ADVERTISEMENT

കൊല്‍ക്കത്തയില്‍ കഴിഞ്ഞ മാസമാണ് ഋഷിക അഗള്‍വാള്‍ എന്ന 25 വയസ്സുകാരി ഭര്‍ത്താവിന്റെ വീടിനു മുന്നില്‍ വീണു മരിക്കുന്നത്. സമ്പന്ന കുടുംബങ്ങള്‍ മാത്രം താമസിക്കുന്ന ആഡംബര ഹൗസിങ് കോളനിയിലായിരുന്നു സംഭവം. എന്നാല്‍, ഋഷികയുടെ മരണം കൊലപാതകമെന്നാണ് ഇപ്പോള്‍ വീട്ടുകാര്‍ ആരോപിക്കുന്നത്. സ്ത്രീധനത്തിനുവേണ്ടി ഭര്‍ത്താവും അയാളുടെ വീട്ടുകാരു പീഡിപ്പിച്ചതിനെത്തുടര്‍ന്നാണ് മരിച്ചതെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. മറ്റു ചെലവുകള്‍ക്കു പുറമെ 7 കോടി രൂപ സ്ത്രീധനമായി 

വാങ്ങിയതിനുശേഷമായിരുന്നു ക്രൂരത എന്നും ആരോപണമുണ്ട്. മരണത്തിനു പിന്നിലെ അണിയറക്കഥകള്‍ പുറത്തുവന്നതോടെ രക്ഷികയ്ക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ടും ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ നടപടിവേണം എന്ന ആവശ്യമുന്നയിച്ചും കൊല്‍ക്കത്തയില്‍ വ്യാപക പ്രചാരണവും തുടങ്ങിയിട്ടുണ്ട്. 

നരേഷ് അഗള്‍വാളിന്റെ മകൻ 26 വയസ്സുള്ള കുശാല്‍ അഗള്‍വാളുമായിട്ടായിരുന്നു ഋഷികയുടെ വിവാഹം. ഭാരത് ഹൈ ടെക് സിമന്റ് പ്രൈവറ്റ് ലിമിറ്റഡ് ഉള്‍പ്പെടെ ഒട്ടേറെ സ്ഥാപനങ്ങള്‍ നടത്തുന്നുണ്ട് അഗര്‍വാള്‍ കുടുംബം. വിവാഹം കഴിഞ്ഞയുടന്‍ തന്നെ ഋഷിക വീട്ടുകാരോട് കുശാലിനെക്കുറിച്ച് പരാതി പറഞ്ഞിരുന്നു. കുശാല്‍ ലഹരിമരുന്നിന് അടിമയാണെന്നും സ്ഥിരമായി മദ്യപിച്ച് ഉപദ്രവിക്കുമെന്നും പറഞ്ഞിരുന്നു. വിവാഹത്തിനു മുന്‍പ് ഇക്കാര്യങ്ങള്‍ ആരും പുറത്തറിഞ്ഞിരുന്നില്ലത്രേ. 

വിവാഹത്തിനുശേഷം ഭര്‍ത്താവ് ആവശ്യപ്പെട്ടതനുസരിച്ച് ഒട്ടേറെത്തവണ രക്ഷിക കുടുംബത്തില്‍ നിന്ന് പണം ആവശ്യപ്പെട്ടിരുന്നു. ഇനി പണം ആവശ്യപ്പെടരുത് എന്നു  ഋഷിക പറയുമ്പോള്‍ പീഡനം ആയിരുന്നു കുശാലിന്റെ മറുപടി. നവംബറില്‍ പിതാവ് ആശുപത്രിയിലായതോടെ ഭര്‍തൃവീട്ടില്‍ നടക്കുന്ന പീഡനങ്ങളെക്കുറിച്ച്  ഋഷിക വീട്ടുകാരോട് ഒന്നും സാസാരിക്കാതായി. പിന്നീട്, ജനുവരിയില്‍ ഋഷിക സ്വന്തം വീട്ടില്‍ തിരിച്ചെത്തി. ഇനി ഭര്‍തൃവീട്ടിലേക്ക് തിരിച്ചുപോകുന്നില്ലെന്നും ബന്ധുക്കളെ അറിയിച്ചു. എന്നാല്‍ കുശാലിന് ഒരവസരം കൂടി നല്‍കണമെന്ന് അദ്ദേഹത്തിന്റെ പിതാവ് അഭ്യര്‍ഥിച്ചതിനെത്തുടര്‍ന്ന് ഋഷിക ഭര്‍തൃവീട്ടില്‍ ഫെബ്രുവരിയില്‍ തിരിച്ചെത്തി. എന്നാല്‍ മൂന്നു ദിവസത്തിനുശേഷം  മരിച്ച നിലയില്‍ കാണുകയായിരുന്നു. 

ഭര്‍ത്താവിന്റെ കൂടെ ജീവിക്കണം എന്നാണ് എന്റെ ആഗ്രഹം. എന്നാല്‍ ഈ വീട്ടില്‍ നടക്കുന്ന പീഡനം എന്നെ അതിന് അനുവദിക്കുന്നില്ല. ഞാന്‍ മരിക്കുന്നതാണ് നല്ലത്. അച്ഛാ എന്നെ മറക്കരുത് -ഇങ്ങനെയൊരു സന്ദേശം അവസാനമായി പിതാവിനും സഹോദരനും ഉള്‍പ്പെടെയുള്ളവര്‍ക്ക് വാട്സാപ്പില്‍ അയച്ചതിനുശേഷമാണ് ഋഷിക മരിച്ചത്. മൂന്നാം നിലയില്‍ നിന്നു താഴേക്കു ചാടി മരിച്ചു എന്നാണ് ഭര്‍തൃവീട്ടുകാര്‍ പറ‍ഞ്ഞിരുന്നത്.

 ഋഷികയുടെ വീട്ടുകാര്‍ സംഭവത്തെക്കുറിച്ച് പൊലീസില്‍ പരാതിപ്പെട്ടു. എന്നാല്‍ ഇതിന്റെ പേരില്‍ കുശാലിന്റെ വീട്ടുകാരില്‍ നിന്ന് ഭീഷണിയും നേരിട്ടു. പരാതി കൊടുത്ത് ദിവസങ്ങളായെങ്കിലും പൊലീസ് കുശാല്‍ കുടുംബത്തിലെ ആരെയും ചോദ്യം ചെയ്തിട്ടില്ല. അവര്‍ വീട്ടിലില്ല എന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ അതു സത്യമല്ലെന്ന്  ഋഷികയുടെ കുടുംബം ആരോപിക്കുന്നു. രക്ഷികയ്ക്ക് നീതി എന്ന ആവശ്യവുമായി കുടുംബം ഓണ്‍ലൈനില്‍ പ്രചാരണവും തുടങ്ങിയിട്ടുണ്ട്. സമ്പന്നരും സ്വാധീനശേഷിയുള്ളവരുമായ കുശാലിന്റെ കുടുംബം കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും അവര്‍ ആരോപിക്കുന്നു. പഠിക്കാന്‍ മിടുക്കിയായിരുന്ന  ഋഷിക കൊല്‍ക്കത്ത സെന്റ് സേവ്യേഴ്സ് കോളജില്‍ നിന്ന് ബിബിഎ നേടിയതിനുശേഷം സിംഗപ്പൂരില്‍ നിന്നാണ് ഉന്നത ബിരുദം കരസ്ഥമാക്കിയത്. മിടുക്കിയായ ഋഷികയ്ക്ക് നീതി തേടി കൂടെ പഠിച്ചിരുന്നവരും അധ്യാപകരും ഒക്കെ ഓണ്‍ലൈന്‍ പ്രചാരണത്തില്‍ പങ്കുചേരുന്നുണ്ട്. 

English Summary: Woman falls to death at posh Kolkata locality, leaves text saying 'don't miss me', family pulls up in-laws

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com