Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സല്യൂട്ട് അഞ്ജലി ദീദി ; ചേരിയിൽ നിന്ന് സിനിമയിലെത്തിയ പെൺകുട്ടിയുടെ കുറിപ്പ് കണ്ണു നനയിക്കും

woman ചിത്രത്തിന് കടപ്പാട് ; ഫെയ്സ്ബുക്ക്

സിനിമാക്കഥയെ വെല്ലുന്ന ജീവിതകഥ പറഞ്ഞുകൊണ്ടാണ് ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് പേജിൽ ആ പെൺകുട്ടി ഒരു കുറുപ്പെഴുതിയത്. പക്ഷേ ആ കഥയിലെ നായിക അവളല്ല. അവളെ സ്വപ്നം കാണാൻ പഠിപ്പിച്ച, അവളുടെ ആഗ്രഹങ്ങൾക്കു കൂട്ടുനിന്ന അ‍ഞ്ജലി ദീദീയാണ് അവളുടെ ജീവിതത്തിലെ നായിക. ഒരു മാലാഖയുടെ പരിവേഷം നൽകിയാണ് ചേരിയിലെ കുഞ്ഞുങ്ങൾ അവരെ സ്നേഹിക്കുന്നത്.

'' ടിന്നുകളും പ്ലാസ്റ്റിക്കുകളും കൊണ്ടു മറച്ച കൂരകളായിരുന്നു ഞങ്ങളുടെ താമസം. പൈപ്പുവെള്ളത്തിനായി നീണ്ട ക്യൂ നിന്നും മഴപ്പെയ്ത്തിൽ ഒരു തുള്ളിവെള്ളംപോലും പുറത്തു പോവാതെ വരുമ്പോൾ കൂരക്കുള്ളിലിരുന്നു മഴകൊണ്ടുമാണ് ഞങ്ങൾ ജീവിതത്തിന്റെ ഭൂരിഭാഗം സമയവും ചിലവഴിച്ചിരുന്നത്. ചെറിയൊരു കാറ്ററിങ് സ്ഥാപനത്തിലെ ഷെഫ് ആയിരുന്നു എന്റെ അച്ഛൻ. അച്ഛന് അധികം കാശൊന്നും സമ്പാദിക്കാൻ കഴിഞ്ഞിരുന്നില്ലെങ്കിലും മക്കളെ സ്നേഹിക്കുന്നതിൽ അദ്ദേഹം കുറവൊന്നും വരുത്തിയിരുന്നില്ല. അത്രകഷ്ടപ്പാടിലും ബാല്യത്തെക്കുറിച്ചുള്ള നല്ല ഓർമകൾ എനിക്കുണ്ടായത് അച്ഛനെപ്പോലെ നല്ലൊരു സുഹൃത്തിനെ കിട്ടിയതുകൊണ്ടാണ്.

മക്കൾക്ക് നല്ല വിദ്യാഭ്യാസം ലഭിക്കണമെന്ന് അച്ഛനു നിർബന്ധമായിരുന്നു. സ്വകാര്യസ്കൂളിൽ അയച്ചു പഠിപ്പിക്കാനുള്ള സാമ്പത്തികശേഷി ഇല്ലാത്തതുകൊണ്ട് മുൻസിപ്പൽ സ്കൂളിലാണ് എന്നെ അയച്ചത്. അവിടെയുള്ള സഹപാഠികളുടെ വീട്ടിലെ കാര്യം വളരെ കഷ്ടമായിരുന്നു. പലരും പലതരത്തിലുള്ള ഗാർഹിക പീഡനങ്ങൾ സഹിക്കുന്നവരായിരുന്നു. പലവീട്ടിലെയും കുടുംബനാഥന്മാർ മദ്യപാനികളുമായിരുന്നു. ജോലിചെയ്തു കിട്ടുന്ന തുച്ഛമായ ശമ്പളത്തിന്റെ ഭൂരിഭാഗവും അവർ കുടിച്ചു തീർക്കും. അതിനേക്കാൾ അരക്ഷിതാവസ്ഥയായിരുന്നു സ്കൂളിൽ.

വേലക്കാരെയെന്ന പോലെയാണ് അധ്യാപകർ ഞങ്ങളെ കണക്കാക്കിയിരുന്നത്. അവർ കഴിച്ച ചോറ്റുപാത്രം ഞങ്ങളെക്കൊണ്ടു കഴുകിക്കുക, ക്ലാസിൽ വന്നിരുന്നറങ്ങുക എന്നതൊക്കെയായിരുന്നു അവരുടെ കലാപരിപാടികൾ ഒരിക്കൽ ഞങ്ങളുടെ കണക്കുമാഷ് ക്ലാസിലെ കുട്ടികളുടെ മുന്നിൽവെച്ച് സിഗരറ്റ് വലിക്കുകയും ചെയ്തു. ഞങ്ങൾ ഇതിനെക്കുറിച്ചൊന്നും വീട്ടിൽ പറഞ്ഞില്ല. കാരണം ഞങ്ങൾക്കുറപ്പുണ്ട് മികച്ച സൗകര്യങ്ങളുള്ള ഒരു സ്കൂളിലയച്ചു പഠിപ്പിക്കാൻ ഞങ്ങളുടെ  മാതാപിതാക്കൾക്ക് ആവില്ലെന്ന്. എന്നാലും മക്കളുടെ ഭാവി സ്പ്നം കാണുന്ന അച്ഛനമ്മമാരെ നിരാശപ്പെടുത്താൻ പാടില്ലല്ലോ. അതുകൊണ്ട് നാലുവയസ്സുള്ളപ്പോൾ അകൻഷ എന്ന ആഫ്റ്റർസ്കൂൾ സപ്ലിമെന്ററി പ്രോഗ്രാമിൽചേർന്നു.

സ്കൂളിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അകൻഷയിലെ അഞ്ജലി ദീദീയോടു ഞങ്ങൾ തുറന്നു പറഞ്ഞു. കുഞ്ഞുങ്ങളുടെ കഴിവുനശിപ്പിക്കുന്ന അത്തരം സ്കൂളിൽ പഠിക്കണ്ട എന്നു പറഞ്ഞ് എന്നെയും കുറച്ചു സുഹൃത്തുക്കളെയും അഞ്ജലി ദീദീ സ്വന്തം ചിലവിൽ മറ്റൊരു പ്രൈവറ്റ് സ്കൂളിൽ ചേർത്തു. 9–ാം ക്ലാസിൽ പുതിയ സ്കൂളിൽ പ്രവേശനം ലഭിച്ച ഞാൻ ആകെപ്പതറിപ്പോയി. പഠനത്തിന്റെ ചിലവെല്ലാം അഞ്ജലി ദീദീ നോക്കും. പക്ഷെ പുതിയ സ്കൂളിലെ പഠന രീതികൾ എനിക്കൊട്ടും മനസ്സിലാവുന്നില്ല. ഓരോ വിഷയവും പഠിപ്പിക്കാൻ ഓരോ അധ്യാപകരാണ് ഉള്ളതെന്ന എന്ന കാര്യംപോലും ഞാൻ അറിയുന്നത് പുതിയ സ്കൂളിൽവെച്ചാണ്. പുതിയ പഠനാന്തരീക്ഷത്തോടു യോജിക്കാനാവാതെ ഒൻപതാംക്ലാസിൽ രണ്ടുവട്ടം ഞാൻ പരാജയപ്പെട്ടു.

എന്നെക്കുറിച്ച് അഞ്ജലി ദീദീയുടെ പ്രതീക്ഷകൾ തകരുമോ എന്ന ഭയമായിരുന്നു മനസ്സുനിറയെ എനിക്കുവേണ്ടി ഇനി കാശുചിലവാക്കേണ്ടെന്നും ഞാൻ പഠിത്തം നിർത്താൻ പോവുകയാണെന്നും ഞാൻ അഞ്ജലി ദീതിയെ അറിയിച്ചു. അവർ എന്നെ പ്രോത്സാഹിപ്പിച്ചു. കഠിനാധ്വാനം ചെയ്യാൻ ആവശ്യപ്പെട്ടു. പഠിക്കാൻ എന്നെ സഹായിച്ചു.  വീട്ടിൽ വൈദ്യുതിയില്ലാത്തതിനാൽ പഠനകേന്ദ്രത്തിലേക്കു ദീദീ എന്നെ തിരികെക്കൊണ്ടു പോകും അവിടെവെച്ച് പാഠഭാഗങ്ങൾ എന്നെ പഠിപ്പിക്കും. പഠനത്തിന്റെ ബുദ്ധിമുട്ടുകൾ മാറിവന്നപ്പോഴാണ് എന്റെ അച്ഛന്റെ മരണം. അഞ്ജലി ദീദീയുടെ പിന്തുണയോടെ ഞാൻ ആ ധർമ്മസങ്കടത്തേയും അതിജീവിച്ചു പരീക്ഷയെഴുതി വിജയിച്ചു. അങ്ങനെ ആ സ്കൂളിന്റെ ഹെഡ്ഗേൾ എന്ന സ്ഥാനത്തുവരെയെത്താൻ അഞ്ജലി ദീദീ എന്നെ സഹായിച്ചു.

പത്താംക്ലാസ് പാസായശേഷം പാർട്ട് ടൈംജോലിചെയ്ത് അമ്മയെ സഹായിക്കാനാരംഭിച്ചു. അപ്പോഴാണ് എനിക്ക് സേവ്യേഴ്സിൽ പഠിക്കാനവസരം ലഭിച്ചത്. ഒരു ഫിലിംമേക്കറാവുക എന്ന സ്വപ്നം സഫലമാകാൻ ഇനി കുറച്ചുദൂരം കൂടി എന്നു ഞാൻ ആശ്വസിച്ചപ്പോഴാണ് കുടുംബത്തിൽ മറ്റുചില പ്രതിസന്ധികളുണ്ടായത്. അപ്പോൾ പഠനം പാതിവഴിയിലുപേക്ഷിച്ച് എന്തെങ്കിലും ജോലിചെയ്ത് അമ്മയെ സഹായിക്കാൻ ഞാൻ തീരുമാനിച്ചു. ഇതറിഞ്ഞ അഞ്ജലി ദീദീ എന്നെ പിന്തിരിപ്പിച്ചു'.

'' വിദ്യാഭ്യാസത്തിന് അതിന്റേതായ പ്രാധാന്യമുണ്ട്. നിനക്കൊരുപാടു സ്വപ്നങ്ങളുമുണ്ട്. അമ്മയോടൊപ്പം ലോകംചുറ്റണമെന്ന് നിനക്കാഗ്രഹമില്ലേ? പഠിത്തം പാതിവഴിയിലുപേക്ഷിച്ചാൽ നിനക്കെങ്ങനെ നിന്റെ സ്വപ്നങ്ങൾ പൂർത്തിയാക്കാൻ സാധിക്കും''. 'ദീദിയുടെ ആ വാക്കുകൾക്കു ഞാൻ ചെവികൊടുത്തു. കൊളേജ് പഠനത്തിനൊപ്പം ഒന്നിലധികം പാർട്ട്ടൈം ജോലികൾ ചെയ്തു. കൊളേജ് പഠനം കഴിഞ്ഞയുടനെ ഫ്യൂച്ചർ ഈസ്റ്റ് ഫിലിമിൽ എനിക്കു ജോലിലഭിച്ചു. അവധി ലഭിക്കുന്ന ഞായറാഴ്ചകളിൽ ഞാൻ ചേരിയിലെ പെൺകുട്ടികളെ പഠിപ്പിക്കാൻ പോകും. അമ്മയോടൊപ്പം ഉലകം ചുറ്റണമെന്ന ആഗ്രഹം ഇപ്പോഴുമുണ്ട്. പക്ഷെ അതിലും വലിയൊരു ആഗ്രഹത്തിനാണ് ഞാനിപ്പോൾ പ്രാധാന്യം കൊടുക്കുന്നത്. എന്റെ ജീവിതം അഞ്ജലി ദീതി മാറ്റിമറിച്ചതുപോലെ ഏതെങ്കിലുമൊരു പെൺകുട്ടിയുടെ സ്വപ്നങ്ങൾക്ക് എനിക്കും കൂട്ടു നിൽക്കണം അഞ്ജലി ദീദീയെപ്പോലെ'