Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഡ്വ . ആളൂരും കയ്യിൽ കാശുമുണ്ടെങ്കിൽ....

Adv B A Aloor to represent Ameer Ul Islam ആ നിശ്ശബ്ദതയിലേക്കാണ് വീണ്ടും ബി എം ആളൂർ എത്തുന്നത്, സംസ്ഥാനത്തെ ഏറെ ഞെട്ടിച്ച ജിഷ വധ കേസിലെ പ്രതിയായ അമീറുലിനുവേണ്ടി.

ആളൂരും കയ്യിൽ കാശുമുണ്ടെങ്കിൽ ഏതൊരു ക്രിമിനലിനും രക്ഷപ്പെടാമെന്ന ഒരു പറച്ചിൽതന്നെ ഇപ്പോൾ കേരളത്തിലുണ്ട്. ഏറ്റവുമൊടുവിൽ, ജിഷ വധക്കേസിലെ പ്രതി അമീറുൽ ഇസ്‌ലാമിനു വേണ്ടിയും ബി.എ. ആളൂർ എന്ന വക്കീലാണ് ഹാജരാകുന്നത്. ആളൂർ തനിക്കു വേണ്ടി ഹാജരാകണമെന്ന അമീറുല്ലിന്റെ അപേക്ഷയെ തുടർന്നാണിതെന്ന് അറിയുന്നു. സൗമ്യവധക്കേസിലെ പ്രതി ഗോവിന്ദച്ചാമിക്കു വേണ്ടി ഹാജരായ അഭിഭാഷകൻ എന്ന നിലയിൽ ഏറെ (കു) പ്രസിദ്ധനാണല്ലോ ആളൂർ.

കേരളം മുഴുവൻ, പ്രത്യേകിച്ചും സ്ത്രീകൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വിധിയായിരുന്നു സൗമ്യ വധക്കേസിലേത്. എന്നാൽ ആളൂരിന്റെ വക്കാലത്തിനു ശേഷം മതിയായ തെളിവുകൾ നിരത്തുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതിനാൽ പ്രതി ഗോവിന്ദച്ചാമി വധശിക്ഷയിൽനിന്ന് ഒഴിവാക്കപ്പെട്ടു. ഇതേത്തുടർന്ന് സമൂഹമാധ്യമങ്ങളിലും പുറത്തും നിരവധി സംവാദങ്ങളുമുണ്ടായി. ഗോവിന്ദച്ചാമിക്കു വേണ്ടി ആരാണ് ആളൂരിനു പണം മുടക്കുന്നതെന്ന ചർച്ചയിൽ മുംബൈ അധോലോകം വരെ പരാമർശിക്കപ്പെട്ടെങ്കിലും അതൊക്കെ പിന്നീടു കെട്ടടങ്ങി. ആ നിശ്ശബ്ദതയിലേക്കാണ് വീണ്ടും ബി.എ. ആളൂർ എത്തുന്നത്, സംസ്ഥാനത്തെ ഏറെ ഞെട്ടിച്ച ജിഷ വധക്കേസിലെ പ്രതിയായ അമീറുലിനുവേണ്ടി.

സൗമ്യ വധക്കേസിൽ വിധി കഴിഞ്ഞ ശേഷം പുറത്തിറങ്ങിയ ആളൂരിനെ നോക്കി സൗമ്യയുടെ അമ്മ ചൊരിഞ്ഞ ശാപവചനങ്ങളൊന്നും ആളൂരിനെ ഏശിയില്ല. താൻ തന്റെ ജോലി ചെയ്യുന്നു എന്ന ന്യായീകരണത്തിനപ്പുറം, സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച, പെൺ മനസ്സുകളെ ഭീതിയിലാഴ്ത്തിയ വലിയ ഒരു കേസിന്റെ പിന്നിലെ ക്രിമിനലിനൊപ്പമാണ് നിൽക്കുന്നതെന്ന പശ്ചാത്താപവും ആളൂരിനില്ല. അതുകൊണ്ടുതന്നെ തനിക്കു വക്കാലത്ത് നൽകിയതാരാണോ അയാളെ സഹായിക്കാൻ വേണ്ട തെളിവുകൾ നിരത്താൻ ആളൂർ ഏതറ്റംവരെയും പോകും എന്നതിനു യാതൊരു സംശയവുമില്ല... ഫലമോ, പല വധക്കേസുകളുംപോലെ ജിഷയുടെ മരണവും പാതിവഴിയിൽ മറവിയിലാകും. മതിയായ തെളിവുകളുടെ അഭാവത്തിൽ അമീറുൽ പുറത്തിറങ്ങിയേക്കാം. പിന്നെയും ഭയം ബാക്കിയാകുന്നത് സ്ത്രീകൾക്കു മാത്രം.

എന്തുവില കൊടുത്തും ക്രിമിനലുകൾ സംരക്ഷിക്കപ്പെടുമ്പോൾ അതു സമൂഹത്തിനു നൽകുന്ന തെറ്റായ സന്ദേശം എത്ര വലുതാണ്! മിടുക്കനായ ഒരു അഭിഭാഷകനും സഹായത്തിനു കോടികൾ വാരിയെറിയാൻ ഒരു മാഫിയയുമുണ്ടെങ്കിൽ ആരെയും കൊല്ലാം, ഏതൊരു പെണ്ണിനേയും മാനഭംഗം ചെയ്യാം. ഈ നാട്ടിൽ എന്തു വിശ്വസിച്ച് സ്ത്രീകൾ പുറത്തിറങ്ങണം? പാതിരാത്രിയിൽ ശരീരം പ്രദർശിപ്പിക്കുന്ന വസ്ത്രമിട്ട് വീടിനു പുറത്തിറങ്ങിയ പെൺകുട്ടികളായിരുന്നില്ല ജിഷയും സൗമ്യയും. വളരെ മാന്യമായ വസ്ത്രംധരിച്ച് വീടിനുള്ളിൽ ഇരുന്നപ്പോഴാണ് ജിഷ കൊല്ലപ്പെട്ടതെങ്കിൽ യാത്രയ്ക്കിടെയാണ് സൗമ്യ ആക്രമിക്കപ്പെട്ടത്. വീടിനുള്ളിൽപോലും ക്രൂരമുഖവുമായി കടന്നു വരുന്ന ആക്രമണകാരികളുള്ള സ്ഥലത്ത് പെണ്ണിന് എന്തു സംരക്ഷണമാണ് ഒരുക്കാനാവുക?

ഭയമാണ് തോന്നുന്നത്. ജിഷ വധക്കേസിലെ ഓരോ തിരിവിലും വളരെ വ്യക്തമായ ലൂപ്പ് ഹോളുകൾ, വ്യക്തതയില്ലാത്ത എഫ് ഐ ആർ, ഇപ്പോഴും കൃത്യമല്ലാത്ത തെളിവുകൾ. സ്ത്രീകൾ ഭയക്കുന്നു; അമീറുലും പുറത്തു വരും. ഈ കേസും ആളൂർ പുഷ്പം പോലെ ജയിക്കും. ആർക്കെന്തു നഷ്ടം? വിധി പറയുമ്പോൾ സർക്കാർ അഭിഭാഷകൻ കുറച്ചു വെള്ളം കുടിക്കുമായിരിക്കും. കുറെ അധിക്ഷേപങ്ങളും കേൾക്കേണ്ടി വരുമായിരിക്കും. കുറച്ചുദിവസം നീളുന്ന ചർച്ചകൾക്കൊടുവിൽ മറ്റു പല കേസുകളും പോലെ അതും ചാരത്തിനുള്ളിലമരും. അമീറുലിനെപ്പോലെ എണ്ണമറ്റ ക്രിമിനലുകൾക്കു ധൈര്യമേറും. തങ്ങളുടെ ഇഷ്ടം പോലെ എന്തുചെയ്താലും ചോദിക്കാനും പറയാനും ആരുമില്ലാത്ത നാട്ടിൽ, കുറച്ചു പണം സംഘടിപ്പിച്ചാൽ രക്ഷപ്പെടാൻ സാധ്യതകൾ ഏറെയുള്ള നാട്ടിൽ പിന്നെന്തും ചെയ്യാമല്ലോ...

സ്ത്രീകളെ, നിങ്ങൾ കരുതിയിരിക്കുക... ആളൂർ വീണ്ടുമിറങ്ങിയിട്ടുണ്ട്. ഇത്തവണ ജിഷയ്ക്കു വേണ്ടി. അടുത്ത തവണ...?