ADVERTISEMENT

വാലന്റൈന്‍സ് ദിനത്തില്‍ പ്രണയത്തിന്റെ വൈവിധ്യം ആഘോഷിക്കാന്‍ പോസ്റ്റ് ചെയ്ത ചിത്രം പിന്‍വലിച്ച് ഐക്യരാഷ്ട്ര സംഘടനയുടെ വിമന്‍ വിഭാഗം. വ്യത്യസ്ത ദമ്പതികള്‍ക്കൊപ്പം തനിച്ചുനില്‍ക്കുന്ന കറുത്ത വര്‍ഗക്കാരിയായ സ്ത്രീയുടെ ചിത്രം ഉള്‍പ്പെട്ടതാണു സംഭവം വിവാദമാകാന്‍ കാരണം. കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ തങ്ങള്‍ക്കു സംഭവിച്ച തെറ്റു മനസ്സിലാക്കിയാണ് പിന്‍വാങ്ങല്‍. 

ഏതാനും ദമ്പതികളുടെ പ്രതീകാത്മക ചിത്രങ്ങളാണ് യുഎന്‍ സ്ത്രീ സംഘടന പോസ്റ്റ് ചെയ്തിരുന്നത്. അവരില്‍ സ്വവര്‍ഗ്ഗ ദമ്പതികളും ഉണ്ടായിരുന്നു. പ്രണയത്തിലെ വൈവിധ്യം ആഘോഷിക്കുകയായിരുന്നു ലക്ഷ്യം. പരസ്പരം സ്നേഹിച്ചും കെട്ടിപ്പുണര്‍ന്നുമാണു പല ദമ്പതികളും ചിത്രത്തില്‍ കാണുന്നത്. എന്നാല്‍ ചിത്രത്തില്‍ ഒരാള്‍ മാത്രം തനിച്ചാണ്. ഒരു കറുത്ത വനിത. അവര്‍ കൈകള്‍കൊണ്ട് അവരെത്തന്നെ കെട്ടിപ്പുണര്‍ന്നാണു നില്‍ക്കുന്നത്. ഈ ചിത്രമാണു വിവാദം ക്ഷണിച്ചുവരുത്തിയത്. സ്നേഹം സമത്വമാണ്. സ്നേഹം ആദരവാണ്. സ്നേഹം സ്നേഹം തന്നെയാണ് എന്ന വാചകങ്ങളോടെയാണ് യുഎന്‍ ചിത്രം പോസ്റ്റ് ചെയ്തത്. എന്നാല്‍ ചിത്രത്തിലെ വിവേചനം ഒരാള്‍ ചൂണ്ടിക്കാണിച്ചതോട മാപ്പു പറഞ്ഞുകൊണ്ട് സംഭവത്തില്‍നിന്ന് തലയൂരാനുള്ള ശ്രമമാണ് യുഎന്‍ നടത്തുന്നത്. 

സ്നേഹത്തിലെ എല്ലാത്തരം വൈവിധ്യങ്ങളെയും ചിത്രീകരിക്കാനായിരുന്നു ഞങ്ങളുടെ ശ്രമം. എന്നാല്‍ ചിത്രത്തിനു ലഭിച്ച എല്ലാ കമന്റുകളും ഞങ്ങള്‍ ശ്രദ്ധിച്ചു. അതോടെ ചിത്രം പിന്‍വലിക്കാന്‍ തീരുമാനിച്ചു. സ്ത്രീ പുരുഷ സമത്വത്തിലാണ് യുഎന്‍ വിശ്വസിക്കുന്നത്. പ്രായം, വംശം, ലൈംഗിക താല്‍പര്യങ്ങള്‍ എന്നിവയൊന്നും സ്നേഹത്തിന് തടസ്സമാകരുത് എന്നും ഞങ്ങള്‍ ആഗ്രഹിക്കുന്നു- സമൂഹ മാധ്യമത്തില്‍ പ്രസിദ്ധപ്പെടുത്തിയ ക്ഷമാപണത്തില്‍ യുഎന്‍ പറയുന്നു. 

എന്നാല്‍ ക്ഷമാപണത്തെ പൂര്‍ണമായും അംഗീകരിക്കാന്‍ വിമര്‍ശകര്‍ ഇനിയും തയാറായിട്ടില്ല. കറുത്തവരെ ഏകാകിളായി മാറ്റിനിര്‍ത്തുന്നതാണോ സ്ത്രീ-പുരുഷ സമത്വം എന്നും അവര്‍ ചോദിക്കുന്നു. ഒരൊറ്റ ചിത്രത്തിലൂടെ എത്രയോ പേര്‍ക്കുണ്ടായ ഹൃദയവേദന മനസ്സിലാക്കണമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. കറുത്തവരെയും അംഗീകരിക്കുന്നുണ്ടെന്നു പറയൂ. അവര്‍ക്കും സ്നേഹം സാധ്യമാണെന്ന് വിശ്വസിക്കൂ. മാപ്പു പറഞ്ഞതുകൊണ്ടുമാത്രം കാര്യമില്ല- പലരും വിമര്‍ശനം കടുപ്പിക്കുകതന്നെയാണ്. 

English Summary: UN Women takes down Valentine’s Day image featuring lone black woman after backlash

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com