Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാതൃകയാക്കേണ്ടതു സച്ചിനെയല്ല, മിതാലിയെ; കളിക്കളത്തിനു പുറത്ത് മന്ഥാനയുടെ സിക്സർ

Smriti സ്മൃതി മന്ഥാന.

ഇന്ത്യക്കാർക്ക് ആധുനിക ക്രിക്കറ്റിലെ കാണപ്പെട്ട ദൈവമായിരിക്കാം സച്ചിൻ. എളുപ്പമൊന്നും ആർക്കും തകർക്കാൻ കഴിയാത്ത റെക്കോർഡുകളുടെ തോഴൻ. കളിക്കളത്തിലും പുറത്തും  പെരുമാറ്റത്തിൽ എന്നും അന്തസ്സും അഭിമാനവും കാത്തുസൂക്ഷിച്ച മാന്യൻ. സച്ചിൻ ഒരു മോഡലാണെന്നു സമ്മതിക്കുമ്പോൾത്തന്നെ വളർന്നുവരുന്ന വനിതാ ക്രിക്കറ്റ് താരങ്ങൾ മാതൃകയാക്കേണ്ടതു സച്ചിനെയല്ലെന്നു പറയുന്നു ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ഓപ്പണർ സ്മൃതി മന്ഥാന .പ്രചോദനത്തിനായി വനിതകൾ ടീം ക്യാപ്റ്റൻ മിതാലി രാജിനെ മാതൃകയാക്കട്ടെ: സ്മൃതി പറയുന്നു.

ക്രിക്കറ്റ് എന്നു കേൾക്കുമ്പോൾ ഏതൊരു ഇന്ത്യക്കാരന്റെയും മനസ്സിൽ നിറയും സച്ചിന്റെയും സേവാഗിന്റെയും ധോണിയുടെയുമൊക്കെ പേര്. അവരൊക്കെ മികച്ച താരങ്ങളാണെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. അവരുൾപ്പെട്ട പുരുഷതാരങ്ങളുടെ പ്രതിഭയും ചോദ്യം ചെയ്യുന്നില്ല. പക്ഷേ, വനിതാ ക്രിക്കറ്റിനോടുള്ള സമീപനത്തിലാണു പ്രശ്നം. ഇംഗ്ലണ്ടിൽ അടുത്തിടെ നടന്ന ലോകകപ്പിൽ ഫൈനലിലെത്തി വനിതാ ടീം കഴിവു തെളിയിച്ചു.

ഫൈനലിൽ ഒൻപതു റൺസിനായിരുന്നു ടീമിന്റെ തോൽവി. തോറ്റെങ്കിലും ലോകമെങ്ങുമുള്ള ഇന്ത്യക്കാരുടെ ഹൃദയം കവർന്നാണ് മിതാലി രാജും സംഘവും മടങ്ങിയെത്തിയത്. ടൂർണമെന്റ് തുടങ്ങുമ്പോൾ വനിതാ താരങ്ങളെ ആരും ശ്രദ്ധിച്ചിരുന്നില്ല. പക്ഷേ, വൻമൽസരങ്ങൾ ഒന്നൊന്നായി വിജയിച്ചു മുന്നേറിയതോടെ രാജ്യം ടീമിന്റെ മൽസരങ്ങൾ കണ്ണുംനട്ടു കാത്തിരുന്നു. വിജയത്തിനുവേണ്ടി പ്രർഥിച്ചു. കീരീടത്തിന് ഏറ്റവും സാധ്യത കൽപിച്ചിരുന്ന ഓസ്ട്രേലിയയെ സെമിയിൽ തോൽപിച്ച് ലോർഡിൽ നടന്ന ഫൈനലിനു യോഗ്യത നേടിയതോടെ വനിതാ താരങ്ങൾക്കും ആരാധകരായി. മൽസരം നേരിട്ടു കാണാൻ ബോളിവുഡ് താരങ്ങൾ ഉൾപ്പെടെ അണിനിരന്നു. ടെലിവിഷനു മുന്നിൽ ലക്ഷങ്ങളും കണ്ണിമയ്ക്കാതെ കാത്തിരുന്നു.

Smriti Mandhana സ്മൃതി മന്ഥാന.

ലോകകപ്പിൽ പങ്കെടുക്കാൻ പോകുന്നതിനുമുമ്പ് ആരാണ് ഇഷ്ട പുരുഷ താരമെന്ന ചോദ്യത്തിന് മിതാലി രാജ് നൽകിയ മറുപടിയും ശ്രദ്ധിക്കപ്പെട്ടിരുന്നു. പുരുഷ താരങ്ങളോട് ഇഷ്ടവനിതാ താരം ആരെന്നു ചോദിക്കൂ എന്ന മിതാലിയുടെ മറുപടിയിൽ വനിതാ താരങ്ങൾ അനുഭവിക്കുന്ന അവഗണനയും ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ ഇരട്ടത്താപ്പും പ്രകടമായി. മിതാലിയുടെ ആത്മവിശ്വാസം വെറുതെയായില്ല. പ്രതിക്ഷിച്ചതിലും മികച്ച പ്രകടനം. പുരുഷ താരങ്ങൾ വനിതകളെ അഭിനന്ദിച്ചു രംഗത്തെത്തി. 

ഇപ്പോൾ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മാതൃകയിൽ വനിതാ ടൂർണമെന്റ് സംഘടിപ്പിക്കണമെന്നും ആവശ്യം ഉയർന്നിരിക്കുന്നു. വനിതകൾക്കും ഐപിഎൽ വന്നാൽ രാജ്യത്തു ക്രിക്കറ്റിൽ ഭാവിയർപ്പിച്ചു വളർന്നുവരുന്ന താരങ്ങൾക്ക് മികച്ച അവസരം ലഭിക്കും. ലോക താരങ്ങൾക്കൊപ്പം മൽസരിക്കുന്നതിലൂടെ കഴിവുകൾ തേച്ചുമിനുക്കിയെടുക്കാനും അവർക്കു കഴിയും. ഈ പ്ചാത്തലത്തിലാണു മിതാലിയെ മാതൃകയാക്കണമെന്ന് മന്ഥാന പറയുന്നത്. കാലങ്ങളായി നേരിടുന്ന അവഗണനയ്ക്കും തെറ്റായ സമീപനത്തിനും ഇരട്ടത്താപ്പിനും എതിരെയാണു മന്ഥാനയുടെ വാക്കുകൾ.

സച്ചിനെ കുറച്ചുകാണുകയല്ല ഇന്ത്യൻ വനിതാ ടീമിന്റെ ഓപണറുടെ ഉദ്ദേശ്യം. അദ്ദേഹത്തിന്റെ പ്രതിഭയെ വിസ്മരിക്കുകയുമല്ല. മറിച്ച് വനിതകളിൽതന്നെ താരങ്ങളുണ്ടെന്ന് ഓർമിപ്പിക്കുകയാണ്. പ്രതിഭാസമ്പത്തിൽ വനിതകൾ ആരുടെയും പിന്നിലല്ലെന്ന് ശ്രദ്ധയിൽപ്പെടുത്തുകയാണ്. വളർന്നുവരുന്ന താരങ്ങൾ മന്ഥാനയുടെ വാക്കുകൾ ശ്രദ്ധിക്കട്ടെ. ബൗണ്ടറിയിലേക്കു പന്തു പായിക്കുന്ന അതേ ചടുലതയോടെ പറഞ്ഞ വാക്കുകളുടെ അർത്ഥം മനസ്സിലാക്കി സ്വയം പര്യാപ്തരായി, രാജ്യത്തിന് അഭിമാനമാകുന്ന താരങ്ങളായി വളർന്നുവരട്ടെ.