Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘മരണക്കിണർ’ കടന്ന് ഇന്ത്യയുടെ മകൾ

x-default പാക്കിസ്ഥാനിൽ നിന്നു ന്യൂഡൽഹിയിലെത്തിയ ഉസ്മ അഹമ്മദ് മകൾ ഫലക്കിനെ കണ്ടപ്പോൾ.

തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി പാക്ക് പൗരൻ വിവാഹം ചെയ്തതിനെത്തുടർന്നു തടവിലായ ഇന്ത്യക്കാരി ഉസ്‌മ അഹമ്മദ് വാഗാ അതിർത്തിയിലൂടെ ഇന്ത്യയിൽ തിരിച്ചെത്തി. താൻ അനുഭവിച്ച ദുരിതങ്ങൾ മാധ്യമങ്ങൾക്കു മുൻപാകെ വിവരിച്ച ഉസ്മ, പാക്കിസ്ഥാനെ ‘മരണക്കിണർ’ എന്നാണു വിശേഷിപ്പിച്ചത്. ‘പാക്കിസ്ഥാനിൽ പ്രവേശിക്കാൻ എളുപ്പമാണ്. ആ സ്ഥലം വിട്ടുപോരൽ ഏതാണ്ട് അസാധ്യവും’. 

ഉസ്‌മയെ ഇന്ത്യയിലേക്കു തിരിച്ചയയ്ക്കാൻ ഇസ്‌ലാമാബാദ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കോടതിയിൽ ഭർത്താവ് താഹിർ അലി സമർപ്പിച്ച യാത്രരേഖകൾ ബുധനാഴ്ച യുവതിക്കു കൈമാറി. ഇന്ത്യൻ നയതന്ത്ര കാര്യാലയ ഉദ്യോഗസ്ഥർക്കൊപ്പമാണ് ഉസ്‌മ അമൃത്‌സറിനു സമീപം വാഗാ അതിർത്തി കടന്നത്. ഇന്ത്യയിൽ പ്രവേശിച്ച ഉടൻ ഉസ്‌മ മണ്ണിൽ കൈകൊണ്ടു തൊട്ടു മാതൃരാജ്യത്തിന്റെ സ്പർശമറിഞ്ഞു. രാജ്യത്തേക്കു മടങ്ങിയെത്തിയ ഉസ്മയെ ‘ഇന്ത്യയുടെ മകൾ’ എന്നു വിളിച്ചാണു വിദേശകാര്യമന്ത്രി സുഷമ സ്വരാജ് സ്വാഗതം ചെയ്തത്. 

മേയ് ഒന്നിനാണ് ഉസ്മ പാക്കിസ്ഥാനിലെത്തിയത്. പാക്ക് ഉൾപ്രദേശമായ ഖൈബർ–പക്തൂൺഖ്വ പ്രവിശ്യയിലെത്തിയ യുവതി മേയ് മൂന്നിനു വിവാഹിതയായി. പിന്നീട് ഇസ്‌ലാമാബാദിലെത്തിയ യുവതി ഇന്ത്യൻ ഹൈക്കമ്മിഷനിൽ അഭയം തേടുകയായിരുന്നു. 

തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയാണു വിവാഹം ചെയ്തതെന്നും തനിക്ക് അടിയന്തരമായി നാട്ടിലേക്കു മടങ്ങണമെന്നും കാണിച്ച് ഈ മാസം 12ന് ഉസ്‌മ പാക്കിസ്ഥാൻ കോടതിയെ സമീപിച്ചു. ഭർത്താവ് പിടിച്ചുവച്ച യാത്രാരേഖകൾ മടക്കിക്കിട്ടണമെന്നായിരുന്നു ആവശ്യം. ഭാര്യയുമായി കൂടിക്കാഴ്ച അനുവദിക്കണമെന്നാവശ്യപ്പെട്ട് താഹിറും ഹർജി നൽകിയിരുന്നു. ഇരു ഹർജികളും പരിഗണിച്ച സിംഗിൾ ബെഞ്ച് ജസ്റ്റിസ് മുഹ്‍സിൻ അഖ്‌തർ യുവതിയെ ഇന്ത്യയിലേക്കു മടങ്ങാൻ അനുവദിക്കുകയായിരുന്നു. 

തന്റെ മടക്കം സാധ്യമാക്കിയ കേന്ദ്രസർക്കാരിനു നന്ദി പറഞ്ഞ യുവതി, പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ടുകണ്ടു നന്ദി പറയാൻ ആഗ്രഹിക്കുന്നതായും വ്യക്തമാക്കി. ദുരിതങ്ങൾ വിവരിക്കവേ ഉസ്മ പലവട്ടം കരഞ്ഞു. മന്ത്രി സുഷമസ്വരാജ്, ഇസ്‌ലാമാബാദിലെ ഇന്ത്യൻ ഡപ്യൂട്ടി ഹൈക്കമ്മിഷണർ ജെ.പി.സിങ് എന്നിവർക്കൊപ്പമാണ് ഉസ്‌മ മാധ്യമപ്രവർത്തകരെ കണ്ടത്.