Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യൂബർ ഡ്രൈവർമാരിൽ നിന്നുണ്ടായ അപമാനം സഹിക്കാൻ കഴിയില്ല ; വൈറലായി യുവതിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

preeti-singh പ്രീതിസിങ്ങ്. ചിത്രത്തിനു കടപ്പാട് ; ഫെയ്സ്ബുക്ക്.

''എന്റെ ശാരീരികാവസ്ഥയെക്കുറിച്ചോർത്ത് എനിക്കു തെല്ലും വിഷമമില്ല. എന്റെ ദൈനംദിന ജീവിതത്തിന് അതു യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാക്കുന്നുമില്ല. വീൽചെയറിലാണ് സഞ്ചാരമെങ്കിലും വാഹനസൗകര്യത്തിനായി ലോഫ്ലോർ ബസ്സുകളെയും മെട്രോ ട്രെയിനുകളെയും യൂബർ ടാക്സികളെയും ആശ്രയിക്കാറുണ്ട്. പക്ഷേ ജീവിതത്തിൽ ആദ്യമായാണ് ഇത്തരമൊരു മോശം അനുഭവം യൂബർ ഡ്രൈവർമാരിൽ നിന്നുമുണ്ടായത്''- രോഷത്തോടെ ഡൽഹി സ്വദേശിനിയായ പ്രീതി സിങ് പറയുന്നു.

ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ്  താനനുഭവിച്ച  ദുരനുഭവം അവർ പങ്കുവെച്ചത്. യൂബറിനെ അഭിസംബോധന ചെയ്തുകൊണ്ടെഴുതിയ കുറിപ്പിൽ പ്രീതി എഴുതിയതിങ്ങനെ. 'വീൽചെയർ സൂക്ഷിക്കാനുള്ള സ്ഥലം മിക്കയൂബറിലും കാണില്ല. പിന്നെ എന്റെ മുന്നിലുള്ള ഒരേയൊരു പോംവഴി കാറിൽ എന്റെയരുകിൽത്തന്നെ വീൽച്ചെയർ ഫോൾഡ് ചെയ്തു സൂക്ഷിക്കുകയെന്നതു മാത്രമാണ്.

അങ്ങനെ ചെയ്തതിനു രണ്ടു യൂബർ ഡ്രൈവർമാരും എന്നോടു ബഹളമുണ്ടാക്കി. യാത്ര അവസാനിച്ചു കഴിഞ്ഞപ്പോൾ ടൗവലുപയോഗിച്ച് വീൽച്ചെയർവച്ചിരുന്ന സ്ഥലം എനിക്കു വൃത്തിയാക്കിക്കൊടുക്കേണ്ടി വന്നു.ഇതുവരെ എനിക്കിതുപോലെ ഒരനുഭവമുണ്ടായിട്ടില്ല. സാധാരണ വാഹനങ്ങളുടെ മുകളിലോ പുറകിലോ ഒക്കെ സാധനങ്ങൾ വയ്ക്കാനുള്ള സ്ഥലമുണ്ടാകും. ഇവിടെ ഞാൻ കയറിയ രണ്ടു യൂബറുകളിലും അങ്ങനെയുള്ള സൗകര്യമില്ലാത്തതുകൊണ്ടു മാത്രമാണ് വീൽചെയർ യൂബറിനുള്ളിൽത്തന്നെ വയ്ക്കേണ്ടി വന്നത്. അതു മനസ്സിലാക്കാൻ തയാറാവാതെയാണ് അവർ എന്നോടു ബഹളംവെച്ചത്.

എല്ലാവരെയും പോലെ തന്നെ പണം നൽകിയാണ് ഞാനും യൂബറിന്റെ സേവനം പ്രയോജനപ്പെടുത്തിയത്. പക്ഷെ യൂബർ ഡ്രൈവർമാരിൽ നിന്നും വളരെ മോശം പരിഗണനയാണെനിക്കു ലഭിച്ചത്. കാലുപുറത്തുവെച്ചു യാത്ര ചെയ്യാൻ നിങ്ങൾ മറ്റുള്ള യാത്രക്കാരോട് ആവശ്യപ്പെടുമോ? പിന്നെന്തുകൊണ്ട് എന്നോടിങ്ങനെ പെരുമാറി'- പ്രീതി ചോദിക്കുന്നു. 'ആദ്യത്തെ സംഭവം ക്ഷമിക്കാൻ ഞാനൊരുക്കമായിരുന്നു. പക്ഷെ ഒരു ദിവസം തന്നെ രണ്ടു പ്രാവശ്യം മോശം സംഭവങ്ങൾ ആവർത്തിക്കപ്പെട്ടപ്പോൾ എനിക്കെന്തോ വല്ലായ്മ തോന്നി. അതുകൊണ്ടാണ് ഈ സംഭവങ്ങളെക്കുറിച്ചു തുറന്നു പറയാൻ ഞാൻ തയാറായത്'.

യുവതിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടയുടൻതന്നെ യൂബർ അധികൃതർ അതിനോടു പ്രതികരിച്ചു. യാത്രക്കോരോടു യൂബർ ഡ്രൈവർമാർ ഇത്തരത്തിൽ വിവേചനം കാട്ടിയിട്ടുണ്ടെങ്കിൽ അതുവെച്ചു പൊറുപ്പിക്കാൻ പറ്റില്ലെന്നും സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുന്നുണ്ടെന്നും സത്യാവസ്ഥബോധ്യപ്പെട്ടാൽ ഉടനടി നടപടിയെടുക്കുമെന്നും യൂബർ അധികൃതർ മറുപടി നൽകി. യുവതിയടച്ച പണം തിരികെ നൽകുമെന്നും അവർ പറഞ്ഞു.

ഡ്രൈവർമാർക്കെതിരെ അച്ചടക്ക നടപടിയെടുക്കണമെന്നല്ല താൻ ഉദ്ദേശിച്ചതെന്നും അവർക്ക് പരിശീലനം നൽകുമ്പോൾ യാത്രക്കാരോടു കുറച്ചു കൂടി മാനുഷീക പരിഗണന കാട്ടണമെന്നു പറഞ്ഞുകൊടുക്കണമെന്നുമാത്രമാണ് തന്റെ ആവശ്യമെന്നും പ്രീതി പറയുന്നു.