ADVERTISEMENT

തന്റെ പേര് പരാമര്‍ശിച്ചുകൊണ്ട് വിലകുറഞ്ഞ ലൈംഗിക, സ്ത്രീവിരുദ്ധ തമാശ അവതരിപ്പിച്ച നെറ്റ്ഫ്ലിക്സിനെതിരെ പ്രതികരിച്ച് പ്രശസ്ത ഗായിക ടെയ്‍ലര്‍ സ്വിഫ്റ്റ് രംഗത്തെത്തി. ജിന്നി ആന്‍ഡ് ജോര്‍ജിയ എന്ന കോമഡി പരമ്പരയുടെ അവസാന ഭാഗത്താണ് ടെയ്‍ലര്‍ സ്വിഫ്റ്റിനെ ഞെട്ടിച്ച, നിശിതമായി ആക്രമിക്കുന്ന പരാമര്‍ശം കടന്നുവന്നത്. 

ഒരു അമ്മയും മകളുമായിരുന്നു പരമ്പരയിലെ പ്രധാനകഥാപാത്രങ്ങള്‍. രണ്ടും പേരും ഇടയ്ക്ക് കഠിനമായ വാഗ്വാദത്തിലേര്‍പ്പെട്ടു. അതിനിടെ അമ്മ മകളോട് നിന്റെ ബന്ധം തകര്‍ന്നോ എന്നു ചോദിക്കുന്നു. ഇതിനു മകള്‍ അമ്മയോടു പറയുന്ന മറുപടിയാണ് ഗായികയെ പ്രകോപിപ്പിച്ചത്.

നിങ്ങള്‍ എന്തിനതു ശ്രദ്ധിക്കണം. ടെയ്‍ലര്‍ സ്വിഫ്റ്റിനേക്കാള്‍ വേഗത്തിലല്ലേ നിങ്ങള്‍ പുരുഷന്‍മാരിലൂടെ കടന്നുപോകുന്നത്? ഗായികയുടെ ആരാധകര്‍ പെട്ടെന്നുതന്നെ ഈ പരാമര്‍ശം ശ്രദ്ധിക്കുകയും ഇതിനെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ നിറയുകയും ചെയ്തു. അതിനിടെയാണ് അപ്രതീക്ഷിതമായി ഗായിക തന്നെ പ്രതികരണവുമായി രംഗത്തെത്തിയത്. 

ജിന്നി ആന്‍ഡ് ജോര്‍ജിയയിലെ വില കുറഞ്ഞ ലൈംഗിക തമാശ തിരിച്ചെടുക്കണമെന്നാണ് എനിക്കു പറയാനുള്ളത്. കഠിനമായി അധ്വാനിച്ച് ജീവിതത്തില്‍ ഉയരത്തില്‍ എത്തുന്ന സ്ത്രീകളെ മോശമായി കാണുന്ന പ്രവണതയില്‍ നിന്ന് ഇനി എന്നാണ് നമ്മള്‍ രക്ഷപ്പെടാന്‍ പോകുന്നത്- ട്വിറ്ററില്‍ ഗായിക ചോദിച്ചു. മിസ് അമേരിക്ക എന്ന പേരില്‍ ഗായികയെക്കുറിച്ച് നെറ്റ് ഫ്ലിക്സ് അവതരിപ്പിച്ച ഡോക്യുമെന്ററിയെക്കുറിച്ച ഓര്‍മിപ്പിച്ച അവര്‍  ഈ സ്ത്രീവിരുദ്ധ വേഷം നിങ്ങള്‍ക്കു ചേരുന്നില്ല എന്നും നെറ്റ്ഫ്ലിക്സിനോട് തീര്‍ത്തുപറഞ്ഞു. സ്ത്രീകളുടെ ചരിത്രം നിറഞ്ഞ മാസത്തിന് സന്തോഷത്തോടെ ആശംസകള്‍ എന്നു പരിഹസിക്കാനും അവര്‍ മറന്നില്ല. ഈ മാസം എട്ടിനുള്ള വനിതാ ദിനം കൂടി മനസ്സില്‍വച്ചായിരുന്നു ഗായികയുടെ മറുപടി. 

ഇതോടെ ആയിരക്കണക്കിനു പേരാണ് ഗായികയുടെ പോസ്റ്റ് വീണ്ടും പോസ്റ്റ് ചെയ്തുകൊണ്ട് നെറ്റ്ഫ്ലിക്സിനെതിരെ കമന്റുകള്‍ രേഖപ്പെടുത്തിയത്. ടെയ്‍ലര്‍ സ്വിഫ്റ്റ് ഒരു വനിത ആയതുകൊണ്ടല്ലേ അവരെക്കുറിച്ച് ഇത്തരമൊരു തമാശ പറയാന്‍ നെറ്റ്ഫ്ലിക്സ് തയാറായതെന്നു പലരും ചോദിച്ചു. പ്രശസ്തനായ ഏതെങ്കിലും ഒരു പുരുഷന്‍ എത്ര ബന്ധങ്ങളിലൂടെ കടന്നുപോയാലും ആരും അതൊന്നും ശ്രദ്ധിക്കുകയോ അതേക്കുറിച്ച് പരാമര്‍ശം നടത്തുകയോ ചെയ്യില്ല. സ്ത്രീയായാല്‍ ആര്‍ക്കും എന്തും പറയാം. സ്ത്രീ ശാക്തീകരണം എന്ന ലക്ഷ്യത്തിലേക്ക് രണ്ടു ചുവട് മുന്നോട്ടു നടക്കുന്ന ലോകം ഇത്തരം പരാമര്‍ശങ്ങളിലൂടെ വളരെ വേഗം പിന്നോട്ട് നടക്കുകയാണെന്നും പലരും അഭിപ്രായപ്പെട്ടു. 

ശക്തരായ സ്ത്രീകളെ ഇതിനുമുന്‍പും നെറ്റ്ഫ്ലിക്സ് അപമാനിച്ചിട്ടുണ്ടെന്നും ഇതു പതിവാണെന്നും ചൂണ്ടിക്കാട്ടിയവരും ഉണ്ട്. അമേരിക്കയില്‍ ഹിറ്റ്ചാര്‍ട്ടില്‍ ഒന്നാമതായിരുന്നു ജിന്നി ആന്‍ഡ് ജോര്‍ജിയയുടെ സ്ഥാനം. വിവാദം ഇത്രമാത്രം വളരുകയും ഗായിക തന്നെ പ്രതികരിക്കുകയും ചെയ്തിട്ടും പരമ്പര നിര്‍മാതാക്കളായ നെറ്റ്ഫ്ലിക്സ് ഇതുവരെ പരസ്യമായി പ്രതികരിക്കാന്‍ തയാറായിട്ടില്ല.

English Summary: Taylor Swift calls out Netflix show for ‘lazy, deeply sexist joke’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com