയാണ് ഒരു അധ്യാപിക. ആര്‍ത്തവത്തെക്കുറിച്ച് ക്ലാസ്സ് എടുക്കുന്ന അധ്യാപിക സംസാരിച്ചുതുടങ്ങിയതോടെ പുരുഷ അധ്യാപകര്‍ ഓരോരുത്തരായി ക്ലാസ്സ് മുറിയില്‍ നിന്ന് പുറത്തിറങ്ങാന്‍ തുടങ്ങി. അവസാനത്തെയാളും ക്ലാസ്സ് മുറി വിട്ടു എന്നു മാത്രമല്ല അവര്‍ക്കു പിന്നില്‍ അവര്‍ വാതില്‍ വലിച്ചടയ്ക്കുകയും ചെയ്തു. 

ആര്‍ത്തവത്തെക്കുറിച്ച് ഇന്നും ഇന്ത്യന്‍ ഗ്രാമങ്ങളില്‍ നിലനില്‍ക്കുന്ന തെറ്റിധാരണകളെക്കുറിച്ചും അന്ധവിശ്വാസങ്ങളെക്കുറിച്ചുള്ള ഒരു പഠനത്തിലാണ് ഈ വിവരമുള്ളത്. ഗാന്ധിനഗര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ മുക്ത ഗുണ്ടി എന്ന ഗവേഷകയാണ് പഠനം നടത്തിയത്. 

ആര്‍ത്തവത്തെക്കുറിച്ച് പരസ്യമായി സംസാരിക്കാനാവാത്തതിനാല്‍ മിക്ക പെണ്‍കുട്ടികളും വലിയതോതിലുള്ള സംഘര്‍ഷം അനുഭവിക്കുന്നതായും പഠനം വെളിപ്പെടുത്തുന്നു. ആണ്‍കുട്ടികള്‍ പൊതുവെ അവരുടെ ആകാംക്ഷ അടക്കിവയ്ക്കുകയാണ്. എന്നാല്‍ പെണ്‍കുട്ടികള്‍ക്കാകട്ടെ ഒന്നും തുറന്നുപറയാനും കഴിയുന്നില്ല. ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ഇന്നും ഈ അവസ്ഥയാണ് നിലനില്‍ക്കുന്നതെന്നാണ് മുക്തയുടെ ഗവേഷണ പ്രബന്ധം പറയുന്നത്. യുഎസിലെ ഇന്ത്യാന യൂണിവേഴ്സിറ്റി ഓഫ് ബ്ലൂമിങ്ടണില്‍ നിന്നാണ് മുക്ത ബിരുദാനന്തര ബിരുദം നേടിയത്. ഗാന്ധിനഗര്‍ ഐഐടിയില്‍ ആര്‍ത്തവത്തെക്കുറിച്ചു നടത്തിയ പഠനത്തിന്റെ പേരില്‍ ഇക്കഴിഞ്ഞമാസം 23 ന് മുക്തയ്ക്ക് ഡോക്ടറേറ്റും ലഭിച്ചു. 

മഹാരാഷ്ട്രയിലെ നാസിക് ജില്ലയില്‍ നിന്നുള്ള 1421 പേരെയാണ് മുക്ത പഠനത്തില്‍ ഉള്‍പ്പെടുത്തിയത്. അവരില്‍ 21 വീതം ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉണ്ടായിരുന്നു.സംസ്ഥാനത്തുതന്നെ  ഗോത്രജനവിഭാഗങ്ങള്‍ ഏറ്റവും കൂടുതല്‍ അധിവസിക്കുന്ന ജില്ലകളില്‍ ഒന്നു കൂടിയാണ് നാസിക്. 

ആണ്‍കുട്ടികളെ സംബന്ധിച്ചടത്തോളം ആര്‍ത്തവം ഇപ്പോഴും വിലക്കപ്പെട്ട വിഷയമാണ്. ആ വിഷയത്തെക്കുറിച്ച് കൂടുതലായി ഒന്നും അറിയാന്‍ തന്നെ അവര്‍ ആഗ്രഹിക്കുന്നില്ല. പെണ്‍കുട്ടികളാകട്ടെ പലപ്പോഴും രഹസ്യ ഭാഷയിലാണ് ആര്‍ത്തവപ്രശ്നങ്ങള്‍ അവര്‍ക്കിടയില്‍ തന്നെ സംസാരിക്കുന്നത്. ആര്‍ത്തവത്തെക്കുറിച്ച് ‘ അമ്മായി വന്നു’  എന്നൊക്കെ ഇന്നും രഹസ്യമായി സംസാരിക്കുന്ന പെണ്‍കുട്ടികളുടെ എണ്ണം ഒട്ടേറെയാണെന്നാണ് മൂക്ത പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നത്. 

ചില ഗോത്ര വര്‍ഗ വിഭാഗങ്ങള്‍ക്കിടയില്‍ ആര്‍ത്തവാനന്തര പ്രശ്നങ്ങളെ രോഗമായി തന്നെ കാണുന്നവരുമുണ്ട്. എന്നാലും പരസ്യമായി അതേക്കുറിച്ചൊന്നും സംസാരിക്കാനാവാത്തതിനാല്‍ എല്ലാം സംഘര്‍ഷവും ഉള്ളിലൊതുക്കുകയാണ് പലരും. ചില സമ്പന്ന കുടുംബങ്ങളിലെ കുട്ടികള്‍ മാത്രമാണ് വിഷയത്തെക്കുറിച്ച് പരസ്യമായി സംസാരിക്കാന്‍ ധൈര്യം കാണിച്ചു മുന്നോട്ടുവന്നത്. അവരുടെ പോലും വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആര്‍ത്തവത്തെക്കുറിച്ചുള്ള എല്ലാ ചര്‍ച്ചകളില്‍ നിന്നും ആണ്‍കുട്ടികളെ ഒഴിവാക്കി നിര്‍ത്തുന്നു എന്നതാണ് വസ്തുത.

English Summary: Taboos lead to stress among girls on menstruation: Study

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com