Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയിലിൽ വിഐപി ട്രീറ്റ്മെന്റിനുവേണ്ടി ശശികല പൊടിച്ചത് കോടികൾ; റിപ്പോർട്ടുകളുമായി ഐപിഎസ് പെൺപുലി

roopa-sasikala ഐപിഎസ് ഓഫീസർ രൂപ, ശശികല.

കണ്ണുകളിൽ കനലിന്റെ തിളക്കം, വിട്ടുവീഴ്ചാ മനോഭാവമില്ലാത്ത പെരുമാറ്റം, ന്യായത്തിനുവേണ്ടി ഏതറ്റംവരെയും പോകുമെന്ന നിശ്ചയദാർഡ്യം ഡി. രൂപ എന്ന ഐപിഎസ് ഓഫീസറെ വിശേഷിപ്പിക്കാൻ വാക്കുകൾ മതിയാവില്ല.

ഇപ്പോൾ കർണാടകയിലെ ഐപിഎസ് ഓഫീസറായ ഈ പെൺപുലി വാർത്തകളിൽ നിറയുന്നത് ഞെട്ടിപ്പിക്കുന്ന ചില വെളിപ്പെടുത്തലുകളുമായിട്ടാണ്. ബംഗലൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കഴിയുന്ന എഐഡിഎംകെ ജനറൽ സെക്രട്ടറി ശശികലയ്ക്ക് ജയിലിൽ ലഭിക്കുന്നത് വിഐപി ട്രീറ്റ്മെന്റ് ആണെന്നും. ജയിലിലെ ഈ പ്രത്യേക പരിഗണനയ്ക്ക് ചിന്നമ്മ 2 കോടിയിലധികം പണം ജയിലധികൃതർക്ക് കോഴയായി നൽകിയിട്ടുണ്ടെന്നും തെളിയിക്കുന്ന റിപ്പോർട്ടുകളുമായാണ് ഈ പൊലീസുദ്യോഗസ്ഥ രംഗത്തു വന്നത്. 

ജയിൽ ഡി ഐ ജി കൂടിയായ രൂപയുടെ വെളിപ്പെടുത്തലിനു പുറകെ ഈ വിഷയത്തിൽ നിഷ്പക്ഷ അന്വേഷണത്തിന് സംസ്ഥാനസർക്കാർ ഉത്തരവിട്ടിട്ടുണ്ട്. 2000 ൽ നടന്ന യുപിഎസ്‌സി പരീക്ഷയിൽ 43–ാം റാങ്കോടെയാണ് രൂപ ജോലിയിൽ പ്രവേശിക്കുന്നത്. എൻപിഎസ് ഹൈദരാബാദിൽ നടന്ന പരിശീലനകാലത്ത് ആ ബാച്ചിലെ അഞ്ചാംറാങ്ക്കാരിയായിരുന്നു രൂപ. ആ ബാച്ചിൽ നിന്ന് കർണാടക കേഡറിലേക്ക് നിയമനം അനുവദിച്ച ഏക ഐപിഎസ് ഓഫീസർ കൂടിയായിരുന്നു ഇവർ.

മികച്ചസേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ നേടിയ ഈ ഉദ്യോഗസ്ഥ ഒരു ഷാർപ്പ്ഷൂട്ടർ കൂടിയാണ്. ഭരതനാട്യം,  ഹിന്ദുസ്ഥാനി സംഗീതം ഇവയും ഈ പൊലീസ് ഓഫീസറിന്റെ ഇഷ്ടമേഖലയാണ്. വിവാദമായ പലകേസുകളിലും രൂപയുടെ സാന്നിധ്യമുണ്ടായിരുന്നു. എസ് പി ആയിരുന്നപ്പോൾ കലാപവുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് മുഖ്യമന്ത്രി ഉമാഭാരതിയെ അറസ്റ്റ് ചെയ്തതും രൂപയാണ്. ഏതു പ്രതിസന്ധിയെയും ചങ്കൂറ്റത്തോടെ നേരിടുന്ന രൂപയ്ക്ക് ഔദ്യോഗിക ജീവിതത്തിൽ പല രാഷ്ട്രീയക്കാരുമായും വിവിഐപികളുമായും കൊമ്പുകോർക്കേണ്ടി വന്നിട്ടുണ്ട്.