Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രംപിന്റെ നിഴലിൽ ഒതുങ്ങില്ല മെലാനിയ

Melania Trump Melania With Trump

ഇത്രയ്ക്കൊന്നും പ്രതീക്ഷിച്ചുകാണില്ല ലോകം.ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതുപോലെ അപ്രതീക്ഷിതമായി ലോകമെങ്ങുമുള്ള സ്ത്രീകളില്‍നിന്നുയർന്നുവന്ന പ്രതിഷേധത്തിന്റെ വേലിയേറ്റം.വാഷിങ്ടൻ നഗരം മാത്രമല്ല മിക്ക ലോകനഗരങ്ങളും കണ്ടു സ്ത്രീകൾ പ്ലക്കാർഡുകളുമായി തെരുവിലിറങ്ങുന്നതും പ്രതിഷേധിക്കുന്നതും.

സിഡ്‌നി, ലണ്ടൻ, ടോക്കിയോ തുടങ്ങിയ വൻനഗരങ്ങളിലെല്ലാം വീശിയടിച്ചു പ്രതിഷേധത്തിന്റെ ചുഴലി.കറുത്തവസ്ത്രമണിഞ്ഞെത്തിയ പ്രതിഷേധക്കാര്‍ ട്രംപിന്റെ സ്ത്രീവിരുദ്ധ–വംശീയ നയങ്ങൾക്കെതിരെ തെരുവുകൾ കീഴടക്കിയപ്പോള്‍ ചിലരുടെയെങ്കിലും മനസ്സിലൂടെ കടന്നുപോയിരിക്കണം മെലനിയ ട്രംപ്. പ്രത്യേകിച്ചും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തപ്പോഴത്തെ മെലനിയയുടെ വസ്ത്രധാരണം.രാഷ്ട്രീയ നിരീക്ഷകരും സാധാരണക്കാരുമൊക്കെ ഇപ്പോൾ ആശയക്കുഴപ്പത്തിൽ. ഒരു വശത്തു ട്രംപിന്റെ സ്ത്രീവിരുദ്ധത. മറുവശത്തു മെലനിയയുടെ സാന്നിധ്യവും വാക്കുകളും സൃഷ്ടിക്കുന്ന എതിർവാദങ്ങൾ.

USA-ELECTION/TRUMP-MELANIA Melania With Trump

ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്കുശേഷം മെലനിയയുടെതായി ആദ്യം പുറത്തുവന്ന ട്വിറ്റർ സന്ദേശം തന്നെ അവരുടെ വ്യക്തിത്വം വെളിപ്പെടുത്തുന്നു.ഫസ്റ്റ് ലേഡി എന്ന പദവിയിലൂടെ താൻ ആദരിക്കപ്പെട്ടതായി അവർ പറയുന്നു. അതിശയകരമായ ഒരു രാജ്യത്തെ സേവിക്കേണ്ടിവന്നതിൽ തനിക്ക് അഭിമാനമുണ്ടെന്നും.രാഷ്ട്രീയനിരീക്ഷകരുടെ മനസ്സിൽ അപ്പോൾ മിന്നിമറഞ്ഞത് ഒരു മുൻകാല ഫസ്റ്റ് ലേഡി–ജാക്വലിൻ കെന്നഡി.അമേരിക്കയുടെ ചരിത്രത്തിൽ ഫസ്റ്റ് ലേഡി പദവി വഹിക്കുന്ന വിദേശിയായ രണ്ടാമത്തെ വനിതയാണ് മെലനിയ ട്രംപ്.ഈ പദവിക്ക് ഉത്തരവാദിത്തങ്ങളും ഏറെയുണ്ട്. ഫസ്റ്റ് ലേഡി ഒരു അംബാസഡർ തന്നെയായിരിക്കും. അമേരിക്കൻ ജനതയുടെ, പ്രത്യേകിച്ചും വനിതകളുടെ ശബ്ദമായിരിക്കും അവരിലൂടെ കേൾക്കുക.രാജ്യത്തിന്റെ മുഖമായും ശബ്ദമായും പ്രചാരകയായും പെരുമാറുക,പ്രവർത്തിക്കുക. പദവിക്കു ചേരുന്നയാളാണോ മെലനിയ എന്ന സംശയങ്ങളെല്ലാം ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്കുശേഷമുള്ള ആദ്യദിവസങ്ങളിൽത്തന്നെ അവർ അന്തസ്സോടെ തള്ളിക്കളഞ്ഞിരിക്കുന്നു.

അമേരിക്കയിൽ ഈ അടുത്ത ദിവസങ്ങളിൽ ഏറ്റവും കൂടുതൽ പറഞ്ഞുകേട്ട ഒരു പേരുണ്ട്:റാൽഫ് ലോറൻ.ഡിസൈനർ. റാൽഫ് ലോറൻ ശ്രദ്ധാകേന്ദ്രമാകാൻ കാരണമായതും മെലനിയ തന്നെ.ട്രംപിന്റെ സത്യപ്രതിജ്ഞാ ദിവസത്തെ മെലനിയയുടെ വേഷം.അന്ന് എല്ലാവരിൽനിന്നും വ്യത്യാസപ്പെട്ടുനിന്നു മെലനിയ. തിരഞ്ഞെടുപ്പിന്റെ പ്രചാരണകാലത്ത് മുൻകാല വിവാദചിത്രങ്ങളുടെ പേരിൽ വേട്ടയാടപ്പെട്ടവ മെലനിയ കോളറുള്ള ഇളംനീല നിറത്തിലെ പ്രൗഡവേഷത്തിൽ നിന്നപ്പോൾ ചിലരെങ്കിലും ട്രംപിന്റെ ദിശാമാറ്റം കുറിക്കുന്ന വാക്കുകളേക്കാൾ ശ്രദ്ധിച്ചു മെലനിയയെ.വേദിയിൽ നിന്നപ്പോഴും പിന്നീടു പരേഡ് ഗ്രൗണ്ടിലൂടെ നടന്നപ്പോഴുമെല്ലാം കണ്ണെടുക്കാതെ നോക്കിനിന്നു മെലനിയയെ.നിഷ്കളങ്ക മുഖവുമായി മകൻ ബാരൻ ട്രംപും ഒപ്പം.

Melania Trump Melania Trump

ഇതാദ്യമായിട്ടാണ് അഞ്ചുഭാഷകൾ സംസാരിക്കനറിയാവുന്ന ഒരു ഫസ്റ്റ് ലേഡിയെ അമേരിക്കയ്ക്കു കിട്ടുന്നത്. വസ്ത്രധാരണത്തിലെ പുതുമയും വാക്കുകളിലെ മാന്യതയും പെരുമാറ്റത്തിലൂടെ മിതത്വവുമായി ശ്രദ്ധയാകർഷിക്കുന്ന മെലനിയ ട്രംപിന്റെ നിഴലിൽ ഒതുങ്ങിപ്പോകില്ലെന്നുതന്നെയാണു സൂചനകൾ. പ്രസിഡന്റിനൊപ്പം വാഷിങ്ടൺ മാത്രമായിരിക്കില്ല അവരുടെ പ്രവർത്തനകേന്ദ്രവും. പല നിരീക്ഷകരുടെയും അഭിപ്രായത്തിൽ സൗന്ദര്യവും ബുദ്ധിയും യുക്തിയും കൈമുതലായുള്ള മെലനിയ ഫസ്റ്റ് ലേഡി എന്ന നിലയിൽ പുതുചരിത്രം തന്നെ രചിച്ചേക്കാം. നാളിതുവരെയുണ്ടായിട്ടില്ലാത്ത രീയിൽ ലോകമെങ്ങും പ്രസിഡന്റിനെതിരെ സ്ത്രീകളുടെ പ്രതിഷേധം കത്തിപ്പടരുമ്പോൾ മെലനിയക്കെതിരെ ഒന്നും പറയാനാവാത്ത അവസ്ഥിയിലാണു പ്രക്ഷോഭകർ.

ഇക്കഴിഞ്ഞദിവസം ലണ്ടിനിലെ ട്രഫ്ളാഗൻ സ്ക്വയിറിൽ ആർത്തിരമ്പിയെത്തിയ സ്ത്രീകൾ ഉയർത്തിപ്പിടിച്ച ഒരു പ്ലക്കാർഡ്: ഞാൻ അസ്വസ്ഥയാണ്. ഒരൊറ്റ വാക്കിലൂടെ ട്രംപിനോടുള്ള തങ്ങളുടെ പ്രതിഷേധവും ധാർമികരോഷവും എതിർപ്പുമൊക്കെ വനിതകൾ പ്രകടിപ്പിക്കുന്നു.നമ്മൾ അതിജീവിക്കും എന്ന പ്രശസ്തമായ വരിയെ അനുകരിച്ച് ഇനി നമ്മൾ കൂടുതൽ സമയമെടുത്ത് മുടി ചീകും എന്നെഴുതിയ പ്ലക്കാർഡുകളും പ്രക്ഷോഭകർ ഉയർത്തിയിരുന്നു.പക്ഷേ അവർക്കൊന്നും മെലനിയയെക്കുറിച്ച് ഒന്നും പറയാനില്ലായിരുന്നു. റാൽഫ് ലോറൻ ഡിസൈൻ ചെയ്ത ആ ഇളംനീല വേഷത്തിലൂടെ ലോകത്തിന്റെ സൗന്ദര്യാസ്വാദകശേഷിയുള്ള കണ്ണുകളെ ആഹ്ലാദിപ്പിച്ച, കുറഞ്ഞ വാക്കുകളിലൂടെ പദവിയുടെ അന്തസ്സ് കാത്തുസൂക്ഷിച്ച പ്രൗഡ വനിതയെ എന്തിനാക്ഷേപിക്കണം. അപമാനിക്കണം.

melania-trump333 Melania Trump

വരും ദിവസങ്ങൾ ലോകത്തെ വനിതകൾ ട്രംപിനെ എങ്ങനെ നേരിടുമെന്നും എതിർക്കുമെന്നും കാണിച്ചുതരും.അതെങ്ങനെയായാലും ഫസ്റ്റ് ലേഡി എന്ന പദവിയിലേക്ക് അഭിമാനത്തോടെ ചുവടുവച്ച മെലനിയുടെ സൗന്ദര്യം തുളുമ്പുന്ന രൂപം ജനഹൃദയങ്ങളിൽ മുദ്രിതമായിരിക്കുന്നു.അത്രയെളുപ്പം ആ വിഗ്രഹത്തെ ഇളക്കിയെടുക്കാനാവില്ല; ആർക്കും.