Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാണിച്ചിരിക്കാനും കരയാനും ഇന്ത്യൻ വധുക്കൾക്ക് മനസ്സില്ല ; 7 ദശലക്ഷം കാഴ്ചക്കാരുമായി ഒരു പ്രീവെഡിങ് വിഡിയോ |

bride-with-friends അപരിചിതരായ നിരവധി അതിഥികൾക്കു മുന്നിലാണ് തന്റെ നൃത്തപ്രകടനമെന്ന ഭാവമൊന്നുമില്ലാതെ വളരെ കൂളായാണ് അമിഷ നൃത്തമാടിയത്.

വിവാഹവേദിയിൽ വരനെത്താൻ വൈകുമെന്നറിഞ്ഞാൽ ഇന്ത്യൻ വധുക്കൾ എന്തുചെയ്യും?. നഖം കടിച്ചും വരനോടും കൂട്ടരോടും പരിഭവിച്ച് കണ്ണു നിറച്ചും സമയം പോക്കുമെന്നു കരുതിയെങ്കിൽ നിങ്ങൾക്കു തെറ്റി. ഇന്ത്യയിലെ പരമ്പരാഗത വിവാഹസങ്കൽപ്പങ്ങളെ പൊളിച്ചടുക്കിക്കൊണ്ടാണ് ഡൽഹി സ്വദേശിനിയായ അമിഷ ഭരദ്വാജ് എന്ന വധു വിവാഹത്തിനു മുന്നോടിയായി കിടിലൻ നൃത്തം ചെയ്തത്.

വിഡിയോഗ്രാഫർ മുന്നോട്ടുവെച്ച ചില നല്ല ആശയങ്ങൾ കൂടി സ്വീകരിച്ചപ്പോൾ പ്രീവെഡിങ് വിഡിയോ എങ്ങനെ വേണമെന്ന കാര്യത്തിൽ  അമിഷയ്ക്കും സുഹൃത്തുക്കൾക്കും സംശയമൊന്നുമുണ്ടായിരുന്നില്ല. വിവാഹത്തിനണിഞ്ഞൊരുങ്ങുന്നതിനിടയിൽ പാട്ടുപാടി നൃത്തം ചെയ്യുന്ന അമിഷയുടെ വിഡിയോ യുട്യൂബിലൂടെ പുറത്തു വന്നപ്പോൾ അതിന് ഏഴുദശലക്ഷം കാഴ്ചക്കാരെ ലഭിച്ചു.

പ്രതിശ്രുത വരൻ പ്രണവും അമിഷയും പ്ലാൻ ചെയ്തത് ബീച്ച് വെഡിങ് ആയിരുന്നു. എന്നാൽ വരനും കൂട്ടരും വിവാഹവേദിയിലെത്താൻഡ വൈകുമെന്നറിഞ്ഞതോടെ കാത്തിരിപ്പിന്റെ  സമയം കൂടി ആഘോഷിക്കാൻ അമിഷയും കൂട്ടരും തീരുമാനിച്ചു. അങ്ങനെയാണ് അതിമനോഹരമായ പ്രീവെഡിങ് വീഡിയോയുടെ പിറവി. ഫ്ലോറൽ ഡിസൈനിലുള്ള വിവാഹ ബ്ലൗസും വെളുത്ത നിറത്തിലുള്ള ഷോട്ട്സും കൂളിങ്ഗ്ലാസും ധരിച്ചെത്തിയ അമിഷ ചുവടുവെച്ചത് ആസ്‌ട്രേലിയന്‍ ആര്‍ട്ടിസ്റ്റായ സിയയുടെ ചീപ് ത്രില്‍സ് എന്ന ഗാനത്തിനാണ്.

'' അപരിചിതരായ നിരവധി അതിഥികൾക്കു മുന്നിലാണ് തന്റെ നൃത്തപ്രകടനമെന്ന ഭാവമൊന്നുമില്ലാതെ വളരെ കൂളായാണ് അമിഷ നൃത്തമാടിയത്. അപരിചിതരുടെ മുന്നിൽ നിന്ന് നൃത്തം ചെയ്യുന്നത് അത്ര എളുപ്പമൊന്നുമല്ലായിരുന്നു. എന്നിരുന്നാലും എനിക്കതു ചെയ്യാൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നു'' – അമിഷ പറയുന്നു.

'' വിവാഹമെന്നത് എല്ലാവർക്കും ആഘോഷമാണ്. ബാച്ചിലർ പാർട്ടിയും സുഹൃത്തുക്കൾക്കൊപ്പമുള്ള ടൂർ പ്രോഗ്രാമുമൊക്കെയായി പുരുഷന്മാർ അതു അടിച്ചുപൊളിക്കുക തന്നെ ചെയ്യും എന്നാൽ സ്ത്രീകളോ സമൂഹം കൽപ്പിച്ചു നൽകിയ ചട്ടക്കൂടിനകത്തിരുന്ന് വിവാഹ സമയമാകുമ്പോൾ നാണം കുണുങ്ങിയും വിവാഹശേഷം മാതാപിതാക്കളെ പിരിയുന്നതോർത്ത് പൊട്ടിക്കരഞ്ഞും അത്യന്തം നാടകീയതയോടെ ജീവിതത്തിലെ ആ സുവർണ നിമിഷങ്ങൾ വിരസമാക്കും. നൂറ്റാണ്ടുകൾക്കു മുമ്പുള്ള ആ ആചാരങ്ങളെ പടിക്കു പുറത്തു നിർത്താനുള്ള കാലമായി. ഇന്നത്തെ പെൺകുട്ടികൾ അവർ ആരാണോ ആ നിലയിൽത്തന്നെ വിവാഹവേദിയിലും വന്നെത്താൻ ഇഷ്ടപ്പെടുന്നു. അതുകൊണ്ടു തന്നെയാണ് അൽപം വ്യത്യസ്തമായ പ്രീവെഡിങ് വിഡിയോയ്ക്കു വധു തയാറെടുത്തതു തന്നെ'' – വിഡിയോ ഗ്രാഫർ പവൻദീപ് സിങ് പറയുന്നു.

വരന്റെയും കുടുംബത്തിന്റെയും പിന്തുണയുണ്ടായിരുന്നതുകൊണ്ട് മറ്റു ചിന്തകളൊന്നും തന്നെ അലട്ടിയില്ലെന്നും. വിഡിയോ വൈറലാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും അമിഷ പറയുന്നു.