Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്നു ചായ്‍വാലയുടെ മകൾ ഇന്നു ദേശീയ ടീമിൽ മിന്നും താരം

ekta-bisht ഏക്ത ബിഷ്ത്.

ബാറ്റിങ് കരുത്തിനു പേരുകേട്ട ടീമാണെങ്കിലും ലണ്ടനിൽ നടക്കുന്ന വനിതാ ലോകകപ് ക്രിക്കറ്റിൽ ഇന്ത്യ പാക്കിസ്ഥാനെ എറിഞ്ഞിടുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്തു ചെറിയ സ്കോറിൽ ഒതുങ്ങിയെങ്കിലും മൂളിപ്പറക്കുന്ന പന്തുകളാൽ ഇന്ത്യൻ വനിതകൾ ബദ്ധവൈരികളെ തകർത്തെറിഞ്ഞു. അപ്രതീക്ഷിതമായ ഒരു താരോദയത്തിനും ആ മൽസരം സാക്ഷ്യംവഹിച്ചു. പത്ത് ഓവറിൽ 18 റൺസ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റെടുത്ത ഏക്ത.ബിഷ്ത്. 

ക്യാപ്റ്റൻ മിതാലി രാജ് ഉൾപ്പെടെയുള്ള മുൻനിരക്കാർ തകർന്നപ്പോൾ അവസരത്തിനൊത്തുയർന്നു ടീമിനെ കൈപിടിച്ചുയർത്തി ബിഷ്ത്; ഇന്ത്യയുടെ സെമി സാധ്യതയും സജീവമാക്കി. അസാധാരണമായ ബൗളിങ് പ്രകടനം നടത്തി പാക്കിസ്ഥാനെ ഏക്ത ബിഷ്ത് ഞെട്ടിച്ചപ്പോൾ ലോകം അത്ഭുതപ്പെട്ടെങ്കിലും ഒട്ടും അതിശയം തോന്നാതിരുന്ന രണ്ടുപേരുണ്ട്. ബിഷ്തിന്റെ മാതാപിതാക്കൾ. കുട്ടിക്കാലത്ത് ആൺകുട്ടികളോടുത്തു കളിച്ചുവളർന്ന ബിഷ്തിൽനിന്ന് ഇതിലും വലിയ പ്രകടനങ്ങൾ അവർ പ്രതീക്ഷിക്കുന്നു.

കഷ്ടപ്പാടിലൂടെയും ദാരിദ്ര്യത്തിലൂടെയും പടിപടിയായി ഉയർന്ന് ഇന്ത്യൻ ടീമിലെത്തിയ തങ്ങളുടെ മകൾ രാജ്യത്തിന് അഭിമാനമാകുമെന്നും തങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുമെന്നും അവർക്കറിയാം. ഇനിയുള്ള മൽസരങ്ങളിലും ഇന്ത്യൻ വിജയങ്ങളിൽ നിർണായക പങ്കുവഹിച്ച് ബിഷ്ത് രാജ്യത്തെ ആവേശം കൊള്ളിക്കുന്നതിനു കാത്തിരിക്കുകയാണവർ. ആകാംക്ഷയോടെ; അതിലേറെ അഭിമാനത്തോടെ.

സൈന്യത്തിലായിരുന്നു ഏക്തയുടെ പിതാവ് കുന്ദനു ജോലി. വിരമിച്ചതിനുശേഷം കുടുംബത്തെ നോക്കാൻ കുന്ദൻ ചായക്കട തുടങ്ങി. ചായ്‍വാല എന്നു വിളിച്ച് ആരെങ്കിലും തന്നെ അക്ഷിക്ഷേപിക്കുകയോ അപമാനിക്കുകയോ ചെയ്യുമെന്ന് അദ്ദേഹം ഒരിക്കലും പേടിച്ചില്ല. കുടുംബത്തെ നന്നായി നോക്കുകയായിരുന്നു പ്രധാനം.

ഏക്തയ്ക്കു പുറമെ വീട്ടിൽ രണ്ടുകുട്ടികൾ കൂടിയുണ്ട്. ഭാര്യയും. അത്രയും പേരടങ്ങുന്ന കുടംബത്തെ പെൻഷനിൽനിന്നുള്ള വരുമാനംകൊണ്ടുമാത്രം സംരക്ഷിക്കാൻ ആവുമായിരുന്നില്ല. അതുകൊണ്ടാണു പദവിയും അന്തസ്സും നോക്കാതെ കുന്ദൻ ചായക്കച്ചവടക്കാരനായത്. 1500 രൂപ പെൻഷൻ കൊണ്ട് ഒരു കുടുംബത്തിനു ജീവിച്ചുപോകാനാകുമോ?. ഉത്തരാഖണ്ഡിലെ അൽമോറ എന്ന ചെറിയ ഗ്രാമത്തിലായിരുന്നു കുന്ദന്റെ ചായക്കട. ഇന്ന് ഇന്ത്യൻ ടീമിൽ തിളങ്ങുമ്പോൾ ഏക്ത ബിഷ്ത് കടന്നുപോയ ദാരിദ്ര്യം നിറഞ്ഞ കുട്ടിക്കാലം പലരും ഓർക്കുന്നുണ്ടാവില്ല.പക്ഷേ ബിഷ്തിന്റെ മാതാപിതാക്കൾക്കതൊന്നും മറക്കാനാകുന്നില്ല. 

ആറാം വയസ്സുമുതൽ ഏക്ത ക്രിക്കറ്റ് കളിച്ചുതുടങ്ങി.അന്നുമുതൽ ക്രിക്കറ്റിനോടുള്ള ഏക്തയുടെ ഇഷ്ടം കൂടിയിട്ടേയുള്ളൂ.അന്നേ മാതാപിതാക്കൾ പ്രതിക്ഷിച്ചു ഏക്ത ഇന്ത്യൻ ദേശീയ ടീമിൽ എത്തുന്നതും രാജ്യത്തിന് അഭിമാനമാകുന്നതും. ഒടുവിൽ 2011–ൽ ദേശീയ ടീമിന്റെ വാതിലുകൾ ഏക്തയ്ക്കു മുന്നിൽ തുറക്കപ്പെട്ടു.പിന്നീടിങ്ങോട്ടുള്ള ഏക്തയുടെ യാത്രയ്ക്ക് താരത്തിളക്കമുണ്ട്. സ്റ്റേഡിയത്തിൽനിന്നുയർന്ന കയ്യടികളുടെയും ആർപ്പുവിളികളുടെയും ആരവങ്ങളുണ്ട്. 

മകളെക്കുറിച്ചു പറയുമ്പോൾ ഏക്തയുടെ അമ്മയ്ക്കും നൂറുനാവ്. മകളുടെ കുട്ടിക്കാലത്ത് അയൽപക്കത്തൊന്നും ക്രിക്കറ്റ് കളിക്കുന്ന പെൺകുട്ടികളില്ല. ഏക്ത ആൺകുട്ടികളോടുത്തു ക്രിക്കറ്റ് കളിച്ചു. ടീമിൽ ഉണ്ടായിരുന്ന ഏക പെൺതരി. ക്രിക്കറ്റിൽ മകളെ കൈപിടിച്ചുയർത്താൻ മാതാപിതാക്കൾ വല്ലാതെ കഷ്ടപ്പെട്ടു. സാമ്പത്തികമായി ബുദ്ധിമുട്ടി. ഒരിക്കൽ മകൾ വലിയ നിലയിലെത്തുമെന്ന പ്രതീക്ഷയിൽ കുടുംബം അല്ലലും അലച്ചിലും മറന്നു.നല്ല ഭാവി സ്വപ്നം കണ്ടു. നല്ല ഉത്തരവാദിത്തമുള്ള കുട്ടിയായിരുന്നു ഏക്തയെന്ന് അവളുടെ അമ്മ ഓർക്കുന്നു. വീട്ടിൽനിന്നുകൊടുക്കുന്ന പൈസ സൂക്ഷിച്ചുവച്ചു ചെലവാക്കുന്ന ധാരാളിയല്ലാത്ത കുട്ടി. 

വർഷങ്ങൾ കഴിഞ്ഞപ്പോൾ ഏക്തയുടെ പിതാവ് കുന്ദന്റെ പെൻഷൻ ഗണ്യമായി വർധിച്ചു.അതോടെ, ചായക്കട നിർത്തി. പക്ഷേ കഷ്ടപ്പാടിന്റെ കഠിനകാലങ്ങളിൽ തങ്ങളെ സഹായിച്ച, പിന്തുണച്ച ചായക്കട ഇന്നുമുണ്ട് ഓർമയിൽ. അപ്രതീക്ഷിതമായതൊന്നും സംഭവിച്ചില്ലെങ്കിൽ ഏക്ത ബിഷ്ത് ഉൾപ്പെടുന്ന ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ലോകകപ്പിന്റെ സെമിയിൽ കടക്കും. അവിടെ വിജയിച്ചാൽ ഫൈനലിലും.എന്തിനു കുറയ്ക്കണം ആഗ്രഹങ്ങൾ. ഫൈനലിലെത്താനും കപ്പുയർത്താനും കരുത്തുണ്ട് ക്യാപ്റ്റൻ മിതാലി രാജിന്റെ നേതൃത്വത്തിലുള്ള ടീമിന്. രാജ്യത്തിനഭിമാനമാകാൻ ഈ വനിതകൾക്കു കഴിയുമന്നുതന്നെ നമുക്ക് പ്രതീക്ഷിക്കാം.പ്രാർഥനകളോടെ കാത്തിരിക്കാം.