Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

9 മാസം പ്രായമുള്ള കുഞ്ഞിനോട് ഡേകെയർ ജീവനക്കാർ ചെയ്തത് ; ഒരമ്മയുടെ ഹൃദയം പൊള്ളിക്കുന്ന ഫെയ്സ്ബുക്ക് കുറിപ്പ്

9-year-old-baby ശസ്ത്രക്രിയക്കു ശേഷം കുഞ്ഞ്.

മെയ് 19 എന്ന ദിവസം എനിക്കോ മകൾക്കോ ജീവിതത്തിലൊരിക്കലും ഇനി മറക്കാൻ കഴിയില്ല. വേദനയോടെയല്ലാതെ എന്റെ കുഞ്ഞിന് അവളുടെ ബാല്യം ഓർത്തെടുക്കാനുമാവില്ല. അശ്രദ്ധയും അവഗണനയും കാണിച്ച് ആ ക്രിമിനലുകൾ മുറിച്ചുകളഞ്ഞത് എന്റെ കുഞ്ഞിന്റെ വിരലാണ്. ഹരിയാനയിലെ ഗുഡ്ഗാവിലെ ഡേ കെയർ സെന്ററിന്റെ കതകകുകൾക്കിടയിൽ കുഞ്ഞിന്റെ കൈ കുടുങ്ങിയതു ശ്രദ്ധിക്കാതെ ആയ കതകു വലിച്ചടച്ചപ്പോഴാണ് എന്റെ മകളുടെ വിരലറ്റു പോയത്.

കേവലം ഒമ്പതു മാസം പ്രായമായ കുഞ്ഞ്  ആ നിമിഷത്തിലനുഭവിച്ച പ്രാണവേദന എത്രത്തോളമാണെന്ന് നമുക്കൂഹിക്കാൻ പോലുമാവില്ല. വിരലുകളറ്റ് ചോരയിൽക്കുളിച്ച് അലറിക്കരയുന്ന എന്റെ മകളുടെ മുഖം ഇനിയൊരിക്കലും എന്റെ മനസ്സിൽ നിന്നു മായില്ല. ഈ ഫെയ്സ്ബുക്ക് കുറിപ്പെഴുതുമ്പോൾ കൈകൾ ചലിപ്പിക്കാനാവാതെ ആ പിഞ്ചു കുഞ്ഞ് എന്റെ അരികിൽ കിടക്കുന്നുണ്ട്. .

രണ്ടുമാസം മുമ്പ് ഈ ഡേകെയറിൽ കുഞ്ഞിനെ ചേർക്കാനെത്തിയപ്പോൾ അവർ നൽകിയ വാഗ്ദാനങ്ങൾ നിരവധിയാണ്. കുഞ്ഞുങ്ങളെ പരിചരിക്കാൻ വിദഗ്ധ പരിശീലനം ലഭിച്ച ജീവനക്കാർ. കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ സിസിടിവി. കുഞ്ഞുങ്ങളുടെ ബുദ്ധി വികാസത്തിനും വിനോദത്തിനുമായി നിരവധി കളിപ്പാട്ടങ്ങൾ. അവരുടെ ബ്രൗഷറിലെ ചിരിച്ചു നിൽക്കുന്ന കുഞ്ഞുങ്ങളെയുമൊക്കെ കണ്ടപ്പോൾ എന്റെ കുഞ്ഞും അവിടെ സുരക്ഷിതയാവുമെന്നു കരുതി. അതുകൊണ്ടാണ് മറ്റെല്ലാ ഡേകെയറുകളേക്കാളും ചിലവു കൂടുതലാണെന്നറിഞ്ഞിട്ടും കുഞ്ഞിനെ അവിടെത്തന്നെ ചേർത്തത്. 

ഈ ജന്മത്ത് എന്റെ കുഞ്ഞിനോടു കാട്ടിയ ഏറ്റവും വലിയ ക്രൂരതയായിരുന്നു ആ തീരുമാനം എന്ന് എനിക്കിപ്പോൾ മനസ്സിലാകുന്നുണ്ട്. കുഞ്ഞിന്റെ ഡയപ്പർ മാറ്റുമ്പോൾ അവളുടെ കൈ വാതിലിനിടയിൽപ്പെട്ടുവെന്നും അതു ശ്രദ്ധിക്കാതെ വാതിലടച്ചപ്പോഴാണ് അപകടമുണ്ടായതെന്നുമാണ് ഡേകെയർ അധികൃതർ നൽകിയ വിശദീകരണം. സംഭവത്തിന്റെ സത്യവസ്ഥയറിയാൻ സിസിടിവി ഫൂട്ടേജ് കാണണമെന്നാണ് ആവശ്യപ്പെട്ടപ്പോഴാണ് അവരുടെ കള്ളത്തരം മനസ്സിലായത്. സംഭവം നടക്കുമ്പോൾ സിസിടിവി പ്രവർത്തിച്ചിരുന്നില്ല. അതുകൊണ്ട് ഫൂട്ടേജ് ഒന്നും ലഭിച്ചില്ല എന്നും അവർ പറഞ്ഞു. കൃത്യം ആ സമയത്തു തന്നെ എങ്ങനെ സിസിടിവി പ്രവർത്തിക്കാതായി. അതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്കെല്ലാം അവിടെയുമിവിടെയും തൊടാതെ അവർ മറുപടി നൽകി.

ഈ ചെറിയ പ്രയാത്തിൽ വലിയ ശസ്ത്രക്രിയകളിലൂടെയാണ് എന്റെ കുഞ്ഞിന് കടന്നു പോകേണ്ടി വന്നത്. വിരൽ അറ്റു വീണപ്പോഴും ശസ്ത്രക്രിയക്കു ശേഷവും അവൾ അനുഭവിച്ച വേദനകളെക്കുറിച്ച് ചിന്തിക്കുമ്പോൾ എന്റെ നെഞ്ചു തകരുന്നു. സംഭവത്തിനു ശേഷവും ഞങ്ങൾ ഡേകെയർ സന്ദർശിച്ചു. ശുചിമുറിയുടേതടക്കമുള്ള വാതിലുകൾ വളരെ വലുതാണ്. എന്റെ കുഞ്ഞിനുണ്ടായതുപോലെ ഇനിയും കുഞ്ഞുങ്ങൾക്കവിടെ അപകടമുണ്ടാവാം. വിദഗ്ധ പരിശീലനം ലഭിക്കാത്ത ജീവനക്കാരെ നിരീക്ഷിക്കാൻ ഒരു സൂപ്പർവൈസർ പോലും അവിടില്ല. കുഞ്ഞുങ്ങളെ ഇങ്ങനെ അപകടപ്പെടുത്താനാണോ മാതാപിതാക്കളിൽ നിന്ന് ഭീമമായ തുക ഈടാക്കി ഇവരൊക്കെ ഡേകെയർ നടത്തുന്നത്.

ഞാനും എന്റെ കുഞ്ഞും കുടുംബവും അനുഭവിച്ച വേദനയിലൂടെ ഇനി ഒരാളും കടന്നു പോകാൻ പാടില്ല. അതുകൊണ്ടു തന്നെ ഇത്തരം കപട സ്ഥാപനങ്ങളുടെ മുഖംമൂടി വലിച്ചുകീറാൻ നിയമത്തിന്റെ ഏതറ്റം വരെയും പോകാൻ തന്നെയാണ് ഞങ്ങളുടെ തീരുമാനം. നിയമം കൽപ്പിക്കുന്ന പരമാവധി ശിക്ഷ ഈ ക്രൂരമനസ്സുള്ളവർക്കു വാങ്ങിക്കൊടുക്കും. എന്റെ കുഞ്ഞിനു വേഗം സുഖപ്പെടാൻ വേണ്ടി എല്ലാവരും പ്രാർത്ഥിക്കുക. മാധ്യമങ്ങൾ ഈ വാർത്ത പരമാവധി ആളുകളിലെത്തിക്കണം. ഈ വിഷയത്തിൽ ഹരിയാന മുഖ്യമന്തിക്കും പരാതി നൽകാനാണ് ഞങ്ങളുടെ തീരുമാനം എന്നു പറഞ്ഞുകൊണ്ടാണ് ആ അമ്മ ഫെയ്സ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.