Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘വാളുപയോഗിക്കുന്ന കന്യാസ്ത്രീ’; ലോകത്തിന്റെ ആ വിളിയിൽ നാണിക്കുന്നില്ലെന്നു മാർഗരറ്റ്

nun മാർഗരറ്റ് ആൻ.

കന്യാസ്ത്രീയെക്കുറിച്ച് സമൂഹത്തിനു ചില ധാരണകളുണ്ട്. ജപമാല കയ്യിലേന്തി, പ്രാർഥനാമന്ത്രങ്ങുളുരുവിട്ട്, സൗമ്യമായി സംസാരിക്കുന്ന വിശുദ്ധമായ രൂപം. എല്ലാവരാലും അംഗീകരിക്കപ്പെട്ട ഈ ധാരണയെ തിരുത്തുന്നവരുമുണ്ട്. ആദ്യം അംഗീകരിക്കാൻ മടിച്ചാലും സമൂഹത്തിനു പ്രയോജനം ചെയ്യുന്ന, മനുഷ്യർക്കു ഗുണകരമാകുന്ന രീതിയിൽ പ്രവർത്തിക്കുന്ന കന്യാസ്ത്രീയുടെ വ്യത്യസ്ത റോളുകളെയും സമൂഹം അംഗീകരിക്കും.

സംശയമുണ്ടെങ്കിൽ ഇർമ ചുഴലിക്കാറ്റ് നാശം വിതച്ച ഫ്ലോറിഡയിലെ  കന്യാസ്ത്രീയെ അറിയുക. വേഷത്തിന്റെ പരിമിതികളെ മറികടന്ന്, അംഗീകൃത ധാരണകളെ അതിജീവിച്ച് സമൂഹത്തിനുവേണ്ടി പ്രവർത്തിക്കേണ്ടത് എങ്ങനെയാണെന്നു കാണിച്ചുതരുന്ന കന്യാസ്ത്രീ.

ചുഴലിക്കാറ്റ് താണ്ഡവമാടിയ പ്രദേശത്ത് പ്രാർഥനകളേക്കാൾ പ്രയോജനം ചെയ്യുന്നതു പ്രവൃത്തിയാണെന്നു തെളിയിച്ചിരിക്കുന്നു  ഈ കന്യാസ്ത്രീ. മറിഞ്ഞുവീണ മരക്കൊമ്പുകൾ വാളു കൊണ്ടു മുറിച്ചുമാറ്റി ഗതാഗതതടസ്സം ഒഴിവാക്കുന്ന കന്യാസ്ത്രീ. അവരുടെ വേഷം തൊഴിലാളിയുടേതല്ല. വിശുദ്ധവേഷം തന്നെ. ആ വേഷം അണിഞ്ഞുകൊണ്ടുതന്നെ സാധാരണ ജോലികളും ചെയ്യാമെന്ന് അവർ  തെളിയിച്ചിരിക്കുന്നു. വാളിനാൽ മരക്കൊമ്പ് അറുത്തുമാറ്റുന്ന കന്യാസ്ത്രീയെക്കുറിച്ചുള്ള വാർത്തയും ചിത്രവും സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ് ഇപ്പോൾ. ലോകമെങ്ങും ചിത്രം പ്രചരിക്കുന്നു. 

വാൾ എങ്ങനെ ഉപയോഗിക്കണമെന്ന് എനിക്കറിയില്ലായിരുന്നു. ഗൂഗിളിൽ അന്വേഷണം നടത്തിയാണ് ഉപയോഗക്രമം കണ്ടുപിടിച്ചത്.സാധാരണ ജോലികൾ എങ്ങനെ ചെയ്യുമെന്നു മറന്നുപോയിരുന്നു.  വിദ്യാർഥികളാണു പറഞ്ഞത് എല്ലാക്കാര്യങ്ങളും ഗൂഗിളിൽ അന്വേഷിച്ചാൽ കിട്ടുമെന്ന്: പറയുന്നത് മിയാമിയിലെ  ഒരു സ്കൂളിൽ പ്രിൻസിപ്പലായ മാർഗരറ്റ് ആൻ  എന്ന കന്യാസ്ത്രീ. 

അഭ്യുദയകാംക്ഷികളായ ചിലർ വാൾ സുരക്ഷിതമായി ഉപയോഗിക്കേണ്ടതെങ്ങനെയെന്നുള്ള വീഡിയോ എനിക്കയച്ചു തന്നു. ഞാൻ പഠിച്ചുകൊണ്ടിരിക്കുകയാണ്: മാർഗരറ്റ് പറയുന്നു. ഗതാഗതതടസ്സം ഒഴിവാക്കുന്ന മാർഗരിന്റെ ചിത്രം ആദ്യം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത് ഒരു പൊലീസ് ഓഫിസർ.  നന്ദി, ഈ വിഷമകാലഘട്ടം അതിജീവിക്കാൻ കൂട്ടായി പരിശ്രമിക്കുന്നതിന്.

സമൂഹത്തിന് മാതൃകയാകുന്നതിന്. ഈ വാക്കുകളോടെയാണു പൊലീസ് ഉദ്യോഗസ്ഥൻ കന്യാസ്ത്രീയുടെ ചിത്രം പോസ്റ്റ് ചെയ്തത്. ഇഷ്ടപ്പെട്ടും പങ്കുവച്ചും ചിത്രം ഉടൻതന്നെ ലോകമെങ്ങും തരംഗമായി. പെട്ടെന്നു ലഭിച്ച പ്രശസ്തിയെക്കുറിച്ചു പറയുമ്പോൾ മാർഗരറ്റിനു ചിരി. എന്നെ അറിയാവുന്നവരൊക്കെ ഈ സംഭവം ശരിക്കും ഇഷ്ടപ്പെട്ടു. പലരും എന്റെ ഓട്ടോഗ്രാഫിനുവേണ്ടി ആവശ്യപ്പെടുന്നു. വഴിയിലൂടെ കടന്നുപോകുന്നവരൊക്കെ ജോലി ചെയ്യുന്ന എന്നെ കാണുമ്പോൾ വീണ്ടും വീണ്ടും നന്ദി പറയുന്നു.അത്ഭുതമുണ്ട് അവരുടെ കണ്ണുകളിൽ. ഒപ്പം നന്ദിയും. ഞാൻ കന്യാസ്ത്രീവേഷത്തിൽ ജോലി ചെയ്യുന്ന വീഡിയോ ലോകമാകെ പ്രചരിച്ചിരിക്കുന്നു. ശരിക്കും എനിക്കു സന്തോഷമുണ്ട്: സന്തോഷത്തോടെ മാർഗരറ്റ് പറയുന്നു.

ഈ സംഭവത്തോടെ കന്യാസ്ത്രീകളെക്കുറിച്ചുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടുതന്നെ മാറിയിരിക്കുന്നു എന്നും മാർഗരറ്റ് പറയുന്നു. വലിയൊരു ദുരന്തമുണ്ടാകുമ്പോൾ പ്രാർഥനകളുമായി ഒതുങ്ങിക്കൂടിയിരുന്നാൽപ്പോരാ എന്ന് വിദ്യാർഥികളാണ് ആദ്യം എന്നോടു പറഞ്ഞത്. അവരോടൊപ്പം കൂടാൻ അവർ അഭ്യർഥിച്ചു. ഞാനതിനു തയ്യാറായി. എപ്പോഴും പ്രാർഥനകളുമായി ദൈവത്തെ വിളിച്ചിരിക്കുന്നവർ മാത്രമല്ല കന്യാസ്ത്രീകൾ. സാധാരണ മനുഷ്യർ ചെയ്യുന്ന എന്തു ജോലിയും അവർക്കും ചെയ്യാം. 

‘വാളുപയോഗിക്കുന്ന കന്യാസ്ത്രീ’ എന്നാണ് ലോകമാകെ ഇപ്പോൾ മാർഗരറ്റ് അറിയപ്പെടുന്നത്. താനതിൽ നാണിക്കുന്നില്ലെന്നു പറയുന്നു മാർഗരറ്റ്. ജനങ്ങളെ നൻമയിലേക്കു നയിക്കുക. അവരിൽ നല്ല ഓർമകൾ സൃഷ്ടിക്കുക: അതു മാത്രമാണു തന്റെ ലക്ഷ്യം:  മാർഗരറ്റ് പറയുന്നു.