Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിലെത്തിവർ പ്രണയം കണ്ടെത്തി മടങ്ങി; ഭിന്നലിംഗക്കാരായ പ്രണയികളുടെ കഥ

sukanya-aarav സുകന്യ, ആരവ്.

പ്രണയം എവിടെയും എങ്ങനെയും തുടങ്ങാം. എപ്പോൾ വേണമെങ്കിലും തുടങ്ങാം. മുംബൈയിലെ ഒരു ആശുപത്രിയിൽ ഡോക്ടറെ കാണാൻവേണ്ടി കാത്തിരിക്കുമ്പോൾ തുടങ്ങിയ ഒരു പ്രണയത്തിന്റെ കഥയാണിത്.

കാത്തിരുന്നവർ സാധാരണക്കാരല്ല. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു ഡോക്റുടെ ഉപദേശം തേടി എത്തിയവർ. രൂപവും ഭാവവും മാറി, അഭിരുചികൾ മാറി, വ്യക്തിത്വങ്ങളും മാറി ഇതാ അവർ ഒരുമിക്കുന്നു. സ്ത്രീയായി പുനർജൻമം നേടിയ പുരുഷൻ, പുരുഷത്വം നേടിയ സ്ത്രീയെ വിവാഹം കഴിക്കുന്ന അപൂർവങ്ങളിൽ അപൂർവമായ പ്രണയ കഥ. കേരളത്തിൽനിന്നാണ് ഈ അപൂർവ കമിതാക്കൾ. മുംബൈയിൽ അവരെ ഒരുമിപ്പിച്ചതോ മലയാളവും.

പുരഷശരീരത്തിൽ തടവിലാക്കപ്പെട്ട ഒരു പെൺഹൃദയം. സ്ത്രീ ശരീരത്തിൽ തടവിലടപ്പെട്ട പുരുഷത്വവും. മൂന്നു വർഷം മുമ്പ് വിധിയുടെ അപൂർവനിയോഗത്താൽ അവർ പരസ്പരം കണ്ടെത്തി. രണ്ടുപേരും മുംൈബെയിലെത്തിയതു പുനർജന്മം കൊതിച്ച്. അവരാഗ്രഹിച്ച മാറ്റം സാധ്യമായി എന്നു മാത്രമല്ല അവരെ പ്രണയം ഒരുമിപ്പിക്കുകയും ചെയ്തു.അടുത്ത മാസം ഇരുവരും വിവാഹിതരാകുന്നു. 

ആരവ് അപ്പുക്കുട്ടൻ. 46 വയസ്സ്. ജനിച്ചതു ബിന്ദു എന്ന പെൺകുട്ടിയായി. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു മുംബൈയിലെത്തിയ അപ്പുക്കുട്ടൻ ഡോക്ടറെ കാണാൻ കാത്തിരിക്കുമ്പോൾ ജീവിതപങ്കാളിയെ  കണ്ടെത്തുന്നു. അപ്രതീക്ഷിതമായി,യാദൃശ്ഛികമായി,നാടകീയമായി. സുകന്യ കൃഷ്ണനും അപ്പോൾ ഡോക്ടറെ കാത്തിരിക്കുകയായിരുന്നു. സുകന്യ ജനിച്ചതു ചന്ദുവായി. ഡോക്ടറുടെ ആദ്യത്തെ അപ്പോയിന്റ്മെന്റ് കാത്തിരിക്കുകയായിരുന്നു ബിന്ദു. 

സുകന്യ സുകന്യ.

ഞാൻ ഫോണിൽ ഒരു ബന്ധുവിനോടു സംസാരിക്കുകയായിരുന്നു. മലയാളത്തിൽ. ആരോഗ്യത്തെക്കുറിച്ചും ലിംഗമാറ്റ ശസ്ത്രക്രിയയെക്കുറിച്ചുമൊക്കെയായിരുന്നു സംസാരം. എന്റെ സംസാരം തീർന്നപ്പോൾ അപ്പുക്കുട്ടൻ ഫോണിലായിരുന്നു. മലയാളത്തിൽ ആരോടോ സംസാരിക്കുന്നു. പെട്ടെന്നു ഫോൺ ഡിസ്കണക്ട് ചെയ്ത് അപ്പുക്കുട്ടൻ എന്റെ അടുത്തേക്കുവന്നു. കേരളത്തിൽനിന്നാണോ എന്നു ചോദിച്ചു. അതേ എന്നു മറുപടി പറഞ്ഞുകൊണ്ട് മാതൃഭാഷയിൽ ഞങ്ങൾ സംസാരിച്ചുതുടങ്ങി: ആദ്യ കൂടിക്കാഴ്ചയെക്കുറിച്ചു സുകന്യ പറയുന്നു. 

അന്നു മൂന്നു മണിക്കൂർ ആ മുറിയിൽ ഡോക്ടറെ കാത്തിരിക്കേണ്ടിവന്നു. അതിനിടെ ഞങ്ങൾ പരസ്പരം അറിഞ്ഞു. ഹൃദയം തുറന്നു. വല്ലാത്തൊരിഷ്ടം തോന്നിയതിനാൽ ഫോൺ നമ്പരുകൾ കൈമാറി. മടങ്ങിയിട്ടും ഫോണിൽ അവർ പരസ്പരം കണ്ടെത്തിക്കൊണ്ടിരുന്നു.

ഞാൻ ബെംഗലൂരുവിലേക്കു മടങ്ങി. അപ്പുക്കുട്ടൻ കേരളത്തിൽ നാട്ടിലേക്കും. രണ്ടു വർഷമായി ഞാൻ ജോലി ചെയ്യുന്നതു ബെംഗലൂരുവിൽ. രണ്ടുദിവസം കഴിഞ്ഞ് അപ്പുക്കുട്ടൻ എന്നെ വിളിച്ചു. ശസ്ത്രക്രിയയെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചുമൊക്കെ ഞങ്ങൾ സംസാരിച്ചു. ആദ്യമൊക്കെ ആഴ്ചയിൽ ഒരിയ്ക്കലായിരുന്നു സംസാരം. പിന്നീട് ആഴ്ചയിൽ രണ്ടുദിവസം. ക്രമേണ എല്ലാ ദിവസവും വിളിച്ചുതുടങ്ങി. വിളിക്കാതിരിക്കാൻ ആവില്ലെന്നായി:സുകന്യയുടെ കണ്ണുകളിൽ പ്രണയം പിന്നെയും പിന്നെയും ചിറകടിക്കുന്നു. 

കേരളവും മലയാളവും ഒരുമിപ്പിച്ച ഇരുവരുടെയും പ്രണയത്തെ ശക്തിപ്പെടുത്തിയത് മറ്റുള്ളവരെയും സഹായിക്കാനുള്ള മനസ്സും മനുഷ്യത്വവും. ഭിന്നലിംഗത്തിൽപ്പെട്ട കുട്ടികളുടെ അച്ഛനമ്മമാർക്ക് ഇരുവരും കൗൺസിലിങ്ങ് കൊടുക്കുന്നുണ്ട്. സ്വയം ഒരു തെറ്റും ചെയ്തിട്ടില്ലെങ്കിലും മാനസികസംഘർഷങ്ങളിലൂടെ കടന്നുപോകുന്നവർക്ക് ആശ്വാസവും സാന്ത്വനമാകുന്നുണ്ട്. തങ്ങൾ അനുഭവിച്ച വേദനകൾ മറ്റുള്ളവർക്കു പരമാവധി കുറയ്ക്കുകയാണു ലക്ഷ്യം.

എന്നാണു ഞങ്ങൾ ഇനി അകലാനാകാത്തരീതിയിൽ അടുത്തതെന്ന് ഇന്നുമെനിക്കറിയില്ല. ഒരുദിവസം ഒരുമിച്ചുകണ്ടപ്പോൾ ഞങ്ങൾ പരസ്പരം കൈകോർത്തു. ഒരുപക്ഷേ അന്നായിരിക്കാം പ്രണയം തുടങ്ങിയത്: അപ്പുക്കുട്ടന്റെ ഓർമയിലും പ്രണയക്കടലിന്റെ തിരയിളക്കം. ക്ഷേത്രത്തിൽവച്ചു വിവാഹിതരാകാനാണു തീരുമാനം. എല്ലാ ആചാരങ്ങളോടും അനുഷ്ഠാനങ്ങളോടും കൂടി. വീടുകളിലും എതിർപ്പില്ല. ഒരു കുട്ടിയെ ദത്തെടുക്കാനും ആലോചനയുണ്ട്. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു ശേഷം ഗർഭിണിയാകാൻ പറ്റില്ല. ഭാവിയെക്കുറിച്ച് ഇരുവരും മനസ്സുതുറക്കുന്നു.

ആരവ് അപ്പുക്കുട്ടന്റെ മാതാപിതാക്കൾ ഏതാനും വർഷം മുമ്പു മരിച്ചു. സഹോദരങ്ങൾ പല സ്ഥലങ്ങളിലായി ജീവിക്കുന്നു. സുകന്യയുടെ അച്ഛനും വിടപറഞ്ഞു.അമ്മ വീണ്ടും വിവാഹം കഴിച്ചു. രണ്ടാനച്ഛനോടൊത്തു ജീവിക്കാൻ സുകന്യ തയ്യാറല്ല. 

ടൂർ മാനേജരായി ജോലി ചെയ്യുന്നു അപ്പുക്കുട്ടൻ. കുട്ടിക്കാലം മുതലേ എനിക്കറിയാമായിരുന്നു ഞാൻ ആണായി ജനിക്കേണ്ടിയിരുന്നെന്ന്. 13 വയസ്സായപ്പോൾ എനിക്കു തീർച്ചയായി ഞാൻ പെണ്ണല്ലെന്ന്. മുംബൈയിൽവന്നതിനുശേഷം ആൺകുട്ടികളുടെ വസ്ത്രമണിഞ്ഞ്, മുടി മുറിച്ച ഞാൻ ലോക്കൽ ട്രെയിനുകളിലെ ലേഡീസ് കംപാർട്മെന്റുകളിൽ കയറുമ്പോൾ സ്ത്രീകൾ ബഹളം വയ്ക്കുമായിരുന്നു.

സുകന്യ സുകന്യ.

ലിംഗമാറ്റ ശസ്ത്രക്രിയ എന്ന സ്വപ്നത്തേക്ക് അപ്പുക്കുട്ടൻ അടുത്തത് ദുബായ് ജീവിതത്തിനുശേഷം. ശസ്ത്രക്രിയക്കും തുടർചികിൽസയ്ക്കുംവേണ്ട പണം സമ്പാദിക്കുന്നത് ദുബായ് ജീവിതകാലത്ത്. ഒരു വർഷത്തിനകം ഞാൻ പൂർണമായും മാറി. സ്ത്രീയിൽനിന്നു പുരുഷനിലേക്കുള്ള സമ്പൂർണ്ണ മാറ്റം. മീശയും താടിരോമങ്ങളും പോലും വളർന്നു: അപ്പുക്കുട്ടൻ പറയുന്നു.

സുകന്യയും ചെറുപ്പത്തിലേ തന്റെ സ്ത്രീ വ്യക്തിത്വം തിരിച്ചറിഞ്ഞിരുന്നു. പക്ഷേ വീട്ടിലാരും അതു സമ്മതിച്ചില്ല. ആൺകുട്ടികളുടെ വസ്ത്രം ധിരിക്കാനും അവരോടൊപ്പം കളിക്കാനും മുതിർന്നവർ പറഞ്ഞു. അകമേ പെണ്ണായ എന്നെ എന്തിനാണ് ആൺകുട്ടിയായി പരിഗണിക്കുന്നതെന്ന് ഞാൻ പലപ്പോഴും വീട്ടിൽ ചോദിച്ചിട്ടുണ്ട്: കടന്നുപോയ അഗ്നിപരീക്ഷകളെക്കുറിച്ചു സുകന്യ ഓർമിച്ചു.

18 വയസ്സുവരെ കടുത്ത മാനസിക സംഘർഷം അനുഭവിക്കേണ്ടുവന്നു സുകന്യയ്ക്ക്. സംസാര രീതിയുടെയും പെരുമാറ്റത്തിന്റെയും പേരിൽ മറ്റുള്ളവർ കളിയാക്കി. പ്രശ്നം പരിഹരിക്കാൻ വീട്ടുകാർ ഡോക്ടറെ കാണിച്ചു. ഡോക്ടർ നിർദേശിച്ച ഹോർമോൺ ഇൻജക്ഷനുകൾ സ്ഥിതി വഷളാക്കി. പത്താംക്ലാസ് പരീക്ഷ എഴുതാൻ പോലും കഴിഞ്ഞില്ല.

18 വയസ്സാകാതെ ലിംഗമാറ്റ ശസ്ത്രക്രിയ സാധ്യമല്ലെന്നു ഡോക്ടർമാർ പറഞ്ഞിരുന്നു. 18 വയസ്സു തികഞ്ഞ് അടുത്തദിവസം തന്നെ ഡോക്ടറെ കണ്ടു. ഒരു വർഷത്തോളമെടുത്തു മാറ്റത്തെക്കുറിച്ചു കുടുംബത്തെ ബോധ്യപ്പെടുത്താൻ. അതിനുശേഷം ബെംഗളൂരുവിലേക്ക്. വെബ് ഡിസൈനറായി ജോലി. ശസ്ത്രക്രിയക്കുവേണ്ട പത്തുലക്ഷത്തോളം രൂപ സമ്പാദിക്കുകയായിരുന്നു ലക്ഷ്യം. എല്ലായിടത്തും കഷ്ടപ്പെട്ടു പണിയെടുത്ത് സുകന്യ കഴിവു തെളിയിച്ചു. പ്രധാനമന്ത്രി മോദിയെ കാണാനും സുകന്യയ്ക്കു പദ്ധതികളുണ്ട്. ഭിന്നലിംഗക്കാർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് അദ്ദേഹത്തിന്റെ ശ്രദ്ധ ക്ഷണിക്കുകയാണ് ലക്ഷ്യം. 

ഇനി കുറച്ചു ദിവസങ്ങളേയുള്ളൂ, വ്യക്തിത്വങ്ങൾ വച്ചുമാറിയ സുകന്യയ്ക്കും ആരവ് അപ്പുക്കുട്ടനും ഒരുമിക്കാൻ. പ്രണയത്തിന്റെ തിരക്കേറിയ നിമിഷങ്ങളിലൂടെ ഇരുവരും ശുഭമുഹൂർത്തം കാത്തിരിക്കുന്നു.