ADVERTISEMENT

പ്രണയം ക്രൂരമാകുന്ന അവസ്ഥ നേരിട്ടിട്ടുള്ള നിരവധിപ്പേരുണ്ടാകും. പ്രണയം പകയായി പിന്നീട് കൊലപാതകവും ആത്മഹത്യയും അടക്കമുള്ള ദുരന്തങ്ങളിലേക്ക് നീങ്ങുന്ന അവസ്ഥ. ബന്ധങ്ങള്‍ക്കുള്ളിലെ വീർപ്പുമുട്ടൽ, ശാരീരിക മാനസിക പീഡനം, ഭീഷണി, കപടത, ചതി. പലപ്പോഴും ഇരകളാകുന്നത് സ്ത്രീകളാണ് എന്നതാണ് വാസ്തവം. വളരെ വിഷലിപ്തമായ ബന്ധത്തിൽ പെട്ടുപോയ ഒരു യുവതിക്ക് നേരിടേണ്ടി വന്ന ക്രൂരതകളാണ് പലരും പങ്കുവയ്ക്കുന്നത്. മാനസിക സംഘർഷങ്ങളിൽപ്പെട്ട് തളർന്നെങ്കിലും അവർ ഇപ്പോൾ അതിജീവനത്തിന്റെ പാതയിലാണ്

‘വളരെ കോപാകുലനായി അവൻ എന്നോട് ചോദിച്ചു,' നീ വേറെ ആരുടെ കൂടെയാണ് ഉറങ്ങുന്നത്' എന്ന്. അതോടെ മൂന്ന് മാസം നീണ്ട ഭീതിതമായ ആ ബന്ധം ഉപേക്ഷിച്ച് ഞാൻ അവനിൽ നിന്ന് അകന്നു. എന്നാൽ ഒരാഴ്ചയ്ക്ക് ശേഷം തെരുവിന്റെ നടുവിൽ വച്ച് അവൻ മുട്ട് കുത്തി നിന്ന് എന്നോട് ക്ഷമിക്കണം എന്ന് അപേക്ഷിച്ചു. എനിക്ക് അന്ന് 21 വയസ് മാത്രമാണ് പ്രായം. പ്രണയവും കപടതയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാൻ ആയിരുന്നില്ല. അവനൊപ്പം ബന്ധം തുടർന്നു. എന്നാൽ എല്ലാം പഴയപടിയാകാൻ അധികം സമയമെടുത്തില്ല. ഞാൻ ആൺ സുഹൃത്തുക്കളോടു സംസാരിക്കുന്നത് അവൻ ഇഷ്ടപ്പെട്ടില്ല. എന്റെ സോഷ്യൽ‌ മീഡിയ അക്കൗണ്ടുകളൊക്കെ അവൻ കൈകാര്യം ചെയ്യാൻ തുടങ്ങി. നീളം കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്നത് വിലക്കി. കോളജിൽ പോകുന്നത് പോലും വിലക്കി. എന്തുകൊണ്ട് വീട്ടിലിരുന്ന് പഠിച്ചുകൂടാ? എന്നായി ചോദ്യം.– യുവതി തന്റെ അനുഭവങ്ങൾ പറയുന്നു. 

അവന് വേണ്ടി 6 മാസത്തോളം പറ്റാവുന്നത്ര ഞാൻ സ്വയം മാറാൻ ശ്രമിച്ചു. പക്ഷേ, തോറ്റുപോയി. അവസാനം ഞാൻ അവനോട് പറഞ്ഞു. ഇത് അവസാനിപ്പിക്കാമെന്ന്. അവിടെ നിന്നും ഇറങ്ങി. എന്നാൽ ഒരു മണിക്കൂറിനു ശേഷം അവന്റെ സുഹൃത്ത് വിളിച്ചിട്ട് പറഞ്ഞു അവൻ എലിവിഷം കഴിച്ചെന്ന്. ഞാൻ ആശുപത്രിയിലേക്ക് ഓടി. ‘തിരിച്ചു വരൂ അല്ലെങ്കിൽ ഞാൻ മരിക്കും.’ അവൻ പറഞ്ഞു. അവന്റെ അവസ്ഥ കണ്ട് സഹതാപം തോന്നി. സുഖമാകുന്നതു വരെ കൂടെ നിൽക്കാമെന്ന് കരുതി. എന്നാൽ, ഞാൻ പോകുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം, അവന്‍ കൈത്തണ്ട മുറിക്കുമെന്ന് ഭീഷണിപ്പെടുത്തി; ഞാൻ പേടിച്ചു. അവൻ ആവശ്യപ്പെടുന്നതെല്ലാം ഞാൻ സമ്മതിച്ചു. നിർബന്ധിച്ച് ലൈംഗിക ബന്ധത്തിലേർപ്പടുകയും ഫോട്ടോകളെടുക്കുകയും ചെയ്തു. അവനെതിരെ ഒരക്ഷരം മിണ്ടിയാൽ ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. ഞാൻ പെട്ടുപോയി എന്ന് മനസ്സിലായി. 

ഒരുദിവസം അവൻ വീട്ടില്‍ ഇല്ലാതിരുന്നപ്പോൾ ഒരു സ്ത്രീ അവിടെയെത്തി. അവന്റെ കാമുകിയാണെന്ന് പരിചയപ്പെടുത്തി. അവളെയും അവൻ പീഡനത്തിനിരയാക്കി എന്ന് പറഞ്ഞു. ഞങ്ങൾ രണ്ടുപേരും ചേർന്ന് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. അതിനുശേഷം കുടുംബത്തിനൊപ്പം ബോംബെയിലേക്ക് ഞാൻ മാറി. പുതിയ ജോലി കണ്ടെത്തി. പുതിയ സുഹൃത്തുക്കളായി. എന്നാൽ അവൻ എന്നെ കണ്ടെത്തി. ഒരിക്കൽ ഞാൻ ജോലി കഴിഞ്ഞ് മടങ്ങവേ അവൻ എന്റെ കഴുത്തിന് പിടിച്ചു. എന്നെ തല്ലി. എന്റെ ചുണ്ടുകൾ പൊട്ടി. കയ്യിലും മുറിവുണ്ടായി. എങ്ങനെയൊക്കെയോ അവനെ തള്ളിമാറ്റി ഞാൻ വീട്ടിലേക്ക് ഓടി. മാതാപിതാക്കളോട് കാര്യം പറഞ്ഞു. അച്ഛൻ പേടിച്ചു. വേഗം തന്നെ പൊലീസിൽ പരാതി നൽകി. 

ആ സംഭവത്തോടെ ഞാൻ സമ്മർദത്തിലേക്ക് നീങ്ങി. പുരുഷന്മാരോട് സംസാരിക്കുന്നത് ഭയമായി. പുറത്തുപോകാൻ പേടിയായി. രാത്രിയിൽ ഉണർന്ന് കരയാൻ തുടങ്ങി. ജോലി സ്ഥലത്തേക്ക് പപ്പ കൊണ്ടാക്കി. രാത്രി മുഴുവൻ അമ്മ എനിക്കൊപ്പം ഇരുന്നു. ഞാൻ സമാധാനമായി ഉറങ്ങാൻ. ഒരു വർഷത്തിന് ശേഷം അയാൾ എനിക്ക് മെസേജ് അയച്ചു. ക്ഷമിക്കണം എന്ന് പറഞ്ഞു. പക്ഷേ അവന് ക്ഷമ കൊടുക്കാന്‍ എനിക്ക് ഒരിക്കലും ആകില്ല. എനിക്ക് ജീവിച്ചേ മതിയാകൂ. എനിക്ക് സന്തോഷം തിരികെ വേണം. 

ഞാൻ നൃത്തം പഠിക്കാൻ തുടങ്ങി. അത് കുറേയൊക്കെ എന്റെ മുറിവുണങ്ങാൻ സഹായിച്ചു. ജോലിയിൽ കൂടുതൽ ശ്രദ്ധ ചെലുത്തി. ഒരു വർഷം കൊണ്ട്  രണ്ട് തവണ സ്ഥാനക്കയറ്റം ലഭിച്ചു. ഇപ്പോള്‍ മൂന്ന് വര്‍ഷമായി. പൂർണമായും മോചിതയായിട്ടില്ല. എന്നാലും ഇതിൽ നിന്ന് രക്ഷ നേടും എന്ന് സ്വയം പറയാറുണ്ട്. ഇപ്പോൾ, ഞാൻ അവനെക്കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം, ഞാൻ എത്ര ദൂരം എത്തിയെന്നും അതിലൂടെ കടന്നുപോകാൻ ഞാൻ എത്ര ധൈര്യമെടുത്തെന്നും സ്വയം ഓർമപ്പെടുത്തുന്നു.

English Summary:,Woman Facebook Post On Toxic Relationship Abuse

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com