Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പകൽ പിഎച്ച്ഡി പഠനം രാത്രി തട്ടുകട നടത്തും ; അസൂയപ്പെടുത്തും ഇവരുടെ പ്രണയം

sneha-premshankar സ്നേഹയും പ്രേം ശങ്കറും തട്ടുകടയിൽ.

വഴിയോരത്തെ തട്ടുകടകളിലെ കൊതിയൂറുന്ന വിഭവങ്ങൾക്കു മുന്നിലിരിക്കുമ്പോൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഇത്തരം തട്ടുകടകൾ നടത്തുന്നവരുടെ കുഞ്ഞു സ്വപ്നങ്ങളെക്കുറിച്ച് അവരുടെ വല്യ ലക്ഷ്യങ്ങളെക്കുറിച്ച്. എല്ലാവരും ഉറങ്ങുന്ന രാത്രികളിൽ രാത്രി സഞ്ചാരികളുടെ വിശക്കുന്ന വയറിനുവേണ്ടി ആഹാരം പാകം ചെയ്തു കാത്തിരിക്കുന്ന ഓരോ തട്ടുകടകൾക്കും പറയാനുണ്ടാവും ഒരുപാടു കഥകൾ.

തിരുവനന്തപുരത്തെ ടെക്കികളുടെ വിശക്കുന്ന വയറുകൾക്കു നൽകാൻ പൊറോട്ട തയാറാക്കി വിൽക്കുന്ന രണ്ടു ദമ്പതികൾക്കും പറയാൻ അങ്ങനെയൊരു കഥയുണ്ട്. തീവ്രപ്രണയത്തിന്റെ അതിലുപരി സ്വപ്നത്തിലേക്കു അടുത്തുകൊണ്ടിരിക്കുന്ന ജീവിതയാത്രയുടെയൊക്കെ കഥകൾ.

ഈ കഥയിലെ നായികയുടെ പേര് സ്നേഹ ലിംമ്ഗാമോക്കർ നായകന്റെ പേര് പ്രേംശങ്കർ മണ്ഡൽ. ഒ‌രു മഹാരാഷ്ട്രക്കാരി പെൺകുട്ടി ജാർക്കണ്ഡ് സ്വദേശിയായ യുവാവിനെ ഓർക്കുട്ടിലൂടെ പരിചയപ്പെട്ട് പ്രണയിച്ചാലുണ്ടാവുന്ന എല്ലാ അനർഥങ്ങളും ഇവരുടെ പ്രണയകഥയിലുണ്ടായി. പ്രണയത്തിൽ കൂടുതൽ ട്വിസ്റ്റുകളുണ്ടാവുന്നതിനു മുമ്പ് അവർ കേരളത്തിലെത്തി. അതിനു മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. സ്നേഹയ്ക്ക് പിഎച്ച്ഡി ചെയ്യാൻ കേരള യൂണിവേഴ്സിറ്റിയിൽ അവസരം ലഭിച്ചു. പിഎച്ച്ഡി പഠനത്തിനും ജീവിതച്ചിലവിനും പണം വേണം അങ്ങനെയാണ് ഇരുവരും ചേർന്ന് തിരുവനന്തപുരത്ത് തട്ടുകട നടത്താൻ തുടങ്ങിയത്. 

സോഷ്യൽവർക്കിൽ ബിരുദധാരികളായ ഇരുവർക്കും മറ്റൊരു ആഗ്രഹം കൂടിയുണ്ട്.  പഠനം പൂർത്തിയായ ശേഷം ജർമ്മനിയിലേക്കു പറക്കണം. ഡൽഹിയിലെ സിഎജിയിലെ ജോലി ഉപേക്ഷിച്ചാണ് പ്രേംശങ്കർ സ്നേഹയോടൊപ്പം ജീവിക്കാനായി കേരളത്തിലേയ്ക്കു വന്നത്. കുക്കിങ് ഏറെ ഇഷ്ടമായതുകൊണ്ട് ഇഷ്ടപ്പെട്ട ജോലിചെയ്തു പണം സമ്പാദിക്കുന്നു. ''ജീവിതച്ചിലവിനേക്കാൾ ഞങ്ങൾ ഇപ്പോൾ പ്രാധാന്യം കൊടുക്കുന്നത് പണം സമ്പാദിക്കാനാണ്. കാരണം എങ്കിൽ മാത്രമേ സ്നേഹയുടെ ആഗ്രഹം പോലെ അവൾക്കൊരു ശാസ്ത്രഞ്ജ ആകാൻ സാധിക്കൂ.

ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ ആറു വർഷമായി. പഠനത്തിനു വേണ്ടി ഞങ്ങളുടെ സ്വപ്നങ്ങൾക്കു വേണ്ടി  ഹണിമൂൺ ഉൾപ്പെടെ പല കാര്യങ്ങളും വേണ്ടന്നു വെച്ചിട്ടുണ്ട്. സ്വപ്നങ്ങളൊക്കെ യാഥാർത്ഥ്യമായാൽ ചിലപ്പോൾ കുറേ വർഷങ്ങൾ കഴിഞ്ഞാൽ ഞാൻ ഒരു റെസ്റ്റോറൻറ് തുറന്നേക്കാം. - പ്രേം ശങ്കർ പറയുന്നു. സ്വപ്നങ്ങൾ സഫലമാകാൻ ഞങ്ങളിരുവരും അധ്വാനിക്കുന്നു. പകൽ പിഎച്ച്ഡി പഠനം രാത്രിയിൽ തട്ടുകട നടത്തും അങ്ങനെയാണ് സ്നേഹയുടെ ദിവസങ്ങളിപ്പോൾ തുടങ്ങുന്നതും അവസാനിക്കുന്നതും.- പ്രേംശങ്കർ പറഞ്ഞു നിർത്തുന്നു.